
സദ്യകളില്‍ എരിവും പുളിയും നിറഞ്ഞ കറികള്‍ മത്സരിക്കുമ്പോള്‍ ഒരിത്തിരി എങ്കിലും മധുരം തൊട്ടുകൂട്ടാന്‍ വേണം. അത് സദ്യയുടെ രുചിഭേദവും നിറവും പൊലിപ്പിക്കും. അല്ലേ? അത്തരത്തിലുള്ള മധുരക്കറികളിലെ പ്രധാനിയാണ് കൊങ്കണികളുണ്ടാക്കുന്ന പൈനാപ്പിള്‍ 'സാസ്സം '. പച്ചടിയോട് സാമ്യം നില്‍ക്കും രുചി. സാസ്സം, എന്നാല്‍ കടുക് എന്നാണ് കൊങ്കണിയില്‍ അര്‍ത്ഥം. കടുക് അരച്ച് ചേര്‍ക്കുന്ന കറികളെ പൊതുവില്‍ വിളിക്കുന്ന പേരാണ് സാസ്സം.
പഴവര്‍ഗങ്ങളാണ് 'സാസം' ത്തിലെ താരങ്ങള്‍. പൈനാപ്പിളും മാമ്പഴവും ആണ് എടുത്തു പറയേണ്ടവ. മാമ്പഴക്കാലത്ത് മാമ്പഴം മാത്രം ചേര്‍ത്തും സാസ്സം ഉണ്ടാക്കും. എങ്കിലും പൈനാപ്പിള്‍ കൂടെ ചേര്‍ക്കുമ്പോഴാണ് അതിന്റെ രുചിയും മണവും അതിന്റെ പാരമ്യത്തിലേത്തുക എന്നത് തര്‍ക്കമില്ലാത്ത വിഷയം.
Also Read
വിവാഹസദ്യകളില്‍ നിര്‍ബന്ധമായും സാസ്സം വിളമ്പാറുണ്ട്. എന്നാല്‍ ഇതിന്റെ മറ്റൊരു ദോഷവശം എന്തെന്നാല്‍ കറി അധിക നേരം കേടാവാതെ നില്‍ക്കില്ല എന്നതാണ്. കഷ്ണങ്ങള്‍ വേവിയ്ക്കുകയോ അരപ്പ് ചൂടാക്കുകയോ ചെയ്യാറില്ല. അതുകൊണ്ട് തന്നെ വിളമ്പുന്നതിന്റെ അല്‍പ നേരം മുന്‍പ് മാത്രമാണ് ഈ സാസ്സം പൊതുവെ ഉണ്ടാക്കുക.
പാചകരീതിയിലേക്ക്
ആവശ്യമുള്ള സാധനങ്ങൾ
- പൈനാപ്പിള്‍ - 1 കപ്പ്
- മാമ്പഴം -1 വലുത്
- മുന്തിരി - 1/2 കപ്പ്
- തേങ്ങാ - 1 കപ്പ്
- വറ്റല്‍മുളക് - 5-6 എണ്ണം
- ശര്‍ക്കര - 1/2 കപ്പ്
- കടുക് - 1 ടീസ്പൂണ്‍
- ഉപ്പ് - അല്പം
തയ്യാറാക്കുന്ന വിധം
പഴങ്ങള്‍ തൊലി ചെത്തി ചെറു കഷ്ണങ്ങളാക്കുക. ഇതിലേക്ക് ശര്‍ക്കര ചീകിയതും ഉപ്പും ചേര്‍ത്ത് പത്ത് മിനിറ്റ് വെയ്ക്കുക. വറ്റല്‍മുളക് അല്പം എണ്ണയില്‍ ചെറുതീയില്‍ ചുവക്കെ വറുത്തെടുക്കുക.തേങ്ങാ,വറ്റല്‍മുളക് എന്നിവ ഒരല്പം തരുതരുപ്പായി അരയ്ക്കുക.നന്നായി അരയേണ്ടതില്ല.
ഏറ്റവും അവസാനം കടുക് ചേര്‍ത്ത് ഏതാനും സെക്കന്റുകള്‍ അരയ്ക്കുക.
ഈ അരപ്പ് പൈനാപ്പിള്‍ലോട്ട് ചേര്‍ത്ത് നന്നായി ഇളക്കുക. മധുരം കുറവാണെങ്കില്‍, ശര്‍ക്കര അല്പം കൂടെ കൂട്ടി ചേര്‍ക്കാം. പൈനാപ്പിള്‍ സാസ്സം തയ്യാര്‍.
(ശ്രദ്ധിക്കുക)
1.താല്പര്യമുള്ളവര്‍ക്ക് കടുകും കറിവേപ്പിലയും താളിച്ചും ചേര്‍ക്കാം.
2.ഇത് പൈനാപ്പിള്‍ മാത്രമായും മാമ്പഴം മാത്രമായും ഉണ്ടാക്കാം.
Content Highlights: konkani vasari, konkani food recipe, food, redcipe
Published: 07 Sept 2022, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented