കൊങ്കണി പാചകത്തിലെ മീന്‍കറികളില്‍ മറ്റ് പച്ചക്കറികള്‍ ചേര്‍ക്കുന്നത് അധികം കാണാറില്ല. മീന്‍ മാത്രമായിരിക്കും താരം. മുരിങ്ങയ്ക്ക വെള്ളരിക്ക പോലുള്ളവ സാധാരണ മീന്‍കറികളില്‍ ചേര്‍ക്കാറില്ല. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി ഉണക്കച്ചെമ്മീന്‍ കറിയില്‍ മാത്രം ഇവരെ നിര്‍ലോഭം കാണുകയും ചെയ്യും. എന്നാലിന്ന് ആ വിശേഷങ്ങളാകട്ടെ.
 
ഉണക്ക ചെമ്മീനില്‍ തേങ്ങ അരച്ച് ചേര്‍ക്കുന്ന ഈ കറിയ്ക്ക് കൊങ്കണിയില്‍ വിളിക്കുന്ന പേര്, ഉണക്ക ചെമ്മീന്‍ 'അമ്പട്ട്' എന്നാണ്. അമ്പട്ട് എന്ന കറിയുടെ പ്രധാന ആകര്‍ഷണം തന്നേ ഇതിലെ താളിപ്പ് ആണ്. 

To advertise here,

ചെറുതായി അരിഞ്ഞ സവാള വറുത്ത് കറിക്ക് മീതെ താളിക്കും. വേവിച്ച പരിപ്പും കഷ്ണങ്ങളും, തേങ്ങ, വറ്റല്‍ മുളക്, പുളി എന്നിവ ചേര്‍ത്ത അരപ്പ്, കൂടെ അവസാനത്തെ ആ സവാള താളിപ്പും കൂടെയായാല്‍ അമ്പട്ട് തയ്യാര്‍. കഷ്ണങ്ങള്‍ ലഭ്യതയ്ക്കനുസരിച്ചു മാറും. പച്ചക്കറികളും പരിപ്പും മാത്രമായും അമ്പട്ട് ഉണ്ടാക്കും. ഉണക്ക ചെമ്മീന്‍ ആരാധകര്‍ക്കുള്ളതാണ് ഈ ഉണക്കച്ചെമ്മീന്‍ അമ്പട്ട്. വേവിച്ച പരിപ്പ് ചേര്‍ക്കുന്നത് കൊണ്ടുതന്നെ രുചിയും കൊഴുപ്പും കൂടും. 

ചേരുവകള്‍

1.ഉണക്ക ചെമ്മീന്‍- - 100 ഗ്രാം 
2.വെള്ളരിക്ക - 1/2 കപ്പ് 
3.ഉരുളക്കിഴങ്ങ് - 1 മീഡിയം 
4.സവാള  - 2 വലുത് 
5.തുവരപ്പരിപ്പ്- 1/4 കപ്പ് 
6.തേങ്ങാ - 1 കപ്പ് 
7.വറ്റല്‍ മുളക് - -10 - 15എണ്ണം 
8.പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍ 
9.മഞ്ഞള്‍ പൊടി- 1 ടീസ്പൂണ്‍ 
10.വെളിച്ചെണ്ണ - 2 ടീസ്പൂണ്‍ 
11.ഉപ്പ് - ആവശ്യത്തിന് 

 പാചകരീതിയിലേക്ക് 

ഉണക്കച്ചെമ്മീന്‍ കഴുകി വൃത്തിയാക്കി വെയ്ക്കുക.
പച്ചക്കറി കഷ്ണങ്ങള്‍ ചെറു ചതുര കഷ്ണങ്ങള്‍ ആക്കുക.
ഒരു സവാളയും ചെറു കഷ്ണങ്ങളാക്കുക.
രണ്ടാമത്തെ സവാള താളിയ്ക്കാനായി വളരെ ചെറുതായി അരിയുക.
വറ്റല്‍മുളക് ഒരല്പം എണ്ണയില്‍ ചെറുതീയില്‍ ചൂടാക്കി വറുത്ത് വെയ്ക്കുക.
തുവരപ്പരിപ്പ് പ്രഷര്‍ കുക്കറില്‍ വേവിച്ചു നന്നായി ഉടച്ചു വെയ്ക്കുക 
ഉരുളക്കിഴങ്ങും വെള്ളരിക്കയും സവാളയും മുരിങ്ങയ്ക്കയും  മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ആവശ്യത്തിനുള്ള വെള്ളമൊഴിച്ചു വേവിയ്ക്കുക.
വെന്തു വരുമ്പോള്‍ വേവിച്ചു വെച്ച പരിപ്പും ഉണക്ക ചെമ്മീനും ചേര്‍ത്ത് തിളച്ചു വരാന്‍ അനുവദിക്കുക.
ആ നേരം തേങ്ങാ ,വറുത്ത വറ്റല്‍മുളക്, പുളി എന്നിവ അല്പം വെള്ളം ചേര്‍ത്ത് നല്ല പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.
ഈ അരപ്പ് ഉണക്കച്ചെമ്മീന്‍ കൂട്ടില്‍ ചേര്‍ത്ത് നന്നായി തിളപ്പിക്കുക.
തിളച്ചു വന്നു കറി പാകമായതിനു ശേഷം വാങ്ങി വെയ്ക്കുക. 
മറ്റൊരു ചെറു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചെറുതായി അരിഞ്ഞ സവാള താളിക്കാനായി മൂപ്പിക്കുക .
ചെറുതീയില്‍ നന്നായി മൂപ്പിച്ചു നല്ല ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ഇത് കറിയുടെ മീതെ ഒഴിക്കാം.
ഉണക്ക ചെമ്മീന്‍ പരിപ്പും പച്ചക്കറികളും ചേര്‍ത്തുള്ള അമ്പട്ട് തയ്യാര്‍.
ചോറിന്റെ കൂടെ ഉത്തമം .