ല്ല എരിവും പുളിയുമുള്ള കറികളുണ്ടെങ്കില്‍ ഊണിനു മാറ്റ് കൂടും എന്നത് ഒരു പച്ചയായ സത്യം മാത്രമാണ്. മീന്‍കറികളാണ് ഇതിന് വേണ്ടി നമ്മള്‍ തെരഞ്ഞെടുക്കുന്നതെങ്കിലും അതിനൊപ്പം തന്നെ നില്‍ക്കുന്ന പച്ചക്കറി കൊണ്ടുള്ള കറികളുണ്ട്. നല്ല എരിവും പുളിയുമുള്ള ഇത്തരം കറികളെ കൊങ്കണി പാചകത്തിലെ പേരാണ്, 'സോങ്ക് '. 

To advertise here,

സോങ്ക് എന്ന് കേള്‍ക്കുമ്പോഴേ മനസ്സില്‍ വരുന്ന ചിത്രം നല്ല ചുവന്ന നിറത്തിലുള്ള അധികം ചാറില്ലാതെ ഒരല്പം കട്ടി പരുവമുള്ള കറികളാണ്. സവാള ചേര്‍ത്തും ചേര്‍ക്കാതെയും സോങ്ക് ഉണ്ടാക്കും. സവാള ചേര്‍ക്കാത്ത സോങ്കുകളില്‍ പകരം അവതരിക്കുന്ന നായകനാണ് - കായം. 

ഉരുളക്കിഴങ്ങ്, കൂര്‍ക്ക, വെണ്ടയ്ക്ക ഒക്കെ കൊണ്ടുണ്ടാക്കുന്ന സോങ്കുകള്‍ ആണ് പൊതുവെ ഉണ്ടാക്കുക. എങ്കിലും മഴക്കാലത്തെ പ്രമുഖ കറികളില്‍ ഒന്നാണ് കൂണ്‍ കൊണ്ടുള്ള' ആളാമ്പേ സോങ്ക് '. അതീവ രുചികരമാണ് ഈ വിഭവം. കോളിഫ്‌ളവര്‍ ഒക്കെ കൂടുതലായി ഉപയോഗിച്ച് തുടങ്ങിയ കാലം തൊട്ട് കോളിഫ്‌ലാവര്‍ കൊണ്ടുള്ള സോങ്കും കൊങ്കണികള്‍ ഇഷ്ടപ്പെടുന്നു. 

സോങ്ക് കുടുംബത്തിലെ മറ്റൊരു പ്രമുഖ അംഗമാണ് ചക്കക്കുരു കൊണ്ടുള്ള സോങ്ക്. ചക്കകാലത്തെ മറ്റൊരു താരമാണിത്. നല്ല മൂത്തു വിളഞ്ഞ പഴുത്ത ചക്കയുടെ ചക്കക്കുരു ആണിതിന് ഉത്തമം. പിഞ്ചു ചക്കക്കുരുവിനെക്കാളും കൂടുതല്‍ നന്നായി ആ രുചികരമായ കുറുകിയ ചാറ് കിട്ടാന്‍ വിളഞ്ഞ ചക്കക്കുരു തന്നെയാണ് നല്ലത്. ചോറിനൊപ്പമാണ് പൊതുവെ സോങ്കുകള്‍  കൂട്ടായി കാണുന്നതെങ്കിലും, ചപ്പാത്തിക്കും ദോശയ്ക്കുമൊപ്പമൊക്കെയും രുചികരം തന്നെയാണ്.

ചേരുവകള്‍ 

1.ചക്കക്കുരു -15-20 എണ്ണം
2.തക്കാളി - 2 ഇടത്തരം
3. കാശ്മീരി മുളകുപൊടി - 3- 4 ടീസ്പൂണ്‍ 
4.കായപ്പൊടി -  മുക്കാല്‍ ടീസ്പൂണ്‍
5.ഉപ്പ്  ആവശ്യത്തിന് 
6.കടുക് - 1 ടീസ്പൂണ്‍ 
7.വെളിച്ചെണ്ണ -2 ടീസ്പൂണ്‍

പാചകരീതിയിലേക്ക് 

ചക്കക്കുരു പുറം തൊലി നീക്കി കഴുകി വൃത്തിയാക്കുക. എന്നിട്ട് ഒരു ഇടികല്ല് കൊണ്ട് ചെറുതായൊന്ന് ഇടിച്ചു ചതയ്ക്കുക. ചതച്ച ചക്കക്കുരു  ഉപ്പ് ചേര്‍ത്ത് കുക്കറില്‍ ഒരു കപ്പ് വെള്ളം കൂടെ ഒഴിച്ചു ഒന്നോ രണ്ടോ വിസില്‍ വരുന്ന വരെ വേവിയ്ക്കുക.ചക്കക്കുരു ഉടഞ്ഞു പോവാതെ എന്നാല്‍ പാകത്തിന് വെന്തും കിട്ടണം. 

ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് മൂപ്പിക്കുക.ഇതിലേക്ക്  തക്കാളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക.തക്കാളി വെന്ത് എണ്ണ തെളിഞ്ഞു വരുമ്പോള്‍ കാശ്മീരി മുളകുപൊടിയും കായപ്പൊടിയും ചേര്‍ക്കാം.

ഇത് വഴറ്റി, ഇതിലേക്ക് വേവിച്ചു വെച്ച ചക്കക്കുരു വെള്ളത്തോടെ ഒഴിക്കുക.അടച്ചു വെച്ച് അല്പം നേരം ചെറുതീയില്‍ പാകം ചെയ്യുക.ചാറ് തിളച്ചു ആവശ്യത്തിന് കുറുകി വരുമ്പോള്‍ വാങ്ങി വെയ്ക്കാം.ചക്കക്കുരു സോങ്ക് തയ്യാര്‍.