പ്ലാവിലെ ചക്ക തീര്‍ന്നാലും ചക്ക വിഭവങ്ങള്‍ തീരില്ല എന്നതാണ് വാസ്തവം. അടുത്ത ചക്കക്കാലം വരെ കഴിക്കാന്‍ പിന്നേയുംകാണും അടുക്കളയില്‍ ചക്ക വിഭവങ്ങള്‍. അത്രയ്ക്കും പ്രിയപ്പെട്ടതാണ് നമുക്ക് ചക്ക. കൊങ്കണി പാചകത്തിലും ചക്കയ്ക്ക് ഒരുപാട് വിഭവങ്ങളുണ്ട്. സാധാരണ ഉപ്പേരിയ്ക്കും എരിശ്ശേരിക്കും പുറമെ കൊങ്കണികളുടെ മാത്രം സ്‌പെഷ്യല്‍ ഇടിച്ചക്കയും മാങ്ങയും ചേര്‍ത്ത 'അട്‌ഗൈ' എന്ന അച്ചാര്‍, 'ചക്കൊ' എന്ന കൂട്ടുകറി പോലൊരു വിഭവം, ഇടിച്ചക്ക ഫ്രൈ എന്നിവ വിശേഷ ദിവസങ്ങളിലെ സദ്യകള്‍ക്ക് പോലും മാറ്റ് കൂട്ടുന്നവയാണ്.
എന്തിനേറെ, ചക്ക കിട്ടാത്ത കാലത്ത് ചക്ക കൊതി മൂക്കുമ്പോ കഴിക്കാനായി പച്ചചക്ക വലിയ ഭരണികളില്‍ ഉപ്പിലിട്ടും വെയ്ക്കും കൊങ്കണികള്‍. ഒരു പ്രത്യേക മണമായിരിക്കും ഇതിന്. ഈ മണവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞാല്‍, ഒരുപക്ഷെ ചക്ക വിഭവങ്ങളെക്കാള്‍ പ്രിയം ഉപ്പിലിട്ട ചക്ക ഉപ്പേരിയോടും, ഉപ്പുമാങ്ങയും ഉപ്പുചക്കയും ഒരുമിച്ചിട്ടുണ്ടാക്കുന്ന 'കോദ്ദല്‍ ' എന്ന വിഭവത്തോടുമെല്ലാമായിരിക്കും.
Also Read
നല്ല മഴ പെയ്യുന്ന നേരം കട്ടന്‍ കാപ്പിയും ചക്കപ്പപ്പടവും കൂടെ കഴിച്ചിട്ടുണ്ടോ? അതെ, വിളഞ്ഞ പച്ച ചുളകള്‍ വേവിച്ചു, ശേഷം ഇടിച്ചു മയം വരുത്തി പപ്പടമുണ്ടാക്കി പായയില്‍ നിരത്തി വെയിലത്ത് ഉണക്കി എടുക്കും.'പാന്‍സാ ഹപ്പോളൂ' എന്നാണിതിനു കൊങ്കണിയില്‍ പേര്. അല്‍പം പ്രയാസമുള്ള ജോലിയാണെങ്കിലും ചക്കപ്പപ്പടത്തിന്റെ രുചി ഓര്‍ക്കുമ്പോ അതെല്ലാം നമ്മള്‍ മറക്കും എന്നതാണ് സത്യം. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര ചക്കരുചികളും, ഒപ്പം എണ്ണിയാല്‍ തീരാത്ത ഓര്‍മകളും കൂടെയുണ്ട്.
ഇന്ന് പരിചയപ്പെടുത്തുന്ന ചക്ക രുചിയാണ് 'എള്‍ച്ചികരി'. എരിശ്ശേരിയോട് സാമ്യമുള്ള കൊങ്കണി വിഭവം. നല്ല വിളഞ്ഞ ചക്ക ആണേല്‍ എള്‍ച്ചികരി ഒരുപടി മുകളില്‍ നില്‍ക്കും. നല്ല വെന്തുടഞ്ഞ ചക്കച്ചുളകള്‍ ആണെങ്കില്‍ അരപ്പ് അതില്‍ ചേര്‍ന്ന് കൂടുതല്‍ രുചികരമാകും. ചോറിനൊപ്പം എള്‍ച്ചികരി ആണെങ്കില്‍ സാധാരണ പരിപ്പ് കറിയാണ് കൊങ്കണികളുണ്ടാക്കുക. ആ കൂട്ട് ഒന്ന് വേറെ തന്നെയാണ്.
ചേരുവകള്‍
1.ചക്കച്ചുളയും ചക്കക്കുരുവും കൂടെ ചെറുകഷ്ണങ്ങളാക്കിയത് - 4 കപ്പ്
2.തേങ്ങാ തിരുമ്മിയത്- 2 കപ്പ്
3.ജീരകം- ഒന്നര ടീസ്പൂണ്‍
4.കുരുമുളക്- 1 ടീസ്പൂണ്‍
5.വറ്റല്‍ മുളക്- 5 - 6 എണ്ണം
6.മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
7.കടുക് - 1 ടീസ്പൂണ്‍
8.കറിവേപ്പില
9.ഉപ്പ് - ആവശ്യത്തിന്
10.വെളിച്ചെണ്ണ- 2- 3 ടീസ്പൂണ്‍
പാചകരീതിയിലേക്ക്
ചക്കച്ചുളയും കുരുവും കൂടി കഴുകി ചെറു ചതുര കഷ്ണങ്ങളാക്കി അരിഞ്ഞു മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുക്കറില്‍ ഒന്നോ രണ്ടോ വിസില്‍ വരുന്നതുവരെ വേവിയ്ക്കുക. ജീരകവും കുരുമുളകും വറ്റല്‍ മുളകും അല്‍പം എണ്ണയില്‍ ചെറുതീയില്‍ വറുക്കുക. ഇവ ഒന്നര കപ്പ് തേങ്ങായ്ക്കൊപ്പം ചേര്‍ത്ത് നന്നായി അരയ്ക്കുക.
വെന്ത കഷ്ണങ്ങളിലോട്ട് ഈ അരപ്പ് ചേര്‍ത്ത് ഇളക്കി നന്നായി തിളപ്പിക്കുക. തിളച്ചു അല്‍പം കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെയ്ക്കുക. ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി, കടുക് , കറിവേപ്പില, ബാക്കിയുള്ള അര കപ്പ് തേങ്ങാ എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിക്കുക. തേങ്ങ നന്നായി വറുത്തു ചുവന്നു വരണം. ഇത് ചക്കക്കൂട്ടിലേക്ക് താളിച്ചു ചേര്‍ക്കുക. എള്‍ച്ചികരി തയ്യാര്‍.
Content Highlights: konkani style jackfruit recipe elchikari
Published: 10 Jun 2024, 04:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented