ഴക്കാലമായി. മഴക്കാലം വറുതിയുടെ കാലമാണെന്ന് പണ്ട് പഴമക്കാര്‍ പറഞ്ഞിരുന്നു. സ്വാഭാവികമായും അതിന്റെ അനന്തരഫലം കാണുക അടുക്കളയില്‍ തന്നെയാണ്. വിഭവങ്ങളുടെ എണ്ണം കുറഞ്ഞാലും രുചിക്ക് കുറവുണ്ടാകരുതല്ലോ. ഉള്ളതുകൊണ്ട് ഓണം എന്നപോലെ  ലഭ്യതയ്ക്കനുസരിച്ചു രുചിക്കൂട്ടുകള്‍ അന്നൊക്കെ മുത്തശ്ശിമാരുണ്ടാക്കും.
 
കൃഷിയെ കാര്യമായി ബാധിക്കുന്നതും മഴ തന്നെയാണ്. ചുറ്റും പറമ്പിലും തൊടിയിലും മറ്റും കിട്ടുന്ന പച്ചക്കറികളും കൊണ്ടൊക്കെയുള്ള വിഭവങ്ങളുണ്ടാക്കുമ്പോള്‍ ചിലപ്പോഴൊക്കെ മീന്‍കൊതി വല്ലാതെ ബാധിക്കും. മീനിന്റെ ലഭ്യത കുറഞ്ഞാല്‍ സ്വാഭാവികമായും നമ്മള്‍ ചെന്നെത്തുക ഉണക്കമീനിലേക്കാണ്. നേരത്തേ കാലത്തെ വാങ്ങിവെച്ച ഉണക്കമീന്‍ വിഭവങ്ങളുടെ വരവാണ് പിന്നീട്. 

To advertise here,

അല്ലേലും പുറത്ത്  മഴ തിമിര്‍ത്തു പെയ്യുമ്പോള്‍, ചൂടോടെ കഞ്ഞിയും ഒരിത്തിരി ചമ്മന്തിയും കൂട്ടിന് ചുട്ട പപ്പടം ഒക്കെ തന്നേ ധാരാളമാണെങ്കിലും അല്പം ആര്‍ഭാടത്തിനു ഉണക്കമീന്‍ നിര്‍ബന്ധം.
 കൊങ്കണി പാചകത്തില്‍ ഉണക്കമീന്‍ വിഭവങ്ങള്‍ക്കും പിന്തുടരുന്ന പരമ്പരാഗത രീതിയുണ്ട്. ഉണക്ക സ്രാവ് വാഴയിലയില്‍ പൊതിഞ്ഞു തീക്കനലില്‍ ചുട്ട്, അതു പൊടിച്ചു തേങ്ങാ കൂട്ട് ചേര്‍ത്തെടുക്കുന്ന ' മോരി കിസ്സ്മ്മൂരി ' ആണിതില്‍ മുന്‍പന്തിയില്‍. 

തേങ്ങാ അരച്ചും ഉണക്ക സ്രാവിന്റെ കറിയുണ്ടാക്കും. ഇത് കൂടാതെ ഉണക്ക മുള്ളനും, ഉണക്ക പരവയുമൊക്കെ വെളുത്തുള്ളിയും വറ്റല്‍ മുളകും ചതച്ചു തേങ്ങാ ചേര്‍ത്ത് ഉപ്പേരി പോലെയുണ്ടാക്കും. നാക്കില്‍ വെള്ളമൂറുന്ന രുചിയാണിതിന്. 

കൊങ്കണികള്‍ ഉണക്കച്ചെമ്മീന്‍ കൊണ്ട് ചമ്മന്തിക്ക് പുറമെ 'അമ്പട്ട് ' എന്ന കറിയുമുണ്ടാക്കും. ഉണക്കച്ചെമ്മീന് പുറമെ മുരിങ്ങയ്ക്കയും ഉരുളക്കിഴങ്ങും വെള്ളരിക്കയുമൊക്കെ ഈ തേങ്ങാ അരച്ചുണ്ടാക്കുന്ന ഒഴിച്ച് കറിയില്‍ ചേര്‍ക്കും. ഇതിന്റെ രുചി ഒരു പടി ഉയര്‍ത്താനായി വേവിച്ച തുവരപരിപ്പും ഇതില്‍ ചേര്‍ക്കും. നിറയെ ചുവന്നുള്ളി താളിച്ചു ചേര്‍ക്കുന്ന ഈ അമ്പട്ടിനു ആരാധകരും കൂടും.
 
ഇവിടെ പരിചയപ്പെടുത്തുന്നത് ഉണക്ക ചെമ്മീന്‍ കൊണ്ടുള്ള മറ്റൊരു പ്രിയപ്പെട്ട രുചിയായ 'ഉണക്ക ചെമ്മീന്‍ ഉപ്കരി'.വളരെ കുറച്ചു ചേരുവകള്‍ മതി എന്ന് മാത്രമല്ല, വളരെ എളുപ്പത്തിലും ഇത് തയ്യാറാക്കാം. ചോറിനും കഞ്ഞിക്കും കൂടെ വിളമ്പാവുന്ന കറി ആയിട്ടാണ് ഉണ്ടാക്കുക. ഒരല്പം ചാറ് ഇതില്‍ കാണുമെന്നത് കൊണ്ട് വേണമെങ്കില്‍ ഒഴിച്ച് കറിയായും വിളമ്പാം
 
ചേരുവകള്‍ 

1.ഉണക്കച്ചെമ്മീന്‍- 1/2 കപ്പ് 
2.സവാള   - 2 ഇടത്തരം
3.വറ്റല്‍ മുളക് - 8-10 എണ്ണം 
4.തേങ്ങാ - മുക്കാല്‍ കപ്പ് 
5.ഉപ്പ്   ആവശ്യത്തിന് 
6.കടുക്   - 1 ടീസ്പൂണ്‍ 
7.വെളിച്ചെണ്ണ- 2-3 ടീസ്പൂണ്‍


പാചകരീതിയിലേക്ക് 

ഉണക്കച്ചെമ്മീന്‍ തലയും വാലും നുള്ളിക്കളഞ്ഞു നന്നായി കഴുകി വൃത്തിയാക്കി വെയ്ക്കുക.ഇനി ഒരു മണ്‍ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും വറ്റല്‍ മുളകും ചേര്‍ത്ത് മൂപ്പിക്കുക. 
( താല്പര്യമുള്ളവര്‍ക്ക് വേണമെങ്കില്‍ വറ്റല്‍ മുളക് മിക്‌സിയില്‍ തരുത്തരുപ്പായി ചതച്ചതും ചേര്‍ക്കാവുന്നതാണ്.) 

ഇനി ഇതിലേക്ക് സവാള നീളത്തില്‍ നേര്‍ത്തതായി അരിഞ്ഞത് ചേര്‍ത്ത് നന്നായി വാടി വരുംവരെ വഴറ്റുക. ഒരല്പം ഉപ്പ് ചേര്‍ക്കാം.  ശേഷം ഇതിലേക്ക് ഉണക്ക ചെമ്മീന്‍ ചേര്‍ത്ത് വഴറ്റുക.

ഇനി ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേര്‍ത്ത് അടച്ചു വെച്ച് ചെറുതീയില്‍ നന്നായി തിളപ്പിക്കുക. തിളച്ചു ചാറ് കുറുകി വരുമ്പോള്‍ തിരുമ്മിയ തേങ്ങാ അങ്ങനേ തന്നേ ഇതിലേക്ക് ചേര്‍ക്കുക. ( അരയ്ക്കുകയോ ചതയ്ക്കുകയോ വേണ്ട ) തേങ്ങാക്കൂട്ട് വെന്ത് ചാറ് ഒരല്പം കുറുകി വരുമ്പോള്‍ ചട്ടി അടുപ്പില്‍ നിന്നും മാറ്റാം. ഉണക്കച്ചെമ്മീന്‍ ഉപ്കരി തയ്യാര്‍.

ശ്രദ്ധിക്കുക 

1.ഉപ്പ് രുചി നോക്കി മാത്രം ചേര്‍ക്കുക. ഉണക്കച്ചെമ്മീനില്‍ അടങ്ങിയ ഉപ്പിന്റെ തോത് അനുസരിച്ചു കറിയിലെ ഉപ്പ് ക്രമീകരിക്കുക.

2.ഇതില്‍ പുളിക്കായി ഒന്നും തന്നെ ചേര്‍ക്കാറില്ല.

3.ഈ രീതിയില്‍ ഉണക്ക ചെമ്മീന്‍ കൊണ്ട് മാത്രമേ ഉപ്കരി ഉണ്ടാക്കാറുള്ളൂ. മറ്റു മീനുകളുടെ ഉപ്കരികള്‍ക്ക് അവലംബിക്കുന്ന രീതി വേറെയാണ്.