അങ്കമാലി : വാഹനാപകടങ്ങളിൽ സ്ഥിരമായി ചോരചിന്തി ദേശീയപാത. കറുകുറ്റി മുതൽ അങ്കമാലി ടെൽക് ജങ്ഷൻ വരെയുള്ള ഭാഗത്ത് വാഹനാപകടങ്ങൾ ഏറുകയാണ്. ഇതിൽത്തന്നെ കരയാംപറമ്പ് സിഗ്നൽ ജങ്ഷനിലും സമീപത്തുമാണ് അപകടങ്ങളധികവും. ഇവിടെ അപകടങ്ങൾ നടക്കാത്ത ദിവസങ്ങളില്ല. വ്യാഴാഴ്ചയും ഇവിടെ അപകടത്തിൽ ഒരു ജീവൻ പൊലിഞ്ഞു.

To advertise here,

റേഷൻ കടയിൽനിന്ന് അരി വാങ്ങിയശേഷം വീട്ടിലേക്ക്‌ നടന്നുപോകവെ, ടോറസ് ലോറി കയറി അങ്കമാലി മങ്ങാട്ടുകര കാരയ്ക്കാട്ടുപറമ്പിൽ ഗോപാലകൃഷ്ണനാണ് മരിച്ചത്. കരിങ്കല്ല് കയറ്റിവന്ന ലോറിയാണ് വില്ലനായത്. ഇവിടെ പതിവായി അപകടങ്ങളും അപകടമരണങ്ങളും നടക്കുന്നുണ്ട്. കരയിപ്പിക്കുന്ന കരയാംപറമ്പ് എന്ന പേരുദോഷം മാറ്റിയെടുക്കാൻ നടപടിയൊന്നും ഉണ്ടാകുന്നുമില്ല.

സിഗ്നലിൽ നിർത്തുന്ന വാഹനങ്ങളുടെ പിന്നിൽ വാഹനങ്ങൾ നിരനിരയായി ഇടിക്കുന്നത് പതിവാണ്. കാൽനടയാത്രക്കാർ ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. അമിതവേഗത്തിലെത്തുന്ന വാഹനങ്ങളാണ് അപകടം സൃഷ്ടിക്കുന്നത്. അപകടങ്ങൾ ആവർത്തിക്കുന്നത് കണക്കിലെടുത്ത് റോഡ് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി 28-ന് മോണിങ് സ്റ്റാർ കോളേജിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ കോളേജിലെ വിദ്യാർഥിനി ജസ്‌ലിയ കൊല്ലപ്പെട്ടു.

അമിതവേഗത്തിലെത്തിയ കാറാണ് ജസ്‌ലിയയെ ഇടിച്ചുകൊലപ്പെടുത്തിയത്. ജൂൺ 29-ന് ടെൽക്കിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യാത്രക്കാരനായ ശരത്ത് മരിച്ചു.

ദേശീയപാതയിൽ വാഹനങ്ങളുടെ വർധിച്ച തിരക്ക്, രാത്രികാല ദൃശ്യപരിമിതി, റോഡരികിലെ പാർക്കിങ്, ജങ്ഷനുകളിലെ ഗതാഗത ക്രമീകരണങ്ങൾ ഇല്ലാത്തതുമൊക്കെ അപകടസാധ്യത കൂട്ടുന്നുണ്ട്.

കാൽനടയാത്രക്കാർ കൂടുതലുള്ള ഭാഗങ്ങളിൽ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യങ്ങൾ, മതിയായ തെരുവുവിളക്കുകൾ, മുന്നറിയിപ്പ് ബോർഡുകൾ, റോഡ് അടയാളങ്ങൾ എന്നിവയില്ല. രാത്രികാലങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മറ്റ് യാത്രക്കാർക്ക് അപകടഭീഷണി ഉണ്ടാക്കുന്നുണ്ട്. കരയാംപറമ്പ് പാലത്തിന്റെ അനുബന്ധ റോഡിന്റെ വശത്തെ അനധികൃത പാർക്കിങ് അപകടസാധ്യത ഉണ്ടാക്കുന്നുണ്ട്. ആവർത്തിച്ച് അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ പഠനങ്ങൾ നടത്തി അപകടം കുറയ്ക്കുന്നതിന് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.