ജീവൻ നഷ്ടമായപ്പോൾ നടപടി വന്നു
തൊടുപുഴ : മങ്ങാട്ടുകവല-വെങ്ങല്ലൂർ നാലുവരിപ്പാതയിൽ നടക്കുന്ന നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ തീരുമാനമായി. പോലീസിനെ അടക്കം ഇവിടെ സുരക്ഷാ ജോലിക്കായി നിയോഗിക്കും.
അശാസ്ത്രീയ ഗതാഗത നിയന്ത്രണംമൂലം ബുധനാഴ്ച വൈകീട്ട് ആരോഗ്യ വകുപ്പ് ജീവനക്കാരിയായ യുവതി മരിച്ചതിനെ തുടർന്നാണ് നടപടി.
റോഡിന്റെ ഒരു വശത്ത് നിർമാണം നടക്കുന്നതിനാൽ ഗതാഗതം മറുവശത്തുകൂടി തിരിച്ചു വിട്ടിരുന്നു.
ഈ റോഡിലൂടെ അതിവേഗമെത്തിയ ജീപ്പ് സ്കൂട്ടറിലിടിച്ചാണ് മുണ്ടൻമുടി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ.യും മടക്കത്താനം വെട്ടുകല്ലുംപുറത്ത് ഇമ്രാന്റെ ഭാര്യയുമായ ജുബീന(35) മരിച്ചത്.
ഇതിന് പിന്നാലെ സി.പി.എം. പ്രവർത്തകർ ബുധനാഴ്ച രാത്രി ഷാപ്പുംപടി ജങ്ഷനിൽ ഉപരോധസമരം നടത്തിയിരുന്നു.
തുടർന്ന് തിങ്കളാഴ്ച രാവിലെ തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് തൊടുപുഴ അസി. എക്സി. എൻജിനിയർ ഓഫീസ് ഉപരോധിച്ചു. ചർച്ചയ്ക്കൊടുവിൽ സമരക്കാരുടെ ആവശ്യങ്ങൾ അസി. എക്സി. എൻജിനിയർ അംഗീകരിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളായ സബീന ബിഞ്ചു, എം.എസ്. ശരത്, ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗം കെ.എം. അൽത്താഫ് തുടങ്ങിയവർ പങ്കെടുത്തു.
സുരക്ഷയൊരുക്കും
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ടിന് അനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് അസി. എക്സി. എൻജിനിയർ ഉറപ്പുനൽകി.
സ്ഥലത്ത് പോലീസ് സേവനം ഏർപ്പെടുത്തും. ഗതാഗത നിയന്ത്രണത്തിന് കരാറുകാരന്റെ ഭാഗത്തുനിന്ന് തൊഴിലാളികളെ നിയോഗിക്കും.
നിർമാണ പ്രവൃത്തികൾ സംബന്ധിച്ച അറിയിപ്പ് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നൽകാനും തീരുമാനിച്ചു.
ജീവനെടുത്തത് ജീപ്പിന്റെ അമിതവേഗവും അശ്രദ്ധയും
ബുധനാഴ്ച രാത്രി ആരോഗ്യവകുപ്പ് ജീവനക്കാരിയുടെ ജീവനെടുത്തത് ജീപ്പ് ഡ്രൈവറുടെ അമിത വേഗവും അശ്രദ്ധയുമാണ്. ഇവിടെ നിർമാണം നടക്കുന്നുണ്ടെങ്കിലും ഇരുവശത്ത് കൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നു.
വേഗമെത്തുന്നതിനാണ് മങ്ങാട്ടുകവല ഭാഗത്തേക്ക് ജീപ്പുകാരൻ മറുവശത്തുകൂടി ഓടിച്ചുപോകുകയായിരുന്നുവെന്ന് സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്.
മങ്ങാട്ടുകവല ഭാഗത്തുനിന്ന് മടക്കത്താനത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ജുബീന ജീപ്പ് തനിക്ക് നേരേ വരുന്നതുകണ്ട് ഭയപ്പെട്ട് വേഗം ബ്രേക്ക് ചെയ്യുകയായിരുന്നു.
ബാലൻസ് തെറ്റി റോഡിലേക്ക് വീണ യുവതിയുടെ തലയുടെ വശത്തുകൂടി ജീപ്പിന്റെ ചക്രം കയറി. സമീപത്തെ കുറ്റിയിൽ ഇടിച്ചാണ് ജീപ്പ് നിന്നത്.
ഡ്രൈവർ അപ്പോൾ തന്നെ ഓടിരക്ഷപ്പെട്ടു. ഇയാളുടെ പേരിൽപോലീസ് കേസെടുത്തിട്ടുണ്ട്. ഇവിടെ റോഡ് നിർമാണം നടക്കുന്നുണ്ടെങ്കിലും വാഹന ഗതാഗതം നിയന്ത്രിക്കാൻ സംവിധാനങ്ങളില്ല. ഒരു വരിയിലൂടെ വാഹനം കടത്തി വിടുന്നുണ്ടെങ്കിലും അവിടെയും വാഹനങ്ങൾക്ക് അമിത വേഗമാണ്. ഇത് നിയന്ത്രിക്കാൻ പോലീസുകാരുമില്ല. ഇത് വീണ്ടും അപകടം ഉണ്ടാകാൻ കാരണമാകും.
Published: 16 Oct 2026, 02:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented