പെരുമ്പാവൂർ : പെരുമാനിയിൽ പ്ലാസ്റ്റിക് മാലിന്യസംഭരണ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തം അണച്ചെങ്കിലും അവശേഷിക്കുന്ന മാലിന്യം നീക്കംചെയ്യുന്നത് പഞ്ചായത്തിനെ സംബന്ധിച്ച് വെല്ലുവിളിയാകും. 75 സെന്റിൽ 10 അടിയോളം ഉയരത്തിൽ ആശുപത്രി മാലിന്യമുൾപ്പെടെയുള്ളവയാണ് കുന്നുകൂടി കിടക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്ന കേന്ദ്രമാണെന്നാണ് നാട്ടുകാർ ധരിച്ചിരുന്നതെങ്കിലും തീയും പുകയും അടങ്ങിയപ്പോൾ നടത്തിയ പരിശോധനയിൽ ഡയപ്പർ ഉൾപ്പെടെയുള്ള ആശുപത്രി മാലിന്യം ഇതോടൊപ്പമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തൊട്ടുചേർന്നാണ് പഞ്ചായത്തിലെ മൂന്ന് വാർഡുകളിലേക്കും കുടിവെള്ളമെത്തിക്കുന്ന പിരിയൻകുളം കുടിവെള്ള പദ്ധതിയുടെ തോട് പോകുന്നത്. മാലിന്യ സംഭരണ കേന്ദ്രത്തിന്റെ ചുറ്റുമതിൽ തകർന്ന് മാലിന്യം തോട്ടിലൂടെ ഒഴുകുന്ന സ്ഥിതിയാണിപ്പോൾ. മഴപെയ്താൽ സ്ഥിതി കൂടുതൽ ഗൗരവമുള്ളതാകും. പുകശ്വസിച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായതിനേ തുടർന്ന് സമീപവാസികളായ വയോധികരെയും കുട്ടികളെയും ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുകയാണ്.
വളർത്തുമൃഗങ്ങളെയും കൃഷിയും ഉപേക്ഷിച്ച് മാറിത്താമസിക്കാൻ നിവൃത്തിയില്ലാത്തവരുമുണ്ട്. കടുത്ത ചൂടിൽ സമീപ പുരയിടങ്ങളിലെ ജാതി, കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകൾ ഉണങ്ങി. രാത്രി മുഴുവനും ചൊവ്വാഴ്ച രാവിലെ എട്ടുവരെയും അഗ്നിരക്ഷാസേനയും പഞ്ചായത്തംഗങ്ങളും നാട്ടുകാരും തീ അണയ്ക്കുന്ന പരിശ്രമത്തിലായിരുന്നു. ഇപ്പോഴും മാലിന്യത്തിൽനിന്ന് പലയിടത്തും പുക ഉയരുന്നുണ്ട്. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് മാലിന്യസംഭരണ കേന്ദ്രത്തിൽ തീപ്പിടിത്തമുണ്ടായത്.
അന്വേഷണവും നഷ്ടപരിഹാരവും വേണം
തീപ്പിടിത്തമുണ്ടായ സംഭവത്തിൽ കുറ്റക്കാർക്കെതിരേ വിശദമായ അന്വേഷണം നടത്തണമെന്നും നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം വേണമെന്നും കുന്നുകൂടിയ മാലിന്യം കമ്പനിച്ചെലവിൽ എത്രയും പെട്ടെന്ന് നീക്കംചെയ്യണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അഡ്വ. അരുൺ പോൾ ജേക്കബ്, സി.എം. അഷറഫ് എന്നിവർ ആവശ്യപ്പെട്ടു.
തീപ്പിടിത്തം മൂലം മണ്ണ്, വായു, വെള്ളം എല്ലാം മലിനമായെന്നും ജനങ്ങൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും തീപ്പിടിത്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി പഞ്ചായത്തംഗം അഡ്വ. ബേസിൽ കുര്യാക്കോസ് അറിയിച്ചു. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുകയും ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുകയും ചെയ്തില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്ന് സ്ഥലം സന്ദർശിച്ച ബി.ജെ.പി. ജില്ലാ ഉപാധ്യക്ഷൻ പി. അനിൽകുമാർ, ജില്ലാ ന്യൂനപക്ഷ മോർച്ച പ്രിസിഡന്റ് എം.പി. ജെയ്‌സൺ, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ദേവച്ചൻ പടയാട്ടിൽ, പെരുമ്പാവൂർ മണ്ഡലം പ്രിസിഡന്റ് ലിഷ രാജേഷ്, മണ്ഡലം വൈസ് പ്രിസിഡന്റ് ശ്രീജിത്ത് രാജൻ എന്നിവർ അറിയിച്ചു.
കളക്ടർക്ക് റിപ്പോർട്ട് നൽകും - തഹസിൽദാർ
പെരുമാനിയിൽ പ്ലാസ്റ്റിക് മാലിന്യസംഭരണ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തം സംബന്ധിച്ച് കളക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ എം. മായ അറിയിച്ചു. ആശുപത്രിമാലിന്യമുൾപ്പെടെയുള്ളവ ശേഖരിച്ചിരുന്നതായും സമീപമുള്ള കുടിവെള്ള പദ്ധതിക്ക് ഭീഷണിയാണെന്നുമുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇക്കാര്യം വിശദമായി പരിശോധിച്ചശേഷമായിരിക്കും റിപ്പോർട്ട് നൽകുകയെന്നും തഹസിൽദാർ അറിയിച്ചു.
പോലീസ് കേസെടുത്തു
പെരുമാനിയിൽ ഗ്രീവ് ടെക് മെറ്റീരിയൽ ഫെസിലിറ്റി സെന്റർ പ്ലാസ്റ്റിക് മാലിന്യസംഭരണ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ ഉടമ തിരുവനന്തപുരം സ്വദേശി മുബാറക്കിന്റെ പേരിൽ സമീപവാസിയും സമരസമിതി കൺവീനറുമായ റെജി ജോണിന്റെ മൊഴിയിൽ പെരുമ്പാവൂർ പോലീസ് കേസെടുത്തു. സമരസമിതി അംഗങ്ങൾക്കും സമീവാസികൾക്കും ദോഷകരമാകണമെന്ന ഉദ്ദേശ്യത്തിൽ സ്ഥാപനത്തിന് തീയിട്ടതായാണ് കേസ്.
Published: 14 Oct 2026, 03:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented