കിഴക്കമ്പലം : ലക്ഷങ്ങൾ മുടക്കിയിട്ടും ലക്ഷ്യം കാണാതെ ടൂറിസം പദ്ധതി. വിനോദസഞ്ചാര കേന്ദ്രമായ കടമ്പ്രയാർ പ്രവർത്തനം തുടങ്ങിയിട്ട് 14 വർഷം പിന്നിട്ടെങ്കിലും ഓരോവർഷവും വിനോദസഞ്ചാരവകുപ്പ് മുടക്കുന്ന തുകയ്ക്ക് കുറവില്ല.
നിലവിലുണ്ടായിരുന്ന നടപ്പാത പൊളിച്ച് പുതിയതിന്റെ നിർമാണം തുടങ്ങിയിട്ടുണ്ട്. അടുത്ത വർഷവം വീണ്ടും അറ്റകുറ്റപ്പണി വേണ്ടി വരുമോ എന്ന് കാത്തിരുന്നു കാണണം.
കടമ്പ്രയാിലെ ചെളികോരൽ, നടപ്പാതകളുടെയും കൈവരികളുടെയും അറ്റകുറ്റപ്പണികൾ, മഴവിൽപ്പാലങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയാണ് തുടർച്ചയായുണ്ടാകുന്ന അറ്റകുറ്റപ്പണികൾ. വർഷങ്ങൾക്കുമുൻപ് ലക്ഷങ്ങൾ ചെലവഴിച്ച് ബോട്ടിങ് ആരംഭിച്ചെങ്കിലും അതെല്ലാം മുടങ്ങിക്കിടക്കുകയാണ്. നിലവിൽ കയാക്കിങ് മാത്രമാണ് ഇവിടെ നടക്കുന്നുള്ളു. അതിനും ആളുകൾ കുറവ്. വിനോദസഞ്ചാരികളുടെ കുറവുമൂലം പദ്ധതി പ്രദേശത്ത് ആരംഭിച്ച പലകടകളും അടഞ്ഞുകിടക്കുകയാണ്. നടപ്പാതകൾ പൂർത്തീകരിച്ചാൽ സഞ്ചാരികൾ വർധിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
ബസ് സർവീസ് വേണം
കടമ്പ്രയാർ പദ്ധതിപ്രദേശത്തേക്ക് എത്തിച്ചേരാൻ ബസ് സർവീസില്ല. അതുവഴിയുള്ള റോഡുകൾ സഞ്ചാരയോഗ്യമാക്കിയെങ്കിലും വിനോദ സഞ്ചാരികൾക്ക് എത്തിച്ചേരാൻ ബസ് സർവീസ് ഇല്ലാത്തത് പോരായ്മയാണ്. വർഷങ്ങൾക്കുമുൻപ് കെ.എസ്.ആർ.ടി.സി. ഒരു ബസ് ഇതുവഴി ഓടിച്ചിരുന്നെങ്കിലും നിർത്തലാക്കുകയായിരുന്നു.
പഴങ്ങനാട് കപ്പേളപടി വഴി ബസ് സർവീസ് ഇല്ലാത്തത് ഒരു പ്രദേശം മുഴുവൻ ഒറ്റപ്പെടാൻ കാരണമാകുന്നു. വർഷങ്ങൾക്കു മുൻപ് പഴങ്ങനാട് മേഖലയിലെ തുരുത്തുകളായിരുന്നു കക്കാട്ടിക്കര, വട്ടോലിക്കര, പിണ്ടിപിള്ളിക്കര, ചെറുതുരുത്ത്, ചെമ്മനാട്ടിക്കര എന്നിവ. ഈ തുരുത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വഴികൾ നിർമിച്ചെങ്കിലും യാത്രാസൗകര്യങ്ങളായിട്ടില്ല. സ്വന്തമായി വാഹനങ്ങളുണ്ടെങ്കിലേ സമീപത്തെ ബസ് സ്റ്റോപ്പുകളിലെത്താനാകു.
സ്വന്തമായി വാഹനമില്ലാത്തവർ കിലോമീറ്റർ നടന്നാൽ പഴങ്ങനാട്ടിലെ ബസ് സ്റ്റോപ്പിലെത്താം. അതുമല്ലെങ്കിൽ ഓട്ടോറിക്ഷ വിളിക്കണം. അവിടെയെത്തിയാൽ മറ്റുള്ള സ്ഥലങ്ങളിലേക്ക് ബസ് പിടിക്കാനാകും. പള്ളിയിൽപോകാനും ആശുപത്രിയിൽ പോകണമെങ്കിലും ബുദ്ധിമുട്ടുകയാണ് പ്രദേശവാസികളായ സാധാരണക്കാർ.
മൊത്തം പാടശേഖരങ്ങളായിരുന്നപ്പോൾ ഏക്കറുകണക്കിനു പാടശേഖരം വിട്ടുനൽകിയാണ് തുരുത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് പ്രദേശവാസികൾ നിർമിച്ചത്. ഒട്ടേറെപ്പേരുടെ പ്രയത്നം ഇതിനു പിന്നിലുണ്ട്.
ബസ് റൂട്ട് യാഥാർഥ്യമായാൽ കിഴക്കമ്പലം, എടത്തല എന്നീ രണ്ട് ഗ്രാമപ്പഞ്ചായത്തുകളും തൃക്കാക്കര മുനിസിപ്പാലിറ്റിയും ബസ് സർവീസിന്റെ ഭാഗമായി മാറും. പെരുമ്പാവൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ എറണാകുളത്ത് എത്താവുന്ന ഈ റോഡ് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹായകമായിരിക്കും. ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, ഭരണസിരാകേന്ദ്രമായ കാക്കനാട് എന്നിവിടങ്ങളിലേക്ക് ജില്ലയുടെ വടക്ക്-കിഴക്ക് ഭാഗത്തുനിന്നുള്ളവർക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പവഴി ഇതുതന്നെയാണ്.
പെരുമ്പാവൂരിൽ നിന്നും എറണാകുളത്തേക്കുള്ള ദീർഘദൂര ബസുകൾ പുക്കാട്ടുപടിയിൽ നിന്നും പഴങ്ങനാട് എ.പി. വർക്കി റോഡ് വഴി പോകാൻ അനുവദിച്ചാൽ പ്രദേശവാസികൾക്ക് ഗുണമാകും.
Published: 15 Oct 2026, 03:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented