പിറവം : നിരന്തരമായ വൈദ്യുതി തകരാർ ജില്ലയിലെ മികച്ച ആയുർവേദ ആശുപത്രികളിലൊന്നായ പിറവം പാലച്ചുവട് ആയുർവേദ ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതി.

To advertise here,

കാൽനൂറ്റാണ്ടിലേറെ മുൻപ് തുടങ്ങിയ ആശുപത്രിയിൽ പല ഘട്ടങ്ങളിലായി ഒട്ടേറെ വികസന പദ്ധതികൾ നടപ്പാക്കി. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയിൽ ആയുർവേദത്തിലെ വിവിധ വിഭാഗങ്ങളുണ്ട്. എന്നാൽ എല്ലാ വിഭാഗങ്ങളിലും വൈദ്യുതിയുള്ള സമയം വിരളമാണെന്നാണ് പരാതി. 50 കിടക്കകളുള്ള ആശുപത്രിയിൽ മിക്കപ്പോഴും അത്രയും രോഗികൾ ഐ.പി.യിലുണ്ടാകും. ദിവസേന നൂറിലേറെ രോഗികൾ ഒ.പി.യിലും ചികിത്സ തേടിയെത്താറുണ്ട്. ആശുപത്രിയിലേക്ക് ത്രീ ഫേസ് കണക്ഷനും ആശുപത്രിയിൽ സ്വന്തമായി ജനറേറ്ററുമുണ്ടെങ്കിലും പലപ്പോഴും കറന്റുണ്ടാകാറില്ല.

കല്ലുവെട്ടാംമട ട്രാൻസ്‌ഫോർമറിൽ നിന്നാണ് ആശുപത്രിയിൽ കറന്റ് കിട്ടുന്നതെന്ന് പറയുന്നു. എന്നാൽ ചെറിയൊരു കാറ്റ് വീശിയാൽ ആശുപത്രിയിൽ കറന്റ് പോകും. ഒരു ലൈനിൽ മാത്രം കറന്റില്ലാതെ വരുന്ന സാഹചര്യമാണ് പലപ്പോഴുമുണ്ടാകുന്നത്. ഇങ്ങനെ വരുമ്പോൾ ജനറേറ്റർ ഉണ്ടെങ്കിലും അത് പ്രവർത്തിപ്പിക്കാൻ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് ജീവനക്കാർ പരാതിപ്പെട്ടു.

ഐ.പി. വിഭാഗത്തിലെ രോഗികൾക്ക് മൂന്നുനേരവും ആശുപത്രിയിൽ നിന്നാണ് ഭക്ഷണം നൽകുന്നത്. ഭക്ഷണം പാകം ചെയ്യുന്നിടത്തും ഫിസിയോ തെറപ്പി പോലുള്ള ചികിത്സകൾ നടക്കുന്ന ട്രീറ്റ്‌മെന്റ് മുറികളിലും കറന്റ് കൂടിയേകഴിയൂ. ആശുപത്രിയിൽ ഇലക്ട്രീഷ്യൻ തസ്തികയില്ലാത്തതിനാൽ തെറപ്പിസ്റ്റുകളോ അതുപോലുളള മറ്റ് ജീവനക്കാരോ ആണ് പലപ്പോഴും ജനറേറ്റർ പ്രവർത്തിപ്പിക്കുന്നത്. ഇത് അവരുടെ ജോലിക്ക് തടസ്സമുണ്ടാക്കും.

ആശുപത്രി പരിസരത്ത് ട്രാൻസ്‌ഫോർമർ സ്ഥാപിച്ചാൽ തീരാവുന്നതേയുള്ളു ഈ പ്രശ്‌നമെന്ന് രോഗികൾ അഭിപ്രായപ്പെട്ടു.

കിടപ്പുരോഗികൾ ദുരിതത്തിൽ

വൈദ്യുതി തകരാറുമൂലം വലയുന്ന രോഗികൾ അവരുടെ ദുരിതം മാതൃഭൂമിയുമായി പങ്കുവെച്ചു. ബുധനാഴ്ച രാവിലെ ആശുപത്രിയിലേക്കുള്ള വൈദ്യുതി നിലച്ചു. വൈദ്യുതി ഓഫീസിൽ അറിയിച്ചെങ്കിലും വൈകീട്ടാണ് ലൈൻമാനെത്തിയത്. മീറ്ററിനടുത്തുള്ള ഒരു ഫ്യൂസ് കാരിയർ കത്തിപ്പോയതാണെന്ന് കണ്ടതോടെ വൈദ്യുതി ജീവനക്കാരൻ സ്ഥലംവിട്ടു. പിന്നീട് ആശുപത്രി ജീവനക്കാർ ഇലക്ട്രീഷ്യനെ വിളിച്ചു വരുത്തിയാണ് തകരാറ് പരിഹരിച്ചത്.

ഫ്യൂസ് കാരിയർ കത്തിപ്പോതാണെന്നറിയാൻ തന്നെ മണിക്കൂറുകൾ വേണ്ടി വന്നു. തിരുമ്മൽ, കിഴി, ധാര ഉൾപ്പെടെയുള്ള പഞ്ചകർമ ക്രിയകൾ മെഴുകുതിരി വെളിച്ചത്തിലാണ് ചെയ്യുന്നതെന്നും രോഗികൾ പറഞ്ഞു.