പറവൂർ : താലൂക്കിലെ റേഷൻകടകളിൽ നിന്ന് വിതരണം ചെയ്ത മട്ട അരിയിൽ പുഴുവും പൂപ്പലും കണ്ടെത്തിയത് സ്ഥിരീകരിച്ചതോടെ അത്തരം അരി റേഷൻകടകളിൽ നിന്ന് മാറ്റിത്തുടങ്ങി. ഈ മാസം ആദ്യം ചേന്ദമംഗലം പഞ്ചായത്തിലെ ഒരു കടയിലാണ് മോശം അരി വിതരണം ചെയ്തതായ പരാതി ഉയർന്നത്. പിന്നീട് മറ്റിടങ്ങളിൽനിന്നും ഇത്തരം ആക്ഷേപമുയർന്നു. ചേന്ദമംഗലം പഞ്ചായത്തിൽ സപ്ലൈ ഓഫീസർ ഉൾപ്പെടെയുള്ള അധികൃതർ എത്തിയാണ് പ്രസ്തുത റേഷൻകടയിൽനിന്നും മോശം അരിയുള്ള ചാക്കുകൾ മാറ്റിച്ചത്. ഇവിടെ പരാതിക്കാരനായ ആന്റണി കോണത്തിനെയും വിളിച്ചുവരുത്തിയിരുന്നു. കാലടി പാറപ്പുറം ഭാഗത്തെ ഒരു സ്വകാര്യ മില്ലിൽനിന്നും നൽകിയ മട്ട അരിയിലാണ് പുഴുവും പൂപ്പലും കണ്ടെത്തിയത്. ഈ അരിയുള്ള അരിച്ചാക്കുകളിൽ റൈസ് മില്ലിന്റെ പേര് അടിയിലും മുകളിൽ സപ്ലൈകോയുടെ പേരും സീൽ ചെയ്തിട്ടുണ്ട്.
അധികൃതർ അരി വേണ്ടത്ര പരിശോധന നടത്താതെയാണ് ഗോഡൗണിലും അവിടെനിന്ന് റേഷൻകടകളിലും എത്തിച്ചത്. പരാതി ശക്തിപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ചതന്നെ താലൂക്ക് സപ്ലൈ ഓഫീസർ എല്ലാ റേഷൻകട വ്യാപാരികൾക്കും മൊബൈൽ സന്ദേശത്തിലൂടെ നിർദിഷ്ട ബ്രാൻഡ് അരി നൽകരുതെന്ന് നിർദേശിച്ചിരുന്നു. പ്രസ്തുത മില്ലുകാരോടുതന്നെ റേഷൻകടകളിൽനിന്ന് അരി നീക്കംചെയ്ത് നല്ല ഗുണനിലവാരമുള്ള അരി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മോശം അരി യാതൊരുകാരണവശാലും റേഷൻ കാർഡുടമകൾക്ക് വിതരണം ചെയ്യരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസർ പറഞ്ഞു.
കഴിഞ്ഞ ജൂലായിലും താലൂക്കിലെ വിവിധ റേഷൻകടകളിൽ ഇത്തരത്തിലുള്ള മോശം അരി വിതരണം ചെയ്തതായ പരാതി ഉയർന്നിരുന്നു.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ റേഷൻ കടകൾ വഴി വിതരണം ചെയ്ത അരിയിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. എറണാകുളം നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് ആവശ്യപ്പെട്ടു. സാധാരണർക്ക് ഭക്ഷ്യയോഗ്യമല്ലാത്ത ധാന്യങ്ങൾ വിതരണം ചെയ്ത സംഭവം ഗുരുതരമായ വീഴ്ചയാണ്. പൊതുവിതരണ സംവിധാനത്തിലൂടെ അർഹരായവർക്ക് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. ഭക്ഷ്യയോഗ്യമല്ലാത്ത ധാന്യങ്ങൾ വിതരണം ചെയ്യുന്നത് ജനങ്ങളുടെ ആരോഗ്യത്തോടുള്ള വെല്ലുവിളിയാണ്.
പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനോ, ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കാനോ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. സ്ഥലം എം.എൽ.എ.യും മുഖ്യമന്ത്രിയുമായ വി.ഡി. സതീശൻ വിഷയത്തിൽ പുലർത്തുന്ന മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ബ്രഹ്മരാജ് ആരോപിച്ചു.
Published: 15 Oct 2026, 03:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented