ഇടുക്കി : ശബരിമല മണ്ഡലകാല തീർഥാടനത്തോടനുബന്ധിച്ച് പുല്ലുമേട് പാതയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കും. പുല്ലുമേടിനും സന്നിധാനത്തിനുമിടയിൽ ഓരോ 500 മീറ്ററിലും രണ്ട് ഇക്കോ ഗാർഡുമാരെ വീതം നിയോഗിക്കും. പകൽസമയങ്ങളിൽ ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തും.
ആരോഗ്യപ്രശ്നങ്ങളുള്ള തീർഥാടകരെ വാളാർടിയിൽ പരിശോധിച്ചശേഷം യാത്ര തുടരാൻ അനുവദിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും.
ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ സത്രംവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിക്കും. ഇതുസംബന്ധിച്ച അറിയിപ്പുകൾ വിവിധ ഭാഷകളിൽ പ്രചരിപ്പിക്കും.
വാളാർടിയിൽ ആരോഗ്യവകുപ്പ് ജീവനക്കാർക്കാവശ്യമായ സൗകര്യങ്ങളും ഒരുക്കും.
തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മറ്റ് തീർഥാടനപാതകളിലും ഇടത്താവളങ്ങളിലും റോഡുകളിലും വിപുലമായ സൗകര്യങ്ങളൊരുക്കും.
എ.ഡി.എം. മിനി കെ.ജോൺ, ആർ.ഡി.ഒ. എസ്. ശ്രീജിത്ത്, വിവിധ വകുപ്പുമേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
തീരുമാനങ്ങൾ
അഞ്ചുമല, കുമളി, പെരിയാർ, പീരുമേട് താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ തഹസിൽദാർമാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ തുറക്കും.
മോട്ടോർവാഹനവകുപ്പിന്റെ നേതൃത്വത്തിൽ ആറ് സംഘങ്ങൾ 24 മണിക്കൂറും പട്രോളിങ് നടത്തും. തകരാറിലാകുന്ന വാഹനങ്ങൾ നന്നാക്കുന്നതിനുള്ള വർക്ക്ഷോപ്പ് സഹായവും ഉറപ്പാക്കും. ജീപ്പ് സർവീസ് നടത്തുന്നവരുമായി ചർച്ച നടത്തി നിരക്ക് നിശ്ചയിക്കാനും നിരക്ക് വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കാനും കളക്ടർ നിർദേശിച്ചു.
പുല്ലുമേടിനും സന്നിധാനത്തിനുമിടയിൽ പുതിയ വാച്ച് ടവർ നിർമിക്കും.
ആറുപേരടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീമിനെയും നിയോഗിക്കും.
സത്രത്തിനും പുല്ലുമേടിനുമിടയിൽ സീറോ പോയിന്റ്, പുല്ലുമേട്, കഴുതക്കുഴി എന്നിവിടങ്ങളിൽ വനംവകുപ്പ് മൂന്ന് ഇക്കോ ഷോപ്പുകൾ തുറക്കും.
ഇവിടെ തീർഥാടകർക്ക് കുടിവെള്ളം, കഞ്ഞി, ലഘുഭക്ഷണങ്ങൾ എന്നിവ ലഭ്യമാക്കും.
വാളാർടി, സത്രം, പുല്ലുമേട്, മുക്കുഴി, ബോയ്സ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ആവശ്യമായ ശൗചാലയ സൗകര്യങ്ങൾ ഉറപ്പാക്കും.
ഉപ്പുപാറ മുതൽ കോഴിക്കാനംവരെ 15 കേന്ദ്രങ്ങളിൽ വാട്ടർ അതോറിറ്റി കുടിവെള്ള വിതരണം നടത്തും. ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി കുമളിയിൽ എക്സൈസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കും. മൂന്ന് സംഘങ്ങൾ മേഖലയിൽ പരിശോധന നടത്തുന്നതിനൊപ്പം 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കും
ദേശീയപാതകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി എക്സിക്യുട്ടീവ് എൻജിനീയർ യോഗത്തെ അറിയിച്ചു. സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ജോലികൾ മണ്ഡലകാലാരംഭത്തിനു മുൻപ് പൂർത്തിയാക്കും. വിവിധ വകുപ്പുകൾക്ക് നൽകിയ ചുമതലകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കളക്ടർ നിർദേശിച്ചു.
ഭക്ഷണവില്പനശാലകളിലെ വില ഏകീകരിക്കുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപാരികളുടെ യോഗം വിളിക്കും. ഉപ്പുപാറയിൽ ഫയർഫോഴ്സിന്റെ ഒരു യൂണിറ്റുകൂടി അധികമായി വിന്യസിക്കാനും യോഗം നിർദേശിച്ചു.
Published: 16 Oct 2026, 02:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented