അങ്കമാലി : ഏഴ് പതിറ്റാണ്ട് പഴക്കമുള്ള ചാലക്കുടി റിവർ ഡൈവേർഷൻ സ്കീമിന്റെ കനാലുകൾ നവീകരിക്കാത്തതിനാൽ ജലവിതരണം അവതാളത്തിൽ. ചാലക്കുടി റിവർ ഡൈവേർഷൻ സ്കീം 1957-ലാണ് കമ്മിഷൻ ചെയ്തത്. ഇപ്പോൾ കാലപ്പഴക്കം മൂലം കനാലുകൾ ജീർണാവസ്ഥയിലാണ്. കനാൽ പലസ്ഥലങ്ങളിലും കാലപ്പഴക്കത്താൽ തകർന്നതിനാൽ രൂപകല്പന ചെയ്ത ഹൈഡ്രോളിക് ഘടന നഷ്ടപ്പെട്ടിട്ടുണ്ട്. ഇതുമൂലം കനാലുകളുടെ വാലറ്റങ്ങളിൽ പലപ്പോഴും വെള്ളമെത്തുന്നില്ല.
ജലലഭ്യത അനുദിനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കനാലുകളുടെ ശോച്യാവസ്ഥ ജലവിതരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഇടതുകര മെയിൻ കനാലും ബ്രാഞ്ച് കനാലുകളുമുൾപ്പടെ 175 കിലോമീറ്റർ ദൈർഘ്യമുള്ള ജലവിതരണ ശൃംഖലയുടെ നവീകരണം ഇനിയും വൈകുന്നത് അപകടകരമാകുമെന്നാണ് വിലയിരുത്തൽ.
അതിനാൽ കനാലുകളുടെ സമ്പൂർണ നവീകരണത്തിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പറമ്പിക്കുളം-ആളിയാർ അന്തസ്സംസ്ഥാന നദീകരാർ പ്രകാരം വർഷംതോറും ചാലക്കുടി പുഴയിലേക്ക് ലഭിക്കേണ്ട വെള്ളം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അധികൃതർ തയ്യാറാകണം. അതോടൊപ്പം കനാൽഭിത്തികൾക്ക് വിവിധ സ്ഥലങ്ങളിൽ ബലക്ഷയം സംഭവിച്ചിട്ടുണ്ട്. തുറവൂർ ഗ്രാമപ്പഞ്ചായത്തിലെ വെള്ളമൊഴുകുന്ന മേൽപ്പാലം അപകടകരമായ നിലയിലാണ്. കനാൽഭിത്തികളിൽ പലയിടങ്ങളിലും മണ്ണ് ഒലിച്ചുപോയിട്ടുണ്ട്. വെള്ളം കനാൽ കവിഞ്ഞൊഴുകുന്ന സ്ഥിതിയുമുണ്ട്. ഭിത്തി ഉയർത്തുകയും കനാലിന്റെ ഉൾഭാഗം സിമന്റുതേച്ച് ബലപ്പെടുത്തുകയും ചെയ്യണമെന്നാണ് ഈ മേഖലയിലെ കർഷകർ ആവശ്യപ്പെടുന്നത്.
ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ യോഗം സംഘടിപ്പിച്ചു
: ചാലക്കുടി റിവർ ഡൈവേർഷൻ സ്കീമിന്റെ ജലവിതരണ കനാലുകൾ സമ്പൂർണമായി നവീകരിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഇടതുകര മെയിൻ കനാലിന്റെയും അനുബന്ധ ബ്രാഞ്ചുകനാലുകളുടെയും ആയക്കെട്ട് മേഖലയിലുള്ള ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും കർഷക സംഘടനാ ഭാരവാഹികളുടെയും യോഗം സർക്കാരിനോടാവശ്യപ്പെട്ടു. 2026-27 വർഷത്തെ ജലവിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജലവിഭവ വകുപ്പ് അധികൃതർ ചാലക്കുടി ഐ.ബി.യിൽ വിളിച്ചുചേർത്ത യോഗത്തിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ജലസേചന പദ്ധതി പ്രോജക്ട് ഉപദേശകസമിതി അംഗവുമായ ടി.എം. വർഗീസ് അധ്യക്ഷനായി. എക്സിക്യുട്ടീവ് എൻജിനിയർ എ. ജിഷ, അസി. എക്സിക്യുട്ടീവ് എൻജിനിയർ വി.ജി. നിർമൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ലീല സുബ്രഹ്മണ്യൻ (കൊരട്ടി), എം.പി. മാർട്ടിൻ (തുറവൂർ), പി.വൈ. സണ്ണി (മഞ്ഞപ്ര), പോളി പുളിക്കൽ (മേലൂർ), ജയ രാധാകൃഷ്ണൻ (മൂക്കന്നൂർ), പൗളി ബേബി (കാലടി), കെ.സി. മനോജ് (കാടുകുറ്റി), അന്നമനട പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി.ഡി. ജോസ് എന്നിവരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും കർഷക സംഘടനാ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.
Published: 20 Oct 2026, 02:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented