പെരുമ്പാവൂർ: പെരുമ്പാവൂർ ബൈപ്പാസിന്റെ ഒന്നര കിലോമീറ്റർ നീളമുള്ള ആദ്യഘട്ടം നിർമാണം തുടങ്ങിയത് 2024 നവംബറിലാണ്. 2027 ഏപ്രിലോടെ പൂർത്തിയാകുമെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സ്ഥിതിയിൽ സാധ്യമാകുമെന്ന് തോന്നുന്നില്ല. വിരലിലെണ്ണാവുന്ന തൊഴിലാളികൾ ആഴ്ചയിൽ ഒന്നോരണ്ടോ ദിവസം പണിയെടുത്താൽ പണികൾ എന്ന് തീരാനാണ്? ആലുവ- മൂന്നാർ റോഡിൽ മരുതുകവല മുതൽ ഓൾഡ് മൂവാറ്റുപുഴ റോഡിലെ കാഞ്ഞിരമുക്ക് പാലത്തിനുസമീപംവരെയാണ് ഒന്നാംഘട്ടം. നാലുവരിപ്പാതയായി പാടശേഖരത്തിലൂടെ നിർമിക്കുന്ന റോഡിൽ അഞ്ച് കലുങ്കുകളുണ്ട്. നാലെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. മണ്ണിൽ ചളിയുടെ അംശം കൂടുതലുണ്ടെന്ന് കണ്ടെത്തിയതിനേ ത്തുടർന്ന് അഞ്ചാമത്തെ കലുങ്കിന്റെ നിർമാണത്തിന് പുതിയ ഡിസൈനിനുള്ള കാത്തിരിപ്പിലാണ്. ഇതിനായി 4.5 കോടി രൂപയോളം അധികം വേണം. കിഫ്ബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കിഫ്ബി പദ്ധതികൾ പ്രതിസന്ധിയിലായതോടെ ഫണ്ട് ലഭിക്കാൻ വൈകിയേക്കും. കാഞ്ഞിരമുക്കിൽ എം.സി. റോഡ് കടന്ന് എ.എം. റോഡിലെ പാലക്കാട്ടുതാഴം വരെയാണ് രണ്ടാംഘട്ടം. ബൈപ്പാസിന്റെ ആകെദൂരം നാല് കിലോമീറ്ററായിരിക്കും. 25 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിനുവേണ്ടി 60 പേരുടെ സ്ഥലം ഏറ്റെടുത്തു. രണ്ടാംഘട്ടത്തിനുള്ള ഭൂമി ഏറ്റെടുക്കൽ തുടങ്ങിയിട്ടില്ല. 20 കൊല്ലം മുൻപ് കേട്ടുതുടങ്ങിയ ബൈപ്പാസ് പദ്ധതി അഭിമാന പദ്ധതി എന്ന നിലയിലാണ് രണ്ടുകൊല്ലം മുൻപ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.യായിരിക്കെ നിർമാണം തുടങ്ങിയത്. ബൈപ്പാസ് പദ്ധതി യാഥാർഥ്യമായാലും നഗരത്തിലെ തിരക്ക് കുറയുമെന്ന് തോന്നുന്നില്ല. തിരക്കുവർധിച്ച എം.സി. റോഡിനാണ് യഥാർഥത്തിൽ ബൈപ്പാസ് വേണ്ടതെന്ന് തുടങ്ങിയ കാലം ആവശ്യം ഉയർന്നെങ്കിലും വിലപ്പോയില്ല. എ.എം. റോഡ് നാലുവരിയാക്കുന്ന പദ്ധതിയുണ്ടെങ്കിലും നഗരഹൃദയം ഒഴിവാക്കിയാണ് വികസനം. പകരം ബൈപ്പാസ് ഉപയോഗപ്പെടുത്താനാണ് ധാരണ. ബൈപ്പാസിന്റെ നിർമാണം തുടങ്ങുന്നതിനുമുൻപ് ടൗൺ ചുറ്റിയുളള റിങ് റോഡ് പദ്ധതിയെപ്പറ്റി ആലോചിച്ചിരുന്നു. ആലോചനകളും ചർച്ചകളും ഇപ്പോഴും നടക്കുന്നുണ്ട്.
(തുടരും)
മാർക്കറ്റ് ജങ്ഷനിൽ 'മഞ്ഞക്കളം കളി'
പെരുമ്പാവൂർ : ഗതാഗതം നിയന്ത്രിക്കുന്നതിനായി മൂന്നുകൊല്ലം മുൻപ് വെജി. മാർക്കറ്റ് ജങ്ഷനിൽ മഞ്ഞ ചതുരം (യെല്ലോ ബോക്സ്) വരച്ചിരുന്നു. തിരക്കേറിയ ജങ്ഷനിൽ മുന്നോട്ടുപോകാൻ കഴിയുന്നില്ലെങ്കിൽ ഈ മഞ്ഞക്കളത്തിൽ കയറാതെ വാഹനം നിർത്തണമെന്നാണ് നിയമം. നിയമം അറിയാതെ വരുന്ന വാഹനങ്ങൾ മഞ്ഞക്കളം കൈയേറും. അതോടെ ആദ്യം എ.എം. റോഡിലും കെ.എസ്.ആർ.ടി.സി. റോഡിലും വാഹനങ്ങൾ കുരുങ്ങും. പിന്നീട് നഗരമാകെ നിശ്ചലമാകും. മഞ്ഞക്കളത്തേക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനോ ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനോ അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകുന്നില്ല.
Published: 18 Oct 2026, 03:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented