ആലപ്പുഴ : കരിക്കുവിറ്റും കൃഷിചെയ്തും കലാകാരന്മാരുടെ അന്തസ്സുയർത്താൻ പരിശ്രമിച്ച ചുങ്കം പള്ളാത്തുരുത്തി ബൈജു ഹരിതചന്ദന ഇനി ഓർമ്മ. പ്രളയത്തിലും കോവിഡിലും മാത്രമല്ല, ആലപ്പുഴയിലും പരിസരത്തുമുള്ള കലാകാരന്മാർക്കു കഷ്ടതവരുമ്പോഴെല്ലാം പണമായും അന്നമായും ബൈജു പ്രത്യക്ഷപ്പെടുമായിരുന്നു. ധനികനായിട്ടല്ല, നിരത്തിൽ കരിക്കു വിറ്റുകിട്ടുന്നതിന്റെ ഒരു പങ്കുമായിട്ടായിരുന്നു അത്. വിപ്ലവഗായിക അനസൂയയുടെ കൊച്ചുമകൻ ഇതെങ്കിലും ചെയ്യണ്ടേ എന്ന ഭാവമായിരുന്നു. അതുകൊണ്ടുതന്നെ മകളുടെ കല്യാണവേദിയിലും കലാകാരന്മാരെ അദ്ദേഹം ആദരിച്ചു.
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബി(പി.ബി.സി.)ന്റെ ജീവനാഡിയായിരുന്നു. തന്റെ തുച്ഛവരുമാനം കൂട്ടിവെച്ച് വള്ളക്കാർക്കു സദ്യയൊരുക്കാനും മത്സരം നടക്കുന്നസ്ഥലങ്ങളിലേക്കു നാട്ടുകാരെ കൊണ്ടുപോകാനും അദ്ദേഹം മുന്നിൽ നിന്നു. എസ്.എൻ.ഡി.പി. യോഗം പള്ളാത്തുരുത്തി ശാഖയുടെ വൈസ് പ്രസിഡന്റായി സേവനപ്രവർത്തനങ്ങൾക്കു നേതൃത്വം നല്കി. സ്കൂളിൽ പത്രവായനയ്ക്കു പ്രത്യേക പ്രാധാന്യം നല്കാൻ പരിശ്രമിച്ചു.
തുമ്പോളി കലാലയയിലൂടെ ആരംഭിച്ച പൊതുപ്രവർത്തനവും നാടക പ്രവർത്തനവും അവസാനകാലംവരെയും തുടർന്നു. ശിവപ്രസാദിന്റെ സംവിധാനത്തിൽ പി.ജി. രാജ് രചിച്ച തേവാരം നാടകത്തിലെ പരികർമിയുടെ വേഷം അവതരിപ്പിച്ച് ബൈജു നാടകരംഗത്ത് അരങ്ങേറ്റം കുറിച്ചു. പിന്നീട് ചാവറ കലാനിലയത്തിന്റെ മദർ തെരേസ, വെളിച്ചത്തിന്റെ പടനായകൻ എന്നീ നാടകങ്ങളിലൂടെയും ശ്രദ്ധേയനായി. ടി.വി സാംബശിവൻ, ഡൊമിനിക് പഴമ്പാശ്ശേരി മനോജ് റാം എന്നിവരുടെ ശിക്ഷണത്തിൽ നാടകങ്ങളിൽ വേഷമിട്ടു. ചുങ്കം പ്രദേശത്തെ കൂട്ടുകാരെ ചേർത്തുനിർത്തി അവതരിപ്പിച്ച ലിയോണി ദാസ് എന്ന നാടകം ഏറെ ശ്രദ്ധ നേടി.
Published: 20 Oct 2026, 02:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented