അമ്പലപ്പുഴ : ശൈലികൾ വേറെയാണെങ്കിലും തെറ്റുതിരുത്തിയേ സി.പി.എമ്മിനും സി.പി.ഐ.ക്കും മുന്നോട്ടു പോകാനാകൂവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽ.ഡി.എഫ്. രാഷ്ട്രീയത്തിന്റെ ശരിക്കുവേണ്ടി സി.പി.ഐ. പോരാടുമെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര സമരഭൂമിയിൽ സി.പി.ഐ. മണ്ഡലം കമ്മിറ്റി സ്ഥാപിച്ച പുന്നപ്ര-വയലാർ രക്തസാക്ഷിസ്മാരകം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

പരാജയമുണ്ടായാൽ അതിനെ പരാജയമെന്നുതന്നെ പറയും. ജയിച്ചാലും തോറ്റാലും എന്തുകൊണ്ടെന്ന് കമ്യൂണിസ്റ്റുകൾ ചോദിക്കും. പാഠങ്ങളെപ്പറ്റി പഠിക്കാൻ സി.പി.എമ്മും സി.പി.ഐ.യും ബാധ്യസ്ഥരാണ്. നേതാക്കളോ കമ്മിറ്റിയോ അല്ല, എല്ലാറ്റിനും മുകളിൽ ജനങ്ങളാണെന്ന ബോധ്യമുണ്ടാകണം. ഏതുവിഷയത്തിലെ നിലപാടിലും എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് സി.പി.ഐ.യുടെ ലക്ഷ്യം. കമ്യൂണിസ്റ്റ് ഐക്യത്തിനുവേണ്ടിയാണ് സി.പി.ഐ. നിലകൊള്ളുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

കമ്മിറ്റി ചെയർമാൻ ഇ.കെ. ജയൻ അധ്യക്ഷനായി. ജില്ല സെക്രട്ടറി എസ്. സോളമൻ, പി. പ്രസാദ് എം.എൽ.എ., ടി.ജെ. ആഞ്ചലോസ്, ടി.ടി. ജിസ്‌മോൻ, പി.വി. സത്യനേശൻ, സി.എ. അരുൺകുമാർ, ജി. കൃഷ്ണപ്രസാദ്, വി.സി. മധു, പി.കെ. സദാശിവൻപിള്ള, സി. വാമദേവ് എന്നിവർ പ്രസംഗിച്ചു.