മാന്നാർ : ഹരിപ്പാട് കുടിവെള്ളപദ്ധതിയിൽ ഹരിപ്പാട് മണ്ഡലത്തിലെ 10 പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലും കായംകുളം മണ്ഡലത്തിലെ മൂന്നു പഞ്ചായത്തിലും കുടിവെള്ളം എത്തിക്കുന്നതിനായുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പിടീൽ പ്രതിഷേധമുയർത്തുന്നു. പൈപ്പിടുന്നതിനായി വെട്ടിപ്പൊളിക്കുന്ന റോഡുകൾ ഉടനടി പുനർ നിർമിക്കാത്തതാണ് പ്രതിഷേധത്തിനു കാരണം. മാന്നാർ പരുമലക്കടവിനു പടിഞ്ഞാറ് പമ്പാനദിയിലെ മുല്ലശ്ശേരിക്കടവിൽനിന്നു വെള്ളംസംഭരിച്ച് പള്ളിപ്പാട്ടു സ്ഥാപിച്ചിട്ടുള്ള ശുദ്ധീകരണ ശാലയിലേക്ക് എത്തിക്കുന്നതിനായാണ് രണ്ടാംഘട്ട പൈപ്പുകൾ സ്ഥാപിക്കുന്നത്. മാന്നാർ വിഷവർശ്ശേരിക്കരയിൽ ജനകീയ പ്രതിഷേധമുയരുന്നു.
രണ്ടു മീറ്റർ വ്യാപ്തിയുള്ള 800 മില്ലിമീറ്റർ സ്‌പെറലി വെൽഡഡ് എം.എസ്. പൈപ്പുകളാണ് വെള്ളമെത്തിക്കുന്നതിനായി ഉപയോഗിക്കുന്നത്. കൂറ്റൻ പൈപ്പുകൾ സ്ഥാപിക്കണമെങ്കിൽ മൂന്നു മീറ്ററോളം വീതിയിൽ റോഡ് കുഴിക്കേണ്ടിവരും. ആദ്യഘട്ടത്തിൽ ചെന്നിത്തല കോട്ടമുറി- പള്ളിപ്പാട് റോഡിൽ പൈപ്പിടുന്ന ജോലികൾ പൂർത്തിയായെങ്കിലും വെട്ടിപ്പൊളിച്ച റോഡ് പുനർനിർമിക്കാത്തതിനാൽ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര ദുരിതത്തിലാണ്. നിരവധി സമരങ്ങൾ നടത്തിയിട്ടും റോഡു പുനർനിർമിക്കാൻ കരാറുകാരൻ തയ്യാറായിട്ടില്ല. ഇതാണ് പണിതുടങ്ങുംമുൻപേ മാന്നാറിൽ പ്രതിഷേധമുയരാൻ കാരണം. പൈപ്പുകൾ സ്ഥാപിച്ചിട്ടും കുത്തിപ്പൊളിച്ച റോഡ് പുനർനിർമിക്കാതെകിടക്കുന്ന ചെന്നിത്തലയുടെ ഗതി മാന്നാറിനുണ്ടാകരുതെന്നാണ് നാട്ടുകാരുടെയാവശ്യം.
ഒന്നരവർഷം മുൻപ് 4.50 കോടി രൂപ വിനിയോഗിച്ച് പുനർനിർമാണം നടത്തിയ മാന്നാർ -തട്ടാരമ്പലം സംസ്ഥാനപാതയും മാന്നാർ പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാർഡുകളിലൂടെ കടന്നുപോകുന്ന വിഷവർശ്ശേരിക്കര - മൂർത്തിട്ട മുക്ക് - മുല്ലശ്ശേരിക്കടവ് റോഡുമാണ് ഇനി വെട്ടിപ്പൊളിച്ച് പൈപ്പ് സ്ഥാപിക്കാനുള്ളത്. ഇതിനായി വിഷവർശ്ശേരിക്കരയിലെ പാതയോരത്ത് പൈപ്പുകളിറക്കിയിട്ടിട്ടു മാസങ്ങളായി. റോഡ് വെട്ടിപ്പൊളിക്കുന്നതിനുള്ള സർവേയുടെ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
Published: 20 Oct 2026, 02:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented