തുറവൂർ : തുറവൂർ -അരൂർ ഉയരപ്പാതയുടെ തുറവൂരിലെ പ്രവേശനകവാടത്തിലെ അനുബന്ധ പാതനിർമാണം അവസാനഘട്ടത്തിലേക്കു നീങ്ങുന്നു. 280 മീറ്റർ നീളത്തിൽ പണിയുന്ന

To advertise here,

അനുബന്ധ റോഡിന്റെ ഒരുഭാഗത്തെ പാർശ്വഭിത്തിയുടെ നിർമാണം പൂർണമായി പൂർത്തീകരിച്ചു. മറുഭാഗത്ത് 10 ശതമാനം പണികൾ മാത്രമാണ് പൂർത്തിയാകാനുള്ളത്. ദേശീയപാതയിലൂടെ ചേർത്തലഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾക്ക് ഉയരപ്പാതയിലേക്കു പ്രവേശിക്കാനാണ് ആലയ്ക്കാപറമ്പിൽനിന്ന് പാത തുടങ്ങുന്നത്. ഇവിടെ പാതനിർമാണം നടക്കുന്നതോ​ടൊപ്പംതന്നെ തുറവൂർ കവലയിൽനിന്നു തെക്കോട്ട് നീളംകൂട്ടി നിർമിക്കുന്ന ഭാഗത്ത് തൂണുകളുടെ പണിയും പുരോഗമിക്കുന്നുണ്ട്.

200 മീറ്റർകൂടി തൂണിൽത്തന്നെ പാത തെക്കോട്ടു പണിതാണ് അനുബന്ധ റോഡുമായി യോജിപ്പിക്കുന്നത്. നിലവിൽ അരൂർ മുതൽ തുറവൂർ വരെ ഒറ്റത്തൂണിലാണ് പാത പണിതിരിക്കുന്നത്. രൂപരേഖയിൽ വരുത്തിയ മാറ്റത്തിന്റെയടിസ്ഥാനത്തിൽ നീളംകൂട്ടുന്ന 280 മീറ്ററിൽ മാത്രം പാതയ്ക്കായി 16 തൂണുകളാണ് നിർമിക്കുന്നത്. ഇതിൽ 11 എണ്ണത്തിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന അഞ്ചെണ്ണം ഉടൻ പൂർത്തിയാകും.

പല തൂണുകൾക്കു മുകളിലും വിക്യാപ്പുകളും പണിതിട്ടുണ്ട്.

13 കിലോമീറ്റർ നീളത്തിലും 24.5 മീറ്റർ വീതിയിലും ആറുവരിയായിട്ടാണ് പാത പൂർത്തീകരിക്കുന്നത്. 2,200 കോടി രൂപയാണ് നിർമാണച്ചെലവ്. ഒറ്റത്തൂണിൽ പണികഴിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പാതയാണിത്.