കൊച്ചി : എറണാകുളം മാർക്കറ്റിലെ ജൂത ആരാധനാലയമായ കടവുംഭാഗം സിനഗോഗിന് മുന്നിലെ തീവെപ്പ് കേസിലെ പ്രതി എബിൻ പോളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. ജൂതപ്പള്ളി പരിസരം, ലൈറ്ററും പടക്കവും വാങ്ങിയ തൃപ്പൂണിത്തുറയിലെ കട, പെട്രോൾ വാങ്ങിയ പുത്തൻകുരിശിലെ പമ്പ് എന്നിവിടങ്ങളിലെത്തിച്ചായിരുന്നു തെളിവെടുപ്പ്.
വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഞായറാഴ്ച മൂന്നുമണിയോടെയാണ് എബിനുമായി പോലീസ് സിനഗോഗിന് മുന്നിലെത്തിയത്. സിനഗോഗിന് മുന്നിലെ ഹോർട്ടിക്കൾച്ചർ നഴ്സറിയിലായിരുന്നു തെളിവെടുപ്പ്. ജൂതപ്പള്ളിക്കുമുൻപിലെ ബാനറുകളും ഫ്ലക്സുകളുമുൾപ്പെടെ തീയിട്ടതെങ്ങനെയെന്ന് എബിൻ വിശദീകരിച്ചു. തുടർന്ന് തൃപ്പൂണിത്തുറയിലെ കടകൾ, പുത്തൻകുരിശിലെ പെട്രോൾ പമ്പ് എന്നിവിടങ്ങളിലെത്തിച്ചു. പെട്രോൾ, ലൈറ്റർ എന്നിവ വാങ്ങിയ കടകൾ എബിൻ പോലീസ് ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു. 20 അംഗ അന്വേഷണസംഘത്തിന്റെ തലവൻ എറണാകുളം സെൻട്രൽ എ.സി.പി. സിബി ടോമിന്റെ നേതൃത്വത്തിൽ പോലീസ് കാവലിലായിരുന്നു തെളിവെടുപ്പ്.
അതിനിടെ എബിന്റെ പക്കൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ ഫൊറൻസിക് പരിശോധന തുടരുകയാണ്. ഇതിന്റെ റിപ്പോർട്ട് അന്വേഷണസംഘത്തിന് ലഭിക്കാൻ ഇനിയും കാത്തിരിക്കണം. എബിന്റെ ടെലഗ്രാം ചാറ്റുകളെക്കുറിച്ച് വിവരം ശേഖരിക്കുന്നതിന്റെ ഭാഗമായി ടെലഗ്രാമിന് പോലീസ് കത്തയച്ചിട്ടുണ്ട്. അവിടെ നിന്നുള്ള മറുപടിയും ലഭിക്കേണ്ടതുണ്ട്.
മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിൽ തീയിട്ടതിന് 5,000 രൂപയും സിനഗോഗിന് മുന്നിൽ തീയിട്ടതുമായി ബന്ധപ്പെട്ട് രണ്ടുലക്ഷം രൂപ മൂല്യമുള്ള ക്രിപ്റ്റോ കറൻസിയും ഇയാൾ സ്വീകരിച്ചതായി മൊഴി നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കസ്റ്റഡി കാലാവധി അവസാനിക്കുന്ന തിങ്കളാഴ്ച പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും. പ്രതിയെ വീണ്ടും കസ്റ്റഡിയിൽവാങ്ങി ചോദ്യം ചെയ്യുന്നതിനെക്കുറിച്ചും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. എൻ.ഐ.എ., ഐ.ബി. ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷമാകും വീണ്ടും കസ്റ്റഡിയിൽ വാങ്ങുക. സിനഗോഗിന് തീയിട്ടത് ‘ബോസി’ന്റെ നിർദേശപ്രകാരമാണെന്ന് എബിൻ പറയുമ്പോഴും അത് ആരെന്ന് കണ്ടെത്താനായിട്ടില്ല.
എബിൻ പോളിനെ വൈകീട്ടോടെ തെളിവെടുപ്പിനായി മൂവാറ്റുപുഴയിൽ യൂസ്ഡ് കാർ ഷോറൂമിൽ എത്തിച്ചു. ഈ വർഷം ആദ്യം ഷോറൂമിൽ ഇയാൾ തീവെക്കാൻ ശ്രമിച്ചിരുന്നു.
ഇതോടൊപ്പം മൂവാറ്റുപുഴയിലെ ഒരു വീട്ടിലും പ്രതിയെ എത്തിച്ചു. ഇവിടെ ഒരു ജനൽ തുറന്ന് അകത്തേക്ക് തീ എറിഞ്ഞതായി ഇയാൾ മൊഴി നൽകിയതായാണ് വിവരം. അന്ന് വീട്ടുകാർ പരാതി നൽകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല
Published: 19 Oct 2026, 01:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented