പള്ളിപ്പാട് : മഴ തുടങ്ങിയതോടെ പള്ളിപ്പാട്ട് പകർച്ചവ്യാധി ഭീഷണിയുയർത്തി മലിനജലം നിറഞ്ഞ ഓട. ഹരിപ്പാട്-ഇലഞ്ഞിമേൽ റോഡിൽ പള്ളിപ്പാട് ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിനുകിഴക്ക് മൂടിയില്ലാത്ത ഓടയാണ് പ്രദേശവാസികൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നത്. ഇവിടെ കൊതുകുമുട്ടയിട്ട് പെരുകിയ നിലയിലാണ്.

To advertise here,

നൂറുകണക്കിനു സ്‌കൂൾ കുട്ടികൾ സഞ്ചരിക്കുന്ന വഴിയാണിത്. കരിയിലകളും പ്ലാസ്റ്റിക്കും ഓടയ്ക്കുള്ളിലും റോഡിന്റെ വശങ്ങളിലുമായി കിടക്കുകയാണ്. മാസങ്ങളോളം ഇവ കൂടിക്കിടന്ന് അഴുകി ദുർഗന്ധം വമിക്കുകയാണ്. കുട്ടികൾ നടന്നു പോകുന്ന വഴിയിൽ ഇത് പകർച്ചവ്യാധിഭീഷണിയുണ്ടാക്കുന്നതായി രക്ഷാകർത്താക്കൾ പറയുന്നു.

ഓടയിലൂടെ ഒഴുകിയെത്തുന്ന വെള്ളം സമീപത്തെ നിലങ്ങളിലേക്കാണ് എത്തുന്നത്. എന്നാൽ, വെള്ളം ഒഴുകി മാറുന്നതിനുള്ള മാർഗങ്ങളെല്ലാം അടഞ്ഞതാണ് ബുദ്ധിമുട്ടാകുന്നത്. മഴ ശക്തമാകുമ്പോൾ ഓടയിലൂടെ വെള്ളം ഒഴുകാതെ പൂർണമായും റോഡിലൂടെയാണ് ഒഴുകുന്നത്. റോഡിലൂടെ മലിനജലം ഒഴുകുന്നതിനാൽ മഴക്കാലത്ത് ഇതിലൂടെ കാൽനടയാത്രപോലും അസാധ്യമാണ്. ഓടയ്ക്ക്‌ മൂടിയില്ലാത്തതിനാൽ വെള്ളം കെട്ടിക്കിടക്കുന്ന സമയത്ത് ഓടയും റോഡും തിരിച്ചറിയാൻ കഴിയാതെയുള്ള അപകടവും പതിവാണ്.

ഓടയിൽ വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കെട്ടിക്കിടക്കുന്ന വെള്ളം നീക്കംചെയ്യാൻ നടപടി സ്വീകരിക്കുമെന്നും പള്ളിപ്പാട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.