കൊച്ചി: വേമ്പനാട്ടുകായലും അവിടത്തെ മനുഷ്യരും പ്രൊഫ. ബി. മധുസൂദന കുറുപ്പിന്റെ ഹൃദയത്തിലെന്നുമുണ്ടായിരുന്നു. വേമ്പനാട്ടിന് ഭീഷണിയായ പലതരം പ്രശ്നങ്ങളെയും പരിഹാരങ്ങളെയും കുറിച്ചുള്ള പഠനങ്ങളിലായിരുന്നു ജീവിതത്തിന്റെ വലിയൊരു ഭാഗവും അദ്ദേഹം. പ്രൊഫ. ബി. മധുസൂദന കുറുപ്പ്, ഡോ. സൈലേഷ് മുല്ലശ്ശേരിയുമായി ചേർന്ന് എഴുതിയ ‘എക്സ്പ്ലോറിങ് ദ ലെഗസി ഒാഫ് ഫിഷിങ് ആൻഡ് ഫാമിങ് ബിലോ സീ ലെവൽ: വേമ്പനാട്-കോൾ വെറ്റ്‌ലാൻഡ്സ് ഒാഫ് സൗത്ത് ഇന്ത്യ’ എന്ന പുസ്തകം ഇൗയിടെയാണ് തയ്യാറായത്. ഇതിന്റെ പ്രകാശനം 30-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കുസാറ്റ് ലേക്‌സൈഡ് കാമ്പസിൽ നടത്താനിരിക്കെയാണ് വിയോഗം.

To advertise here,

 

കടൽനിരപ്പിന് താഴെയുള്ള സ്ഥലത്തെ കൃഷിയുടെയും മത്സ്യബന്ധനത്തിന്റെയും പാരമ്പര്യം പറയുന്ന പുസ്തകത്തിൽ പരിസ്ഥിതി, ആവാസവ്യവസ്ഥ, ജലപരിപാലനം, മത്സ്യബന്ധനം എന്നിവയെക്കുറിച്ചും പറയുന്നു. ഉയരുന്ന സമുദ്രനിരപ്പ്, നഗരവത്കരണം, മലിനീകരണം എന്നിവയുടെ ഭീഷണികളെക്കുറിച്ചും പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇൗ വിവരങ്ങൾ ആധാരമാക്കി വേമ്പനാടിനായി പദ്ധതി ചർച്ച ചെയ്യുമെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.

 

ജലജൈവവൈവിധ്യ ഗവേഷണം മുതൽ സർവകലാശാലാ നേതൃത്വം വരെയുള്ള മേഖലകളിൽ അദ്ദേഹം മായാത്ത മുദ്ര പതിപ്പിച്ചുവെന്ന് കുഫോസ് വി.സി. ‍ഡോ. ബിജുകുമാർ പറഞ്ഞു. കുഫോസിന്റെ അടിത്തറ പാകുന്നതിൽ ദീർഘവീക്ഷണം പുലർത്തി. വിരമിച്ചശേഷവും കുഫോസുമായുള്ള ബന്ധം തുടർന്നു. ഏതാനും മാസം മുൻപ് ഇൻസ്റ്റിറ്റ്യൂഷണൽ ഡിവലപ്‌മെന്റ് പ്ലാനിനെക്കുറിച്ചുള്ള ചർച്ചകളിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.

 

കൊച്ചി സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും പിഎച്ച്.ഡി.യും നേടിയ അദ്ദേഹം 22 ഡോക്ടറൽ വിദ്യാർഥികൾക്ക് മാർഗദർശനം നൽകി. അവരിൽ പലരും ഫിഷറീസ് വിദ്യാഭ്യാസം, ഗവേഷണം, ഭരണം എന്നീ രംഗങ്ങളിൽ സുപ്രധാനപദവികളിലുണ്ട്. 250-ലധികം ഗവേഷണ പ്രബന്ധങ്ങളും 11 എഡിറ്റഡ് പുസ്തകങ്ങളും അക്കാദമിക് സംഭാവനകളിലുണ്ട്.

 

പശ്ചിമഘട്ടത്തിൽനിന്ന് ശുദ്ധജല മത്സ്യങ്ങളുടെ എട്ട് പുതിയ ഇനങ്ങളെ കണ്ടെത്തിയതടക്കം വർഗീകരണശാസ്ത്ര രംഗത്ത് ഗവേഷണങ്ങൾ നടത്തി. ഇന്തോ-ഡച്ച് സഹകരണ പരിപാടിയുടെ കീഴിലുള്ള കുട്ടനാട് വാട്ടർ ബാലൻസ് സ്റ്റഡി, ഇന്തോ-വിയറ്റ്നാം സൗത്ത്-സൗത്ത് കോ-ഓപ്പറേഷൻ പ്രോഗ്രാം, അഷ്ടമുടി മാനേജ്മെന്റ് പ്ലാൻ, കേരളത്തിലെ ദാരിദ്ര്യലഘൂകരണത്തിനായി ഏഷ്യൻ സീ ബാസിനെ (കോരമീൻ) ഉൾപ്പെടുത്തി എൻ.സെഡ്.ഐ.ഡി. പിന്തുണച്ച കേജ് കൾച്ചർ പ്രോജക്ട് എന്നിവയിൽ അദ്ദേഹത്തിന്റെ സംഭാവനകളുണ്ട്. വിദേശത്തെ 15-ലധികം സർവകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും ബന്ധം പുലർത്തി.

 

കേരള തീരദേശപരിപാലന അതോറിറ്റിയിൽ രണ്ടുതവണ സേവനമനുഷ്ഠിച്ച അദ്ദേഹം പൊക്കാളികൃഷി, മത്സ്യബന്ധന ബോട്ട് രജിസ്ട്രേഷൻ, അലങ്കാരമത്സ്യകൃഷി, നിർദിഷ്ട ഓഷ്യനേറിയം പദ്ധതി തുടങ്ങിയവ പരിശോധിച്ച വിദഗ്ധ സമിതികളുടെ അധ്യക്ഷനുമായിരുന്നു. അക്വാഗ്രിസ് അവാർഡ്, മേരി ക്യൂരി ഫെലോഷിപ്പ്, സൊസൈറ്റി ഓഫ് ഫിഷറീസ് ടെക്നോളജിസ്റ്റ്സ് അവാർഡ്, പണ്ഡിറ്റ് കറുപ്പൻ അവാർഡ്, അബ്ദുൾ കലാം ഗോൾഡ് മെഡൽ, മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഡോ. എസ്. ജോൺസ് ശതാബ്ദി അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

 

മുഖ്യമന്ത്രി വി.ഡി. സതീശൻ, മുൻമന്ത്രിമാരായ കെ. ബാബു, എസ്. ശർമ തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നിന്നുള്ള ഒട്ടേറെ പേർ ആദരാഞ്ജലിയർപ്പിക്കാനെത്തി. സംസ്കാരം നടത്തി.