കൊല്ലം: ലോക്‌സഭ 2000-ൽ പാസാക്കിയ ശബ്ദമലിനീകരണ നിയന്ത്രണചട്ടങ്ങൾ കേരളത്തിൽ യഥാവിധി നടപ്പാക്കുന്നില്ല. ഇതിനെതിരേ സൈലൻസ് ദി നോയിസ് എസ്സൻസ് ഗ്ലോബൽ എന്ന കൂട്ടായ്മ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശം വഴി ശേഖരിച്ചും ബന്ധപ്പെട്ടവർക്ക് പരാതി നൽകിയും ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട കേസുകളിൽ പിന്തുണ നൽകിയുമാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്.

To advertise here,

കേരള സർക്കാർ 2002-ലും 2015-ലും ഇതുസംബന്ധിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ നിസ്സഹകരണവും പൊതുജന അവബോധമില്ലായ്മയും കാരണം അനുദിനം ശബ്ദമലിനീകരണം രൂക്ഷമായി തുടരുകയാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നുമുണ്ട്-കൂട്ടായ്മയുടെ കോഡിനേറ്റർ എ.എസ്. മനു പറഞ്ഞു.

ചട്ടമനുസരിച്ച് ആശുപത്രികൾ, വിദ്യാലയങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ, വന്യജീവി സങ്കേതങ്ങൾ, വനമേഖലകൾ, ഓഫീസുകൾ, പൊതു റോഡുകൾ, ജങ്‌ഷനുകൾ എന്നിവയുടെ 100 മീറ്റർ പരിധിക്കുള്ളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പക്ഷേ, പാലിക്കപ്പെടുന്നില്ല.

എല്ലാ ശബ്ദോത്പാദന ഉപകരണങ്ങളിലും നോയ്‌സ് ലിമിറ്ററുകൾ സ്ഥാപിക്കണമെന്ന് ഉത്തരവുണ്ട്. ഗുജറാത്തിൽ ‘സൗണ്ട് ലിമിറ്റർ’ ഇല്ലാത്ത ഒരു ശബ്ദ യന്ത്രസാമഗ്രിയും വിൽക്കാനോ വാങ്ങാനോ വിതരണം ചെയ്യാനോ സ്ഥാപിക്കാനോ വാടകയ്ക്ക് നൽകാനോ ഉപയോഗിക്കാനോ പാടില്ല. 2019-ൽ ദേശീയ ഹരിത ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിൽ എല്ലാവിധ ശബ്ദങ്ങളും നിയന്ത്രണവിധേയമാക്കാൻ സ്പഷ്ടമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നിർമാണ സ്ഥലങ്ങൾ, ജനറേറ്ററുകൾ, ആഘോഷങ്ങൾ, ഓഡിറ്റോറിയങ്ങൾ, പൊതു റോഡിലെ പ്രകടനങ്ങൾ, വെടിക്കെട്ടുകൾ, ഉച്ചഭാഷിണി എന്നിവയിൽനിന്നുള്ള ശബ്ദങ്ങളെല്ലാം ചട്ടപ്രകാരം കർശനമായി നിയന്ത്രിക്കാൻ അനുശാസിച്ചിരുന്നു.

കേരള ബാലാവകാശ കമ്മിഷൻ ശബ്ദമലിനീകരണം ഗർഭസ്ഥ ശിശുക്കൾക്കുപോലും ജനിതക വൈകല്യങ്ങൾ, ശ്രവണരാഹിത്യത്തോടെ ജനനം, വളർച്ചാ തടസ്സങ്ങൾ, മാനസിക വൈകല്യങ്ങൾ, പഠന വൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോക്‌സഭ പാസാക്കിയ നിയമപ്രകാരമുള്ള ശബ്ദമലിനീകരണ നിയന്ത്രണ പ്രവർത്തന പദ്ധതികൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ട സംസ്ഥാനങ്ങളിലെ പോലീസ് മേധാവികൾ മാസംതോറും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവും അവർ ഓർമ്മിപ്പിക്കുന്നു.