ആലപ്പുഴ:സ്വാഭാവിക വനമില്ലാത്ത സംസ്ഥാനത്തെ ഒരേയൊരു ജില്ലയാണ് ആലപ്പുഴ. എന്നാല്‍, ഇനി അക്കഥ മാറുകയാണ്. ജില്ലാ സാമൂഹിക വനവത്കരണവിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയെ പച്ചപ്പണിയിക്കാനുള്ള ശ്രമം ഊര്‍ജിതമാണ്. 2021-22 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഏറ്റവുമധികം മിയാവാക്കി വിദ്യാവനം നിര്‍മിച്ചിരിക്കുന്നത് ആലപ്പുഴയിലാണ്.

To advertise here,

ജില്ലയിലെ 14 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വനം സൃഷ്ടിച്ചുകഴിഞ്ഞു. അഞ്ച് സ്ഥാപനങ്ങളില്‍ക്കൂടി ഉടന്‍ വനമൊരുക്കും. അപേക്ഷകള്‍ ഏറെ ലഭിക്കുന്നുണ്ടെങ്കിലും സ്ഥലസൗകര്യമുള്ളവരുടേതു മാത്രമേ ഇപ്പോള്‍ പരിഗണിക്കുന്നുള്ളൂ. മറ്റു ജില്ലകളിലൊന്നും ഇത്രയുമധികം മിയാവാക്കി വനങ്ങള്‍ നിര്‍മിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ഇതുവഴി സ്‌കൂള്‍-കോളേജ് പരിസരത്തുതന്നെ വിദ്യാര്‍ഥികള്‍ക്ക് വനസൗന്ദര്യമാസ്വദിക്കാന്‍ കഴിയും. 'വിദ്യാവനങ്ങള്‍' ഒരുവര്‍ഷത്തിനുള്ളില്‍ ചെറിയ റിസര്‍വ് വനത്തിന്റെ രൂപത്തിലെത്തും. ഓരോ സ്ഥാപനവും നല്‍കിയ അഞ്ചുസെന്റിലാണ് വനം വെച്ചുപിടിപ്പിച്ചിരിക്കുന്നത്. 160 ഇനങ്ങളിലുള്ള 5,000 മരങ്ങളാണ് നട്ടിരിക്കുന്നത്. ഇവയില്‍ കായുണ്ടാകുന്നതും ഔഷധഗുണമുള്ളതുമായ ചെടികളുമുണ്ട്.

വിദ്യാവനം നിര്‍മിച്ച സ്ഥാപനങ്ങള്‍

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്, ചേര്‍ത്തല എസ്.എന്‍. കോളേജ്, മുഹമ്മ എ.ബി. വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തുറവൂര്‍ ടി.ഡി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, താമരക്കുളം വി.വി. എച്ച്.എസ്.എസ്., മാവേലിക്കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചെറിയനാട് ശ്രീവിജയേശ്വരി ഹൈസ്‌കൂള്‍, പാണ്ടനാട് സ്വാമി വിവേകാനന്ദ ഹൈസ്‌കൂള്‍, എഴുപുന്ന സെയ്ന്റ് റാഫേല്‍സ് ഹൈസ്‌കൂള്‍, തൈക്കാട്ടുശ്ശേരി എസ്.എം.എസ്.ജെ. ഹൈസ്‌കൂള്‍, ചെറിയനാട് എസ്.എന്‍. ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അമ്പലപ്പുഴ മരിയ മോണ്ടിസോറി സെന്‍ട്രല്‍ സ്‌കൂള്‍, പ്രയാര്‍ ആര്‍.വി. എച്ച്.എസ്., വീയപുരം ഗവ. ഹൈസ്‌കൂള്‍.

ഇനി സൃഷ്ടിക്കുന്നത്

നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജ്, ആലപ്പുഴ പോലീസ് ക്യാമ്പ്, ചേര്‍ത്തല പോലീസ് സ്റ്റേഷന്‍, കോക്കോതമംഗലം സെയ്ന്റ് ആന്റണീസ് ഹൈസ്‌കൂള്‍.