2024-നെ എക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്നത് ഒട്ടകവർഗത്തിൽപ്പെട്ട ജീവികളുടെ വർഷമായാണ് (International Year of Camelids). ഒട്ടകങ്ങൾ, ലാമകൾ, അൽപാക്കകൾ, വികുനകൾ, ഗ്വാനക്കോകൾ എന്നിവയാണ് ഈ ഗണത്തിൽപ്പെടുന്ന ജീവികൾ. ലോകമെമ്പാടുമുള്ള മരുഭൂപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും ഇത്തരം ജീവികളെയാണ് പ്രധാന ഉപജീവനമാർഗമായി അവിടങ്ങളിൽ താമസിക്കുന്ന ആളുകൾ കാണുന്നത്. ഭൂമിയിലെ ഏറ്റവും പ്രതികൂലമായ ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങളിൽപ്പെട്ട ഇവർക്ക് ഒട്ടകങ്ങൾ ഒരു പ്രധാന ഉപജീവനമാർഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്രസഭ 2024 ഒട്ടകങ്ങളുടെ അന്താരാഷ്ട്ര വർഷമായി ആചരിക്കാൻ തീരുമാനിച്ചത്.

To advertise here,

പരിസ്ഥിതി വ്യവസ്ഥകളുടെ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, പോഷകാഹാരം എന്നിവയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്ന ഒട്ടകങ്ങളുടെ പങ്കിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനാണ് ഈ വർഷം ഒട്ടകങ്ങളുടെ വർഷമായി ആചരിക്കുന്നത്‌. 2014-ലാണ് ബൊളീവിയൻ സർക്കാർ 2016 ക്യാമലിഡുകളുടെ വർഷമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയ്ക്ക് അപേക്ഷ നൽകുന്നത്. എന്നാൽ 2016 പയറുവർഗത്തിൽപ്പെടുന്നവയുടെ വർഷമായാണ് (International Year of Pulses) ആചരിച്ചത്. പിന്നീട് ക്യാമലിഡുകളുടെ വർഷമായി 2024-നെ തിരഞ്ഞെടുത്തു. സാംസ്കാരികമായും വൈകാരികമായും ഒട്ടകത്തിനെ കാണുന്നവർ നമുക്ക്‌ ചുറ്റുമുണ്ട്.

ഈ വർഗത്തിൽപ്പെടുന്ന ജീവികളുടെ സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യത്തെക്കുറിച്ചുകൂടിയാണ് ഈ വർഷം നമ്മെ ഓർമിപ്പിക്കുന്നത്. മാംസം, പാൽ മുതലായവ ഒട്ടകങ്ങൾ നൽകുന്നത്‌ കൂടാതെ കമ്പിളിയും മറ്റും നിർമിക്കാനാവശ്യമായ രോമങ്ങളും ഈ ഗണത്തിൽപ്പെടുന്ന ജീവികളിൽനിന്ന് ഉത്പന്നങ്ങളായി ലഭിക്കുന്നു. കൂടാതെ ഒട്ടകങ്ങളെ മികച്ച ഗതാഗത മാർഗമായും കണക്കാക്കുന്നു. ലോകത്തിൽ 90-ലധികം രാജ്യങ്ങളിൽ ഒട്ടകങ്ങളുണ്ട്. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന ഒട്ടകങ്ങൾ നല്ലൊരു ഗതാഗത മാർഗമായാണ് അവിടെ ഉപയോഗിക്കുന്നത്. ഒരുസമയം 15 ലിറ്റർ വെള്ളംവരെ കുടിക്കാൻ ശേഷിയുള്ള ഇവ ശരീരത്തിലെ മുഴയിൽ ഈ വെള്ളം ശേഖരിച്ചുവയ്ക്കുന്നു. അതുകൊണ്ട്കൂടിയാണ് ഏത് പ്രതികൂല കാലാവസ്ഥയിലും ഇവയ്ക്ക് ജീവിക്കാൻ കഴിയുമെന്ന് പറയുന്നത്.            

(മാതൃഭൂമി തൊഴിൽവാർത്തയുടെ ഹരിശ്രീ സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ചത്)