ഡൽഹി: ദീപാവലി ആഘോഷങ്ങൾക്കൊപ്പം മലിനീകരണത്തെക്കുറിച്ചും ജനങ്ങൾ കൂടുതൽ ബോധവാന്മാരാകണമെന്ന് സുപ്രീംകോടതി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുകൊണ്ട് മലിനീകരണപ്രശ്നത്തിന് പരിഹാരമാകില്ലെന്നും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് നിയമലംഘനങ്ങൾ വർധിപ്പിക്കാൻ മാത്രമേ സഹായിക്കൂവെന്നും കോടതി നിരീക്ഷിച്ചു.

To advertise here,

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വെള്ളിയാഴ്ച ഡൽഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചത്. 'ഡൽഹിയിലെ കാലാവസ്ഥ എല്ലാവരും ആസ്വദിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു' എന്ന ചീഫ് ജസ്റ്റിസിന്റെ പരാമർശത്തോടെയാണ് നടപടികൾ ആരംഭിച്ചത്. 'നമ്മൾ നിരന്തരം ഇതിനെക്കുറിച്ച് സംസാരിക്കുന്നു, ചിലപ്പോഴൊക്കെ പ്രസ്താവനകളും നിർദേശങ്ങളും മുന്നോട്ടുവെക്കുന്നു. എന്നാൽ, വായുഗുണനിലവാര സൂചിക ഇതിനകം നാനൂറിനോട് അടുക്കുകയാണ്' ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ സമീപപ്രദേശങ്ങളെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന റോഡുകളിലെ വാഹനത്തിരക്കും കോടതി ചൂണ്ടിക്കാട്ടി. വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. വാഹനങ്ങളിൽനിന്നുള്ള മലിനീകരണമാണ് പ്രധാന പ്രശ്നമെന്നും ഡൽഹിയിൽനിന്ന് എൻസിആർ മേഖലയിലേക്ക് ബന്ധിപ്പിക്കുന്ന ഓരോ റോഡിലൂടെയും ഏതുതരം വാഹനങ്ങളാണ് സഞ്ചരിക്കുന്നതെന്ന് പരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

മലിനീകരണത്തിന്റെ ഏറ്റവും വലിയ ആഘാതം നേരിടുന്നത് ദരിദ്രരാണെന്നും കോടതി നിരീക്ഷിച്ചു. ഇവർ ഉപജീവനത്തിനായി ദിവസത്തിന്റെ ഭൂരിഭാഗവും റോഡുകളിൽ ചെലവഴിക്കുന്നവരാണെന്നും ഉത്സവകാലമാണ് പലർക്കും വരുമാനമുണ്ടാക്കാനുള്ള പ്രധാന അവസരമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

കൃഷികഴിഞ്ഞുള്ള വൈക്കോൽ കത്തിക്കുന്നതിന് പകരം ഉപയോഗിക്കാവുന്ന മറ്റു മാർഗങ്ങളെക്കുറിച്ച് കർഷകരെ ബോധവത്കരിക്കണമെന്നും കോടതി നിർദേശിച്ചു. വ്യവസായശാലകളിൽനിന്നുള്ള പുക, വാഹനമലിനീകരണം, നിർമാണ-പ്രവർത്തനങ്ങളിൽനിന്നുള്ള പൊടി, റോഡുകളിലെ പൊടി, വൈക്കോൽ കത്തിക്കൽ എന്നിവ മുൻനിർത്തി വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികൾ കേന്ദ്രസർക്കാരിനും മറ്റ് അധികൃതർക്കും വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.

ചില വാഹനങ്ങൾക്ക് നഗരത്തിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെന്നും പുക പുറന്തള്ളുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ വിശദമാക്കി. മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾക്ക് ജിയോ ടാഗിങ് ഏർപ്പെടുത്തിയതായും അവർ വ്യക്തമാക്കി. മൊബൈൽ ആപ്പുകൾ, സമൂഹമാധ്യമങ്ങൾ എന്നിവ വഴി ലഭിക്കുന്ന പരാതികളും പുക പുറന്തള്ളുന്ന വാഹനങ്ങളെ കണ്ടെത്താൻ പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ കൂടുതൽ നിയന്ത്രണങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കുന്നതുകൊണ്ട് മാത്രം പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ലെന്ന് കോടതി ആവർത്തിച്ചു.

വായുനിലവാരം മോശമായ സാഹചര്യത്തിൽ ഡൽഹിയിലെ സ്കൂളുകൾ അടച്ചിടുന്നതും വിദ്യാർഥികളെ ഓൺലൈൻ പഠനത്തിലേക്ക് മാറ്റുന്നതും സംബന്ധിച്ച ആശങ്കകളും സുപ്രീംകോടതി ഉന്നയിച്ചു. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (ഗ്രാപ്) രൂപീകരിക്കാൻ അടിസ്ഥാനമായ വിദഗ്ധാഭിപ്രായങ്ങൾ പിന്തുടരുന്നതാണ് നല്ലതെന്നും കോടതി വ്യക്തമാക്കി.

വെള്ളിയാഴ്ച ഡൽഹിയിൽ കനത്ത പുകമഞ്ഞുണ്ടായിരുന്നു. ഡൽഹിയിലെ മൊത്തത്തിലുള്ള വായുഗുണനിലവാരം സൂചിക പ്രകാരം 391 ആയി രേഖപ്പെടുത്തി.