
മുംബൈ: എഴുപത്തിരണ്ടുകാരി സഖുബായി വഴിയരികിലെ അഞ്ജനിമരത്തെ നോക്കിനിന്നു. അവരുടെ അമ്മയും അവിടെ കൈകൂപ്പിനിൽക്കാറുണ്ടായിരുന്നു. ആ കൊന്പിലെ തൊട്ടിലിൽ പണ്ട് കുഞ്ഞുസഖുബായി ഉറങ്ങിയിട്ടുണ്ട്. ഇന്ന് ആ മരത്തിന്റെ തടിയിൽ ഒരു വെളുത്തചായക്കുറിയുണ്ട്. മുറിച്ചുമാറ്റാനുള്ളതാണെന്ന അടയാളം.
ഗ്രാമസഭയിൽ ആരോ പറഞ്ഞു: ‘വികസനം വരുമ്പോൾ ചിലതു പോകും. വൈദ്യുതി വേണ്ടേ? വെളിച്ചം വേണ്ടേ? ഓരോ മരത്തിനുംപകരം പത്തു തൈവെക്കും’. ഒരു തൈ അഞ്ജനിയാകാനുള്ള കാലമോർത്ത് സഖുബായി പതുക്കെ ചോദിച്ചു: ‘പോകുന്നത് ഏതാണെന്ന് തീരുമാനിക്കുന്നത് ആരാണ്?’
മരങ്ങളിൽനിന്നൂർന്ന വെള്ളമാണ് നദികൾക്ക് കിട്ടിയിരുന്നത്. തായ്ത്തടിയിൽ ചെറുതും വലുതുമായ പല ജീവജാതികൾ പാർത്തിരുന്നു. അതെല്ലാമില്ലാതാകുമെന്നാണ് ഗ്രാമീണരുടെ ആശങ്ക. മഹാരാഷ്ട്രയുടെ വിവിധഭാഗങ്ങളിലുള്ളവർ അവരുടെ സങ്കടത്തിലും പ്രതിഷേധത്തിലും പങ്കുചേരാൻ വന്നുകൊണ്ടേയിരിക്കുന്നു...
പുറത്ത് മഴ. മുറിക്കാനുള്ള മരം ഭൂമിയിലെ അതിന്റെ അവസാന മഴ കൊള്ളുകയാണ്. മരത്തിന്റെ ഓർമ്മയിൽ കുരുവികളുടെ ഒരു കൂടുണ്ട്, വേരുകളിൽ വിരൽകോർത്ത മണ്ണുണ്ട്, തണലിൽ ഉറങ്ങിയ പഥികരുണ്ട്, എന്നും കാണാനെത്തുന്ന സഖുബായിയുണ്ട്.
മലയാളിക്ക് ഈ ഓർമ്മ അപരിചിതമല്ല. സൈലന്റ് വാലിയെ രക്ഷിക്കാൻ തെരുവിലിറങ്ങിയ സുഗതകുമാരി, ‘മരത്തിനു സ്തുതി’ എന്ന കവിതയിൽ പറഞ്ഞത് ഇതുതന്നെ. മനുഷ്യൻ തണലും ശ്വാസവും പഴങ്ങളും വാങ്ങി മടങ്ങുന്നു. പകരം കോടാലി വീശുന്നു. മരം ശപിക്കുന്നില്ല, മുറിയുന്ന നിമിഷത്തിലും തണൽ നൽകുന്നു.
പശ്ചാത്തലം: കർജത് പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുതപദ്ധതിക്കായി റായ്ഗഢ് ജില്ലയിലെ ഭീമശങ്കർ വന്യജീവിസങ്കേതത്തിനടുത്ത് 32,490 മരങ്ങൾ മുറിക്കാൻ വനം ഉദ്യോഗസ്ഥർ ഉത്തരവിട്ടെന്ന് ആരോപണം. ഇല്ലാതാകുന്നത് കർജത് താലൂക്കിലെ ഏകദേശം 233 ഹെക്ടർ വനഭൂമി. ഗുജറാത്ത് ആസ്ഥാനമായ ടോറന്റ് പവർ വികസിപ്പിക്കുന്ന 3000 മെഗാവാട്ട് ശേഷിയുള്ള സൈദോംഗർ1 പദ്ധതിയാണിത്. പദ്ധതിച്ചെലവ് ഏകദേശം 13,505 കോടി രൂപ. മരംമുറി എത്രത്തോളം നടന്നു, അന്തിമ അനുമതികൾ ലഭിച്ചോ എന്നിവയെക്കുറിച്ച് വ്യക്തതയില്ല.
സർക്കാർ, കമ്പനി നിലപാട്: പദ്ധതി ഇക്കോസെൻസിറ്റീവ് സോണിന് പുറത്താണ്. സങ്കേതത്തിൽനിന്ന് 16 കിലോമീറ്റർ അകലെ. നിയമവിരുദ്ധമായ മരംമുറി നടന്നിട്ടില്ല.
മലയ്ക്കുപുറത്തെ ശബ്ദങ്ങൾ
മലയ്ക്കുതാഴെ മുംബൈയിലും റായ്ഗഢിലും പ്രതിഷേധമുയർന്നുകഴിഞ്ഞു. നടൻ സയാജി ഷിന്ദേയുടെ നേതൃത്വത്തിൽ പരിസ്ഥിതിപ്രവർത്തകർ ഒത്തുചേന്നു. പ്രതിപക്ഷനേതാക്കൾ സ്ഥലം സന്ദർശിച്ചു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കൽ കോടതിയെ സമീപിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഭരണമുന്നണിക്കുള്ളിൽനിന്നുപോലും എതിർപ്പുയർന്നു.
ഇത് പ്രതിപക്ഷം ഉണ്ടാക്കിയ വ്യാജ ആഖ്യാനമാണെന്നും പദ്ധതി വൈദ്യുതി ആവശ്യം നിറവേറ്റുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. മരങ്ങൾ പരമാവധി സംരക്ഷിക്കാനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്ന് മഹാരാഷ്ട്ര വനംമന്ത്രി ഗണേഷ് നായികും പറഞ്ഞു. ഉദ്ഘാടനത്തിനായി നവംബർ മൂന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും.
Content Highlights: 32,490 trees are slated to be cut for the Karjat Pumped Storage Hydro Project in Raigad district., The 3000 MW project is developed by Torrent Power with an estimated cost of Rs 13,505 crore., Protests have erupted led by environmentalists, actor Sayaji Shinde, and opposition leaders., Chief Minister Devendra Fadnavis stated the project is outside the eco-sensitive zone and will meet power demands.
Published: 03 Nov 2026, 11:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented