‘എന്റെ വീട്ടിൽ നാലുതരം കൊങ്ങിണിച്ചെടികളുണ്ട്. വേണമെങ്കിൽ ഓരോ കമ്പ് തരാം. ഇവിടെ ഉണങ്ങിയാലും അവിടെ ഉണ്ടാകുമല്ലോ?’ പൂന്തോട്ട പരിപാലനത്തിൽ താത്പര്യമുള്ള രണ്ടു സുഹൃത്തുക്കളുടെ സംസാരമാണ്. കൊങ്ങിണിച്ചെടി അധിനിവേശ സസ്യമാണെന്നറിയാതെയാണീ കമ്പ് കൈമാറ്റം. ഇങ്ങനെയുള്ള കൈമാറ്റത്തിലൂടെയും അറിഞ്ഞും അറിയാതെയും അധിനിവേശസസ്യങ്ങളും ജീവികളും നമ്മുടെ വീട്ടുമുറ്റത്തും ഉള്ളിലുംവരെ എത്തിയിട്ടുണ്ട്. തനതു സസ്യജന്തുജാലങ്ങൾക്കു ഭീഷണിയാണെന്നറിയാതെ പലരും ഇവയെ പരിപാലിക്കുന്നുമുണ്ട്.

To advertise here,

കറുകപ്പുല്ലും കുറുന്തോട്ടിയും മുയൽച്ചെവിയനും നറുനീണ്ടിയും ആടലോടകവുമൊക്കെ ഇടതൂർന്നു വളർന്നിരുന്ന നാട്ടിൻപുറങ്ങളിൽ ഇപ്പോൾ അധിനിവേശസസ്യങ്ങളായ കമ്യൂണിസ്റ്റ്‌ പച്ചയും തോട്ടപ്പയറും അക്കേഷ്യയും ധൃതരാഷ്ട്രപ്പച്ചയും കമ്മൽപ്പൂവുമെല്ലാം പടർന്നുകഴിഞ്ഞു. ഇത്തരം സസ്യങ്ങളും ജീവികളും വ്യാപിക്കുമ്പോൾ നമ്മുടെ ആവാസവ്യവസ്ഥ തകരുകയാണെന്ന് പഠനങ്ങൾ പറയുന്നു. ആവാസവ്യവസ്ഥയുടെ നാശം, അമിതചൂഷണം, കാലാവസ്ഥാവ്യതിയാനം എന്നിവയ്ക്കൊപ്പം അധിനിവേശ ജീവജാലങ്ങളുടെ വ്യാപനവും ജൈവവൈവിധ്യത്തിന്റെ നാശത്തിന് പ്രധാന കാരണമാണ്.

ജില്ലയിൽ പ്രധാനമായും 20 ഇനം അധിനിവേശസസ്യങ്ങളുടെ വ്യാപനമുണ്ടായെന്ന് ജില്ലാപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി കണ്ടെത്തിയിട്ടുണ്ട്. പത്തോളം അധിനിവേശജീവികളും ഭീഷണി ഉയർത്തുന്നുണ്ട്. ഉയർന്ന ഉത്പാദനക്ഷമത, പ്രതികൂല സാഹചര്യങ്ങളിലും വളരാനുള്ള കഴിവ്, എതിരാളികളുടെ കുറവ്, നാടൻ ചെടികളുടെ വിത്തുകളെ മുളപ്പിക്കാതിരിക്കാൻ കഴിയുന്ന രാസവസ്തുക്കൾ ഉത്പാദിപ്പിക്കാനുള്ള ശേഷി തുടങ്ങിയവ അധിനിവേശ സസ്യങ്ങളുടെ പ്രത്യേകതകളാണ്. അതിനാലാണ് നാടൻ ചെടികളെ വേഗം കീഴ്പ്പെടുത്തി ഇവ അതിവേഗം പടരുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇവർ അധിനിവേശക്കാർ

  • ധൃതരാഷ്ട്രപ്പച്ച (മിക്കാനിയ മിക്രാന്ത): അമേരിക്ക ജന്മദേശമായ ഈ സസ്യം അതിവേഗം പടർന്ന് മറ്റ് ചെടികൾക്കുള്ള സൂര്യപ്രകാശം തടയുന്നു. കോട്ടിക്കുളം, കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഇവ വ്യാപകമാണ്. ഒരു ചെടിയിൽതന്നെ 20,000 മുതൽ 40,000 വരെ വിത്തുകൾ ഉണ്ടാകുന്നു. പൂവിടുന്നതിനു മുൻപ് വേരോടെ പിഴുതുനശിപ്പിക്കുകയാണ് പ്രതിവിധി.
  • ആനത്തൊട്ടാവാടി (മിമോസ ഡിപ്ലോട്രിക്ക): ലോകത്തെ ഏറ്റവും ഭീഷണി ഉയർത്തുന്ന 100 കളസസ്യങ്ങളിൽ ഒന്ന്. അമേരിക്കയിലെ ഉഷ്ണമേഖല പ്രദേശങ്ങളാണ് ജന്മദേശം. കന്നുകാലികൾ ഇതിലെ 'മിമോസിൻ' വിഷാംശം കാരണം ചത്തൊടുങ്ങാറുണ്ട്. ഇതിന്റെ വിത്തുകൾ 10 വർഷത്തിനുശേഷവും മണ്ണിൽ മുളയ്ക്കാൻ ശേഷിയുള്ളവയാണ്.
  • കമ്മൽപ്പൂ/സിംഗപ്പൂർ ഡെയ്സി (സ്ഫാഗ്നെറ്റിക്കോള ട്രൈലോബേറ്റ): മഞ്ഞപ്പൂക്കളോടെ നിലമാകെ പടരുന്ന ഈ ചെടി രാസവസ്തുക്കൾ (അല്ലീലോപ്പതിക്) ഉത്പാദിപ്പിച്ച് നാടൻചെടികളുടെ വിത്തുകൾ മുളയ്ക്കുന്നത് തടയുകയും മണ്ണിന്റെ സ്വാഭാവിക ആരോഗ്യം നശിപ്പിക്കുകയും ചെയ്യുന്നു. അമേരിക്കയിസെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നാണ് നമ്മുടെ ഗ്രാമങ്ങളിലെത്തിയത്.
  • തോട്ടപ്പയർ (മുകുന ബ്രാക്ടിയേറ്റ): റബ്ബർ തോട്ടങ്ങളിൽ ആവരണവിളയായി എത്തി പിന്നീട് നാടാകെ പടർന്നുപിടിച്ച വള്ളിച്ചെടിയാണിത്. നാടൻ പുൽച്ചെടികൾ പോലും വളരാത്ത വിധം ഇത് പ്രദേശത്തെ മൂടുന്നു.
  • കമ്യൂണിസ്റ്റ് പച്ച (ക്രോമോലീന ഒഡൊറേറ്റ): മധ്യ-തെക്കേ അമേരിക്കൻ സ്വദേശിയായ ഇത് കൊടിയ വേനലിലും പിടിച്ചുനിൽക്കുകയും മറ്റ് സസ്യങ്ങളെ വളരാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു.
  • അക്കേഷ്യ (അക്കേഷ്യ ഓറിക്കുലിഫോർമിസ്): സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി നട്ടുവളർത്തി സമൂഹത്തിന് ദ്രോഹമായി തീർന്ന കഥയാണ് അക്കേഷ്യയുടേത്. ഓസ്ട്രേലിയ, പാപുവ ന്യൂഗിനിയ എന്നിവടങ്ങളാണ് ജന്മദേശം. ഭൂമിക്കടിയിൽ നിന്ന് കൂടുതൽ ജലം വലിച്ചെടുത്ത് ജലസ്രോതസ്സുകൾ വറ്റിക്കുന്നു. ഇതിന്റെ ഇലകളിലെ 'ടാനിൻ' കാരണം അവ അഴുകാതെ മണ്ണിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം ഇല്ലാതാക്കുന്നു. കൂടാതെ ഇവയുടെ പൂമ്പൊടി മനുഷ്യരിൽ ആസ്‌ത്‌മ, അലർജി തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു.
  • കൊങ്ങിണി (ലന്റാന കാമറ): ഉദ്യാനസസ്യമായി ബ്രിട്ടീഷുകാർ എത്തിച്ച കൊങ്ങിണിയുടെ ജന്മനാട് മധ്യ-തെക്കേ അമേരിക്കൻ രാജ്യങ്ങളാണ്. ഇലകളിലും മൂക്കാത്ത കായകളിലുമടങ്ങിയിട്ടുള്ള ലൻറഡീൻ എന്ന വിഷാംശം കന്നുകാലികൾക്ക് ദോഷകരമാണ്. കാടുകളിൽ ഇവ നിറയുമ്പോൾ വന്യമൃഗങ്ങൾക്ക് തീറ്റപ്പുല്ല് ഇല്ലാതാകുകയും അവ കൃഷിയിടങ്ങളിലേക്ക് ഇറങ്ങാൻ കാരണമാകുകയും ചെയ്യുന്നു.
  • തേൻ പൂവള്ളി (ആന്റിഗോണൺ ലെപ്റ്റോപസ്): മെക്സിക്കോയും മധ്യ അമേരിക്കയും ജന്മദേശമായ ഈ സസ്യം അതിവേഗം പടരുന്ന ഒന്നാണ്. ചുവട്ടിൽ കിഴങ്ങുള്ളതിനാൽ വേരോ തണ്ടോ നശിപ്പിച്ചാലും കിഴങ്ങിൽനിന്ന്‌ വീണ്ടും മുളച്ചുവരും. പൂന്തോട്ടങ്ങൾക്ക് പുറത്തുപോയി കളയായി വളർന്ന് നാട്ടുചെടികളെ നശിപ്പിക്കുന്നു. തേനീച്ചകളെയും ചിത്രശലഭങ്ങളെയും ആകർഷിക്കുമെങ്കിലും പ്രാദേശിക ജൈവവൈവിധ്യത്തിന് വലിയ ഭീഷണിയാണ്.
  • ആഫ്രിക്കൻ മൈത്താൾ (അസിസ്റ്റേഷ്യ ഗാൻജെറ്റിക്ക): തെങ്ങിൻതോപ്പുകളിലും റബ്ബർ തോട്ടങ്ങളിലും ധാരാളമായി കാണപ്പെടുന്ന ഇത് അലങ്കാരച്ചെടിയായി എത്തി നാടാകെ പടർന്നതാണ്. കട്ടിയുള്ള പായപോലെ പടർന്ന് നാടൻ ചെറുസസ്യങ്ങളെ ശ്വാസംമുട്ടിച്ച് കൊല്ലുന്നു. തേനീച്ചകളുടെ സുഹൃത്താണെങ്കിലും ഒരിക്കൽ കിളിർത്താൽ ഇത് പൂർണമായി നശിപ്പിക്കുക വളരെ ബുദ്ധിമുട്ടാണ്.
  • നീലലോഹിത ചീര (ആൾട്ടർനാന്തെറ ബ്രസീലിയാന): അലങ്കാരച്ചെടിയായി കേരളത്തിലെത്തിയ നീലലോഹിത ചീര (അയഡിൻ ചീര) ബ്രസീൽ സ്വദേശിയാണിത്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങളിൽ ഇതൊരു അധിനിവേശ ചെടിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തണ്ട് മുറിഞ്ഞു വീണാൽ പോലും പുതിയ ചെടിയായി അതിവേഗം വളരുന്നതിനാൽ ഇവ നാട്ടുചെടികളുടെ അന്തകനായി മാറുന്നു.