സൗദി അറേബ്യയില്‍ നടക്കുന്ന കിങ് അബ്ദുല്‍അസീസ് ക്യാമല്‍ ഫെസ്റ്റിവലില്‍നിന്ന് 40-ല്‍ അധികം ഒട്ടകങ്ങളെ പുറത്താക്കി. കാരണമെന്താണെന്നോ? ബോട്ടോക്‌സ് ചികിത്സവഴി സൗന്ദര്യം കൂട്ടിയശേഷം ഒട്ടകസൗന്ദര്യ മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ എത്തിച്ചതാണ് ഇവയെ. മനുഷ്യരുടെ മുഖത്തെ ചുളിവുകളൊഴിവാക്കി ഭംഗികൂട്ടാന്‍ ഉപയോഗിക്കുന്ന ചികിത്സാരീതിയാണ് ബോട്ടോക്‌സ്. ചില അസുഖങ്ങള്‍ക്കും ബോട്ടോക്‌സ് ഫലപ്രദമായി ഉപയോഗിച്ചു വരുന്നുണ്ട്. സിനിമാ താരങ്ങളും മറ്റും ബോട്ടോക്‌സിനു വിധേയമാകുന്നത് വാര്‍ത്തയാകാറുണ്ടെങ്കിലും മൃഗങ്ങള്‍ ബോട്ടോക്‌സിന്റെ പേരില്‍ പിടിക്കപ്പെടുന്നത് ഇതാദ്യമാകും.

To advertise here,

ഒട്ടകങ്ങളുടെ സാംസ്‌കാരിക പൈതൃകവും പ്രാധാന്യവുമൊക്കെ ആഘോഷമാക്കുന്നതിനു വര്‍ഷാവര്‍ഷം നടത്തിവരുന്ന പരിപാടിയാണ് ക്യാമല്‍ ഫെസ്റ്റിവല്‍. ശരീരസൗന്ദര്യം, നിറം, ഭംഗി എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലാണ് സൗന്ദര്യമത്സരത്തിലെ വിജയിയെ കണ്ടെത്തുന്നത്.

ഒട്ടകത്തിന്റെ പുറത്തുള്ള പൂഞ്ഞയുടെ ഭംഗി കൂട്ടാനാണത്രേ ബോട്ടോക്‌സ് കുത്തിവെപ്പെടുക്കുന്നത്. എന്തായാലും പരിപാടിയുടെ സംഘാടകര്‍ കൃത്രിമം കൈയോടെ പൊക്കി.