ലോകത്ത് ഇതുവരെ 3600-ത്തോളം ഇനം പാമ്പുകളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവയില്‍ മുന്നൂറോളം ഇനങ്ങളെ ഇന്ത്യയില്‍നിന്നാണ് കണ്ടെത്തിയത്. വിഷമുള്ളവയും അല്ലാത്തതുമായ നൂറിലധികം ഇനങ്ങളെ കേരളത്തിലും കാണാം. പെരുമ്പാമ്പ് (Indian Rock Python), മണ്ണൂലി പാമ്പ് (Common Sand Boa) എന്നിവ ഉള്‍പ്പെടുന്ന ബോയിഡേ (Boidae), ചേര (Rat Snake), ചുവര്‍ പാമ്പ് (Common Wolf Snake) എന്നിവ ഉള്‍പ്പെടുന്ന കൊളുബ്രിഡേ (Colubridae), മൂര്‍ഖന്‍ (Spectacled Cobra) വെള്ളിക്കെട്ടന്‍ (Common Krait) എന്നിവ ഉള്‍പ്പെടുന്ന ഇലാപ്പിഡേ (Elapidae), അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പുകള്‍ ഉള്‍പ്പെടുന്ന വൈപ്പറിഡേ (Viperidae) കുരുടി പാമ്പുകള്‍ (Worm Snakes) ഉള്‍പ്പെടുന്ന ടിഫ്‌ലോപ്പിഡേ (Typhlopidae), കവചവാലന്‍ പാമ്പുകള്‍ ഉള്‍പ്പെടുന്ന യൂറോപെല്‍റ്റിഡേ (Uropeltidae) എന്നീ കുടുംബങ്ങളില്‍പ്പെടുന്ന പാമ്പുകളെയാണ് കേരളത്തില്‍ പ്രധാനമായും കണ്ടുവരുന്നത്.

To advertise here,

പ്രകൃതിയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ മറ്റേതൊരു ജീവിവര്‍ഗത്തെയുംപോലെ പ്രാധാന്യം ഉള്ളവരാണ് പാമ്പുകളും. എന്നാല്‍, ഇവയെക്കൊണ്ട് എന്തുഗുണം എന്ന ചിന്തയും വിഷപ്പാമ്പുകളോടുള്ള പേടിയും കാരണം മനുഷ്യന്‍ ഇവയെ തല്ലിക്കൊല്ലുന്നു.

Read also-പാമ്പുകൾ പുളയുന്ന ദ്വീപുകൾ | Magic of Nature

എലികളെപ്പോലുള്ള ജീവികളെ അവയുടെ മാളത്തിനുള്ളില്‍ കടന്നുകയറി തിന്നൊടുക്കാന്‍ ഇത്ര സമര്‍ഥമായി കഴിയുന്ന മറ്റൊരിനം ജീവിവര്‍ഗമില്ല. അതുകൊണ്ടുതന്നെ പ്രകൃതിയിലെ സ്വാഭാവിക ആഹാരശൃംഖലകള്‍ പലതും മുറിയാതെ കാത്തുപോരാന്‍ പാമ്പുകളുടെ സാന്നിധ്യം ആവശ്യവുമാണ്. ആധുനികസൗകര്യങ്ങളുള്ള ആശുപത്രികളും ശാസ്ത്രീയമായ പ്രതിവിഷ ചികിത്സാരീതിയും ഒരുപരിധിവരെ പാമ്പുകടിയേറ്റുള്ള മരണം കുറച്ചിട്ടുണ്ട്. മനുഷ്യമരണങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിഷപ്പാമ്പുകളും കാഴ്ചയില്‍ അവയോട് സാമ്യം തോന്നുന്ന വിഷമില്ലാത്ത പാമ്പുകളുമുണ്ട്.

Read also-രാജവെമ്പാലയടക്കമുള്ള ഉരഗ ജീവിവര്‍ഗ്ഗങ്ങളുടെ 21 ശതമാനവും വംശനാശ ഭീഷണിയില്‍

ചികിത്സ

1800-കളുടെ അവസാനത്തില്‍ കണ്ടുപിടിക്കപ്പെട്ടതും 1950 മുതല്‍ വ്യാപകമായി ഉപയോഗത്തിലുള്ളതുമായ ജീവന്‍രക്ഷാമരുന്നാണ് പാമ്പുവിഷ ചികിത്സയ്ക്കുപയോഗിക്കുന്ന ASV (Anti Snake Venom). ഫ്രാന്‍സിലെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള ഗവേഷകനായിരുന്ന ആല്‍ബര്‍ട്ട് കാല്‍മെറ്റ് (Albert Calmette ) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തിനെതിരേ ആദ്യമായി ഈ മരുന്ന് പ്രയോഗിച്ചത്. പാമ്പിന്‍വിഷം ചെറിയ അളവില്‍ മൃഗങ്ങളില്‍ കുത്തിവെക്കുമ്പോള്‍, വിഷത്തിനെതിരേ അവയുടെ ശരീരത്തില്‍ നിര്‍മിക്കപ്പെടുന്ന പ്രതിരോധഘടകങ്ങള്‍ (ആന്റിബോഡികള്‍) വേര്‍തിരിച്ച് ശുദ്ധീകരിച്ച് പൗഡര്‍ രൂപത്തിലാക്കിയതാണ് ASV.

placeholder
ആല്‍ബര്‍ട്ട് കാല്‍മെറ്റ് | Photo-Wiki/By Unknown author - https://wellcomeimages.org/indexplus/image/V0026154.html, CC BY 4.0, https://commons.wikimedia.org/w/index.php?curid=33598510

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭക്ഷണസാധനങ്ങളും മറ്റ് അവശിഷ്ടവും ശരിയായി നിര്‍മാര്‍ജനം ചെയ്യുക. വീടിനടുത്ത് അവ കുന്നുകൂടി കിടക്കുന്നത് ഒഴിവാക്കുക. ഇവ ഭക്ഷിക്കാനെത്തുന്ന എലികളെയും ചെറുജീവികളെയും തേടി പാമ്പുകളെത്തും. എലികളെ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ പാമ്പുകളുടെ സാന്നിധ്യവും കുറയ്ക്കാം. ചകിരി, പലക, വിറക്, കല്ല്, കരിയിലകള്‍ എന്നിവ വീടിനുചുറ്റും കുന്നുകൂടാന്‍ അനുവദിക്കരുത്. ഇവ പാമ്പിന്റെ ഇഷ്ടവാസസ്ഥലങ്ങളാണ്.