
വിളിച്ചുപറയാതെ കടന്നുവരുന്ന ഏകാന്തതയെയും പ്രായത്തിന്റെ മടുപ്പിനെയും മനുഷ്യർ എങ്ങനെയായിരിക്കും നേരിടുക? അതിനുള്ള ഉത്തരം സ്വന്തം വീട്ടുമുറ്റത്തെ മരച്ചില്ലകളിലും വാനമ്പാടികളുടെ സംഗീതത്തിലും കണ്ടെത്തിയ ഒരു വീട്ടമ്മ. സ്വപ്നങ്ങളും ആഗ്രഹങ്ങളും പിന്തുടരാൻ പ്രായമൊരു തടസ്സമാക്കേണ്ടതില്ലെന്ന് ഓർമിപ്പിക്കുകയാണ് വയനാട് മുട്ടിൽ സ്വദേശി ശോഭ ചന്ദ്രശേഖരൻ. മക്കളുടെ പഠനവും വീട്ടുകാര്യവുമായി ഓടി നടന്ന ആ വീട്ടമ്മ തിരക്കുകൾ ഓരോന്നായി ഒഴിഞ്ഞപ്പോൾ വീട്ടകത്തെ നിശബ്ദതയിൽ ഒതുങ്ങിക്കൂടുന്നതിനു പകരം പുതിയ വെളിച്ചങ്ങൾ തേടി പോയി.
മക്കൾ ഉന്നതപഠനത്തിനായി വീടുവിട്ടിറങ്ങിയപ്പോൾ അനുഭവപ്പെട്ട ശൂന്യതയെ അമ്പതുകളിലെത്തിയ ഈ സ്ത്രീ മാറ്റിയെടുത്തത് പ്രകൃതിയിലെ കൊച്ചു അത്ഭുതങ്ങളായ പക്ഷികളെ നിരീക്ഷിച്ചുകൊണ്ടായിരുന്നു. ഇന്ന് 164-ലധികം ഇനം പക്ഷികളെ സ്വന്തം വീട്ടുപരിസരത്തുനിന്ന് മാത്രം തിരിച്ചറിഞ്ഞ് ശാസ്ത്രലോകത്തിന് പോലും അപൂർവ്വമായ വിവരങ്ങൾ കൈമാറുന്ന 'വയനാടിന്റെ സ്വന്തം ബേഡ് വാച്ചറായി' ശോഭ മാറിയിരിക്കുന്നു.
ജനിച്ചതും പഠിച്ചതുമെല്ലാം കണ്ണൂരിലായിരുന്നെങ്കിലും, അച്ഛന് വയനാട്ടിലെ തേയില എസ്റ്റേറ്റിലായിരുന്നു ജോലി എന്നത് ശോഭയുടെ മനസ്സിൽ ചെറുപ്പത്തിലേ കാടിനോടും പ്രകൃതിയോടും ഒരു പ്രത്യേക അടുപ്പം വളർത്തി. അവധിക്കാലങ്ങളിൽ എസ്റ്റേറ്റിലെ തണുത്ത കോടമഞ്ഞിലും അരുവികളുടെയും വെള്ളച്ചാട്ടങ്ങളുടെയും നടുവിലൂടെയുള്ള സന്ധ്യാസമയത്തെ നടപ്പുകളിലുമാണ് അവർ വളർന്നത്. അന്ന് കയ്യിൽ കിട്ടിയ ടേപ്പ് റെക്കോർഡറിൽ ചുറ്റുമുള്ള ബുൾബുള്ളുകളുടെയും മറ്റു പക്ഷികളുടെയും ശബ്ദങ്ങൾ കൗതുകത്തോടെ റെക്കോർഡ് ചെയ്തുവെച്ച ആ പെൺകുട്ടിയാണ് പിൽക്കാലത്ത് വലിയൊരു പക്ഷിനിരീക്ഷകയായി വളർന്നത്.
1990-ൽ അച്ഛൻ വിരമിച്ചതോടെ കുടുംബം പൂർണ്ണമായും വയനാട്ടിൽ സ്ഥിരതാമസമാക്കി. 1993-ൽ സ്റ്റേറ്റ് ബാങ്കിൽ ജോലിയിൽ പ്രവേശിക്കുകയും 1995-ൽ വിവാഹിതയാവുകയും ചെയ്തതോടെ ശോഭയുടെ ജീവിതം ഒരു ഉൾഗ്രാമത്തിലേക്ക് മാറി. പിന്നീട് ജോലി രാജിവെക്കുകയും മക്കളുടെ കാര്യങ്ങളിൽ പൂർണ്ണമായി മുഴുകുകയും ചെയ്തു. എന്നാൽ മക്കൾ പഠനാവശ്യത്തിനായി അകലേക്ക് പോയതോടെ, മധ്യവയസ്സിലെത്തിയ പല സ്ത്രീകൾക്കും അനുഭവപ്പെടുന്ന വിഷാദത്തിനും മാനസിക സംഘർഷങ്ങൾക്കും വഴിപ്പെടാതെ സ്വന്തം പാഷനെ കണ്ടെത്താൻ അവർ തീരുമാനിച്ചു. പ്രകൃതിയുടെ കൊച്ചു സംഗീതത്തിലേക്ക് കാതോർത്തപ്പോൾ ഓരോ ദിവസവും പുതിയ കാര്യങ്ങൾ അറിയാനുള്ള കൗതുകവും ശാന്തതയുമാണ് അവർക്ക് സമ്മാനിക്കപ്പെട്ടത്.
2019-ൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ വെച്ച് നടക്കുന്ന പക്ഷിനിരീക്ഷണ ക്യാമ്പിനെക്കുറിച്ചുള്ള പത്രപ്പരസ്യം കണ്ടതാണ് ശോഭയുടെ ജീവിതത്തിൽ വഴിത്തിരിവായത്. തന്റെ പ്രായം ഒരു തടസ്സമാകുമോ എന്ന ചെറിയ സംശയത്തോടെ, മകളെയും കൂട്ടി അവർ ആ പ്രോഗ്രാമിൽ പങ്കെടുത്തു. രാത്രിയിൽ തവളകളെ നിരീക്ഷിക്കുകയും പുലർച്ചെ പക്ഷിനിരീക്ഷണം നടത്തുകയും ചെയ്ത ആ അനുഭവം അവർക്ക് പുതിയൊരു ലോകം തുറന്നുനൽകി. തുടർന്ന് 'ബേഡ് വാച്ചേഴ്സ് ഓഫ് കേരള' പോലുള്ള ഫേസ്ബുക്ക് കൂട്ടായ്മകളിൽ അംഗമാവുകയും വീട്ടുപരിസരത്തെ പക്ഷികളെ തിരിച്ചറിഞ്ഞ് ചിത്രങ്ങൾ പങ്കുവെച്ചു തുടങ്ങുകയും ചെയ്തു.
തുടക്കത്തിൽ പച്ചനിറത്തിലുള്ള എല്ലാ പക്ഷികളെയും തത്ത എന്ന് കരുതിയിരുന്ന ശോഭ, പിന്നീട് ഫീൽഡ് ഗൈഡുകളുടെയും 'മെർലിൻ' ആപ്പിന്റെയും സഹായത്തോടെ പക്ഷികളുടെ വലിപ്പം, നിറം, പെരുമാറ്റം എന്നിവ സൂക്ഷ്മമായി പഠിക്കാൻ തുടങ്ങി. പാട്ടുപാടുന്ന പഫ്-ത്രോട്ടഡ് ബാബ്ലറും, പൊന്തക്കാടുകളിൽ കൂട്ടത്തോടെ കഴിയുന്ന ഡാർക്ക്-ഫ്രണ്ടഡ് ബാബ്ലറുമെല്ലാം അവരുടെ അന്വേഷണ താല്പര്യത്തെ വർദ്ധിപ്പിച്ചു. ഇരുണ്ട നിറത്തിലോ കാടിന്റെ പച്ചപ്പുമായി ഇഴകിചേരുന്നതോ ആയ വസ്ത്രങ്ങൾ ധരിച്ചും, അനാവശ്യ ശബ്ദങ്ങൾ ഉണ്ടാക്കാതെ അകലം പാലിച്ചും പക്ഷികളുടെ സ്വാഭാവിക ജീവിതത്തെ ശല്യപ്പെടുത്താതെ ഫോട്ടോകളെടുക്കാൻ അവർ ശ്രദ്ധിച്ചു.
വെറുമൊരു കാഴ്ചക്കാരിയായി നിൽക്കാതെ പക്ഷികളുടെ വംശവർദ്ധനവും കൂടുനിർമ്മാണവും നിരീക്ഷിച്ചതോടെ ശാസ്ത്രീയമായി പ്രാധാന്യമുള്ള അപൂർവ്വ നിരീക്ഷണങ്ങൾ ശോഭയുടെ ക്യാമറയിൽ പതിഞ്ഞു. തുന്നാരൻ പക്ഷികളുടെ കൂട്ടിൽ മുട്ടിയിട്ട് വിരിഞ്ഞ ഗ്രേ-ബെല്ലിഡ് കുക്കുവിന്റെ (പേക്കുയിൽ) കുഞ്ഞിന് തുന്നാരന്മാർ ഭക്ഷണം കൊടുക്കുന്ന 'ബ്രൂഡ് പാരസൈറ്റിസം' എന്ന കാഴ്ച അവർ പകർത്തുകയുണ്ടായി. കൂടാതെ, 'ബ്ലാക്ക് നേപ്ഡ് മൊണാർക്ക്' (വെൻനീലി) എന്ന പക്ഷി കൂടുണ്ടാക്കുമ്പോൾ അതിന്റെ മുൻ തലമുറയിലെ കുഞ്ഞുകൂടി സഹായിയായി എത്തുന്ന കാഴ്ച വിഡിയോയിലാക്കിയത് വയനാട്ടിലെ തന്നെ ആദ്യത്തെ അപൂർവ്വ റെക്കോർഡായി വിലയിരുത്തപ്പെട്ടു.
പക്ഷിനിരീക്ഷണത്തിനായി ഏതറ്റം വരെ പോകാനും ശോഭ തയ്യാറായിരുന്നു എന്നതിന്റെ തെളിവാണ് ചുട്ടിപ്പരുന്തിന്റെ (Crested Serpent Eagle) കൂട് നിരീക്ഷിക്കാൻ അവർ നടത്തിയ പരിശ്രമം. മരങ്ങൾക്ക് മുകളിൽ 30 അടിയോളം ഉയരത്തിൽ താൽക്കാലികമായി നിർമ്മിച്ച 'ഹൈഡിൽ' മണിക്കൂറുകളോളം ഇരുന്നാണ് അവർ പരുന്തിന്റെ പ്രജനനം പഠിച്ചത്. കൊതുകുകടിയും കഠിനമായ തണുപ്പും കാറ്റും വകവെക്കാതെ, തവളകളെയും പാമ്പുകളെയും കുഞ്ഞുങ്ങൾക്ക് ഭക്ഷണമായി നൽകുന്ന പരുന്തുകളുടെ പെരുമാറ്റം അവർ നിരീക്ഷിച്ചു. സ്ലേറ്റി-ലെഗ്ഡ് ക്രേക്ക് എന്ന പക്ഷിയുടെ അപൂർവ്വമായ ബ്രീഡിങ്ങും തുടർച്ചയായി നിരീക്ഷിച്ച് അവർ ഡാറ്റ കുറിച്ചുവെച്ചിട്ടുണ്ട്.
സ്വന്തം തോട്ടത്തിൽ ഒതുങ്ങാതെ വയനാടൻ മലനിരകളിലെ കഠിനമായ സർവേകളിലും ശോഭ സജീവ പങ്കാളിയായി. ബാണാസുര മല, ചെമ്പ്ര മല, വെള്ളരിമല എന്നിവിടങ്ങളിൽ നടന്ന 'സ്കൈ ഐലൻഡ് സർവേകളിൽ' കിലോമീറ്ററുകളോളം നടന്ന് ഉയർന്ന മലനിരകളിലെ പ്രത്യേക ഇനം പക്ഷികളെ അവർ കണ്ടെത്തി. കൂടാതെ പെരിയാർ ടൈഗർ റിസേർവിലെ വേഴാമ്പൽ സർവേയിലും, വയനാട്ടിലെ കഴുകൻ കണക്കെടുപ്പിലും (Vulture census) ഇവർ പങ്കെടുക്കുകയുണ്ടായി. പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് തെളിയിച്ചുകൊണ്ട്, ആഴത്തിലുള്ള സർവേ രീതികൾ അവർ കൃത്യമായി പരിശീലിച്ചെടുത്തു.
നിരന്തരമായ നിരീക്ഷണത്തിലൂടെ കാലാവസ്ഥാ വ്യതിയാനം പക്ഷികളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ശോഭ തിരിച്ചറിഞ്ഞു. സാധാരണ മെയ് മാസത്തിൽ പ്രജനനം നടത്താറുള്ള വൈറ്റ്-ത്രോട്ടഡ് കിങ്ഫിഷറുകൾ (മീൻകൊത്തിച്ചാത്തൻ) മഴയുടെ സമയത്തിലുണ്ടായ മാറ്റം കാരണം ജൂൺ പകുതിയോടെ മാത്രം മുട്ടവിരിയുന്ന പ്രതിഭാസം അവർ കണ്ടെത്തി. സ്വാഭാവികമായ പാത വിട്ട് എത്തുന്ന അപൂർവ്വ വിരുന്നുകാരായ 'വാഗ്രന്റ്' പക്ഷികളുടെ സാന്നിധ്യവും, പരിസ്ഥിതി വ്യവസ്ഥയിലുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങളും മനസ്സിലാക്കാൻ ഇത്തരത്തിലുള്ള ഡാറ്റകൾ സഹായിക്കുന്നുണ്ടെന്ന് അവർ പറയുന്നു.
ഇന്ന് സ്കൂൾ കുട്ടികൾക്കായി ബേർഡ് വാച്ചിങ് ക്ലാസുകളും ക്ലബ് പ്രവർത്തനങ്ങളും 'കുട്ടി ബേർഡേഴ്സ്' പോലുള്ള കൂട്ടായ്മകളും സംഘടിപ്പിച്ച് പ്രകൃതി സംരക്ഷണത്തിന്റെ വലിയ സന്ദേശം പുതിയ തലമുറയ്ക്ക് കൈമാറുകയാണ് ശോഭ. ഇ-ബേർഡ് പോലുള്ള ആഗോള പ്ലാറ്റ്ഫോമുകളിലേക്ക് ശാസ്ത്രീയ വിവരങ്ങൾ പങ്കുവെക്കുന്ന ഇവർ, പ്രകൃതിയുമായുള്ള കൂട്ടുകെട്ട് ഏതൊരു പ്രായത്തിലും ആനന്ദദായകമാണെന്ന് ഓർമ്മിപ്പിക്കുന്നു. "മനുഷ്യനില്ലെങ്കിലും പക്ഷികൾക്ക് ജീവിക്കാൻ സാധിക്കും, എന്നാൽ പക്ഷികളില്ലാതെ മനുഷ്യന് നിലനിൽപ്പില്ല" എന്ന വലിയ തിരിച്ചറിവാണ് വയനാടിന്റെ ഈ പക്ഷി സ്നേഹി നമ്മോട് പങ്കുവെക്കുന്നത്.
Published: 19 Oct 2026, 05:34 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented