
രാജസ്ഥാനിലെ ജയ്പുരിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന അപൂർവ്വമായ ഒരു ഗ്രാമമുണ്ട്. മനുഷ്യരുടെ ലോകത്തിനപ്പുറം ആനകളുടെ മാത്രം സാമ്രാജ്യമായി മാറിയ 'ഹാത്തിഗാവ്' അഥവാ ആനകളുടെ സ്വന്തം ഗ്രാമം. നാട്ടാനകൾക്ക് ഒരുമിച്ച് സന്തോഷത്തോടെയും സൗഹൃദത്തോടെയും കഴിയാൻ അവസരമൊരുക്കുന്ന ഹാത്തിഗാവ് തികച്ചും മാതൃകാപരമാണ്. 72 ആനകളാണ് വിശാലമായ ഈ ഗ്രാമത്തിൽ ഒന്നിച്ച് വസിക്കുന്നത്.
രാജസ്ഥാന്റെ പഴയകാല പെയിന്റിങുകൾ പരിശോധിച്ചാൽ രാജാക്കന്മാരുടെ സ്വകാര്യ ശേഖരങ്ങളിലും യുദ്ധങ്ങളിലും ആനകൾ നിറഞ്ഞുനിന്നിരുന്നതായി കാണാം. എന്നാൽ രാജവാഴ്ചയുടെ കാലം കഴിഞ്ഞതോടെ ഈ ആനകൾ വിവിധ വീടുകളിലായി ചിതറിപ്പോവുകയും ചെറിയ രീതിയിൽ ടൂറിസത്തിനായി ഉപയോഗിക്കപ്പെടുകയും ചെയ്തു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തിക്കൊണ്ട് 2007-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ മുന്നോട്ടുവെച്ച ആശയമാണ് ഈ ആനഗ്രാമം. രാജസ്ഥാൻ വനംവകുപ്പും ആന ഉടമകളും ഒന്നിച്ചു ചേർന്നാണ് ഈ സെന്ററിന്റെ പരിപാലനം ഏറ്റെടുത്തിരിക്കുന്നത്.
നാട്ടിൻപുറങ്ങളിലോ ഉത്സവപ്പറമ്പുകളിലോ കാണുന്നതുപോലെ കാലുകളിൽ ഭാരമേറിയ ചങ്ങലകൾ പൂട്ടിയിട്ട കാഴ്ചകളൊന്നും ഇവിടെ കാണാനാവില്ല. ചങ്ങലകളില്ലാത്ത, തികച്ചും സ്വതന്ത്രമായ ഒരു ജീവിതമാണ് ഹാത്തിഗാവിലെ ആനകൾക്ക് ലഭിക്കുന്നത്. കൂട്ടുകൂടാനും സ്വന്തം ഇഷ്ടപ്രകാരം വിഹരിക്കാനും സ്വാതന്ത്ര്യമുള്ള ഒരു അന്തരീക്ഷമാണ് ഈ ഗ്രാമത്തിൽ ആനകൾക്കായി ഒരുക്കിയിരിക്കുന്നത്.
പ്രഭാതങ്ങളിൽ ഹാത്തിഗാവിലെ വിശാലമായ കുളത്തിൽ ആനകൾ ഒരുമിച്ച് ഇറങ്ങി കുളിക്കുന്ന കാഴ്ച ഏറെ മനോഹരമാണ്. നല്ല ഭക്ഷണവും കൃത്യമായ കെയറിങുമാണ് വനംവകുപ്പും ഉടമകളും ചേർന്ന് ഇവയ്ക്ക് നൽകുന്നത്. പച്ചപ്പുല്ല്, കരിമ്പ്, ജുവാർ, ബാജ്ര തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങളാണ് ആനകൾക്ക് ദിവസവും നൽകിവരുന്നത്.
ആനകളെയും അവരെ നോക്കുന്ന ആനക്കാരെയും ഒരുമിച്ച് സംരക്ഷിക്കുന്ന പ്രത്യേക രീതിയാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്. സർക്കാർ ഭൂമി വിവിധ ബ്ലോക്കുകളായി തിരിച്ച് ഓരോരുത്തർക്കും താമസിക്കാനുള്ള ഷെൽട്ടറുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്. എന്നാൽ ആന ജീവിച്ചിരിക്കുന്ന കാലത്തോളം മാത്രമേ ആ ഭൂമിയിൽ ആനക്കാരന് അവകാശമുണ്ടായിരിക്കുകയുള്ളൂ. ആന മരണപ്പെടുന്നതോടെ ആ ഭൂമിയിലുള്ള താമസാവകാശം സ്വമേധയാ റദ്ദാക്കപ്പെടും.
ഹാത്തിഗാവിലെ ആനകൾ വിനോദസഞ്ചാരമേഖലയിലും സജീവമാണ്. പ്രശസ്തമായ ആമേർ ഫോർട്ടിൽ (Amer Fort) നടത്തുന്ന ആന സഫാരിക്കായി ഈ ആനകളെ കൊണ്ടുപോകാറുണ്ട്. ഇവിടെ രൂപീകരിച്ച സൊസൈറ്റിയുടെ എൻട്രി ഫീസിലൂടെയും സഫാരിയിലൂടെയും ലഭിക്കുന്ന തുക ആനകളുടെ ക്ഷേമം, ചികിത്സ, അപകട ഇൻഷുറൻസ് എന്നിവയ്ക്കായി വിനിയോഗിക്കുന്നു.
Published: 18 Oct 2026, 03:10 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented