നാഗ്പുർ: പഴയകാലത്ത് ഉപയോഗിച്ചിരുന്ന പടക്കങ്ങളിൽ ഇന്നത്തെപ്പോലെ രാസവസ്തുക്കൾ ചേർത്തിരുന്നില്ലെന്നും അവയിൽനിന്നുള്ള പുക കീടങ്ങളെയും പ്രാണികളെയും നശിപ്പിക്കാനും അന്തരീക്ഷം ശുദ്ധീകരിക്കാനും സഹായിച്ചിരുന്നുവെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങൾക്ക് പിന്നിൽ ശാസ്ത്രീയമായ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ആഘോഷങ്ങളുമായി ബന്ധപ്പെട്ട പല ആചാരങ്ങൾക്കും ശാസ്ത്രീയമായ അടിത്തറയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ പടക്കങ്ങൾ ഉപയോഗിച്ചിരുന്നത് സമാനമായ ആവശ്യങ്ങൾ നിറവേറ്റാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാലാണെന്നും അദ്ദേഹം വിശദീകരിച്ചു. നാഗ്പുരിൽ സംഘടിപ്പിച്ച 'ദീപാവലി മിലൻ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വായുമലിനീകരണത്തിന് ഇടയാക്കുന്നത് ദീപാവലിക്ക് പടക്കങ്ങൾ പൊട്ടിച്ചതാണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലായിരുന്നു മോഹൻ ഭാഗവത്തിന്റെ പരാമർശം.

ദീപാവലിക്ക് നെയ്യും എണ്ണയും ഉപയോഗിച്ചുള്ള വിളക്കുകൾ വിളക്കുകൾ തെളിക്കുന്ന സമയത്ത് അന്തരീക്ഷത്തിൽ പ്രത്യേകതരം വായു രൂപപ്പെടുന്നുവെന്നും ഇത്തരം ആചാരങ്ങൾക്കു പിന്നിൽ ശാസ്ത്രീയ വശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ആചാരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി ഉചിതമായ രീതിയിൽ ആഘോഷിക്കണമെന്നും അത് മനുഷ്യർക്കും പരിസ്ഥിതിക്കും ഒരുപോലെ ഗുണകരമാകുമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ആഘോഷങ്ങൾ സമൂഹത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും എതിർപ്പുകൾ എത്രയുണ്ടായാലും അവ അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുട്ടിനുമേൽ വെളിച്ചംനേടിയ വിജയത്തിന്റെ പ്രതീകമാണ് ദീപാവലിയെന്നും അറിവിന്റെ വെളിച്ചം പകരുന്നതിനും ഐക്യവും സൗഹാർദ്ദതയും നിറഞ്ഞ സമൂഹം സൃഷ്ടിക്കുന്നതിനും ഈ ആഘോഷം പ്രചോദനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര തലത്തിലും ദീപാവലിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിലെയും ബ്രിട്ടനിലെയും പാർലമെന്റുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ആഘോഷത്തെ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ജനസംഖ്യ കൂടുതലുള്ള വിദേശരാജ്യങ്ങളിൽ ദീപാവലി ആശംസകൾ കൈമാറുന്ന പ്രവണതയും വർധിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു.