കോന്നി (പത്തനംതിട്ട):ഒന്നരവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ പിടിച്ചത് ഉഗ്രവിഷമുള്ളതും ചെറിയ വിഷമുള്ളതുമായ പതിനൊന്നായിരത്തോളം പാമ്പുകളെ. ഇവയില്‍ 102 എണ്ണം രാജവെമ്പാലയാണ്. കണ്ണൂരില്‍നിന്ന് 2646 വിഷപ്പാമ്പുകളെയാണ് കിട്ടിയത്. 13 ജില്ലകളില്‍നിന്നു രാജവെമ്പാലകളെ കിട്ടിയിട്ടുണ്ട്. വനം ഇല്ലാത്ത ആലപ്പുഴ ജില്ലയില്‍നിന്ന് രാജവെമ്പാലയെ ലഭിച്ചിട്ടില്ല.

To advertise here,

2021 ജനുവരിമുതല്‍ 2022 മേയ് വരെയുള്ള കണക്കാണിത്. 107 ഇനം പാമ്പുകളാണ് സംസ്ഥാനത്ത് കണ്ടുവരുന്നത്. ചേര ഒഴിച്ചുള്ള പാമ്പുകളെ പിടിച്ച് കാട്ടില്‍ വിടുന്നുണ്ട്. പ്രകൃതിസൗഹൃദ പാമ്പ് എന്ന നിലയിലാണ് ചേരയെ ഒഴിവാക്കിയിരിക്കുന്നത്. ഇക്കാലയളവില്‍ പിടിച്ചവയില്‍ കൂടുതലും മൂര്‍ഖനാണ്. മൂര്‍ഖന്‍, മലമ്പാമ്പ്, അണലി, വെള്ളിക്കെട്ടന്‍ എന്നിവയാണ് കൂടുതലായി ജനവാസമേഖലയില്‍ കണ്ടുവരുന്നത്.

വിഷപ്പാമ്പുകളെ കണ്ടാല്‍ വനംവകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള സര്‍പ്പ ആപ്പിലേക്ക് സന്ദേശം അയച്ചാല്‍ തുടര്‍നടപടികള്‍ ഉണ്ടാകും. രണ്ടുവര്‍ഷമായി കേരളത്തില്‍ വനംവകുപ്പ് ആരംഭിച്ച്‌ പാമ്പുപിടിത്ത പരിശീലന ക്ലാസുകള്‍ക്ക് നല്ല പ്രതികരണമാണ് ഉള്ളതെന്ന് നോഡല്‍ ഓഫീസര്‍ എ.സി.എഫ്.വൈ. മുഹമ്മദ് അന്‍വര്‍ പറഞ്ഞു. കോഴ്‌സ് പാസാകുന്നവര്‍ക്ക് സര്‍ട്ടിഫിക്കേറ്റിനു പുറമേ പാമ്പുപിടിത്തത്തിനുള്ള സഞ്ചിയും ഉപകരണങ്ങളും നല്‍കുന്നുണ്ട്.