ആയിരക്കണക്കിന് ഗാർട്ടർ പാമ്പുകളാണ് പ്രതിവർഷം കാനഡയിലെ നാർസ്സിസ്സെ സ്നേക്ക് ഡെന്നിൽ എത്തുന്നത് | കടപ്പാട് : കാൻവാ
ഇല്‍ഹ ഡി ക്യൂമാഡ ഗ്രാന്‍ഡെ എന്നത് ബ്രസീലിലെ മനോഹരമായ പ്രദേശങ്ങളിലൊന്നാണ്. കാടും അതിനെച്ചുറ്റി സ്ഫടിക നീലനറത്തില് സമുദ്രവുമുള്ള അതി സുന്ദരിയായ ദ്വീപ്. ബ്രസീല്‍ നിവാസികള്‍ക്കെല്ലാം ഈ പ്രദേശത്തെക്കുറിച്ചറിയാം. എന്നാല്‍ അവിടെ പോവുകയെന്നത് അവരില്‍ പലരുടേയും വിദൂര സ്വപ്നങ്ങളില്‍പോലും ഉണ്ടാകില്ല. അതിന് കാരണവുമുണ്ട്. മുന്നില്‍ തുറന്ന അത്ലാന്റിക് സമുദ്രം. കരയിലേക്ക് കാലെടുത്തുവെച്ചാല് ഇടത്തും വലത്തും മുന്നിലും പിറകിലുമെല്ലാം കൊടിയ വിഷമുളള പാമ്പുകള്‍. അവിടേയ്ക്ക് എത്തിയാല്‍ ഏത് നിമിഷവും ഒരു പാമ്പിന്റെ കടി പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. ലോകത്തെ ഏറ്റവും മാരക വിഷപ്പാമ്പുകളിൽ ഒന്നായ ഗോള്‍ഡന്‍ ലാന്‍സ്ഹെഡ് നിറഞ്ഞ ഇടം. അതാണ് പാമ്പുകളുടെ ദ്വീപ് എന്നറിയപ്പെടുന്ന ഇല്‍ഹ ഡി ക്യൂമാഡ ഗ്രാന്‍ഡെ.
ലോകത്തെവിടെയും ഉള്ളതിനേക്കാൾ വിഷപ്പാമ്പുകളുടെ ഏറ്റവും ഉയര്‍ന്ന സാന്ദ്രത ഈ ബ്രസീലിയന്‍ ദ്വീപിലാണ്.
നാലായിരത്തോളം വിഷപ്പാമ്പുകള്‍
ഏറ്റവും മാരകമായതും വംശനാശഭീഷണി നേരിടുന്നതുമായ പാമ്പുകളുടെ ഇടമാണിത്. ബ്രസീലിന്റെ തീരത്ത് നിന്ന് ഏകദേശം 33 കിലോമീറ്റര്‍ അകലെ, സാവോ പോളോ സംസ്ഥാനത്തിന് സമീപമാണ് ജനവാസമില്ലാത്തതും സന്ദര്‍ശകര്‍ക്കോ ടൂറുകള്ക്കോവേണ്ടി തുറക്കാത്തതുമായ സ്നേക്ക് ഐലന്‍ഡ് എന്നറിയപ്പെടുന്ന ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെ. ഏകദേശം 5,000 അടി നീളവും 1,600 അടി വീതിയുമായി 106 ഏക്കറെയുള്ളൂ ആകെ ഈ ദ്വീപിന്റെ വി്സ്തീര്ണം.2,000 നും 4,000 നും ഇടയില്‍ ഗോള്‍ഡന്‍ ലാന്‍സ്ഹെഡ് വിഷസര്‍പ്പങ്ങളാണ് ഇവിടെയുള്ളതെന്നാണ് കണക്കാക്കുന്നത്. ഈ പാമ്പുകളുടെ വിഷമേറ്റാല്‍ ഒരു മണിക്കൂറിനുള്ളില്‍ മരിക്കുമെന്നാണ് പറയപ്പെടുന്നത്. ഈ ദ്വീപിലെ പാമ്പുകളുടെ എണ്ണം ആയിരക്കണക്കിന് വര്‍ഷങ്ങളായി പരിണമിച്ചതാണ്. അതായത്, ഏകദേശം 11,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ബ്രസീലിന്റെ പ്രധാന ഭാഗങ്ങളില്‍നിന്ന് ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെയെ ഒറ്റപ്പെടുത്തുന്ന രീതിയില്‍ സമുദ്രനിരപ്പ് ഉയര്‍ന്നു. ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെയില്‍ ഒറ്റപ്പെട്ടുപോയ പാമ്പുകള്‍ക്ക് ഇരകളോ വേട്ടക്കാരോ ഇല്ലായിരുന്നു. ഭക്ഷണം കണ്ടെത്താന്‍, പാമ്പുകള്‍ക്ക്, നീണ്ട പറക്കലിനിടെ ദ്വീപില്‍ കാലാനുസൃതമായി സന്ദര്‍ശിക്കുന്ന ദേശാടന പക്ഷികളെ ഇരയാക്കേണ്ടിവന്നു. ഏത് പാമ്പുകളേക്കാളും മൂന്നോ അഞ്ചോ മടങ്ങ് വിഷ വീര്യമുള്ളവയാണ് ഗോള്‍ഡന്‍ ലാന്‍സ്ഹെഡ് പാമ്പുകള്‍. ഇവയുടെ വിഷത്തിന് മിക്ക ഇരകളെയും തല്‍ക്ഷണം കൊല്ലാന്‍ കഴിവുണ്ട്. ചികിത്സയ്ക്ക് പോലും സമയമില്ലാതെ ഇരകള്‍ മരിക്കാനുള്ള സാധ്യത മൂന്ന് ശതമാനമാണ്. പാമ്പിന്റെ വിഷം വൃക്ക തകരാറ്, പേശീകലകളുടെ നെക്രോസിസ്, മസ്തിഷ്ക രക്തസ്രാവം, കുടല് രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും.
ബ്രസീലില്‍ പാമ്പുകടിയേറ്റവരില്‍ തൊണ്ണൂറു ശതമാനവും വരുന്നത് ഗോള്‍ഡന്‍ ലാന്‍സ്ഹെഡ് പാമ്പുകളുടെ അടുത്ത വംശത്തില്‍പ്പെട്ട ലാന്‍സ്ഹെഡ് പാമ്പില്‍ നിന്നാണ്. (രണ്ടും ബോട്രോപ്പ് ജനുസ്സിലെ അംഗങ്ങളാണ്).
%20(1).jpg?$p=231aaf1&&q=0.8)
കര്‍ശന നിയന്ത്രണം
അപകടസാധ്യതയുള്ളതിനാല്‍, ബ്രസീല്‍ സര്‍ക്കാര്‍ ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെ സന്ദര്‍ശനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുന്നു. ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെ വിനോദസഞ്ചാര കേന്ദ്രമല്ല: ചില സ്ഥലങ്ങളില്‍ ഓരോ ചതുരശ്ര മീറ്ററിലും ഒരു പാമ്പ് ഉണ്ടെന്ന് ചില കണക്കുകള്‍ അവകാശപ്പെടുന്നു. നിയമപരമായി അനുവദിച്ചിട്ടുള്ള സന്ദര്‍ശനങ്ങളില്‍ ഒരു ഡോക്ടര്‍ കൂടെ ഉണ്ടായിരിക്കണമെന്ന് ബ്രസീലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ദ്വീപില്‍, കടന്നുപോകുന്ന ബോട്ടുകളുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ഒരു വിളക്കുമാടം ഉണ്ട്. 1920-കള്‍ മുതല്‍ നാവികസേന വര്‍ഷം തോറും ഈ വിളക്കുമാടം പരിപാലിക്കുന്നു. മുന്‍കാലങ്ങളില്‍ നേവി ലൈറ്റ് ഹൗസ് കീപ്പര്‍മാര്‍ ദ്വീപില്‍ താമസിച്ചിരുന്നു. അവര്‍ താമസിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും അവിടെയുണ്ട്.
ബയോളജിസ്റ്റുകള്‍ക്കും ഗവേഷകര്‍ക്കും ഈ ദ്വീപ് ഒരു പ്രധാന ലബോറട്ടറി കൂടിയാണ്. അവര്‍ക്ക് പാമ്പുകളെക്കുറിച്ച് പഠിക്കാനായി ദ്വീപ് സന്ദര്‍ശിക്കാന്‍ പ്രത്യേക അനുമതിയുണ്ട്.

ഗോള്‍ഡന്‍ ലാന്സ്ഹെഡും അതിന്റെ പരിണാമവും നന്നായി മനസ്സിലാക്കുന്നതിലൂടെ ബോട്രോപ്പ് ജനുസ്സിനെ മൊത്തത്തില്‍ നന്നായി മനസ്സിലാക്കാന്‍ കഴിയുമെന്ന് ജീവശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. ബ്രസീലില്‍ സ്ഥിരമായി സംഭവിക്കുന്ന പാമ്പുകടിയേറ്റുണ്ടാവുന്ന മരണത്തെ കൂടുതല്‍ ഫലപ്രദമായി ചികിത്സിക്കാന്‍ ഇതിലൂടെ സാധിക്കും. ഇതിന്റെ വിഷം ഹൃദ്രോഗം, രക്തചംക്രമണം, രക്തം കട്ടപിടിക്കല്‍ എന്നിവയുണ്ടാക്കുമെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ഇത് ആരോഗ്യരംഗത്ത് എങ്ങനെ ഉപയോഗപ്രദമായ രീതിയില്‍ പരീക്ഷിക്കാമെന്നും ഗവേഷണം നടക്കുന്നുണ്ട്.
ഭീമന് പാറ്റകളും വെട്ടുക്കിളികളും
സ്നേക്ക് ഐലന്‍ഡില്‍ മാരകമായ പാമ്പുകള്‍ മാത്രമല്ല ഉള്ളത്. വിഷരഹിത പാമ്പുകളും ഭീമന് പാറ്റകളും വെട്ടുക്കിളികളും ദ്വീപില്‍ നിറയെയുണ്ട്. നാട്ടുകാരും ദേശാടനക്കാരുമായി 68 ഇനം പക്ഷികളാണ് ഇവിടത്തെ താമസക്കാര്‍. രണ്ട് ഇനം വവ്വാലുകള്‍, രണ്ട് ഇനം ഉഭയജീവികള്‍, രണ്ട് ഇനം ആംഫിസ്ബെനിഡുകള്, മൂന്ന് ഇനം പല്ലികള്‍ ഇവയെയൊക്കെ ഇവിടെ കാണാം. ദ്വീപിലെ പാമ്പുകളില്‍ ചിലതിനെ ശാസ്ത്രജ്ഞര്‍ 'ഇന്റര്‍സെക്സ്' എന്നാണ് വിളിക്കുന്നടത്. സങ്കരയിനമാണ് എന്നതിനാലാണത്. ദ്വീപില്‍ കരയിലെ സസ്തനികളൊന്നുമില്ല. വേട്ടക്കാരില്‍ നിന്ന് ഒളിച്ചുനില്ക്കാതെ തന്നെ അതിവേഗം വളരാനും പുനരുല്‍പ്പാദിപ്പിക്കാനും ഇവിടത്തെ പാമ്പുകള്‍ക്ക് സാധ്യമാവുന്നതും ഇതുകൊണ്ടുതന്നെ.
വംശനാശം
ഇരകള്‍ വേണ്ടത്ര ലഭിക്കാത്തതും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും രോഗങ്ങളും കാട്ടുതീയും ദ്വീപില്‍ പല പാമ്പുകളുടെയും എണ്ണത്തിൽ കുറവിന് കാരണമായിട്ടുണ്ട്. മനുഷ്യന്റെ കടന്നുകയറ്റവും ഇതിന് ആക്കം കൂട്ടുന്നുണ്ട്. സ്വതന്ത്രമായി പുനരുത്പ്പാദിപ്പിക്കാന് കഴിയുമെങ്കിലും, അവയുടെ പ്രത്യുല്പാദന കാര്യക്ഷമത അതിന്റെ പ്രധാന ഭൂപ്രദേശത്തുള്ള പാമ്പുകളേക്കാള്‍ കുറവാണ്. ബയോപൈറേറ്റ്സ് എന്നറിയപ്പെടുന്ന വന്യജീവി കള്ളക്കടത്തുകാര്‍ ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെയില്‍ പതിവാണ്. പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ജീവകളെ കടത്തുന്ന സംഘങ്ങള്‍ പാമ്പുകളെ പിടിക്കുകയും നിയമവിരുദ്ധമായ വഴികളിലൂടെ വില്‍ക്കുകയും ചെയ്യുന്നു. ഒരു ഗോള്‍ഡന്‍ ലാന്‍സ്ഹെഡിന് 10,000 ഡോളര്‍ മുതല്‍ 30,000 ഡോളര്‍വരെ വില ലഭിക്കും. ചില കണക്കുകള്‍ പ്രകാരം കഴിഞ്ഞ 15 വര്‍ഷത്തിനിടെ എണ്ണത്തില്‍ 50 ശതമാനം കുറവുണ്ടായിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന പാമ്പായി നിലവില്‍ ചുവപ്പ് പട്ടികയിലാണ് ഈ പാമ്പുള്ളത്.
പ്രകൃതിയുടെ മാജിക്, കാനഡയിലെ മാനിറ്റോബ
കാനഡയുടെ മാനിറ്റോബ ഒരു കാന്തം പോലെയാണ്. പാമ്പുകളെ ആകര്‍ഷിക്കുന്ന കാന്തം. വസന്ത കാലത്ത് പാമ്പുകള്‍ കൂട്ടത്തോടെ ഇവിടേക്ക വരുന്ന കാഴ്ച ഒരു അത്ഭുതം തന്നെയാണ്. ലോകത്ത് ഏറ്റവുമധികം പാമ്പുകൾ ഒന്നിച്ചുകൂടുന്ന ഇടമെന്ന ലോക റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട് ഇവിടം. സന്ദര്‍ശകരുടെ തിരക്കില്‍ ഇക്കാലത്ത് മാനിറ്റോബ മാറുന്നതും ഇതുകൊണ്ടുതന്നെ. മാനിറ്റോബയിലെ ഇന്റര്‍ലേക്ക് ഏരിയയില്‍ ഹൈവേ 17 ന് സമീപം നാര്‍സിസ് പട്ടണത്തില്‍ നിന്ന് ഏതാനും മൈല്‍ വടക്കായി സ്ഥിതി ചെയ്യുന്ന നാര്സിസെ സ്നേക്ക് ഡെന്സാണ് ഈ അത്ഭുതസ്ഥലം.

ഇണചേരാന്‍ ഒത്തുകൂടുന്നവര്‍
ഓരോ വസന്തകാലത്തും പതിനായിരക്കണക്കിന് ഗാര്‍ട്ടര്‍ പാമ്പുകള്‍ നാര്സിസെ സ്നേക്ക് ഡെന്‍സില്‍ വിരുന്നെത്തും. ശീതകാല മാളങ്ങളില്‍ നിന്ന് പുറത്തുവരുന്ന അവ ഇണചേരാന്‍ വലിയ കുഴികളില്‍ ഒത്തുകൂടുന്നതാണ് ഇവിടത്തെ പ്രധാന കാഴ്ച. നാര്‍സിസ് സ്നേക്ക് ഡെന്‍സില്‍ വസന്തകാല ഇണചേരല്‍ സമയത്ത് 75,000 മുതല്‍ 100,000 വരെയോ അതിലധികമോ ഈ നിരുപദ്രവകാരികളായ, വിഷമില്ലാത്ത പാമ്പുകളെ കണ്ടേക്കാം. പാമ്പുസ്നേഹികളായ സന്ദര്‍ശകര്‍ ഇവയെ കൈയിലെടുത്ത് കളിക്കുന്നതും ഇവിടെ സ്ഥിരം കാഴ്ചയാണ്.
ഇണചേരുവാനായി ആൺ പാമ്പുകള്‍ മത്സരിക്കുന്ന ഇടമാണിത്. അട്ടിയായി കിടക്കുന്ന പാമ്പുകൾക്കിടയിൽ ഇണചേരലിനുശേഷം ശ്വാസം മുട്ടി മരിക്കുന്ന ആൺ പാമ്പുകളും കുറവല്ല!
വിഭവ സമൃദ്ധം നാര്‍സിസ്സ്
നാര്‍സിസ്സ് സ്നേക്ക് ഡെന്‍സിന്‍ ചുറ്റുമുള്ള ചതുപ്പുകള്‍ പ്രാണികള്‍, മണ്ണിരകള്‍, ഒച്ചുകള്‍, മത്സ്യങ്ങള്‍, തവളകള്‍ എന്നിവയാല്‍ നിറഞ്ഞതാണ്. ചുവന്ന വശങ്ങളുള്ള ഗാര്‍ട്ടര്‍ പാമ്പിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു ബുഫെ പോലെയാണ്. ഇത്രയധികം വിഭസ സമൃദ്ധമായ സദ്യ ലഭിക്കുന്ന ഇടത്തേക്ക് പാമ്പുകള്‍ എത്തിയില്ലെങ്കിലേ അത്ഭുതമുള്ളു. രണ്ടോ മൂന്നോ ആഴ്ച ഇണചേരല്‍ കാലയളവിനുശേഷം, പാമ്പുകള്‍ ശീതകാല മാളങ്ങളിലേക്ക് പിന്മാറും. വേനല്‍ മങ്ങുമ്പോള്‍, ഭക്ഷണം നിറഞ്ഞ ചതുപ്പുകള്‍ തണുത്തുറഞ്ഞ അവസ്ഥയിലേക്ക് മാറുന്നു. മാനിറ്റോബയിലെ ഇന്റര്‍ലേക്ക് ഏരിയയില്‍ ശൈത്യകാലത്ത് മൈനസ് 50 വരെ താപനില കാണാന്‍ കഴിയും. അതിനാല്‍ ശീതകാലം ചെലവഴിക്കാന്‍ ചൂടുള്ള സ്ഥലംതേടി പാമ്പുകള്‍ യാത്രയാവും.
Content Highlights: magics of nature column,snake island, environment, Mathrubhumi latest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..