ദക്ഷിണേന്ത്യയിലെ പ്രധാന ഐടി നഗരങ്ങളായ ബെംഗളൂരുവും ഹൈദരാബാദും കുടിവെള്ള പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഭൂഗർഭജലത്തിന്റെ അമിതചൂഷണം കാരണം ഇരു നഗരങ്ങളിലെയും ലക്ഷക്കണക്കിന് ആളുകൾ കുടിവെള്ളത്തിനായി പ്രൈവറ്റ് ടാങ്കറുകളെ ആശ്രയിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. മുൻപ് 24 മണിക്കൂറും തടസ്സമില്ലാതെ കുടിവെള്ളം ലഭിച്ചിരുന്ന വൻകിട അപ്പാർട്ട്‌മെന്റുകളിലും ഗേറ്റഡ് കമ്മ്യൂണിറ്റികളിലും ജലവിതരണം ഏതാനും മണിക്കൂറുകളായി വെട്ടിച്ചുരുക്കി.

To advertise here,

ബെംഗളൂരു നഗരത്തിൽ പ്രതിദിനം 210 കോടി ലിറ്റർ ആവശ്യമായിരിക്കേ, 147 കോടി ലിറ്റർ കാവേരി ജലം മാത്രമാണ് ബെംഗളൂരു ജലവകുപ്പിന് വിതരണം ചെയ്യാൻ സാധിക്കുന്നത്. കൂടാതെ, ചോർച്ചയും ജലമോഷണവും കാരണം പ്രതിദിനം 40 കോടി കുടിവെള്ളമെങ്കിലും നഷ്ടപ്പെടുന്നു.

പ്രതിസന്ധി ഏറ്റവും ബാധിച്ചിരിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെയും ചേരിനിവാസികളെയുമാണ്. സ്വകാര്യ വാട്ടർ ടാങ്കറുകളിൽനിന്ന് വെള്ളം വാങ്ങാൻ ഒരു പാവപ്പെട്ട കുടുംബം പ്രതിമാസം ശരാശരി 3,000 രൂപയോളം ചെലവഴിക്കേണ്ടി വരുന്നുണ്ട്‌. അതേസമയം, മധ്യവർഗ്ഗ കുടുംബങ്ങൾ കുടിവെള്ളത്തിനായി മാത്രം പ്രതിവർഷം 54,000 രൂപ വരെ ചെലവഴിക്കേണ്ട അവസ്ഥയിലാണ്. പ്രൈവറ്റ് ടാങ്കറുകളുടെ നിരക്ക് നിയന്ത്രിക്കാൻ നിയമാനുസൃതമായ അധികാരം ബെംഗളൂരു ജലവിതരണ വകുപ്പിന് ഇല്ലാത്തതും ഈ ചൂഷണം വർദ്ധിപ്പിക്കുന്നു

ബെംഗളൂരു നഗരപരിധിയിൽ പെടുന്ന എല്ലാ താലൂക്കുകളിലും ഭൂഗർഭജല ഉപഭോഗം അപകടകരമായ അളവിൽ താഴുകയാണ്. ഭൂഗർഭജലം വീണ്ടും നിറയുന്ന നിരക്കിന്റെ ഇരട്ടിയിലധികമാണ് നഗരം ഊറ്റിയെടുക്കുന്നത്. സമീപകാലത്ത് പെയ്ത മഴയിലുണ്ടായ 43 ശതമാനത്തോളം കുറവ് ഈ അവസ്ഥയെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുന്നു.

ഏകദേശം 1.15 കോടി ജനസംഖ്യയുള്ള ഹൈദരാബാദ് നഗരത്തിലെ ജല അതോറിറ്റിയുടെ വിതരണശേഷി 56-58 കോടി ലിറ്റർ ആയിരിക്കേ, പ്രതിദിന ആവശ്യം 73.5 കോടി ലിറ്റർ ആണ്. വരും വേനൽക്കാലത്ത് സിംഗൂർ, മഞ്ചീര നദികളിൽനിന്ന് നിലവിൽ ലഭിക്കുന്ന വെള്ളത്തിൽ 10 കോടി ലിറ്ററിന്‍റെ കുറവുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിൽ ഭൂഗർഭജലക്ഷാമം ഏറ്റവും രൂക്ഷമായ നഗരമായി ഹൈദരാബാദ് മാറി. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2026 സെപ്റ്റംബറിൽ ഹൈദരാബാദ് അർബൻ മേഖലയിലെ ശരാശരി ഭൂഗർഭജല നിരപ്പ് 4.73 മീറ്ററിൽനിന്ന് 11.58 മീറ്ററിലേക്ക് താഴ്ന്നു; ഏകദേശം 7 മീറ്ററിന്റെ വൻ ഇടിവ്. അമീർപേട്ട്, ഗോൽക്കൊണ്ട തുടങ്ങിയ മേഖലകളിൽ ജലനിരപ്പ് 20 മീറ്ററിലധികം താഴേക്ക് പോയി.

മുൻപ് 24 മണിക്കൂറും തടസ്സമില്ലാത്ത ജലലഭ്യതയുണ്ടായിരുന്ന ഹൈദരാബാദിലെ വിഐപി ഗേറ്റഡ് കമ്മ്യൂണിറ്റികളും അപ്പാർട്ട്‌മെന്റുകളും ഇപ്പോൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ദിവസം മുഴുവൻ വെള്ളം ലഭിച്ചിരുന്നിടത്ത് രാവിലെയും വൈകുന്നേരവും ഏതാനും മണിക്കൂറുകൾ മാത്രമായി വിതരണം പരിമിതപ്പെടുത്തി.

പല അപ്പാർട്ട്‌മെന്റുകളിലെ സ്വിമ്മിംഗ് പൂളുകൾ വറ്റിച്ചു പൂട്ടിയിരിക്കുകയാണ്. കാറുകളും ബാൽക്കണികളും പൈപ്പ് ഉപയോഗിച്ച് കഴുകുന്നത് റസിഡന്റ്സ് അസോസിയേഷനുകൾ വിലക്കിയിട്ടുണ്ട്. പകരം ബക്കറ്റുമാത്രം ഉപയോഗിക്കണം. കുളി 5 മിനിറ്റായി ചുരുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

1,000 ഫ്ലാറ്റുകളും 3,000 നിവാസികളുമുള്ള ഒരു ഇടത്തരം ഗേറ്റഡ് കമ്മ്യൂണിറ്റി പ്രതിദിനം 4.05 ലക്ഷം ലിറ്റർ വെള്ളം ഉപയോഗിക്കുന്നുണ്ട്. സാധാരണ പ്രതിദിനം 800 മുതൽ 1,500 വരെയായിരുന്ന ടാങ്കർ ബുക്കിംഗുകൾ ഇപ്പോൾ 5,000 മുതൽ 8,000 വരെയായി കുതിച്ചുയർന്നിരിക്കുന്നു.

അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളും തടാകങ്ങൾ അപ്രത്യക്ഷമായതും ജലപുനരുജ്ജീവനത്തെ തടസ്സപ്പെടുത്തിയിരിക്കുന്നു. മഴവെള്ള സംഭരണം, ശാസ്ത്രീയമായ ഭൂഗർഭജല പുനരുജ്ജീവനം, ശുദ്ധീകരിച്ച മലിനജലത്തിന്റെ പുനരുപയോഗം എന്നിവ നിർബന്ധമാക്കാതെ ബെംഗളൂരുവിലെയും ഹൈദരാബാദിലെയും കുടിവെള്ള പ്രതിസന്ധി മറികടക്കാനാവില്ല.