കോഴിക്കോട്: മലിനീകരണവും തണ്ണീർത്തടങ്ങൾ ഇല്ലാതാവുന്നതും വേട്ടയാടലുമുൾപ്പെടെയുള്ള കാരണങ്ങൾ ദേശാടനപ്പക്ഷികളുടെ വംശനാശത്തിന് കാരണമാകുന്നു. ആകെ 32 ദേശാടന പക്ഷിവർഗ്ഗങ്ങളെ അതിഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നവയായി തരംതിരിച്ചിട്ടുണ്ട്. ആവാസവ്യവസ്ഥയിലെ മാറ്റവും ഇതിനുകാരണമാകുന്നുണ്ട്.
കേരളത്തിലേക്ക് സ്ഥിരമായി ദേശാടനം നടത്തുന്ന വലിയ നോട്ട് വംശനാശഭീഷണി നേരിടുന്നപക്ഷിയാണ്. വാൾക്കൊക്കൻ, വരവാലൻ ഗോഡ്വിറ്റ് മുതലായ ദേശാടകരും വംശനാശ ഭീഷണിയുടെ വക്കിലാണ്. കശ്മീർ മേഖലയിൽനിന്ന് ദേശാടനം നടത്തുന്ന കശ്മീരി പാറ്റപിടിയന്റെ എണ്ണവും കുറയുന്നുണ്ട്.
അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സമിതിയുടെ (ഐ.യു.സി.എൻ.) കണക്കുപ്രകാരം 1843 വർഗത്തിലുള്ള ദേശാടനപ്പക്ഷികളിൽ ലോകത്തെമ്പാടുമായി 45 ശതമാനവും വംശനാശഭീഷണിയുടെ വക്കിലാണ്. ഇതിൽത്തന്നെ ദേശാടകരായ തീരദേശപ്പക്ഷികളുടെ കണക്ക് 54 ശതമാനമാകും.
ക്രസ്റ്റഡ് ഷെൽഡക്ക്, ഫിജി പെട്രൽ എന്നിവയുൾപ്പെടെ എട്ട് വർഗ്ഗങ്ങളിൽ പ്രായപൂർത്തിയായ പക്ഷികളുടെ എണ്ണം 50-ൽ താഴെ മാത്രമാണ്. ലെസ്സർ ഫ്ളോറിക്കൻ, ബെയേഴ്സ് പോച്ചാർഡ് എന്നിവയുൾപ്പെടെ 19 വർഗ്ഗങ്ങളുടെ എണ്ണത്തിൽ മൂന്ന് തലമുറകൾക്കുള്ളിലോ അല്ലെങ്കിൽ പത്ത് വർഷത്തിനുള്ളിലോ 80 ശതമാനത്തിലധികം കുറവ് സംഭവിച്ചിട്ടുണ്ട്. ഏതാനും വർഷം മുമ്പാണ് സൂചിക്കൊക്കൻ കർലിയു നാവശേഷമായത്.
ഇല്ലാതാകുന്ന തണ്ണീർത്തടം, മലിനീകരണം, കാലാവസ്ഥാവ്യതിയാനം, വേട്ട, ആവാസവ്യവസ്ഥയിലെ നാശം എന്നിവയെല്ലാം ഇവയെ ബാധിക്കുന്നു. കടലിലും കടൽത്തീരങ്ങളിലുമായി ഉപേക്ഷിക്കുന്ന മീൻ വലകൾ ദേശാടനപ്പക്ഷികൾക്ക് ഭീഷണിയാവുന്നുണ്ടെന്നും പക്ഷി ഗവേഷകനായ ഡോ. അബ്ദുള്ള പാലേരി പറഞ്ഞു.
ദേശാടനപക്ഷിവർഗ്ഗങ്ങളിൽ പകുതിയിലധികവും തണ്ണീർത്തടങ്ങളെ ആശ്രയിക്കുന്നുണ്ട്. മനുഷ്യരുടെ കടന്നുകയറ്റം കാരണം പല തണ്ണീർത്തടങ്ങളും നികത്തുകയോ കൃഷി, വനവൽക്കരണം, വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കായി മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്. ദേശാടന പക്ഷികൾക്ക് പ്രജനന കേന്ദ്രങ്ങളിലും ദേശാടന പാതകളിലും പ്രജനനേതര ആവാസസ്ഥലങ്ങളിലും ഭീഷണിയുണ്ട്. ആവാസവ്യവസ്ഥകൾ തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതിനാൽ യാത്രയ്ക്കിടെ വിശ്രമിക്കാനും ഭക്ഷണം തേടാനും പറ്റാത്ത സ്ഥിതിയുണ്ട്.
Published: 12 Nov 2026, 11:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented