മലരിക്കൽ ഗ്രാമത്തിലെ പൂത്തുലഞ്ഞ പിങ്ക് ആമ്പൽവസന്തത്തിലൂടെ തോണി തുഴഞ്ഞുപോകുക എന്നത് അതീവഹൃദ്യമായ അനുഭൂതിയാണ്. എന്നാൽ വെള്ളത്തിൽ പുഷ്പിച്ചുലഞ്ഞ ആമ്പൽപ്പൂക്കളുടെ അതിമനോഹാരിതയ്ക്കിപ്പുറം പരിസ്ഥിതി ശാസ്ത്രജ്ഞരും തദ്ദേശവാസികളും പേറുന്ന ആശങ്കയുണ്ട്. ഇതിനെ സാധൂകരിക്കുന്നതാണ് കേരള ജൈവവൈവിധ്യ ബോർഡ് നടത്തിയ പഠനത്തിന്റെ ഫലങ്ങൾ.

To advertise here,

കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്തിൽ ഉൾപ്പെട്ട സ്ഥലമാണ് മലരിക്കൽ. 600-650 ഏക്കർ പാടശേഖരത്തിൽ പിങ്ക് നിറത്തിലുള്ള ആമ്പൽപൂക്കൾ വസന്തം തീർക്കുന്ന ഇവിടം സമീപകാലത്തായി വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. ശരാശരി 2000-3000വരെ ആളുകൾ ദിനംപ്രതി മലരിക്കൽ സന്ദർശിക്കാൻ എത്തുന്നുവെന്നാണ് ഏകദേശകണക്ക്. ജൂൺ - ഒക്ടോബർ സീസണുകളിൽ.

2018 ലെ മഹാപ്രളയത്തിന് ശേഷമാണ് മലരിക്കലെ പാടശേഖരങ്ങളിൽ വർദ്ധിച്ചതോതിൽ പിങ്ക് ആമ്പൽപൂക്കൾ കാണപ്പെട്ടു തുടങ്ങിയത്. മനോഹരമാണെങ്കിലും ആമ്പലുകളുടെ നിയന്ത്രണവിധേയമല്ലാത്ത വളർച്ച കുട്ടനാടൻ തണ്ണീർത്തട വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നുവെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരും കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും (KSBB) പറയുന്നത്.

2018 ലെ പ്രളയകാലത്തിൽ ഒലിച്ചെത്തിയ കിഴങ്ങുകളായിരിക്കാം ആമ്പലുകളുടെ വളർച്ചയ്ക്കിടയാക്കിയത്. ഈ സസ്യങ്ങളുടെ വ്യാപനം പ്രക‍ൃതിദത്തമായ വളർച്ചയുടെ പരിധിയിൽ നിൽക്കുന്നതല്ല. കൃഷിയിറക്കാത്ത നെൽപ്പാടങ്ങളിൽ പടരുന്ന ഇത്തരം സസ്യങ്ങൾ മറ്റ് ജലാശയങ്ങളെ അതിവേഗം കയ്യടക്കുന്നുണ്ട്. ഇത് പ്രാദേശികമായ ആവാസവ്യവസ്ഥയെയും ജൈവവൈവിദ്ധ്യത്തേയും തകിടം മറിക്കുന്നുവെന്നാണ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നടത്തിയ പഠനങ്ങൾ പറയുന്നത്. വിവിധ ഗവേഷണങ്ങളുടേയും റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ, മലരിക്കലിൽ ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങളുടെ സാധ്യതകൾ പരിശോധിക്കാം

പുഷ്പം പോലെ പരിഹരിക്കാനാകുമോ?

“പഠനത്തിലെ എടുത്തുപറയേണ്ടുന്ന കണ്ടെത്തൽ ഇതൊരു അധിനിവേശ സസ്യമാണെന്നതാണ്. ഇത്തരം ആമ്പലുകൾ രാത്രി പുഷ്‌പിക്കുന്ന, ഉദ്യാനയിനമാണെന്നു വിവിധതരം പഠനങ്ങളിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടനാടിന്റെ ചില ഭാഗങ്ങളിൽമാത്രം കണ്ടിരുന്ന ഇത്തരം ആമ്പൽപ്പൂക്കൾ അടുത്ത കാലത്തായി കോഴിക്കോടും കാണപ്പെടുന്നുണ്ട്.

അതിവേഗം വളരുന്ന ഈ ഇനം വന്നതോടുകൂടി കുട്ടനാട്ടിൽ പണ്ട് കണ്ടിരുന്ന പല തദ്ദേശീയ ജലസസ്യങ്ങളും അപ്രത്യക്ഷമായിത്തുടങ്ങി. ജലാശയത്തിന്റെ ഉപരിതലം മുഴുവനായിത്തന്നെ മൂടുന്ന ഇലകൾ സൂര്യരശ്മികളെ ജലത്തിലേക്ക് കടത്തിവിടുന്നത് തടയുന്നു.ഇത് ജലത്തിലെ സൂക്ഷ്മജീവികളുടെ നിലനില്പിനെത്തന്നെ സാരമായി ബാധിക്കുന്നു. കൂടാതെ ജലം ആവിയായി മുകളിലേക്ക് പോകുന്നതിന്റെ തോത് ഗണ്യമായി കുറയുന്നത് ഈർപ്പത്തിന്റെ അളവ് കുറയ്ക്കാനിടയാക്കുന്നു. ജലപാതകളിൽ തിങ്ങിവളരുന്ന ആമ്പലുകൾ പരമ്പരാഗത ജലഗതാഗതത്തെയും ജലത്തിന്റെ ഗുണനിലവാരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ആമ്പലിന്റെ ചീഞ്ഞളിയുന്ന സസ്യഭാഗങ്ങളിൽനിന്നും ആഗോളതാപനത്തിനുവരെ കാരണമാകുന്ന മീഥൈൻ ഗ്യാസ് പുറത്തുവരുന്നു.

കുട്ടനാടിന്റെ തണ്ണീർത്തടങ്ങളിൽ ഉണ്ടായ ആമ്പൽവ്യാപനവുമായി ബന്ധപ്പെട്ട്, ആവാസവ്യവസ്ഥയിൽ അത്ര പരിചിതമല്ലാതിരുന്ന താമരക്കോഴി, ആമകൾ എന്നിവയെ ക്രമതീതമായി ഈ പരിസരങ്ങളിൽ കാണുന്നുണ്ട്. കൂടാതെ, പ്രദേശത്ത് എലികളുടെ എണ്ണം പെരുകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനെ കുറിച്ചും പഠനം നടക്കുന്നുണ്ട്.

മറ്റൊരു പ്രധാന കണ്ടെത്തൽ പ്രദേശത്തെ പരാഗണകാരികളായ പ്രാണികളെ കുറിച്ചുള്ളതാണ്. പ്രധാന ഭക്ഷ്യ-നാണ്യവിളകളിൽ പരാഗണം നടത്തേണ്ട പ്രാണികൾ വൻതോതിൽ ഈ ആമ്പൽപ്പൂക്കളിലേക്ക് ആകർഷിക്കപ്പെടുന്നു. കാർഷിക വിളകളുടെ വിളവ് കുറയാനിത് ഇടയാക്കുന്നു.

‘ആമ്പലുകൾ മണ്ണിലെ പോഷകങ്ങൾ അമിതമായി വലിച്ചെടുക്കുന്നതിനാൽ കർഷകർക്ക് വൻതോതിൽ വളപ്രയോഗം നടത്തേണ്ടിവരുന്നുണ്ട്. കാണാൻ ഏറെ ഭംഗിയുള്ള ആമ്പൽ വസന്തം ടൂറിസം സാധ്യതകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും പലതരം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായേക്കാം."- കേരള സംസ്ഥാന ജൈവവൈവിദ്ധ്യബോർഡിന്റെ നേതൃത്വത്തിൽ മലരിക്കലെ പിങ്ക് ആമ്പൽ വസന്തത്തെ കുറിച്ച് ശാസ്ത്രീയപഠനം നടത്തിയ ഡോ.കെ. ബി രമേശ്‌ കുമാർ, സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്, ജവഹർ ലാൽ നെഹ്രു ട്രോപിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.

കേരള ജൈവവൈവിദ്ധ്യ ബോർഡ് നടത്തിയ പഠനങ്ങൾ പ്രകാരം, ജലജീവികളുടേയും സൂര്യപ്രകാശത്തിന്റെയും സഞ്ചാരത്തിന് ആമ്പൽച്ചെടികൾ വലിയ തോതിൽ തടസ്സം സ‍ൃഷ്ടിക്കാറുണ്ട്. ആമ്പൽ ഇലകൾ ജലോപരിതലത്തെ പൂർണമായും മൂടുന്ന തരത്തിലാണ് നിലനിൽക്കുന്നത്. ഇതിനാൽ വെള്ളത്തിനടിയിലേക്ക് സൂര്യപ്രകാശത്തിന് കടന്നുപോകാൻ കഴിയാതെവരുന്നു. ആൽഗകളുടേയും പ്ലവകങ്ങളുടേയും ജലസസ്യങ്ങളുടെയും പ്രകാശസംശ്ലേഷണത്തെ ബാധിക്കുകയും വെള്ളത്തിലെ ഓക്സിജന്റെ തോതിൽ വ്യതിയാനം വരുത്തുകയും ചെയ്യുന്നു.

ജൈവമാലിന്യങ്ങൾ വെള്ളത്തിനടിയിൽ കുന്നുകൂടുന്നു. ഇത്തരം മാലിന്യങ്ങൾ ചീയുന്നത് മീഥൈൻ പോലുള്ള വാതകങ്ങൾ പുറത്തുവരാൻ കാരണമായേക്കാം. ഹരിതഗൃഹവാതകമായ മീഥൈൻ ആഗോളതാപനത്തിനുവരെ ഹേതുവാകുന്നുണ്ട്. ഇത്തരം വാതകങ്ങൾ ജലത്തിന് ദുർഗന്ധമുണ്ടാക്കും. കൂടാതെ ജലം ആവിയായി മുകളിലേക്ക് പോകുന്നതിന്റെ തോത് ഗണ്യമായി കുറയുന്നത് പ്രദേശത്തിലെ ഈർപ്പത്തിന്റെ അളവ് കുറയ്ക്കുന്നു.

മണ്ണിൽനിന്നും അതിവേഗം പോഷകങ്ങൾ വലിച്ചെടുക്കാൻ പിങ്ക് ആമ്പലുകൾക്ക് കഴിവുണ്ട്. മറ്റ് തനത് സസ്യങ്ങൾക്ക് ലഭിക്കേണ്ട പോഷകങ്ങൾ ഇതിലൂടെ നഷ്ടമാകുന്നു. അവയുടെ നിലനിൽപ്പുതന്നെ ഭീഷണിയിലാകുന്നു. കേരളത്തിൽ പണ്ടുമുതലേ ഉണ്ടായിരുന്ന തനത് വെള്ളാമ്പൽ ചെടികളുടെ നിലനിൽപ്പിന് പിങ്ക് ആമ്പലുകളുടെ അനിയന്ത്രിതമായ വളർച്ച ഭീഷണിയാകാൻ സാധ്യതയുണ്ട്.

ആമ്പൽക്കാലം കഴിയുന്നതോടെ സസ്യങ്ങൾ ചീഞ്ഞുപോകുന്നു. ടൺകണക്കിന് സസ്യ അവശിഷ്ടങ്ങളാണ് ജലാശയത്തിൽ അടിഞ്ഞുകൂടുന്നത്. അവശിഷ്ടങ്ങൾ പൂർണമായി ജീർണിക്കുന്നതോടെ വെള്ളത്തിനടിയിൽ ചെളിയുടെ ആവരണം രൂപപ്പെടുകയും ജലത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

സസ്യങ്ങൾ വൻതോതിൽ വളരുന്നത് ജലഗതാഗതത്തേയും സാരമായി ബാധിച്ചേക്കാം. കട്ടിയുള്ള ആമ്പൽ സസ്യങ്ങൾ ജലോപരിതലത്തിലൂടെയുള്ള സഞ്ചാരം ക്ലേശകരമാക്കുകയും സ്വാഭാവിക ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. വലിയ അളവിൽ ഇവിടെ പിങ്ക് ആമ്പൽ പൂക്കളുണ്ട്. ലക്ഷക്കണക്കിന് വരുന്ന ആമ്പൽ സസ്യങ്ങളുടെ തണ്ടുകളും ഇലകളും വെള്ളത്തിനടിയിലും മുകളിലുമായി വലിയ വലക്കണ്ണികൾ അഥവാ Dense Network രൂപപ്പെടുത്തുന്നു. കായലിലേക്കും തോടുകളിലേക്കും സ്വാഭാവികമായി ഒഴുകിപോകേണ്ട ജലത്തെ ഇവ തടഞ്ഞുനിർത്തുന്നു. ഒഴുക്കിന്റെ വേഗത കുറയുന്നത് വെള്ളം ഒരിടത്തുതന്നെ കെട്ടികിടക്കാനിടയാക്കുന്നു. പാടശേഖരങ്ങളിലെ വെള്ളം പുറത്തുകളയുന്നത് ചാലുകളിലൂടെയും തോടുകളിലൂടെയുമാണ്. ഈ സ്വാഭാവികപാതകളിൽ ആമ്പലുകൾ പടർന്നുവളരുന്നു. ഇവ ചാലുകളിലൂടെയുള്ള ജലം പുറത്തെത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ചീഞ്ഞുപോകുന്ന ചെടികൾ വൻതോതിൽ വെള്ളത്തിനടിയിൽ കെട്ടികിടക്കുന്നത് ആഴം കുറക്കുകയും സ്വാഭാവിക നീരൊഴുക്ക് കുറയ്ക്കുകയും ചെയ്യുന്നു. അപ്പർ കുട്ടനാടൻ തണ്ണീർത്തടങ്ങളിൽ വെള്ളം കെട്ടികിടക്കാൻ ഇതെല്ലാം കാരണമാകുന്നു.

കർഷകരോട് കരുണയില്ലാത്ത പൂക്കൾ?

കുട്ടനാട്ടിലെ പാതിയിലേറെ ജനതയും കൃഷിയിലൂടെ ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നവരാണ്. കാഴ്ചയ്ക്ക് കുളിർമയേകുന്ന ആമ്പൽ വസന്തം കർഷകർക്ക് ശാപമാകുന്ന അവസ്ഥയാണ്. ഇവരുടെ ഉപജീവനമാർഗത്തിനേൽക്കുന്ന തിരിച്ചടികൂടിയാണ് ആമ്പൽ പൂക്കൾ.

ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് പുഞ്ചകൃഷിക്ക് കുട്ടനാട്ടുകാർ നിലമൊരുക്കുന്നത്. എന്നാൽ ആ സമയത്ത് പാടം മുഴുക്കെ ആമ്പൽ പൂക്കൾ നിറഞ്ഞുനിൽക്കുന്നു. സസ്യങ്ങളുടെ വേരുകളും കിഴങ്ങുകളും മണ്ണിൽ ആഴത്തിൽ പടർന്നുകിടക്കും. കളിമണ്ണിൽ ആഴത്തിൽ പടർന്നിറങ്ങി ഉറച്ച് നിൽക്കാൻ പറ്റിയ വേരുകളാണ് ഇവയുടെ കരുത്ത്.‌ കിഴങ്ങുകളും വേരുകളും നീക്കം ചെയ്യാൻ ശ്രമിക്കുമ്പോൾ ട്രാക്ടറിന്റെ ബ്ലേഡുകളും ചക്രങ്ങളും ചീത്തയാകാറുണ്ട്. കട്ടിയുള്ള വള്ളികളും നാരുകളും ചുറ്റിപ്പിണഞ്ഞ് യന്ത്രം കേടാകുകയും ഉഴവ് തടസ്സപ്പെടുകയും ചെയ്യുന്നു. ട്രാക്ടർ ഉപയോഗിച്ച് നിരവധി തവണ ഉഴുതുമറിക്കേണ്ടി വരുന്നത് ഇന്ധനനഷ്ടത്തിനും സമയനഷ്ടത്തിനും ഇടയാക്കുന്നു. ചെളി തുരന്ന് സസ്യങ്ങൾ നീക്കം ചെയ്യുന്നത് ശ്രമകരമാണ്. സസ്യങ്ങൾ എളുപ്പത്തിൽ വലിച്ചൂരി നശിപ്പിക്കാനും ബുദ്ധിമുട്ടാണ്. വള്ളികൾ വേർപ്പെട്ടാലും അടിയിലുള്ള കിഴങ്ങ് കേടുപാടു പറ്റാതെ മണ്ണിനടിയിൽ നിലനിൽക്കും. അതിൽനിന്നും അതിവേഗം പുതിയ ആമ്പൽച്ചെടികൾ രൂപപ്പെട്ടുവരും. ആഴത്തിൽ തുരന്ന് കിഴങ്ങുകൾ പുറത്തെടുത്തു നശിപ്പിക്കാൻ പ്രത്യേകം തൊഴിലാളികൾ വേണ്ടിവരുന്നു. തൊഴിലാളിക്ഷാമവും ഉയർന്നകൂലിയും നിലനിൽക്കുന്നതിനാൽ കർഷകർക്ക് അമിതചിലവ് വഹിക്കേണ്ടിവരുന്നു.

ആമ്പലിന്റെ വേരുകൾ കട്ടിയുള്ള വലക്കണ്ണികൾ കണക്കെയാണ് പാടത്ത് പടർന്നുകിടക്കുന്നത്. നെൽവിത്ത് മുളച്ച് വേരുകൾ അടിയിലേക്ക് ഇറങ്ങിത്തുടങ്ങുമ്പോൾ, ആമ്പൽവേരുകളും കിഴങ്ങുകളും അതിനെ തടസ്സപ്പെടുത്താനിടയുണ്ട്. കട്ടിയുള്ള ആമ്പൽവേരുകളെ ഭേദിച്ച് മണ്ണിലേക്കിറങ്ങാൻ നെല്ലിന്റെ വേരിന് കഴിഞ്ഞെന്നുവരില്ല. ഇതോടെ വേരുകൾക്ക് മണ്ണിലുള്ള ഉറപ്പ് നഷ്ടമാകുന്നു. ഉപരിതലത്തിൽമാത്രം വേരുകളൂന്നി നിൽക്കേണ്ടിവരുന്നു. നേരിയ കാറ്റടിക്കുമ്പോഴോ, നെല്ല് വിളഞ്ഞശേഷം ഉണ്ടാകുന്ന ഭാരത്താലോ ചെടികൾ പെട്ടെന്ന് നിലം പതിക്കുകയും കതിരുകൾ നശിക്കുകയും ചെയ്യുന്നു. വേരുകൾക്കിടയിൽ കെട്ടികിടക്കുന്ന വെള്ളത്തിൽ അഴുക്ക് അടിഞ്ഞുകൂടുന്നത് നെൽച്ചെടിയുടെ വേരുകളെ ചീയിക്കുന്ന തരം ഫംഗസ്, ബാക്ടീരിയ രോഗങ്ങൾ പെരുകാൻ കാരണമായേക്കാം. മണ്ണിലെ ഈ വേരുയുദ്ധത്തിൽ പാവം നെൽച്ചെടികൾ നിസ്സഹായമാകുന്നു.

നെൽച്ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പൊട്ടാസ്യം, ഫോസ്ഫറസ് എന്നീ മൂലകങ്ങളെ ആമ്പൽവേരുകൾ അമിതമായി മണ്ണിൽനിന്നും വലിച്ചെടുക്കുന്നു. പിങ്ക് ആമ്പലുകളുടെ അതിവേഗത്തിലുള്ള വളർച്ചയ്ക്ക് ഇത്തരം മൂലകങ്ങൾ ആവശ്യമാണ്. ആമ്പലുകൾ പോഷകങ്ങളെ ചൂഷണം ചെയ്യുന്നത് നെൽചെടിയിൽ പോഷക അപര്യാപ്തത ഉണ്ടാകാനിടയാക്കുന്നു. മണ്ണിലെ പ്രകൃതിദത്ത പോഷകങ്ങൾ പുനരുൽപ്പാദിപ്പിക്കപ്പെടാറുള്ളത് കൃഷിയിറക്കാത്ത ഇടവേളകളിലാണ്. എന്നാൽ പൂർണമായും പാടങ്ങൾ ആമ്പലുകൾ കയ്യടക്കുന്നതോടെ മണ്ണിന് വിശ്രമം ലഭിക്കാതെ വരികയും നിലവിൽ അവശേഷിക്കുന്ന പോഷകസമ്പത്ത് തീർന്നുപോകുകയും ചെയ്യുന്നു. മണ്ണിലെ സൂക്ഷ്മജീവികൾ ആമ്പലുകളുടെ അമിതവ്യാപനം കാരണം നശിക്കുമെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ, സസ്യങ്ങൾക്ക് ആഗിരണം ചെയ്യാൻ പാകത്തിൽ, ജൈവവസ്തുക്കളെ വിഘടിപ്പിച്ച് പോഷകങ്ങളാക്കി മാറ്റുന്നത് ഈ സൂക്ഷ്മജീവികളാണ്. ഇവയുടെ അഭാവം മണ്ണിൽ പോഷകക്കുറവ് ഉണ്ടാക്കുന്നു.

"ഞങ്ങൾ കർഷകരെ സംബന്ധിച്ച് ഈ പിങ്ക് ആമ്പൽ ഒരു കളസസ്യമാണ്. അതുകൊണ്ടാണ് മരുന്നടിച്ചും യന്ത്രങ്ങൾ ഉപയോഗിച്ചും ആമ്പലുകൾ നീക്കം ചെയ്യുന്നത്. പിങ്ക് ആമ്പലുകൾ കാരണം വൻതോതിൽ വിളവ് കുറഞ്ഞിട്ടുണ്ടോ എന്നത് വിശദമായി പരിശോധിച്ച ശേഷമേ പറയാൻ കഴിയൂ. വിളവിൽ ഇപ്പോൾ ചെറിയ കുറവുണ്ട്. അതിനുകാരണം മീനച്ചിലാറിൽ നിന്നും ഏക്കൽമണ്ണ്, മടകൾ വഴി വയലിൽ എത്തിച്ചേരാത്തതാണ്. ഏക്കൽ മണ്ണിലെ പോഷക ങ്ങൾ കൃഷിക്ക് വളരെയധികം ആവശ്യമാണ്. എന്നാൽ മടകൾ എല്ലാം അടഞ്ഞുകിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.- പീറ്റർ നൈനാൻ മലരിക്കലിലെ കർഷകൻ

മണ്ണിലെ പോഷകങ്ങളെല്ലാം ആമ്പലുകൾ കവർന്നെടുത്തതിനാൽ പിന്നീട് നെൽക്കൃഷി ഇറക്കുമ്പോൾ നെല്ലിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെവരുന്നു. ഇത് പരിഹരിക്കാൻ ധാരാളം രാസവളവും ജൈവവളവും പ്രയോഗിക്കേണ്ടിവരുമോ എന്ന് കർഷകർക്ക് ആശങ്കയുണ്ട്. മണ്ണിന്റെ സ്വാഭാവിക കരുത്ത് നഷ്ടപ്പെടാനും, കർഷകർക്ക് അമിതചിലവിനും ഇത് വഴിയൊരുക്കും. ആമ്പൽക്കാലം കഴിയുന്നതോടെ പാടത്ത് കീടങ്ങളും കളകളും പെരുകുന്നു. ഇവയിൽ മിക്കവയും പ്രകൃതിക്ക് ദോഷം ചെയ്യുന്നവയാണ്. ആമ്പലിന്റെ അവശേഷിക്കുന്ന ഇലകളും തണ്ടുകളും പലതരം കീടങ്ങൾ മുട്ടയിട്ടുപെരുകാൻ തിരഞ്ഞെടുക്കുന്നു. നെൽക്കൃഷിയെ ദോഷകരമായി ബാധിക്കുന്ന ചാഴികളുടേയും തണ്ടുതുരപ്പൻപ്പുഴുക്കളുടേയും ലാർവകൾ ആമ്പൽ അവശിഷ്ടങ്ങളിലുണ്ടാകാനിടയുണ്ട്. ആമ്പലുകൾ ചീയുന്നതോടെ വെള്ളം മലിനപ്പെടുന്നു. ഇത് മണ്ണിലുണ്ടാകുന്ന അസിഡിക്ക് സ്വഭാവം കാരണം നെല്ലിന് വിവിധതരം രോഗങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇതെല്ലാം കർഷകർക്ക് വൻതോതിൽ നഷ്ടമുണ്ടാക്കും.

വിനോദസഞ്ചാരത്തിന്റെ കണ്ണിൽ വിരിഞ്ഞുനിൽക്കുന്ന മലരിക്കൽ

"മലരിക്കലെ പിങ്ക് വസന്തം അവിടുത്തെ ജനങ്ങളെ സംബന്ധിച്ച് വലിയൊരു അനുഗ്രഹമായിരുന്നു. വറുതിക്കാലത്ത് ഞങ്ങൾക്ക് അത് നല്ല വരുമാനം നൽകിയിട്ടുണ്ട്. കൃഷിക്കും മത്സ്യബന്ധനത്തിനുംമാത്രം സാധ്യതയുണ്ടായിരുന്ന ഒരു പ്രദേശത്ത് പലതരത്തിലുള്ള തൊഴിലുകളും ചെറുകിട കച്ചവടങ്ങളും വളരാൻ മലരിക്കലെ ആമ്പൽ വസന്തം കാരണമായിട്ടുണ്ട്."-ഷജിൻ, മലരിക്കലെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

കാഴ്ചക്കാർക്ക് വസന്തകാലമൊരുക്കുകയാണ് മലരിക്കൽ. പിങ്ക് പറുദ്ദീസ എത്രകണ്ടാലും ആർക്കും മതിയാകില്ല. രാത്രി എട്ടുമണിയോടെ വിരിയുന്ന പൂക്കൾ രാവിലെ പതിനൊന്ന് വരെയാണ് നിലനിൽക്കുക. പിങ്ക് മലരിതളുകൾക്കിടയിലൂടെ വെളിച്ചം എത്തിനോക്കുന്ന കാഴ്ച കാണാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്. മലരിക്കൽ എക്കോ ടൂറിസ്റ്റ് സ്പോട്ടായതിനുശേഷം പ്രാദേശികമായ സമ്പദ് വ്യവസ്ഥയിൽ ഗുണപരമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്.

തിരുവാർപ്പ്, കാഞ്ഞിരം പ്രദേശങ്ങളിലെ ജനങ്ങൾക്ക് മികച്ച വരുമാന സ്രോതസ്സ് ഒരുക്കിക്കൊടുക്കുയാണ് ഈ പിങ്ക് വസന്തം. ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ കുതിപ്പുണ്ടാക്കാൻ മലരിക്കലിലെ വിനോദസഞ്ചാരത്തിന് കഴിഞ്ഞിട്ടുണ്ട്. മൂന്ന് മുതൽ നാല് മാസംവരെ മാത്രം നീണ്ടുനിൽക്കുന്ന ഈ കാഴ്ച്ചയിലൂടെ ലക്ഷകണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ ആ പ്രദേശത്ത് നടക്കുന്നുണ്ട്. പരമ്പരാഗത കർഷകർക്കും വള്ളം കടത്തുകാർക്കും മികച്ച വരുമാനം ആണ് മലരിക്കലിലൂടെ ലഭിക്കുന്നത്. ഇൻഫർമേഷൻ കേരളാ മിഷന്റെ വിവരങ്ങൾ പ്രകാരം 500 ലധികം നാടൻവള്ളങ്ങൾ മലരിക്കലിൽ സർവ്വീസ് നടത്തുന്നുണ്ട്. ആയിരക്കണക്കിന് സന്ദർശകർ എത്തുന്ന മലരിക്കലിൽ നിശ്ചിതതുക വീതം തോണിയാത്രയ്ക്ക് ഈടാക്കുന്നു. ഓഫ് സീസണിൽ വരുമാനം കുറയുന്ന വള്ളക്കാർക്കും കൃഷിക്കാർക്കും ഇതിലൂടെ നല്ലൊരു വരുമാനം ഉണ്ടാക്കാനാകുന്നുണ്ട്.

പുലർകാലത്തെത്തുന്ന സഞ്ചാരികൾക്കുവേണ്ടി നിരവധി നാടൻഭക്ഷണശാലകൾ ഇവിടങ്ങളിൽ ഉയരുന്നുണ്ട്. നാടൻ മീൻകറിയും , കപ്പയുമെല്ലാം വിൽക്കാൻ വീട്ടമ്മമാരുൾപ്പടെ എത്താറുണ്ട്. ഭക്ഷണവിൽപ്പനയും ഇവിടെ നല്ലൊരു വരുമാന സ്രോതസ്സാണ്. കുട്ടനാടൻ തണ്ണീർത്തടങ്ങളിൽ നിന്നും പാടങ്ങളിൽ നിന്നും ലഭിക്കുന്ന നാടൻ മീനുകളും പച്ചക്കറികളും ഇടനിലക്കാരില്ലാതെ സഞ്ചാരികൾക്ക് വിൽക്കാനും പണം സമ്പാദിക്കാനും ഗ്രാമീണർക്ക് സാധിക്കുന്നുണ്ട്.

കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നും ബസ് സ്റ്റാന്റിൽ നിന്നും മലരിക്കലേക്ക് പ്രത്യേക ടാക്സിസർവ്വീസുകളുണ്ട്. ഓട്ടോറിക്ഷാ- ടാക്സി ഡ്രൈവർമാർക്ക് നല്ലൊരു വരുമാനം പിങ്ക് വസന്തം നൽകുന്നു. വിദൂര സ്ഥലങ്ങളിൽ നിന്നുപോലും സഞ്ചാരികളെത്തുന്നത് കോട്ടയം- തിരുവാർപ്പ് ഭാഗത്തെ ഹോം സ്റ്റേകൾക്കും ഹോട്ടലുകൾക്കും സാമ്പത്തികപരമായ കരുത്തേകുന്നു. ആമ്പൽ വസന്തം കാണാനെത്തുന്ന മിക്കവരും ഇവിടെ താമസം ബുക്ക് ചെയ്യുന്നു. സഞ്ചാരികൾക്കും സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാർക്കുംവേണ്ടി ക്യാമറാ റെന്റൽ ഷോപ്പും ഫോട്ടോഗ്രാഫർമാരും ഇവിടെ ഉണ്ടാകാറുണ്ട്.

സാമ്പത്തിക ഉണർവ്വും പാരിസ്ഥിതിക പ്രശ്നവും...മലരിക്കലിനെ എങ്ങനെ സുസ്ഥിരമാക്കാം

പിങ്ക് വസന്തം കാണാൻ നിരവധി പേരെത്തുന്ന മലരിക്കലിലെ അസ്വഭാവികമായ ആമ്പൽ വ്യാപനം നിരവധി പാരിസ്ഥിതിക - കാർഷിക പ്രതിസന്ധികൾക്ക് വഴിവെക്കുന്നുണ്ട്. എന്നാൽ വൻ വിനോദസഞ്ചാര-സാമ്പത്തിക നേട്ടമുള്ള ഈ പ്രദേശത്തുനിന്ന് പാരിസ്ഥിതിക ആഘാതം ഭയന്ന് ആമ്പലുകൾ നീക്കം ചെയ്യുന്നത് ടൂറിസ്റ്റ് സാധ്യതകൾക്ക് കോട്ടം സൃഷ്ടിച്ചേക്കാം.

നിശ്ചിത വിസ്തൃതിയുള്ള പ്രദേശംമാത്രം ആമ്പൽവളർച്ചയ്ക്കുവേണ്ടി മാറ്റിവെക്കാം.സഞ്ചാരികൾക്ക് ഫോട്ടോഷൂട്ടിനും ബോട്ടിങ്ങിനുംവേണ്ടി ഇവിടെ അനുവാദം നൽകാം. അതായത് ഈ മേഖലയെ ടൂറിസം സോണായി പരിഗണിക്കുന്നത് നന്നായിരിക്കും. വേമ്പനാട്ടുകായലിലേക്കോ സമീപത്തുള്ള മറ്റ് ജലാശയങ്ങളിലേക്കോ ആമ്പൽ പടരാതിരിക്കാൻ നെറ്റുകളും ബയോ ബാരിയേഴ്സും സ്ഥാപിക്കാം. ഇവയുടെ വലക്കണ്ണികൾ ജലം കടന്നുപോകത്തക്ക രീതിയിൽ വലുപ്പമുള്ളതും ആമ്പൽ വേരുകൾക്ക് കടന്നുപോകാൻ സാധിക്കാത്തവയുമാണ്. ആയതിനാൽ ആമ്പൽക്കിഴങ്ങുകളെ ഇവ ഒരു ഭാഗത്ത് ഒഴുകാൻ വിടാതെ തടഞ്ഞുനിർത്തുന്നു. ആമ്പൽ വളരുന്നതും കൂടുതൽ വ്യാപിക്കുന്നതും ജലോപരിതലത്തിലാണ്. അടിത്തട്ടിലെ ഒഴുക്ക് കുറയാതിരിക്കാൻ ജലാശയത്തിന്റെ നിശ്ചിത ആഴത്തിലും ഉപരിതലത്തിലും ബാരിയേഴ്സ് വെക്കുന്നതാണ് നല്ലത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തടയാനായി കായലുകളിലും പുഴകളിലും ഉപയോഗിക്കുന്ന ഫ്ലോട്ടിങ് ബൂമുകൾ മലരിക്കലിലും ഉപയോഗിക്കാം. ഇവ വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കാതെതന്നെ ആമ്പലുകളെ തടയും. എന്നാൽ കൃത്യമായ ഇടവേളകളിൽ ഇവ വൃത്തിയാക്കാനും മഴക്കാലത്തിന് മുൻപ് ഇതിൽ വന്നുചേർന്നിട്ടുള്ള തടസ്സങ്ങൾ നീക്കം ചെയ്യാനും മറക്കരുത്. ആമ്പലുണ്ടാക്കുന്ന തടസ്സം നീങ്ങുന്നതിലൂടെ ജലാശയങ്ങളിലെ സ്വാഭാവികമായ നീരൊഴുക്ക് സാധ്യമാകുന്നു. വെള്ളപ്പൊക്ക ഭീഷണി ഒരു പരിധിവരെ അതിജീവിക്കാൻ ഇതിലൂടെ സാധിക്കും. ടൂറിസം സോൺ തിരിച്ചതുപോലെ കൃഷിക്കുവേണ്ടിയും പ്രത്യേക സോൺ തിരിക്കുക. ഇവിടെ ആമ്പൽ പടരാതിരിക്കുന്നതിലൂടെ സുഗമമായ നെൽക്കൃഷി സാധ്യമാക്കാം.

കഴിവതും മോട്ടോർ ബോട്ടുകൾ ഇത്തരം തണ്ണീർത്തടങ്ങളിൽ വിലക്കുക. പരമ്പരാഗത വള്ളങ്ങളിൽ യാത്ര ചെയ്യാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്നതാണ് പരിസ്ഥിതിക്ക് നല്ലത്. മോട്ടോർ ബോട്ടുകൾ ജലാശയത്തിൽ മലിനീകരണം ഉണ്ടാക്കുകയും ഇതുവഴി ജലജീവികളുടെ നിലനിൽപ്പിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഗ്രീൻ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കി , പ്ലാസ്റ്റിക്ക് രഹിത വിനോദസഞ്ചാരത്തിന് ഇടം നൽകുന്നത് പാടങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് തടയാൻ ഉപകരിക്കും.

ആമ്പൽ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി നീക്കംചെയ്യാത്തതാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണം. സമയബന്ധിതമായി ട്രാക്ടറുകളും മറ്റ് ആധുനികയന്ത്രങ്ങളും ഉപയോഗിച്ച് ആമ്പലുകളെ വേരോടെ പിഴുതെടുക്കേണ്ടതുണ്ട്. നീക്കം ചെയ്യുന്ന ആമ്പൽസസ്യങ്ങൾ അലക്ഷ്യമായി കളയാതെ അവ തദ്ദേശസ്വയംഭരണ കേന്ദ്രങ്ങൾ വഴി കമ്പോസ്റ്റിങ് യൂണിറ്റുകളിലെത്തിക്കുന്നത് നന്നായിരിക്കും. പിന്നീട് കൃഷിക്ക് ഉപയുക്തമാകുന്ന ജൈവവളം ഇങ്ങനെ തയ്യാറാക്കാം. ആമ്പൽ വസന്തം കഴിഞ്ഞാലും കുറേക്കാലം നെൽപ്പാടങ്ങൾ ക‍ൃഷിയില്ലാതെ ഒഴിഞ്ഞുകിടക്കാറുണ്ട്. ടൂറിസം സീസൺ കഴിഞ്ഞയുടൻ നെൽകൃഷിയിറക്കാൻ ശ്രമിക്കുന്നത് ആമ്പലുകളുടെ അതിവ്യാപനം ചെറുക്കാൻ സഹായിക്കും. കാരണം സസ്യങ്ങൾ അമിതമായി പടരുന്നത് നിലമൊരുക്കലിന്റെ ഭാഗമായി തടയപ്പെടും. സ്വാഭാവിക ഒഴുക്ക് നിലനിർത്താൻ ആമ്പലുകൾ കൃത്യമായ ഇടവേളകളിൽ മീനച്ചിലാറ്റിൽ നിന്നും സമീപഭാഗത്തെ തോടുകളിൽ നിന്നും നീക്കം ചെയ്യാനും ശ്രദ്ധിക്കേണ്ടതുണ്ട്. പൂക്കളും സസ്യങ്ങളും വിപണനത്തിന് ഉതകുന്ന തരത്തിൽ മൂല്യവർദ്ധിത വസ്തുക്കളാക്കി മാറ്റുന്നത് സമീപവാസികൾക്ക് നല്ല വരുമാനം നൽകും. പ്രാദേശികസംഘങ്ങളെ ഉപയോഗിച്ച് പൂക്കൾ വിളവെടുക്കാൻ സാധിക്കും. ആമ്പൽസസ്യങ്ങളുപയോഗിച്ച് ആയുർവേദ മരുന്നുകൾ, കരകൗശല വസ്തുക്കൾ, വിവിധതരം ഭക്ഷ്യവസ്തുക്കൾ എന്നിവ തയ്യാറാക്കുന്നത് സസ്യങ്ങളുടെ എണ്ണം കുറയ്ക്കാനും നല്ലൊരു വരുമാനമാർഗം സൃഷ്ടിക്കാനും അവസരമൊരുക്കും.

തദ്ദേശ സ്വയംഭരണ വകുപ്പിന്റേയും വിവിധ ഗവേഷണസ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ മലരിക്കലിലെ നിലവിലെ പ്രതിസന്ധിയെ ആസ്പദമാക്കി പാരിസ്ഥിതിക ആഘാതപഠനങ്ങൾ നടത്തേണ്ടത് അനിവാര്യമാണ്. ശാസ്ത്രീയമായ പഠനങ്ങളും അവയുടെ പ്രയോഗവത്ക്കരണവും പാരിസ്ഥിതിക പ്രശ്നങ്ങളെ അതിജീവിക്കാൻ സഹായകരമാകും. ഇക്കോ-ടൂറിസം കലണ്ടർ രൂപീകരിച്ച് പ്രവർത്തിക്കുന്നതിലൂടെ, പ്രകൃതിയെ നോവിക്കാതെതന്നെ വരും കാലങ്ങൾക്കുവേണ്ടി ആമ്പൽവസന്തം കാത്തുസൂക്ഷിക്കാം.