
ഇക്കാലമത്രയും കേരളത്തിന് കേട്ടുകേള്‍വിയില്ലാത്തതായിരുന്നു കപ്പലപകടങ്ങള്‍. വിദേശ രാജ്യങ്ങളിലും സിനിമകളിലുമെല്ലാം കണ്ടിരുന്ന മുങ്ങുന്ന കപ്പലുകളും കത്തുന്ന കണ്ടെയ്നറുകളും തൊട്ടടുത്ത് കണ്ടതിന്റെ ഞെട്ടലിലുമാണ് നമ്മള്‍. ആദ്യം ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ-3, രണ്ടാഴ്ച പിന്നിടുമ്പോള്‍ എം.വി വാന്‍ ഹായ് 503. അത്യന്തം അപകടകരമായ രാസവസ്തുക്കളും ചരക്കുകളും നിറഞ്ഞ കണ്ടെയ്നറുകള്‍ കടലില്‍ കലര്‍ന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളും പാരിസ്ഥിതിക മലിനീകരണവും ഉണ്ടാക്കുമെന്ന് വിലയിരുത്തുമ്പോഴും അതിലെല്ലാമപ്പുറമാണ് തീരത്തടിയുന്ന പ്ലാസ്റ്റിക് പെല്ലുകളും (നര്‍ഡില്‍സുകള്‍) ഉണ്ടാക്കുന്ന തിരിച്ചടിയും.
നര്‍ഡില്‍സുകള്‍ കൈകാര്യം ചെയ്യുന്നതിന് ലോകരാജ്യങ്ങള്‍ അതിശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോഴാണ് അപ്രതീക്ഷിതമായി കേരളത്തിനും ഈ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്നത്. ഇതോടെ കേരളവും നര്‍ഡില്‍സ് ദുരന്തമാപ്പില്‍ ഇടംപിടിക്കുകയും ചെയ്തു. മനുഷ്യ ജീവനപ്പുറം സമുദ്രജീവികളെ ശ്വാസംമുട്ടിച്ച് കൂട്ടമരണത്തിന് വഴിവെക്കുന്ന പെല്ലറ്റ് ദുരന്തത്തിന്റെ പല ഉദാഹരണവും ലോകത്തിന് മുന്നിലുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 2021 ല്‍ ശ്രീലങ്കന്‍ തീരത്ത് കത്തിയമര്‍ന്ന എക്സ്പ്രസ് പേള്‍ ദുരന്തത്തിന് ശേഷം സംഭവിച്ചത്. അതില്‍ നിന്ന് പൂര്‍ണമായും മുക്തമാകാന്‍ ഇന്നും അവര്‍ക്കായിട്ടില്ല. യു.എന്‍ പോലും ഇതിനെ വിശേഷിപ്പിച്ചത് ഏറ്റവും ഭീകരമായ സമുദ്ര ദുരന്തങ്ങളിലൊന്ന് എന്നാണ്.
കണ്ടെയ്നറുകളിലെ അപകടകരമായ സ്വാഭാവിക ചരക്കുകളുണ്ടാക്കുന്ന ദുരന്തങ്ങള്‍പ്പുറം അന്ന് തീരങ്ങളിലടിഞ്ഞ പെല്ലറ്റുകളായിരുന്നു ഏറ്റവും ഭീഷണി. എണ്ണമില്ലാത്ത സമുദ്രജീവികള്‍ ചത്തൊടുങ്ങി. തീര ശൂചീകരണമെന്നത് വലിയ വെല്ലുവിളി തന്നെയായി. ഇതേ നര്‍ഡില്‍സുകള്‍ എം.എസ്.സി എല്‍സ ത്രീ മുങ്ങിയതിന് ശേഷം തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലും അടിഞ്ഞതോടെ വലിയ പ്രതിഷേധത്തിലാണ് ജനങ്ങള്‍. വാരിയെടുത്ത പെല്ലറ്റുകളുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരേ അവിടെയുള്ളവര്‍ പ്രതികരിക്കുകയാണ്. പെല്ലറ്റുകള്‍ നീക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും എങ്ങനെ എപ്പോള്‍ നീക്കുമെന്നത് സംബന്ധിച്ച് ഇതുവരെ കൃത്യമായി ധാരണയായിട്ടില്ല.

നര്‍ഡില്‍ അഥവാ പെല്ലറ്റുകള്‍
പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുവാണ് പ്രീ പ്രൊഡക്ഷന്‍ പ്ലാസ്റ്റിക് പെല്ലെറ്റ് എന്നറിയപ്പെടുന്ന വലിപ്പവും ഭാരവും കുറഞ്ഞ വെളുത്ത തരികളായ നര്‍ഡിലുകള്‍. ഇത് ഏകദേശം പയര്‍ വിത്തിന്റെ അത്രയും വലിപ്പമേ വരികയുള്ളൂവെങ്കിലും വലിയ അപകടകാരിയാണ്. പാക്കേജിങ് മെറ്റീരിയലുകള്‍, വീട്ടുപകരണങ്ങള്‍, ഓട്ടോമോട്ടീവ് ഭാഗങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങിയവ നിര്‍മിക്കാനാണ് ഇവ ഉപയോഗിക്കുന്നത്.
ലോകത്താകെ വര്‍ഷം ഏകദേശം 2,30,000 ടണ്‍ പ്ലാസ്റ്റിക് തരികള്‍ സമുദ്രത്തില്‍ എത്തുന്നുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മത്സ്യമുട്ടകള്‍ പോലെ തോന്നിക്കുന്ന ഇത് മത്സ്യങ്ങളും കടലാമകളും കടല്‍പ്പക്ഷികളും ഭക്ഷിക്കുന്നത് മത്സ്യസമ്പത്തിന് തന്നെ ഭീഷണിയാണ്. കടല്‍വെള്ളത്തിലെ രാസവസ്തുക്കളുമായി ചേര്‍ന്ന് ഇവ വിഷകരമായ വസ്തുവായി മാറാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2012-ല്‍ ഹോങ് കോങ്, 2017-ല്‍ ദക്ഷിണാഫ്രിക്ക, 2021-ല്‍ ശ്രീലങ്ക, 2023-ല്‍ നോര്‍വേ, കഴിഞ്ഞ മാര്‍ച്ചില്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ വലിയ അളവില്‍ നര്‍ഡില്‍ കടലില്‍ വീണ് പാരിസ്ഥിതികാഘാതമുണ്ടായിട്ടുണ്ട്. ഓപ്പറേഷന്‍ ക്ലീന്‍ സ്വീപ്പ് എന്ന പേരില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും നര്‍ഡില്‍ ചോര്‍ച്ച തടയാന്‍ നയം രൂപവത്കരിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ നര്‍ഡില്‍ ഗതാഗതത്തിന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളതീരത്ത് എത്ര അളവില്‍ നര്‍ഡില്‍ എത്തിയിട്ടുണ്ടെന്ന് കണക്കാക്കാനായിട്ടില്ല. മണലുമായി ചേര്‍ന്നുകിടക്കുന്നതിനാല്‍ ഇവ ശേഖരിക്കാന്‍ പ്രത്യേക അരിപ്പകള്‍ ഉപയോഗിക്കണം. തീരദേശത്തുള്ളവര്‍ ഇത് കൈകാര്യംചെയ്യരുതെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. കൂട്ടായ ശുചീകരണ യജ്ഞത്തിലൂടെ ഇവ നീക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

മീനുകളെ ശ്വാസംമുട്ടിച്ച് കൊല്ലുന്ന നര്‍ഡില്‍സുകള്‍
2021 മേയ് മാസം 20 ന് കൊളമ്പോ തീരത്ത് എക്സ്പ്രസ് പേള്‍ കപ്പല്‍ മുങ്ങിയപ്പോള്‍ അതില്‍നിന്നും 350 ടണ്‍ ഇന്ധനമായിരുന്നു സമുദ്രത്തില്‍ പരന്നത്. ഇത് ശ്രീലങ്കയെ അപ്പാടെ ഞെട്ടിച്ചുകളഞ്ഞു. മാത്രമല്ല നൈട്രിക് ആസിഡ്, കാസ്റ്റിക് സോഡ, മെത്തനോള്‍ പോലുള്ളവ കടലിലേക്ക് പരന്നപ്പോള്‍ ഇത് പരിസ്ഥിയെ അപ്പാടെ തകര്‍ത്ത് കളയുമെന്നായിരുന്നും കരുതിയത്. പക്ഷേ, അന്ന് കടലിലൊഴുകിയ 87 കണ്ടെയിനറുകളിലുള്ള പ്ലാസ്റ്റിക് പെല്ലറ്റുകളായിരുന്നു ഏറ്റവും വലിയ തിരിച്ചടിയുണ്ടാക്കിയത്.
ദുരന്തത്തിന് ശേഷം ഇത് രാജ്യത്തിന്റെ ഭൂരിഭാഗം തീരപ്രദേശങ്ങളിലേക്കും ഒഴുകിയെത്തി. സമാന രീതിയില്‍ ഇൻഡൊനീഷ്യ, മലേഷ്യ, സോമാലിയ പോലുള്ള തീരങ്ങളിലേക്കും എന്തിന് സമുദ്രത്തിന്റെ അടിത്തട്ടിലേക്കും വരെ പടര്‍ന്നു. വായില്‍ പെല്ലറ്റുകള്‍ നിറഞ്ഞ് ഡോള്‍ഫിനുകളും മറ്റ് സമുദ്രജീവികളും ചത്ത് പൊങ്ങുന്നത് പതിവ് കാഴ്ചയായി. ഏകദേശം 1680 ടണ്‍ പെല്ലറ്റുകള്‍ അന്ന് കടലിലെത്തിയെന്നാണ് കണക്കാക്കുന്നത്. യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ പെല്ലറ്റ് ദുരന്തവും എക്സ്പ്രസ് പേളിന്റേതായി മാറി. കടല്‍വെള്ളത്തിന്റെ സ്വഭാവമനുസരിച്ച് മുങ്ങിയും ഒഴുകിയും നടക്കുന്ന പെല്ലുറ്റുകള്‍ കൂട്ടമരണമുണ്ടാക്കുന്ന കുഞ്ഞന്‍ വിഷം കൂടിയാണ്.
കടല്‍ പക്ഷികളും മത്സ്യങ്ങളും മറ്റ് വന്യജീവികളും ഇവയെ പലപ്പോഴും ഭക്ഷണമായി തെറ്റിദ്ധരിക്കാറുണ്ട്. അങ്ങനെ ഇവ പരിസ്ഥിതിയില്‍ നാനോ കണികകളായി വിഘടിക്കുന്നു. ഇത് കൂടുതല്‍ സങ്കീര്‍ണമാണ്. ഭാരമനുസരിച്ച് സമുദ്രത്തിലെ സൂക്ഷ്മ മലിനീകാരികളുടെ രണ്ടാമത്തെ ഏറ്റവും വലിയ ഉറവിടം പെല്ലറ്റുകളാണ്. ഓരോ വര്‍ഷവും 2,30,000 ടണ്‍ നര്‍ഡിലുകള്‍ സമുദ്രങ്ങളില്‍ എത്തിച്ചേരുന്നുവെന്നാണ് കണക്ക്.
2012-ല്‍ എക്സ്പ്രസ് പേള്‍ അപകടമുണ്ടാവുന്നതിന് മുന്നെ ഹോങ് കോങില്‍ നടന്ന കപ്പലപകടത്തിലൂടെയായിരുന്നു ഏറ്റവും വലിയ പെല്ലറ്റ് ദുരന്തമുണ്ടായത്. അന്ന് 150 ടണ്‍ പെല്ലറ്റുകളാണ് കടലിലേക്ക് ഒഴുകിയത്. എന്നാല്‍ എക്സ്പ്രസ് പേളിന്റെ അപകടം അതുവരെയുള്ള കണക്കുകളെയെല്ലാം മറികടന്നു. അയിരക്കണക്കിന് മത്സ്യങ്ങള്‍, കടലാമകള്‍, ഡോള്‍ഫിനുകള്‍, ലയണ്‍ ഫിഷ് എന്നിവയെല്ലാം കരക്കടിഞ്ഞു. ഇവയുടെയെല്ലാം വായിലും ശരീരത്തിലും പെല്ലുറ്റുകളും നിറഞ്ഞിരുന്നു.
ചെകിളപ്പൂക്കളില്‍ പെല്ലറ്റുകള്‍ പറ്റിപ്പിടിച്ച് ജീവശ്വാസം കിട്ടാതെയായിരുന്നു മത്സ്യങ്ങള്‍ മരണമടഞ്ഞത്. സമാനരീതിയില്‍ കടലാമകളേയും മറ്റ് സമുദ്രജീവികളേയും ബാധിച്ചു. മാത്രല്ല അന്ന് ശ്രീലങ്കന്‍ തീരത്ത് പ്രചനനത്തിന് എത്തേണ്ട കടലാമകളുടെ മൊത്തം ജീവിതചക്രത്തെ തന്നെ ഈ ദുരന്തം ബാധിച്ചുവെന്നും വിദഗ്ധര്‍ വിലയിരുത്തി. ദുരന്തത്തിനുശേഷം മാസങ്ങള്‍ക്കുള്ളില്‍ 600-ലധികം ആമകളെയാണ് കടല്‍ത്തീരത്ത് കണ്ടെത്തി, പലതിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ചിലത് ഒടിഞ്ഞ തോടുകളും മറ്റുള്ളവ പൊള്ളലേറ്റപോലെയുമായിരുന്നു.

പെല്ലറ്റുകള്‍ കേരള തീരത്തുമെത്തി 48 മണിക്കൂറിനുള്ളില്‍
മേയ് 24-ാം തീയതിയാണ് ഏകദേശം മുപ്പത് വര്‍ഷം പ്രായമുള്ള ലൈബീരയന്‍ പതാക പതിച്ച കാര്‍ഗോ കപ്പല്‍ എം.എസ്.സി എല്‍സ 600 കണ്ടെയനറുകളുമായി മുങ്ങിയത്. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. ഇതിലെ ഓയില്‍ ചോര്‍ച്ചയായിരുന്നു ഏറ്റവും പ്രധാന വെല്ലുവിളിയായി ആദ്യം കണക്കാക്കിയിരുന്നത്. 88.4 മെട്രിക് ടണ്‍ ഡീസലും 367 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലുമെന്നായിരുന്നു തീര സംരക്ഷണസേന ആദ്യം കണക്കാക്കിയത്. ജീവനക്കാരെ സംരക്ഷിച്ച ശേഷം ഇന്ധനങ്ങള്‍ വലിയ തോതില്‍ പടരാതിരിക്കാനുള്ള നടപടികളും കൈക്കൊണ്ടിരുന്നു. എന്നാല്‍ 48 മണിക്കൂറിനിടെ കണ്ടെയ്‌നറുകള്‍ക്കൊപ്പം കേരള തീരത്തേക്ക് പെല്ലറ്റുകളും എത്തുകയായിരുന്നു. പതിനായിരക്കണക്കിന് പെല്ലറ്റുകള്‍ തീരങ്ങളിലെത്തി. അത്ര തന്നെ മുങ്ങിയിരിപ്പുണ്ടാകുമെന്നും കണക്കാക്കുന്നുണ്ട്. ഇത് മത്സ്യങ്ങളും മറ്റും ഭക്ഷിക്കുന്നതിലൂടെ മനുഷ്യ ശരീരത്തിലുമെത്താമെന്നും കണക്കുകൂട്ടുന്നുണ്ട്. ഭീതി വര്‍ധിച്ചതോടെ ജനങ്ങള്‍ മത്സ്യം ഉപയോഗിക്കുന്നതും കുറഞ്ഞു. മാത്രമല്ല മത്സ്യലഭ്യതയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് വിലയിരുത്തലുണ്ടായതോടെ വലിയ പ്രതിഷേധത്തിലുമാണ് തൊഴിലാളികള്‍. തീരത്തടിഞ്ഞ പെല്ലറ്റുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഇത് എത്രമാത്രം ഫലപ്രദമാകുമെന്നാണ് കണ്ടറിയേണ്ടത്.
2021 മേയ് 21 ന് എക്സ്പ്രസ്-പേള്‍ കപ്പല്‍ കടലില്‍ കത്തിപ്പടര്‍ന്ന ശേഷം ജൂണ്‍ 14ന് തന്നെ മഹാശുചീകരണ യജ്ഞത്തിന് ശ്രീലങ്ക തുടക്കം കുറിച്ചിരുന്നു. ഏകദേശം 18,973 പേര്‍ ശുചീകരണ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പക്ഷേ, ഓരോ തവണ ശൂചീകരണം പൂര്‍ത്തിയാക്കുമ്പോഴും പിറ്റെ ദിവസങ്ങളില്‍ മറ്റൊരു ബാച്ച് പെല്ലറ്റുകള്‍ തിരിച്ചെത്തുന്ന അവസ്ഥയിലായിരുന്നു. ഇതാണ് ഇവിടേയും ഏറ്റവും വലിയ വെല്ലുവളി. എത്രമാത്രം പ്ലാസ്റ്റിക് പെല്ലറ്റുകള്‍ കടലില്‍ ഒഴുകിയിട്ടുണ്ട് എന്നത് സംബന്ധിച്ച് കൃത്യമായ കണക്കെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
കണ്ടെയ്‌നറുകളിലുണ്ടായിരുന്ന നര്‍ഡിലുകള്‍ എന്ന പ്ലാസ്റ്റിക് തരികള്‍ നിലവില്‍ തിരുവനന്തപുരത്തെ തീരപ്രദേശമാകെ വ്യാപിച്ചിരിക്കുകയാണ്. തുമ്പ മുതല്‍ ഇടവ വരെയുള്ള ജില്ലയിലെ വടക്കന്‍ മേഖലകളിലെ കടല്‍ത്തീരങ്ങളിലാണ് ഇവ അടിഞ്ഞത്. ഇതു നിറഞ്ഞതോടെ തീരത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വലിപ്പം കുറഞ്ഞ ഇവ മണലിനോടു ചേര്‍ന്നാണ് കിടക്കുന്നത്.
തീരത്തോടു ചേര്‍ന്നുള്ള തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ഇതിനായി മാസ് ക്ലീനിങ് ഡ്രില്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. നര്‍ഡിലുകള്‍ ശേഖരിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പഠനം നടത്തും. അവരുടെ വിലയിരുത്തല്‍ അനുസരിച്ചായിരിക്കും ശേഖരണവും സംസ്‌കരണവും.

2020 ല്‍ ആണ് റോ റോ വെസ്സല്‍ ആയ എം.വി ട്രാന്‍സ് കാരിയര്‍ ഡാനിഷ് തീരത്ത് അപകടത്തില്‍ പെട്ടത്. അന്ന് പത്ത് ടണ്‍ പെല്ലറ്റുകളാണ് കടലിലേക്ക് ഒഴുകിയത്. ഇത് ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വെ തീരത്തേക്ക് ഒഴുകിയെത്തുകയും ചെയ്തു. 2018 ല്‍ ദക്ഷിണാഫ്രിക്കന്‍ തീരത്തുണ്ടായ അപകടത്തിലും വന്‍ തോതില്‍ പെല്ലറ്റുകള്‍ കടലിലേക്കൊഴുകിയിരുന്നു. 2000 കിലോമീറ്ററോളം ഒഴുകിയെത്തിയ ഇവയെ നീക്കം ചെയ്യുകയെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയുമായിരുന്നു. 49 ടണ്‍ കടലിലേക്കൊഴുകിയതില്‍ 23 ശതമാനം മാത്രമാണ് തിരികെയെടുക്കാനായത്.
ചോര്‍ച്ചയില്‍ നിന്നുള്ള രാസവസ്തുക്കള്‍ കടുത്ത പാരിസ്ഥിതിക നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരിക്കാമെങ്കിലും ഇവയുണ്ടാക്കുന്ന ദീര്‍ഘകാല പ്രശ്നങ്ങളെക്കുറിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും ആശങ്കയുണ്ട്. അപ്പോഴും
ലോകമെമ്പാടും നര്‍ഡില്‍സ് ചോര്‍ച്ചകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്. ലോകത്തിലെ പ്ലാസ്റ്റിക് ഇറക്കുമതിയുടെ ഏകദേശം 37 ശതമാനവും കയറ്റുമതിയുടെ 30 ശതമാനവും ഏഷ്യ-പസഫിക് മേഖലയില്‍ നിന്നാണെന്നിരിക്കെ ഈ മേഖലയിലേതിനേക്കാള്‍ കൂടുതല്‍ സ്ഥിരീകരിച്ച ചോര്‍ച്ചകള്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നിന്നും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നര്‍ഡിലുകള്‍ വളരെ ചെറുതും എണ്ണത്തില്‍ ഒരുപാടുള്ളതുകൊണ്ടും ഒരു ചെറിയ ചോര്‍ച്ചയാണെങ്കില്‍ പോലും അത് പൂര്‍ണമായും നിയന്ത്രിക്കുക പ്രായോഗികമല്ല. അതുകൊണ്ടു തന്നെ ശക്തമായ നിയമനിര്‍മാണം നടത്താനാണ് രാജ്യങ്ങള്‍ ശ്രമിക്കുന്നത്. ഇവയുടെ കടത്തലിന് ഓരോ സര്‍ക്കാരും സുരക്ഷിതമായ ഉത്പാദന, ഗതാഗത പ്രോട്ടോക്കോളുകള്‍ ഉറപ്പാക്കുന്ന നിയമങ്ങള്‍ പാസാക്കണമെന്ന് പാരിസ്ഥിക വിദഗ്ധരും ആവശ്യപ്പെടുന്നുണ്ട്.
കിഴക്കന്‍ ആഫ്രിക്കയിലുള്ള കെനിയ, ലോകത്തിലെ ഏറ്റവും കര്‍ശനമായ നിയമങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെതിരെ നിയമനിര്‍മാണം പാസാക്കിയിട്ടുണ്ട്. ചിലി, കാനഡ, ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍, യുണൈറ്റഡ് കിങ്ഡം, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവയും പ്ലാസ്റ്റിക്കിന്റെയും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുന്ന നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്.
Content Highlights: Two recent shipwrecks off Kerala`s coast released plastic pellets
Published: 13 Jun 2025, 03:20 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented