കൊച്ചി: കേരളതീരത്തോടുചേർന്ന് അറബിക്കടലിൽ മുങ്ങിക്കിടക്കുന്ന എം.എസ്.സി.എൽസ 3 കപ്പലിനുള്ളിലെ കണ്ടെയ്നറുകളിലുള്ള പ്ലാസ്റ്റിക് തരികളും കാൽസ്യം കാർബൈഡും ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കൾ പുറത്തുവന്നാൽ സമുദ്രപരിസ്ഥിതിയെ ബാധിക്കുമെന്ന് കേന്ദ്രഷിപ്പിങ് മന്ത്രാലയം. കണ്ടെയ്നറുകളുടെ അവസ്ഥ എന്തെന്നുള്ള പരിശോധനയ്ക്കായി നാവികസേനയുടെ സഹായം തേടിയതായും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
കപ്പൽതന്നെ കടലിൽനിന്നു നീക്കണം എന്നതാണ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് കപ്പൽ കമ്പനിക്കു കത്തുനൽകിയിരുന്നു. ഇതിന് ഒരു വർഷത്തിനുശേഷം കപ്പൽ കമ്പനി നൽകിയ മറുപടിയിൽ കപ്പലോ അതിലെ വസ്തുക്കളോ ഭീഷണിയല്ലെന്നും കപ്പൽ കടലിൽനിന്നു നീക്കേണ്ടതില്ലെന്നുമുള്ള വിശദീകരണമാണ് നൽകിയിരിക്കുന്നതെന്നും കേന്ദ്ര സർക്കാർ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു.
കപ്പലപകടം ബാധിച്ച മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ അടക്കം ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജികളിലാണ് ഷിപ്പിങ് മന്ത്രാലയവും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും സത്യവാങ്‌മൂലം ഫയൽ ചെയ്തത്. വിഷയം അടുത്തയാഴ്ച കോടതി പരിഗണിക്കും.
നാവികസേന സന്നദ്ധമായാലും മഴക്കാലം കഴിയാതെ കടലിനടിയിലെ പരിശോധന നടക്കില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. മുങ്ങിക്കിടക്കുന്ന കപ്പൽ നിലവിൽ ജല ഗതാഗതത്തിന് ഭീഷണിയല്ല. കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കം ചെയ്യാനുള്ള ബാധ്യത കപ്പൽ കമ്പനിക്കാണ്. അതിനാലാണ് കപ്പൽ ഉടമകൾക്കു നോട്ടീസ് നൽകിയത്.
പാരിസ്ഥിതിക ആഘാതങ്ങളെ ക്കുറിച്ച് മനസ്സിലാക്കാൻ സി.എസ്. ഐ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂ ഓഫ് ഓഷ്യാനോഗ്രാഫി നടത്തുന്ന പഠന റിപ്പോർട്ടും കണക്കിലെടുക്കേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. മറൈൻ മർക്കന്റൈൽ വകുപ്പിലെ നോട്ടിക്കൽ സർവേയർ ക്യാപ്റ്റൻ തപേഷ് ഘോഷ് ആണ് സത്യവാങ്‌മൂലം ഫയൽ ചെയ്തത്.
Content Highlights: Hazardous materials in MSC Elsa 3 pose a threat to the marine environment. Central Shipping Ministry seeks Indian Navy assistance to inspect sunken containers. Ship company claims the vessel is not a threat and refuses removal. PIL filed by TN Prathapan and others seeking compensation for affected fishermen.
Published: 12 Aug 2026, 03:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented