ഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഹിമാലയൻ മേഖലയിലെ ഹിമാനികളുടെ നിലനിൽപ്പിനെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കുന്നതാണ് നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ ദുരന്തം. ഓഗസ്റ്റ് 26-ന് ലാംഗ്താങ് ലിറുങ് പർവതത്തിൽനിന്ന് ഏകദേശം 4,000 അടി വീതിയുള്ള കൂറ്റൻ മഞ്ഞുകട്ടകൾ 1,200 മീറ്റർ താഴേക്ക് അടർന്നുവീഴുകയായിരുന്നു. ഇതിനൊപ്പം ഉണ്ടായ വൻ മണ്ണിടിച്ചിലിൽ ഐസ്, വെള്ളം, കൂറ്റൻ പാറക്കല്ലുകൾ എന്നിവയടങ്ങിയ മിശ്രിതം വൻ പ്രളയമായി മാറുകയായിരുന്നു. ദുരന്തത്തിൽ ഇതുവരെ 1,380-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും അയ്യായിരത്തിലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.

To advertise here,

എന്നാൽ, ഇന്ത്യയെ സംബന്ധിച്ച് ഇത് കേവലം അയൽരാജ്യത്തെ ദുരന്തവാർത്ത മാത്രമല്ല, മറിച്ച് ഇന്ത്യയിലെ ഭൂരിഭാഗം അതിർത്തി സംസ്ഥാനങ്ങൾക്കും നൽകുന്ന സുരക്ഷാ മുന്നറിയിപ്പാണ്. നേപ്പാളിലെ പ്രളയജലം ഗണ്ഡക് വഴി ഇന്ത്യയിലേക്ക് പ്രവേശിച്ചതോടെ ബിഹാർ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. 

Also Read: നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിലെ നദികളിൽ ‘അജ്ഞാത മത്സ്യം’; കഴിക്കരുതെന്ന് മുന്നറിയിപ്പ്

പ്രവചനാതീതമായ വേഗതയും നിസ്സഹായരായ മനുഷ്യരും

ഓഗസ്റ്റ് 26-ന് പ്രാദേശിക സമയം രാവിലെ 8:37-ന് സമുദ്രനിരപ്പിൽനിന്ന് 7,234 മീറ്റർ ഉയരമുള്ള ലാംഗ്താങ് ലിറുങ് കൊടുമുടിയിലെ കൂറ്റൻ മഞ്ഞുകട്ടയാണ് അപ്രതീക്ഷിതമായി തകർന്നു വീണത്. ഹിമാലയൻ പർവതമേഖലയിലെ അപകടസാധ്യതകളെക്കുറിച്ച് പഠിക്കുന്ന വിദഗ്ധരുടെ കൂട്ടായ്മയായ 'ഹൈറിസ്ക് കൺസോർഷ്യം' തയ്യാറാക്കിയ റിപ്പോർട്ടിൽ ഈ വിവരങ്ങൾ വിശദീകരിക്കുന്നുണ്ട്.

ഹിമപാതത്തെ തുടർന്നുണ്ടായ മഞ്ഞും പാറകളും കലർന്ന വൻ ഉരുൾപൊട്ടൽ  ആദ്യഘട്ടത്തിൽ മണിക്കൂറിൽ ശരാശരി 193 കിലോമീറ്റർ വേഗതയിലാണ് തൃശൂലി നദീതടത്തിലൂടെ താഴേക്ക് കുതിച്ചൊഴുകിയത്. ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് മധ്യ നേപ്പാളിലെ ഗണ്ഡകി നദീതടത്തിലേക്ക് പതിക്കുന്ന പ്രധാന പോഷകനദികളിലൊന്നാണ് തൃശൂലി. ഹിമപാതമുണ്ടായി ഏകദേശം 23 മിനിറ്റുകൾക്ക് ശേഷമാണ് രസുവ ജില്ലയിലെ ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർ നേപ്പാളിലെ ജലശാസ്ത്ര-കാലാവസ്ഥാ വകുപ്പിനെ വിവരമറിയിക്കുന്നത്. തുടർന്ന് പ്രളയബാധിത പ്രദേശങ്ങളായ രസുവ, നുവാകോട്ട്, ധാഡിങ്, ചിത്വാൻ എന്നീ നാല് പ്രാദേശിക ജില്ലകളിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് സന്ദേശം ലഭിച്ചത് ഏകദേശം 38 മിനിറ്റുകൾ കഴിഞ്ഞാണ്. സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനുള്ള നിർദേശം ലഭിച്ചപ്പോഴേക്കും കുതിച്ചുപാഞ്ഞെത്തിയ പ്രളയജലം താഴേത്തട്ടിലുള്ള ജനവാസമേഖലകളെ വിഴുങ്ങിക്കഴിഞ്ഞിരുന്നു.

മുൻകരുതൽ സംവിധാനങ്ങളിലെ പാളിച്ചകൾ

നേപ്പാളിലെ ഭരണകൂടത്തിനും ജനങ്ങൾക്കും കാലവർഷക്കെടുതിയും അതുമായി ബന്ധപ്പെട്ടുണ്ടാകാറുള്ള വെള്ളപ്പൊക്കങ്ങളും പരിചിതമാണ്. എന്നാൽ, ഇത്തരം പ്രളയങ്ങളിൽ ജലനിരപ്പ് സാവധാനത്തിൽ മാത്രമേ ഉയരാറുള്ളൂ എന്നതിനാൽ ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ മതിയായ സമയം ലഭിക്കാറുണ്ട്. ഹിമാലയൻ മലനിരകളിലാകട്ടെ, ഹിമാനികളിലുണ്ടാകുന്ന രൂപമാറ്റങ്ങളും സൂക്ഷ്മചലനങ്ങളുമാണ് അധികൃതർ നിരീക്ഷിച്ചുവരുന്നത്. പെട്ടെന്നുണ്ടായ മഞ്ഞുകട്ടകളുടെ ഇടിച്ചിൽ ഈ നിരീക്ഷണ സംവിധാനങ്ങൾക്ക് കണ്ടുപിടിക്കാവുന്നതിലും വേഗത്തിലായിരുന്നു. ഇവ പ്രവചിക്കുക എന്നത് അതീവ സങ്കീർണവുമാണ്.

ചൈനയിലെ ചില ഹിമതടാകങ്ങളെ കേന്ദ്രീകരിച്ച് നേപ്പാൾ മേഖലയിൽ അടുത്തിടെ മുൻകരുതൽ സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നെങ്കിലും  ഹിമപാതങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ തടയാൻ സമഗ്രമായ മുന്നറിയിപ്പ് സംവിധാനങ്ങൾ അവിടെ നിലവിലുണ്ടായിരുന്നില്ല. ഹിമപാതത്തിന്റെ പ്രാരംഭ ഘട്ടത്തിലെ വേഗത കണക്കിലെടുക്കുമ്പോൾ, പരമ്പരാഗത സംവിധാനങ്ങളിലൂടെ നൽകുന്ന മുന്നറിയിപ്പുകൾ ജനങ്ങളെ ഒഴിപ്പിക്കാൻ ഒട്ടും പര്യാപ്തമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Also Read: നേപ്പാൾ ദുരന്തം ‘NISAR’ മുൻകൂട്ടി കണ്ടില്ല; ചോദ്യമുനയിൽ 12,329 കോടിയുടെ നാസ-ഇസ്രോ ഉപഗ്രഹം

പ്രകൃതി നൽകിയ സൂചനകൾ

ദുരന്തം പെട്ടെന്നുണ്ടായതാണെന്ന് തോന്നിപ്പിക്കുമെങ്കിലും പുറത്തുവന്ന ചില ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ഹിമാനിയിലും അതിന് ചുറ്റുമുള്ള പാറകളിലും അസ്ഥിരതയുടെ സൂചനകൾ ഉണ്ടായിരുന്നെന്ന് ഹൈറിസ്ക് റിപ്പോർട്ടിൽ പറയുന്നു. ആഗോളതാപനം, ഹിമാനിയുടെ അടിത്തട്ടിലെ വെള്ളത്തിന്റെ ഒഴുക്ക്, ചരിവിലുണ്ടായ മാറ്റങ്ങൾ എന്നിവ ഈ വേഗത വർധനവിന് കാരണമായിരിക്കാം. എന്നാൽ ഇവ ദുരന്തത്തിന് മുമ്പ് അപകടസാധ്യത പ്രവചിക്കാൻ പര്യാപ്തമായിരുന്നോ എന്നത് ഇപ്പോഴും ശാസ്ത്രീയമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

നേപ്പാളിലെ പരിമിതമായ മുൻകരുതൽ സംവിധാനങ്ങളും ദുരന്തത്തിൻ്റെ ആഘാതം കൂടുന്നതിന് കാരണമായിട്ടുണ്ട്. ദുരന്ത മേഖലയുടെ സമീപപ്രദേശങ്ങളിലുള്ളവർക്കുപോലും അറിയിപ്പ് ലഭിച്ചപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. മൊബൈൽ ഫോൺ സന്ദേശങ്ങൾക്ക് പുറമെ സൈറണുകൾ, റേഡിയോ പ്രക്ഷേപണങ്ങൾ, വിദഗ്ധ പരിശീലനം ലഭിച്ച പ്രാദേശിക ദ്രുതകർമ സേന എന്നിവയടങ്ങുന്ന ബാക്കപ്പ് സംവിധാനങ്ങളുടെ ആവശ്യകതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

മേഖലാ സഹകരണത്തിന്റെ അനിവാര്യത

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഇത്തരം പ്രകൃതിദുരന്തങ്ങളെ നേരിടാൻ അയൽരാജ്യങ്ങൾ തമ്മിലുള്ള സഹകരണം അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ ഒരേ സ്വരത്തിൽ പറയുന്നു. ഹിമാലയൻ പർവതമേഖല പല രാജ്യങ്ങളിലായി പടർന്നുകിടക്കുന്നതിനാൽ വിവരങ്ങൾ പരസ്പരം കൈമാറേണ്ടത് അത്യാവശ്യമാണ്. എന്നാൽ ലാംഗ്താങ് ലിറുങ് ദുരന്തത്തിന് മുൻപും ശേഷവും ചൈനീസ് അധികൃതർ പ്രധാനപ്പെട്ട പല വിവരങ്ങളും നേപ്പാളുമായി പങ്കുവെക്കാൻ തയ്യാറായില്ലെന്ന് നേപ്പാളിലെ മുൻ പരിസ്ഥിതി മന്ത്രി മാധവ് പ്രസാദ് ചൗലഗെയ്ൻ ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഉപഗ്രഹ നിരീക്ഷണങ്ങൾ ശക്തമാക്കുകയും പ്രാദേശികമായി അപകടസാധ്യതയുള്ള പ്രദേശങ്ങളെ മാപ്പ് ചെയ്യുകയും ചെയ്യുന്നതിനൊപ്പം ജനങ്ങൾക്ക് കൃത്യമായ സമയത്ത് നിർദേശങ്ങൾ നൽകുന്നതും പ്രധാനമാണ്. കൂടാതെ, ദുരന്തസമയത്ത് എന്ത് ചെയ്യണമെന്നും എങ്ങോട്ട് മാറണമെന്നും ജനങ്ങൾക്ക് കൃത്യമായ പരിശീലനം നൽകിയാൽ മാത്രമേ സാങ്കേതിക വിദ്യകൾ പൂർണമായി പ്രയോജനപ്പെടുത്താനാകൂ.

ലാംഗ്താങ് ലിറുങ് ദുരന്തം കേവലം നേപ്പാളിന്റെ അതിർത്തിക്കുള്ളിൽ ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് ഇന്ത്യയിലെ ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് നേരിട്ടുള്ള പ്രളയഭീഷണിയാണ്. ഹിമാലയത്തിൽനിന്ന് ഉത്ഭവിച്ച് തെക്കോട്ട് ഒഴുകി ഗംഗയിൽ പതിക്കുന്ന വലിയൊരു നദീവ്യൂഹം ഇന്ത്യയും നേപ്പാളും പങ്കിടുന്നുണ്ട്. ഈ നദികളിലൂടെ കുതിച്ചുയരുന്ന ജലവും ചെളിയും കല്ലുകളും ഇന്ത്യയുടെ സമതലങ്ങളിലേക്ക് അതിവേഗം ഒഴുകിയെത്തുന്നു. നേപ്പാളിൽ ഏകദേശം 6,000-ത്തിലധികം നദികളും അരുവികളുമുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് വലിയ നദീവ്യൂഹങ്ങളായ കോശി, ഗണ്ഡകി (ഇന്ത്യയിൽ ഗണ്ഡക്), കർണാലി (ഇന്ത്യയിൽ ഘാഗ്ര) എന്നിവയും, ബാഗ്മതി, കമല, രാപ്തി, മേച്ചി, മഹാനന്ദ തുടങ്ങിയ ചെറിയ നദികളും ഇന്ത്യയിലേക്ക് നേരിട്ടാണ് പ്രവേശിക്കുന്നത്. ഇന്ത്യയുടെ സെൻട്രൽ വാട്ടർ കമ്മിഷൻ കോശി, ഗണ്ഡക്, ബാഗ്മതി, ഘാഗ്ര എന്നിവയെ പ്രധാന അതിർത്തി നദികളായി അടയാളപ്പെടുത്തിയിരിക്കുന്നു.

നേപ്പാലിൽ നിന്നുള്ള പ്രളയജലം തൃശൂലി, നാരായണി നദികളിലൂടെ കുതിച്ചൊഴുകി ഇന്ത്യയിലെ ഗണ്ഡക് നദിയിലേക്ക് പ്രവേശിച്ചപ്പോൾ ബിഹാറിൽ പ്രളയസമാന സാഹചര്യമാണുണ്ടായത്. പ്രളയഭീഷണി വർധിച്ചപ്പോൾ എൻജിനീയർമാർ അടിയന്തരമായി ഗണ്ഡക് ബാരേജിന്റെ 36 ഗേറ്റുകളും തുറന്ന് ഏകദേശം 1.5 ലക്ഷം ക്യൂസെക്സ് വെള്ളം നിയന്ത്രിതമായി പുറത്തേക്ക് ഒഴുക്കി. ഇതിനെത്തുടർന്ന് പശ്ചിമ ചമ്പാരനിലെ താഴ്ന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലാവുകയും ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരികയും ചെയ്തു. നിലവിൽ ബിഹാറിലെ 13 ജില്ലകളിലായി 34.3 ലക്ഷത്തിലധികം ആളുകളാണ് പ്രളയക്കെടുതിയിൽ വലയുന്നത്. സെപ്റ്റംബർ മാസത്തിൽ പെയ്ത കനത്ത മഴയ്ക്ക് പുറമെ, ഭഗൽപൂരിലെ സുൽത്താൻഗഞ്ചിൽ ഗംഗാ നദി 36.80 മീറ്റർ ഉയരത്തിലെത്തി 2021 ഓഗസ്റ്റിലെ പഴയ റെക്കോർഡ് (36.75 മീറ്റർ) മറികടന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജലനിരപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. പട്ന, ഭഗൽപൂർ, വൈശാലി, സാരൺ, ബെഗുസരായ്, ഖഗാരിയ, മുംഗേർ തുടങ്ങിയ പ്രദേശങ്ങളിലായി 480 ഗ്രാമപഞ്ചായത്തുകൾ പൂർണമായി വെള്ളത്തിനടിയിലാണ്.

നേപ്പാളിലുണ്ടായ പ്രളയ ദുരന്തത്തെത്തുടർന്ന്, കേന്ദ്ര സർക്കാർ ഇന്ത്യയിലെ ഹിമാലയൻ സംസ്ഥാനങ്ങളുടെ സുരക്ഷയും മുൻകരുതലുകളും അടിയന്തരമായി വിലയിരുത്തുകയുണ്ടായി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്റെ അധ്യക്ഷതയിൽ സെപ്റ്റംബർ മൂന്നിന് ചേർന്ന ഉന്നതതല യോഗത്തിൽ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, സെൻട്രൽ വാട്ടർ കമ്മിഷൻ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് തുടങ്ങിയ പ്രമുഖ ഏജൻസികളിലെയും ഹിമാലയൻ സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു. ഗ്ലോഫുകളും  മഞ്ഞിടിച്ചിലുകളും നിരീക്ഷിക്കുന്നതിനും മുൻകരുതൽ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായുള്ള നടപടികൾ യോഗം അവലോകനം ചെയ്തു.

ശാസ്ത്രീയ മുന്നറിയിപ്പുകൾ ഫയലുകളിൽ മാത്രം ഒതുങ്ങാതെ കൃത്യസമയത്ത് താഴേത്തട്ടിലുള്ള ജില്ലാ ഭരണകൂടങ്ങൾക്കും ഹൈഡ്രോപവർ ഓപ്പറേറ്റർമാർക്കും ജനങ്ങൾക്കും ലഭ്യമാക്കണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു. 2024-ൽ കേന്ദ്രം അനുമതി നൽകിയ ഗ്ലോഫ് പ്രളയ പ്രതിരോധ പദ്ധതികൾ എത്രയും വേഗം നടപ്പിലാക്കാൻ അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഹിമാലയൻ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവയ്ക്കെല്ലാം തങ്ങളുടെ അതിർത്തികളിലെ ഹിമതടാകങ്ങളെ നിരീക്ഷിക്കാനും ദ്രുത മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കാനും ഇതിലൂടെ കർശന നിർദേശം നൽകിയിട്ടുണ്ട്.

ആഗോളതാപനം കാരണം അതിവേഗം ഉരുകുന്ന ഹിമാലയൻ ഹിമാനികൾ വരും ദശകങ്ങളിൽ ഇന്ത്യയും നേപ്പാളും ഉൾപ്പെടുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. ഹിമാനികളുടെ പിൻവാങ്ങൽ, പെർമാഫ്രോസ്റ്റ് ഉരുകൽ, മഞ്ഞിന്റെയും പാറകളുടെയും സ്ഥിരതയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉരുകിയ വെള്ളത്തിന്റെ ഒഴുക്ക് എന്നിവ മലഞ്ചരിവുകളെ കൂടുതൽ അസ്ഥിരമാക്കാൻ സാധ്യതയുണ്ട്. താപനിലയിലുണ്ടാകുന്ന വർധനവ് ഹിമപാതങ്ങൾക്ക് കാരണമാകുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു. വരും വർഷങ്ങളിൽ ഗൗരവമായി ചിന്തിക്കേണ്ടതും പരിഹാരം കണ്ടെത്തേണ്ടതുമായ ഏറ്റവും വലിയ പരിസ്ഥിതി പ്രതിസന്ധികളിലൊന്നായി ഇത് മാറുമെന്നും യാഥാർഥ്യമാണ്.