
ലോകം ഓഗസ്റ്റ് 20-നെ അടയാളപ്പെടുത്തുന്നത് ഭൂമിയുടെ ചരിത്രത്തിൽ ഏറ്റവുമധികം മനുഷ്യമരണങ്ങൾക്ക് കാരണമായ ഒരു ജീവിയുടെ പേരിലാണ്. നമ്മുടെ ചെറുവിരൽ നഖത്തോളം മാത്രം വളരുന്ന കൊതുകുകളാണ് ആ ഭീകരജീവികൾ. ഭൂമിയിൽ ഇന്നോളമുണ്ടായിട്ടുള മനുഷ്യജീവനുകളിൽ പാതിയെ കൊന്നൊടുക്കിയത് കൊതുകുകൾ പരത്തിയ രോഗാണുക്കളാണെന്ന് പറയപ്പെടുന്നു. 5200 കോടി മനുഷ്യ ജീവനുകൾ !
20 കോടി വർഷങ്ങളെങ്കിലുമായി കൊതുകുകൾ ഈ ഭൂമുഖത്ത് സാന്നിധ്യമറിയിച്ചിട്ട്. ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ച് പല പരിണാമ പാതകളിലൂടെയും സഞ്ചരിച്ച് മൂവായിരത്തോളം വ്യത്യസ്ത സ്പീഷീസുകളായി നൂറ് ലക്ഷം കോടി കൊതുകുകൾ ഭൂമിയിൽ സസുഖം വാഴുന്നു. എന്നാൽ ഇവയിലെ "ക്യൂലക്സ് മൊളസ്റ്റസ്" (Culex molestus) എന്നൊരു സ്പീഷീസിന്റെ പരിണാമചരിത്രം അസാധാരമാണ്. "ലണ്ടൻ അണ്ടർ ഗ്രൗണ്ട് മൊസ്കിറ്റോസ്" എന്ന പേരിൽ ഈ സ്പീഷീസ് അറിയപ്പടുന്നതിനു പിന്നിലും വ്യത്യസ്തമായ ചരിത്രമുണ്ട്.
ബോംബ് മഴ പെയിച്ച The Blitz
രണ്ടാം ലോക മഹായുദ്ധകാലത്ത് 1940 സെപ്റ്റംബർ ഏഴു മുതൽ 1941 മെയ് 11 വരെ ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള ജർമൻ സൈന്യം ലണ്ടൻ നഗരത്തിന്റെ ദിനരാത്രങ്ങളിൽ തീമഴ പെയ്യിച്ച ബോംബിങ്ങ് സ്ട്രാറ്റജിയുടെ പേരാണ് 'The Blitz'. ആദ്യദിവസം മുതൽ തുടർച്ചയായി 57 ദിനരാത്രങ്ങളിൽ ലണ്ടൻ നഗരത്തിലെ ജനവാസ മേഖലകളിലും പ്രധാന കെട്ടിടങ്ങളിലുമായി ഒരു ദശലക്ഷം ബോംബുകളാണ് ജർമൻ ബോംബറുകൾ വിതച്ചത്. ലണ്ടൻ, കോവെൻട്രി, ബർമിങ്ങ്ഹാം, ലിവർപൂൾ, മാഞ്ചസ്റ്റർ. മഹാനഗരങ്ങളിൽ മരണത്തിന്റെ പെരുങ്കളിയാട്ടമായിരുന്നു.
ബക്കിങ്ഹാം കൊട്ടാരവും സെയ്ന്റ് പോൾ കത്തീഡ്രലും പാലങ്ങളും മ്യൂസിയവും സ്കൂളുകളും റോഡുകളുമെല്ലാം നശിച്ചു. എണ്ണായിരത്തോളം വീടുകൾ, അത്ര തന്നെ കുട്ടികൾ, നാല്പതിനായിരത്തോളം മനുഷ്യ ജീവനുകൾ. മേൽക്കൂരകൾക്ക് കീഴെപ്പോലും ധൈര്യമായി കിടന്നുറങ്ങാൻ കഴിയാതെ മനുഷ്യർ കൂട്ടമായി ലണ്ടനിലെ വിഖ്യാതമായ തുരങ്കപാതകളിലേക്ക് താമസം മാറ്റി. ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തേതും വിപുലവുമായ ഭൂഗർഭ റെയിൽവേ നെറ്റ്വർക്ക് ആയിരുന്നു ലണ്ടൻ അണ്ടർ ഗ്രൗണ്ട് റെയിൽ നെറ്റ്വർക്ക്. ഭൂമിക്കടിയിലെ വിപുലമായ തുരങ്കപാത.

മനുഷ്യർ മാത്രമല്ല, കുറെ കൊതുകുകളും തീമഴക്ക് കീഴെ ഭൗമ തുരങ്കങ്ങളുടെ സുരക്ഷിതത്വത്തിലേക്ക് താമസം മാറി .'ക്യൂലക്സ് പിപ്പിയൻസ്' എന്ന പേരിൽ അറിയപ്പെടുന്ന രോഗകാരികളായ വീട്ടുകൊതുകുകളിൽ ഒരിനം പുതിയ സാഹചര്യങ്ങളുടെ അനുകൂലനങ്ങളിലും പ്രതികൂലനങ്ങളിലും പരുവപ്പെട്ട് ഒരു പുതുപുത്തൻ സ്പീഷീസ് ആയി രൂപപ്പെടുന്നതിന് സമകാലിക മനുഷ്യചരിത്രം സാക്ഷിയായി.
ക്യൂലക്സ് മൊളസ്റ്റസുകളുടെ ശരീരപ്രകൃതി
ശരീരത്തിന് മറ്റ് പ്രത്യേകതകളില്ല. ഹൗസ് മൊസ്കിറ്റോസിനോട് വളരെ സാമ്യത പുലര്‍ത്തുന്നവരാണിവര്‍. പക്ഷികളെ കടിക്കില്ല എന്നത് പ്രധാന വ്യത്യാസങ്ങളിലൊന്നാണ്. പ്രജനനത്തിന് പ്രത്യേക സമയമില്ല. വേദന കൂടിയ കടിയാണ് ക്യൂലക്സ് മൊളസ്റ്റസുകളുടേത്. മിക്ക കൊതുകുകള്‍ക്കും പ്രജനനം നടക്കണമെങ്കില്‍ മനുഷ്യരക്തം ആവശ്യമാണ്. എന്നാല്‍, ഈ കൊതുക് വിഭാഗങ്ങള്‍ക്ക് ഇത് ആവശ്യമില്ല. സാധാരണ കൊതുകുകള്‍ വൈകുന്നേരങ്ങളിലാണല്ലോ കടിക്കുക. ക്യൂലക്സ് മൊളസ്റ്റസുകള് അങ്ങനെയല്ല. കാലാവസ്ഥാ മാറ്റങ്ങളോട് ഇണങ്ങാനും ഇവര്‍ക്ക് കഴിയില്ല. വെസ്റ്റ് നൈല്‍ വൈറസ് പോലുള്ള അസുഖങ്ങള്‍ ഇവ പരത്തുന്നുണ്ട്. നഗരപ്രദേശങ്ങളിലും ഇപ്പോള്‍ ക്യൂലക്സ് മൊളസ്റ്റസ് കൊതുകുകളുടെ സാന്നിധ്യമുണ്ട്. ഈ കൊതുകുകള്‍ ഇപ്പോള്‍ സിറ്റി ഡ്രൈനേജ് നെറ്റ്വര്‍ക്കിലൂടെ വീടുകളുടെ ബേസ്മെന്റ് പോലുള്ള സമാന ഇടങ്ങളിലും എത്തി മനുഷ്യരെ വ്യാപകമായി ആക്രമിക്കുന്നുണ്ട്.
സ്പീസിയേഷൻ (speciation) എന്ന് അടയാളപ്പെടുത്തണം എങ്കിൽ ഒരു ജീവിവർഗ്ഗത്തിന് ചില സവിശേഷതകൾ ഉണ്ടാവേണ്ടതുണ്ട്. അതിൽ പ്രധാനപ്പെട്ടത് മറ്റു സ്പീഷീസുകളോട് ഇണചേർന്ന് പുതിയ തലമുറകളെ സൃഷ്ടിക്കുന്ന കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്നതാണ് . അനേകം പഠനങ്ങളിൽ ക്യൂലക്സ് മൊളസ്റ്റസ് കൊതുകുകൾക്ക് അവയുടെ പൊതുപൂർവികർ എന്ന് കരുതപ്പെടുന്ന 'ക്യൂലക്സ് പിപ്പിയൻസ്' എന്ന വീട്ടുകൊതുകുകളോട് ഇണ ചേർന്നാൽ പോലും പുതിയ തലമുറ സൃഷ്ടിക്കാൻ കഴിവുള്ള കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൊതുകുകളിൽ പൊതുവെ സീസനൽ ബ്രീഡിങ്ങ് ആണ് കാണപ്പെടുന്നത്. ഉദാഹരണത്തിന് നമ്മുടെ മഴക്കാലത്താണല്ലോ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്, തണുപ്പ് രാജ്യങ്ങളിൽ പൊതുവെ ശിശിരകാലത്ത് കൊതുകുകളുടെ മാസ് ബ്രീഡിങ്ങ് നടക്കില്ല.
പക്ഷെ, ഈ കഥയിലെ താരത്തിന് അങ്ങിനെയൊന്നുമില്ല. എല്ലാ കാലത്തും അവ മുട്ടയിട്ട് പെരുകും. റെയിൽവേ തുരങ്കങ്ങൾക്കുള്ളിൽ ശിശിരവും ഹേമന്തവും വസന്തവും വർഷവുമില്ല. ഒരേ.കാലാവസ്ഥ, കുറഞ്ഞ വെളിച്ചം, ധാരാളം മനുഷ്യരക്തം. വേദനയോടെയുള്ള ആർത്തിപിടിച്ച കുത്താണ് അവയുടേത്, തുരങ്കപാതകളിൽ മനുഷ്യർ എങ്ങോട്ട് ഓടിപ്പോകാൻ? Culex molestus മറ്റു കൊതുകുകളെപ്പോലെ പക്ഷികളുടെ രക്തം കുടിക്കില്ല, അവ പരിണമിച്ചുണ്ടായ തുരങ്കങ്ങളിൽ പക്ഷികൾ ഇല്ലാതിരുന്നതായിരിക്കാം കാരണം. ചില ഭൗമമേഖലകളിൽ പ്രത്യേക സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടു പോകുന്ന ജീവജാലങ്ങളുടെ പരിണാമ കഥകൾക്ക് ലോകം മുഴുവനും ഉദാഹരണങ്ങളുണ്ട്.

വടക്കൻ കേരളത്തിലെ ചെങ്കൽ പറമ്പുകളിലെ കിണറുകളിലും അവയെ ബന്ധിപ്പിക്കുന്ന നീരുറവകളിലും മാത്രം കാണപ്പെടുന്ന വിചിത്ര മത്സ്യങ്ങൾ, ഗാലപ്പഗോസ് ദ്വീപിലെ ഭയമില്ലാത്ത കുരുവികളും, കഴുത്തു നീണ്ട ആമകൾ, പലയിനം ഗുഹാ മത്സ്യങ്ങൾ. "ക്യൂലക്സ് മൊളസ്റ്റസ്" എന്ന ജീവിയുടെ പരിണാമം വ്യത്യാസപ്പെട്ടിരിക്കുന്നത് ഈ കഴിഞ്ഞ നൂറ്റാണ്ടിൽ നമ്മൾ ഈ സ്പീഷീസിന്റെ പരിണാമത്തിന് ദൃക്സാക്ഷിയായി എന്നതുകൊണ്ട് കൂടിയാണ് ! ഇന്ന് തെക്ക് വടക്ക് അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഈ കൊതുകുവർഗം കാണപ്പെടുന്നു.
ജർമൻ ബ്ലിറ്റ്സ് ബോംബിങ്ങിൽ സർവതും നഷ്ടപ്പെട്ട് ലണ്ടനിലെ റെയിൽവേ മാളങ്ങളിൽ അഭയം തേടിയ മനുഷ്യർക്ക് പ്രത്യാശയായി മാറിയ ഒരു മുദ്രാവാക്യമുണ്ട്. "Keep Calm and Carry On" ഇന്നും ബ്രിട്ടീഷ് തെരുവുകളിലെയും എയർപോർട്ടിലേയും സുവനീർ ഷോപ്പുകളിലെ കീ ചെയിനുകളിലും കോഫീമഗിലും ടീഷർട്ടിലുമെല്ലാം പ്രിന്റ് ചെയ്ത് വിൽക്കുന്ന ലണ്ടൻ പ്രത്യാശയുടെ ബ്രാന്റിങ്ങ് ആയി മാറിയ വാക്കുകൾ ! "ശാന്തരായി മുന്നോട്ട് പോവുക" രക്തരൂക്ഷിതമായ രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞു , ജനങ്ങൾ ഒളിവുമാളങ്ങൾക്ക് പുറത്തേക്ക് താമസം മാറി. ജർമൻ സാമ്രാജ്യം വീണു. പക്ഷെ, കൊതുക് എന്ന ഭീകരജീവിയോടുള്ള മഹായുദ്ധം നമ്മൾ ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. Eddie Seiler, Sol Marcus, Bennie Benjamin എന്നീ സംഗീതജ്ഞർ രണ്ടാം ലോക മഹായുദ്ധം തീരുന്ന പ്രത്യാശയിൽ എഴുതിയ പ്രസിദ്ധമായ ഒരു പാട്ടുണ്ട്.
When the lights go on again all over the world
And the boys are home again all over the world
And rain or snow is all that may fall from the skies above
A kiss won't mean "Goodbye" but "Hello to love"
പക്ഷേ കൊതുകുകളുടേത് മൃത്യു ചുംബനമാണ് ... മറക്കാതിരിക്കുക
Content Highlights: about all you need to know about culex molestus and blitz
Published: 23 Aug 2023, 09:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented