ബ്രഹ്മകമലം ശ്രീലകമാക്കിയ നാദബ്രഹ്മ സുധാമയികൈതപ്രം രചിച്ച ജോൺസൺ മാഷ് സംഗീതം നൽകി ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദത്തിൽ മലയാളികൾ നെഞ്ചേറ്റിയ ഈ പാട്ട് ആരംഭിക്കുന്നത് ബ്രഹ്മകമലം എന്ന പൂവിൽ നിന്നാണ്. ചിത്രങ്ങളിലും പുരാണങ്ങളിലും സരസ്വതി ദേവിയെ ചിത്രീകരിച്ചിരിക്കുന്നത് താമരയിൽ വാഴുന്ന എന്ന രീതിയിലാണ്. അതിനെ ഒന്നു മാറ്റി പിടിച്ചതാവണം ബ്രഹ്മകമലം എന്ന ബിംബത്തിലൂടെ കൈതപ്രം ചെയ്തിരിക്കുന്നത്. യഥാർത്ഥത്തിൽ പേരിലുള്ള സാമ്യത ഒഴിച്ച് നിർത്തിയാൽ ബ്രഹ്മകമലവും താമര എന്ന കമലവും തമ്മിൽ യാതൊരു ബന്ധവുമില്ല,

To advertise here,

ഹിമാലയത്തിൽ 3000 മുതൽ 5000 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് ബ്രഹ്മകമലം എന്നറിയപ്പെടുന്ന Saussurea obvellata. സൂര്യകാന്തിയുടെ കുടുംബമായ ആസ്റ്ററെസിയേയിൽ ആണ് ഇത് ഉൾപ്പെടുന്നത്. ഇതിൻറെ യഥാർത്ഥ പൂക്കൾ അല്ലെങ്കിൽ പൂക്കുലകൾ പൂവാൻകുരുന്നിന്റെ പൂക്കൾ പോലെ നിറം മാറുന്നതും കൂട്ടമായി കാണുന്നതുമാണ്. അത്തരം പൂക്കുലുകൾക്ക് ചുറ്റും ഒരു സംരക്ഷണ കവചം തീർക്കാൻ മഞ്ഞ ഇളം പച്ച നിറത്തിൽ  ഇലകൾ കൂടി ചേർന്ന് നിൽക്കുന്നു. അങ്ങനെ ഇലകളുടെ മധ്യത്തിൽ വരുന്ന പർപ്പിൾ നിറത്തിലുള്ള പൂക്കൾ ദൂരെ നിന്ന് കാണുമ്പോൾ തന്നെ ഒരു അലൗകിക സൗന്ദര്യം ഈ പൂക്കൾക്ക് നൽകുന്നു. യഥാർഥ പൂക്കലുകളെ തണുപ്പിൽ നിന്ന് സംരക്ഷിച്ച് ഒരു ഊഷ്മള ആവരണം നൽകുകയാണ് വെളുത്ത നിറത്തിലുള്ള ഇലകൾ ചെയ്യുന്നത്. 

placeholder
പൂവാംകുറുന്തൽ | Photo: By Deepugn at the Malayalam language Wikipedia

പൂജയ്ക്കെടുക്കുന്ന പുഷ്പം, പുറകിലെ ഐതിഹ്യം

ഹിമാലയ താഴ്വരയിലെ വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക് ബ്രഹ്മകമലത്തിന് പ്രശസ്തമാണ്. ഹിമാലയത്തിലെ ബദരീനാഥ് അമ്പലത്തിൽ വിഷ്ണുവിനും കേദാർനാഥ് ക്ഷേത്രത്തിൽ ശിവനും പൂജക്ക് എടുക്കുന്നത് ബ്രഹ്മകമലമാണ്. നന്ദാഷ്ടമി ഉത്സവകാലത്ത് ക്ഷേത്രങ്ങളിൽ ബ്രഹ്മകമലം നിവേദ്യമായി സമർപ്പിക്കുകയും പൂജക്ക് ശേഷം പ്രസാദമായി വിതരണവും ചെയ്യാറുണ്ട്. ബ്രഹ്മകമലത്തിൻറെ ഉത്ഭവത്തെക്കുറിച്ച് ഐതിഹ്യങ്ങളുമുണ്ട്. ഗണപതിയുടെ ശരീരത്തിൽ ആനയുടെ തല പ്രതിഷ്ഠിക്കാൻ ശിവനെ സഹായിക്കാനായി ബ്രഹ്മാവ് സൃഷ്ടിച്ച അത്ഭുത സസ്യമാണ് ബ്രഹ്മകമലം എന്നാണ് ഒരു ഐതിഹ്യം. സമാനമായി മറ്റൊരു വിശ്വാസം ഉള്ളത് ലക്ഷ്മണന്റെ ജീവൻ മൃതസഞ്ജീവനി ഉപയോഗിച്ച് രക്ഷിച്ചപ്പോൾ അത് ആഘോഷിക്കാനായി ദേവന്മാർ സ്വർ​ഗത്തിൽ നിന്ന് ബ്രഹ്മകമലമാണ് ഭൂമിയിലേക്ക് വർഷിച്ചതെന്നും അങ്ങനെയാണ് ഭൂമിയിൽ ഈ സസ്യം എത്തിയത് എന്നുമാണ്. അതിനാൽ തന്നെ ഹൈന്ദവ വിശ്വാസങ്ങളിൽ ഏറെ ദിവ്യമായി കരുതുന്ന പൂക്കളാണ് ഇവ. 

ഇവ പൂക്കുന്ന സമയത്ത് അത് കാണുവാൻ വേണ്ടി മാത്രം തീർഥാടകരും സഞ്ചാരികളും കൂട്ടമായി ഹിമാലയൻ താഴ്വരകളിലും വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്കിലും എത്തുന്നത് പതിവാണ്. ഈ പൂവ് ആലേഖനം ചെയ്തുകൊണ്ട് ഒരു തപാൽ സ്റ്റാമ്പ് പോസ്റ്റൽ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പരമ്പരാഗതമായി ബ്രഹ്മകമലം തളർച്ച,  വാതം, മസ്തിഷ്കജ്വരം കരൾ രോഗങ്ങൾ ചുമ തുടങ്ങി അനേകം ശാരീരിക പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. എങ്കിലും വിശദമായ ശാസ്ത്രീയ പഠനങ്ങൾ ഇതിൻറെ ഔഷധ ഉപയോഗത്തെക്കുറിച്ച് പൂർണമായും നടന്നിട്ടില്ല. കാലാവസ്ഥ വ്യതിയാനം തീർഥാടനത്തിനും ടൂറിസത്തിനുമായുള്ള ജനങ്ങളുടെ വലിയ തോതിലുള്ള കടന്നുകയറ്റം എന്നിവ ബ്രഹ്മകമലം കാണുന്ന സ്വാഭാവിക ആവാസവ്യവസ്ഥകളുടെ വലിയ രീതിയിലുള്ള ശോഷണത്തിന് കാരണമായിട്ടുണ്ട്. അതിനാൽ തന്നെ നിലവിൽ വംശനാശ ഭീഷണി നേരിടുന്ന ഒരു സസ്യമായാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്. നിലവിൽ ഹിമാലയ മേഖലയിൽ മാത്രമാണ് ഈ സസ്യം കണ്ടിട്ടുള്ളത്.

പൂവിന്റെ നിറം തൂവെള്ളയല്ല, പർപ്പിളാണ്

ഏകദേശം അര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ബ്രഹ്മകമലം. പർപ്പിൾ നിറത്തിലുള്ള പൂക്കുലകളിൽ ധാരാളം ചെറിയ പൂക്കൾ കൂടി നിൽക്കുന്നുണ്ടാവും. പൂക്കളിൽ കേസരങ്ങളും അണ്ഡാശയവും കാണും. ജൂലൈ മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള കാലഘട്ടത്തിലാണ് പുഷ്പിക്കുന്ന സമയം. തേനീച്ചകളും ചെറിയ വണ്ടുളുമാണ് പ്രധാന പരാഗ വാഹകർ. ഒക്ടോബർ അവസാനം വരെ ഇത് നിൽക്കും ഹിമാലയൻ താഴ്വാരങ്ങളിലെ പുൽമേടുകളിലും പാറ ഇടുക്കുകളിലും ഇത് ധാരാളമായി പൂത്തുനിൽക്കുന്ന കാണാൻ നല്ല ഭംഗിയാണ്. ശൈത്യകാലം ആവുമ്പോൾ മണ്ണിനടിയിലുള്ള വേരൊഴികെ ഭൂമിക്ക് മുകളിലുള്ള എല്ലാ ഭാഗങ്ങളും കരിഞ്ഞു പോകുന്നു. അടുത്ത മഴക്കാലത്താണ് വീണ്ടും വേരിൽ നിന്നും പുതിയ ചില്ലകൾ വളർന്നുവരിക. 

വംശനാശം ഭീഷണി ഉള്ളതുകൊണ്ടുതന്നെ ഈ സസ്യങ്ങളുടെ വലിയ രീതിയിലുള്ള പ്രജനനത്തിന് ടിഷ്യുകൾച്ചർ മാർ​ഗങ്ങൾ അവലംബിച്ചു കൊണ്ടുള്ള പരിശ്രമങ്ങൾ നടക്കുന്നുണ്ട്. നിലവിൽ ലഭ്യമായിട്ടുള്ള വളരെ കുറച്ച് പഠനങ്ങൾ പറയുന്നത് ബ്രഹ്മകമലത്തിന് ബാക്ടീരിയകൾക്കെതിരേ പ്രതിരോധിക്കാനും ആൻറി ഓക്സിഡൻറ് ഗുണം ഉള്ളതായും പറയുന്നു. 

നമ്മുടെ നാട്ടിൽ വ്യാപകമായ ഉപയോഗിക്കുന്ന ഔഷധസസ്യമായ കൊട്ടം ബ്രഹ്മകമലത്തിന്റെ അടുത്ത ബന്ധുവാണ്. Saussurea lappa ആണ് കൊട്ടം. ഉത്തരാഖണ്ഡ് ഒരു പുതിയ സംസ്ഥാനം രൂപീകൃതമായപ്പോൾ തങ്ങളുടെ ദേശീയ പുഷ്പമായി തിരഞ്ഞെടുത്തത് ബ്രഹ്മകമലത്തെ ആണ്. നമ്മുടെ നാട്ടിൽ സാധാരണ കണ്ടുവരുന്ന നിശാഗന്ധിയെ ചിലപ്പോൾ ബ്രഹ്മകമലം എന്ന് വിളിക്കാറുണ്ട്. ബ്രഹ്മകമലം എന്ന പേരിൽ മാർക്കറ്റിൽ ലഭിക്കുന്ന തൈകൾ മിക്കവാറും നിശാഗന്ധിയുടെ ആയിരിക്കാനാണ് സാധ്യത.

placeholder
കൊട്ടം | By Dinesh Valke from Thane, India - Saussurea