
നാട്ടിലെങ്ങും വ്യാപകമായി കാണുന്ന അലങ്കാരസസ്യമാണ് അരളി. ശാസ്ത്രീയമായി Nerium oleander, N.indicum എന്നെല്ലാം ഉള്ള പേരുകളില്‍ ഇത് അറിയപ്പെടുന്നു. രണ്ടോ മൂന്നോ മീറ്റര്‍ മാത്രം ഉയരം വയ്ക്കുന്ന ഈ സസ്യം അപ്പോസയനെസിയെ കുടുംബത്തിലെ അംഗമാണ് . റോസ് നിറത്തിലും പിങ്ക് നിറത്തിലും ചുവപ്പിന്റെ വിവിധ രാശികളിലും വെള്ള നിറത്തിലും മഞ്ഞ നിറത്തിലുമുള്ള പരിമള പൂക്കള്‍ ധാരാളമായി ഉണ്ടാവുന്ന സസ്യമായതിനാൽ അലങ്കാര ആവശ്യത്തിനും ഇത് നട്ടുവളര്‍ത്താറുണ്ട്. കാലാവസ്ഥാപരമായി, ഉണങ്ങിയ അല്ലെങ്കില്‍ ജലം ആവശ്യമില്ലാത്ത തരം പ്രകൃതിയില്‍ വളരാന്‍ അനുരൂപണം ചെയ്തിരിക്കുന്നതിനാല്‍ ഹൈവേയിലും ഡിവൈഡറുകളിലും മറ്റു പരിപാലനം ആവശ്യം ഇല്ലാത്ത തരം പൂന്തോട്ടങ്ങളിലും നടാനായി തിരഞ്ഞെടുക്കുന്ന ആദ്യത്തെ സസ്യം ഒരുപക്ഷേ അരളി തന്നെയാവും. നല്ല കട്ടികൂടിയ ഇലകളും ജലാംശം നഷ്ടപ്പെടാതെ ഇരിക്കാന്‍ സ്വേദന പ്രക്രിയ കുറയ്ക്കാനുള്ള അനുരൂപണങ്ങളും ഇവയുടെ പ്രത്യേകതകളാണ്.
Also Read
ഒരുപക്ഷേ സസ്യലോകത്ത് തന്നെ അടിമുടി വിഷാംശം അടങ്ങിയ സസ്യം ഏതെന്ന് ചോദിച്ചാല്‍ അരളി എന്നതായിരിക്കും ഏറ്റവും നല്ല മറുപടി. വേരുകള്‍, ഇലകള്‍, തണ്ട്, വെള്ള നിറമുള്ള പാല്, പൂക്കള്‍ തുടങ്ങി സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധയിനം വിഷാംശം അടങ്ങിയിരിക്കുന്നു. oleandrin, oleandroside, neriin തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകള്‍ ആണ് ഈ സസ്യത്തെ വിഷകാരി ആക്കുന്നത്. ഒന്നോ രണ്ടോ ഇലകളോ ഏതാനും പൂക്കളോ അറിഞ്ഞോ അറിയാതെയോ ഉള്ളിലേക്ക് ചെന്നാല്‍ മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ വിഷബാധ ഉണ്ടായേക്കാം. ചില പഠനങ്ങള്‍ അനുസരിച്ച് കേവലം നാല് ഗ്രാം ഇല അകത്തു ചെന്നാല്‍ തന്നെ വിഷബാധ ഉണ്ടാകാം. തലകറക്കം, ഛര്‍ദി എന്നിവ ഇതിന്റെ വിഷബാധയുടെ ആദ്യ ലക്ഷണങ്ങളാണ് എന്നാല്‍ തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുകയും വിഷബാധയുടെ മറ്റ് ലക്ഷണങ്ങളായ ഉയര്‍ന്ന ഹൃദയ മിടിപ്പ്, തലവേദന, ബോധക്ഷയം, തളര്‍ച്ച എന്നിവയെല്ലാം കാണിക്കുകയും ചെയ്യുന്നു. വിഷാംശം ഉള്ളില്‍ ചെന്നു എന്ന് സംശയം ഉണ്ടായാല്‍ എത്രയും വേഗത്തില്‍ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാകുന്നു.

ഇലകളിലെയും പൂക്കളിലെയും വിഷാംശം അതിന്റെ വളര്‍ച്ചാഘട്ടം അനുസരിച്ച് മാറാവുന്നതാണ്. അരളിയുടെ കമ്പില്‍ കോര്‍ത്തുവെച്ച മാംസഭാഗങ്ങള്‍ ബാര്‍ബിക്യു ചെയ്തതിനുശേഷം ഭക്ഷിച്ച ആളുകളിലും അരളിച്ചെടി കൂട്ടിയിട്ട് കത്തിച്ച് പുക ശ്വസിച്ച ആളുകളിലും വരെ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അരളി ഇലകള്‍ കമ്പോസ്റ്റ് ആക്കി ആ കമ്പോസ്റ്റ് ഇട്ടു വളര്‍ത്തിയ മറ്റ് സസ്യങ്ങളില്‍ പോലും അരളിയിലെ വിഷാംശങ്ങള്‍ കടന്നുകൂടിയതായി പഠനങ്ങള്‍ കാണിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ പല അമ്പലങ്ങളിലും പൂജയ്ക്കും മറ്റും അരളിപ്പൂക്കള്‍ ഉപയോഗിക്കുന്നത് കാണാറുണ്ട്. എല്ലാ കാലങ്ങളിലും കാലാവസ്ഥയിലും പൂക്കള്‍ ഉണ്ടാവാറുണ്ട് എന്നത് ഒരുപക്ഷേ ഇത്തരം ആവശ്യങ്ങള്‍ക്ക് എടുക്കുന്നതിന് ഒരു കാരണമാവാം.
അളവാണ് വിഷം നിര്‍ണയിക്കുന്നത് (Sola dosis facit Venenum) എന്ന പ്രശസ്തമായ ലാറ്റിന്‍ ആപ്തവാക്യം ഇവിടെയും ബാധകമാണ്. വളരെ ചെറിയ അളവില്‍ ഹൃദ്രോഗ ചികിത്സയ്ക്കായി ചൈനയിലെ പ്രാദേശിക ചികിത്സാക്രമങ്ങളില്‍ അരളി ഉപയോഗിക്കാറുണ്ട്.

മഞ്ഞരളി
മഞ്ഞരളി, അഥവാ യെല്ലോ ഒലിയാണ്ടര്‍ (Cascabela thevetia) നാട്ടിന്‍പുറങ്ങളില്‍ വേലിയിലും മറ്റും സ്ഥിരമായി കാണപ്പെടുന്ന ഒരു സസ്യമാണ്. സസ്യശാസ്ത്രപരമായി അരളിയുടെ അടുത്ത ബന്ധുവും ഒരേ കുടുംബത്തിലെ അംഗവുമാണ്. നേരിയ നീണ്ട ഇലകള്‍ പാലുള്ള കാണ്ഡവും ഇലകളും, കടുത്ത മഞ്ഞനിറത്തിലും നേരിയ മഞ്ഞ, ഓറഞ്ച് നിറത്തിലും ഉള്ള പൂക്കള്‍ തുടങ്ങിയ സ്വഭാവങ്ങള്‍ ഇതില്‍ കാണാറുണ്ട്. ഏറ്റവും അധികം വിഷം അടങ്ങിയിരിക്കുന്നത് കായയിലാണ്. അരളി പോലെ തന്നെ വിഷാംശം അകത്ത് ചെന്നാല്‍ വയറുവേദന, വയറിളക്കം, ഛര്‍ദി, രക്താതിസാരം എന്നീ ലക്ഷണങ്ങള്‍ കാണിക്കാറുണ്ട് മാരകമായ അളവിലുള്ള വിഷം ഹൃദയത്തെ ബാധിക്കുകയും പ്രവര്‍ത്തനത്തെ തന്നെ തകരാറിലാക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. അരളിയെ പോലെ തന്നെ മഞ്ഞ അരളിയിലും എല്ലാ ഭാഗങ്ങളിലും വിഷാംശം അടങ്ങിയിരിക്കുന്നു. thevetin A, thevetin B തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകള്‍ തന്നെയാണ് ഇവിടെയും വിഷം.

ഒതളങ്ങ
സമാനമായി, ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകള്‍ രാസപദാര്‍ത്ഥങ്ങള്‍ വിഷകാരിയാകുന്ന മറ്റു സസ്യങ്ങളാണ് ഒതളങ്ങയും (Cerbera odollam) വിഷപ്പാലയും (Vallaris oslanacea ). ഇവ രണ്ടും അരളിയുടെ കുടുംബമായ അപ്പോസയനെസിയെ അംഗങ്ങളാണ്. ഒതളങ്ങയുടെ കായയിലാണ് ഏറ്റവുമധികം വിഷം അടങ്ങിയിരിക്കുന്നതെങ്കില്‍ വിഷപ്പാലയില്‍ അരളിയെ പോലെ തന്നെ എല്ലാ ഭാഗങ്ങളിലും വിഷാംശം അടങ്ങിയിരിക്കുന്നു.

എരുക്ക്
നാട്ടിന്‍പുറങ്ങളിലും ഉപയോഗശൂന്യമായ വെളിമ്പ്രദേശങ്ങളിലും കാണപ്പെടുന്ന മറ്റൊരു വിഷസസ്യം ആണ് എരുക്ക് (Calotropis gigantea). അരളി കുടുംബത്തില്‍പ്പെട്ട മറ്റൊരു കുറ്റിച്ചെടിയാണ് ഇത്. uscharin, calotoxin, calactin, calotropin തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകള്‍ ആണ് ഇതിനെ വിഷമാക്കുന്നത്. ഏറ്റവും അധികം വിഷാംശം അടങ്ങിയിരിക്കുന്നത് ഇതിന്റെ പാലിലാണ്. വിഷബാധയുണ്ടായാല്‍ ആറ് മുതല്‍ 12 മണിക്കൂറിനകം തന്നെ മരണം സംഭവിക്കാം. ഏതെങ്കിലും കാരണവശാല്‍ ഇതിന്റെ പാല് കണ്ണുകളില്‍ ആവുകയാണെങ്കില്‍ അന്ധതയ്ക്ക് കാരണമാവാറുണ്ട്.

ഉമ്മം
വീട്ടുവളപ്പുകളിലും നാട്ടിന്‍പുറങ്ങളിലും സാധാരണയായി കണ്ടുവരുന്ന മറ്റൊരു സസ്യമാണ് ഉമ്മം (Datura stramonium). atropine, hyoscyamine, scopolamine തുടങ്ങിയ ആല്‍ക്കലോയിഡുകള്‍ ആണ് ഇതിനെ വിഷകാരിയാക്കുന്നത് ഇലകളിലും തണ്ടിലും എല്ലാം വിഷം ഉണ്ടെങ്കിലും ഏറ്റവും അധികം വിഷം കാണുന്നത് വിത്തുകളിലാണ്. അറിഞ്ഞോ അറിയാതെയോ ഇത് അകത്തേക്ക് എത്തിപ്പെട്ടാല്‍ മരണകാരി ആവുന്നതാണ്.

ആവണക്ക്
പറമ്പുകളിലും കാടുപിടിച്ച് കിടക്കുന്ന മറ്റു മേഖലകളിലും സാധാരണ വളരുന്ന മറ്റൊരു സസ്യമാണ് ആവണക്ക് (Ricinus communis). ഇതിന്റെ കായയില്‍ അടങ്ങിയിരിക്കുന്ന റൈസിന്‍ എന്ന വിഷവസ്തു നേരിയ അളവില്‍ തന്നെ മരണകാരി ആകാവുന്നതാണ്. പല സിനിമകളിലും നോവലുകളിലും മറ്റും ഈ വിഷവസ്തു ഉപയോഗിച്ച് കൊലപാതകങ്ങള്‍ നടത്തുന്നത് ചിത്രീകരിച്ചിട്ടുണ്ട്. നേരിയ അളവില്‍ ആയതിനാല്‍ തന്നെ ധാരാളമായി ഇതിന്റെ കുരു അകത്തു ചെന്നാല്‍ വിഷമാവാറുണ്ട്.

മേന്തോന്നി
അലങ്കാര ആവശ്യങ്ങള്‍ക്കും മറ്റും വളര്‍ത്തുന്ന മറ്റൊരു സസ്യമാണ് മേന്തോന്നി (Gloriosa superba). കാണാന്‍ ഭംഗിയുള്ള ചുവന്ന പൂക്കള്‍ ഇതിനെ അലങ്കാരസസ്യങ്ങൾ വളര്‍ത്തുന്നവരുടെ പ്രിയപ്പെട്ട സസ്യമാക്കി മാറ്റുന്നു. ഇതിന്റെ നടീല്‍ വസ്തുവായ കിഴങ്ങുകളില്‍ തന്നെയാണ് മാരക വിഷമായ കോള്‍ചൈസിന്‍ എന്ന ആല്‍ക്കലോയിഡ് അടങ്ങിയിട്ടുള്ളത്. നേരിയ അളവില്‍ തന്നെ ഇത് മാരകമാണ്.

കുന്നിക്കുരു
നമ്മുടെ കഥകളിലും പാട്ടുകളിലും മറ്റും സ്ഥാനം പിടിച്ചിരിക്കുന്ന മറ്റൊരു സസ്യമാണ് കുന്നിക്കുരു (Abrus precatorius), പയര്‍ ഉള്‍പ്പെടുന്ന പാപ്പിലോണിയസിയെ കുടുംബത്തിലാണ് ഇത്. എന്നാല്‍, കുന്നിക്കുരുവിന്റെ പരിപ്പില്‍ മാരകമായ Abrin എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. ഒന്നോ രണ്ടോ കുരു തന്നെ മാരകമായ വിഷബാധയ്ക്ക് കാരണമാകാറുണ്ട്. പരിപ്പിന് പുറത്ത് നമ്മള്‍ കാണുന്ന ചുവപ്പും കറുപ്പും നിറത്തിലുള്ള പുറന്തോട് സാധാരണ ഗതിയില്‍ ദഹിക്കാറില്ല. അതിനാല്‍ തന്നെ ഒന്നോ രണ്ടോ കുരു നേരിട്ട് അകത്ത് ചെന്നാലും ഈ തോട് പൊട്ടിയിട്ടില്ലെങ്കില്‍ വിഷബാധയേല്‍ക്കാതെ, ദഹിക്കാതെ പുറത്തേക്കു പോകും. എന്നാല്‍ വളരെ നേരിയ പൊട്ടലോ കേടുപാടുകളോ ഈ പുറന്തോടിന് ഉണ്ടായാല്‍ വിഷം പുറത്തുവരാന്‍ കാരണമാവുകയും മാരകമാവുകയും ചെയ്യും
References
Armstrong, J., & Pascu, O. (2022). Toxicology handbook. Elsevier Health Sciences.
Meuninck, J. (2014). Basic illustrated Poiosnous and Psychoactive plants. Rowman & Littlefield.
Knight, A. (2007). A guide to poiosnous house and garden plants. CRC Press.
Rajapakse S. Management of yellow oleander poiosning. Clin Toxicol (Phila). 2009 Mar;47(3):206-12. doi: 10.1080/15563650902824001. PMID: 19306191.
Carfora, A., Petrella, R., Borriello, R., Aventaggiato, L., Gagliano-Candela, R., & Campobasos, C. P. (2021). Fatal poiosning by ingestion of a self-prepared oleander leaf infusion. Forensic Science, Medicine and Pathology, 17, 120-125.
Khan I, Kant C, Sanwaria A, Meena L. Acute cardiac toxicity of nerium oleander/indicum poiosning (kaner) poiosning. Heart Views. 2010 Oct;11(3):115-6. doi: 10.4103/1995-705X.76803. PMID: 21577379; PMCID: PMC3089829.
Ansford AJ, Morris H. Fatal oleander poiosning. Med J Aust. 1981 Apr 4;1(7):360-1. doi: 10.5694/j.1326-5377.1981.tb135633.x. PMID: 7195456.
Content Highlights: poisonous plants flowers garden,fruits,arali,manjarali,othalanga,kunnikkuru,menthonni,avanakku,ummam
Published: 04 May 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented