തിരുവനന്തപുരം: കേരളത്തില്‍ മുമ്പുണ്ടായിരുന്നു എന്ന് രേഖപ്പെടുത്തിയ അപൂര്‍വ്വ പന്നല്‍ച്ചെടിയെ വീണ്ടും കണ്ടെത്തി തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് ബോട്ടണി വിഭാഗം ഗവേഷക വിദ്യാര്‍ഥിയായ അഷിത അലെന്‍സണ്‍. 30 വര്‍ഷത്തിന് ശേഷമാണ് 'പൈറസോയിയ പൈലസെലോയിഡസ് ' എന്ന പന്നല്‍ച്ചെടിയെ വീണ്ടും കണ്ടെത്തിയത്. 

To advertise here,

ഈ കണ്ടെത്തലോടെ, കേരളത്തില്‍ തിരിച്ചറിഞ്ഞിട്ടുള്ള പന്നല്‍ച്ചെടി വിഭാഗത്തില്‍പ്പെടുന്ന പൈറോസിയ ജനുസുകളുടെ എണ്ണം അഞ്ചായി. 'ഇന്ത്യന്‍ ഫേൺ ജേര്‍ണലി'ന്റെ' പുതിയ ലക്കത്തിലാണ് ഈ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസറും ഗൈഡുമായ ഡോ ലൈജ എസ്. നായരുടെ നേതൃത്വത്തില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കേളേജിലെ ഡോ.എസ്. മഹേഷ്, പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബോട്ടണിക്കല്‍ ഗാര്‍ഡനിലെ ഡോ. രാജു ആന്റണി എന്നിവരും പഠനത്തില്‍ പങ്കുചേര്‍ന്നു. 

സീതത്താലി (പൈറോസിയ) എന്ന പന്നല്‍ച്ചെടിയില്‍ തുടങ്ങിയ ഗവേഷണമാണ് പൈറസോയിയ പൈലസെലോയിഡസ് വീണ്ടും കണ്ടെത്തുന്നതിലേക്ക് നയിച്ചത്. കേരളത്തിലെ പൈറോസിയ സ്പീഷിസുകളായിരുന്നു അഷിതയുടെ ഗവേഷണ വിഷയം. കേരളത്തിലെ പല ദിക്കില്‍നിന്നും പന്നല്‍ച്ചെടി (ഫേണ്‍) ഗണത്തില്‍ പെട്ട പൈറോസിയ ഹെട്രോഫില  ശേഖരിച്ചു. എന്നാല്‍, ഇതില്‍ ചിലത് ഹെട്രോഫിലിയ ഗണത്തില്‍ പെടുന്നവയല്ലെന്ന് തിരിച്ചറിഞ്ഞതാണ്, ഗവേഷകരെ പുതിയ കണ്ടെത്തലിലേയ്ക്ക് നയിച്ചത്. കൂടുതല്‍ പഠനങ്ങളോടെ, അവ പൈറസോയിയ പൈലസെലോയിഡസ് ആണെന്ന് വ്യക്തമായി. 

പൈറോസിയ ജനുസുകളെ പറ്റി നമ്മുടെ നാട്ടില്‍ കാര്യമായ ഗവേഷണം നടക്കുന്നില്ലെന്ന് അഷിത പറയുന്നു. അതാണ് ഗവേഷണ വിഷയമായി ആ ജനുസിനെ തന്നെ തിരഞ്ഞെടുക്കാന്‍ കാരണമായത്. ദക്ഷിണേന്ത്യയിലെ പന്നല്‍ ചെടികളെ പറ്റി അഞ്ചു വര്‍ഷം നീണ്ട വിപുലമായ പഠത്തിനു ശേഷം 1998-ല്‍ പ്രസിദ്ധീകരിച്ച 'ദ ഫേണ്‍ ഫ്‌ളോറ ഓഫ്  സൗത്ത് ഇന്ത്യ' എന്ന പുസ്തകത്തില്‍, പൈറോസിയ പൈലസെലോയിഡസ് എന്ന സ്പീഷിസ് കണ്ടെത്താനായില്ലെന്ന് പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ ഇത് കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നതായി പുസ്‌കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 

നെടുമങ്ങാട്, കടക്കല്‍, ആയംകുടി എന്നിവിടങ്ങളിലാണ് ഗവേഷകര്‍ പൈറസോയിയ പൈലസെലോയിഡസ് കണ്ടെത്തിയത്. കുറ്റിച്ചെടികളുടെയും മരങ്ങളുടെയും പ്രതലത്തില്‍ നനവുള്ള ഭാഗങ്ങളിലാണ്  ഇവ വളരുന്നത്.