
ലോകത്ത് ഏറ്റവും അധികം ആളുകള്‍ നിത്യം ഉപയോഗിക്കുന്ന പാനീയം ഏതെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ കാപ്പി എന്ന് തന്നെയാവും ഉത്തരം. മനുഷ്യരെ ഇത്രത്തോളം ഉദ്ദീപിപ്പിക്കുന്ന, ഊര്‍ജസ്വലമാക്കുന്ന മറ്റൊരു പാനീയം ഇല്ല എന്ന് തന്നെ പറയാം.
Also Read
എത്യോപ്യയിലെ ആടിലൂടെ കണ്ടെടുക്കപ്പെട്ട കാപ്പി
കാപ്പിയുടെ ഉത്ഭവത്തെക്കുറിച്ച് പല കഥകള്‍ പ്രചാരത്തില്‍ ഉണ്ടെങ്കിലും ഏറ്റവും അധികം കേള്‍ക്കുന്ന കഥ എത്യോപ്യയിലെ ആട്ടിടയന്റേതാണ്. ഇന്നത്തെ എത്യോപ്യ - തെക്കന്‍ സുഡാന്‍ പ്രദേശത്തെ ഏതോ ഒരു ആട്ടിടയന്‍ തന്റെ ആടുകള്‍ ഒരു ചെടിയുടെ കായകള്‍ തിന്നതിനു ശേഷം വല്ലാതെ ഉത്തേജിതരായി പരക്കം പായുന്നത് കണ്ടു. ഈ കായകള്‍ പറിച്ചെടുത്ത് ഭക്ഷിച്ചു നോക്കിയ ഇടയനും അതിന്റെ ഊര്‍ജസ്വലത അനുഭവിക്കുകയും പിന്നീട് ഒരു ഭക്ഷ്യ പദാര്‍ത്ഥമായി ഉപയോഗിച്ചു തുടങ്ങുകയും ചെയ്തു. ആദ്യകാലങ്ങളില്‍ കാപ്പികുരു മറ്റു ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് ഒപ്പം പൊടിച്ചുചേര്‍ത്ത് ഊര്‍ജദായകമായ ഭക്ഷ്യവസ്തു എന്ന രീതിയില്‍ ഉപയോഗിക്കുകയായിരുന്നു. കാപ്പിയുടെ ഇലകളും മറ്റും തിളപ്പിച്ചുകൊണ്ട് ഉത്തേജക പാനീയം എന്ന രീതിയില്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.

അറബികളിലൂടെ പ്രചാരം
ആഫ്രിക്കയില്‍ നിന്നുള്ള അടിമകള്‍ വഴി യമനിലേക്കും പിന്നീട് അറേബ്യയിലേക്കും കാപ്പിയുടെ ഉപയോഗം പടര്‍ന്നു എന്ന് കരുതപ്പെടുന്നു. ആദ്യകാലങ്ങളില്‍ സൂഫി സന്യാസിമാരുടെ പ്രധാന പാനീയമായിരുന്നു കാപ്പി കൊണ്ടുള്ള ക്വഷീര്‍. ഏറെ വൈകിയുള്ള പ്രാര്‍ത്ഥനകളില്‍ ഉണര്‍ന്നിരിക്കാന്‍ അതവരെ സഹായിച്ചിരുന്നുവത്രേ. കാപ്പിയുടെ ഉത്തേജക ഗുണങ്ങള്‍ വളരെ പെട്ടെന്ന് മനസ്സിലാക്കുകയും ആദ്യകാല കോഫി ഹൗസുകള്‍ തുറക്കപ്പെടുകയും ചെയ്തു. ബൗദ്ധിക വ്യാപാരത്തിനുള്ള പ്രധാന കേന്ദ്രങ്ങളായാണ് ഇത്തരം കോഫി ഹൗസുകള്‍ അറിയപ്പെട്ടിരുന്നത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ കാപ്പിക്കുരു വറുത്തു പൊടിച്ചതിനുശേഷം പാനീയങ്ങള്‍ ഉണ്ടാക്കുന്ന ഇന്നത്തെ രീതി അറേബ്യയില്‍ പ്രചാരത്തില്‍ ആവുകയും അത് തുര്‍ക്കി ഈജിപ്ത് തുടങ്ങി മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ ആകെ വ്യാപിക്കുകയും ചെയ്തു. അറബികളാണ് കാപ്പി ഒരു വ്യാപാര വസ്തുവാക്കി ലോകമെമ്പാടും വിപണനം ചെയ്തു തുടങ്ങിയത്. 16 - 17 നൂറ്റാണ്ടുകളില്‍ കാപ്പി യൂറോപ്പിലെ ഒരു സുപ്രധാന ദൈനംദിന പാനീയമായി സ്ഥാനം പിടിക്കുകയും കോളനിവല്‍ക്കരണത്തിന്റെ ഫലമായി ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു.
സസ്യ വര്‍ഗീകരണ ക്രമം അനുസരിച്ച് കോഫിയ എന്ന ജനുസ്സില്‍ ഉള്‍പ്പെടുന്നതാണ് കാപ്പി. ഇതില്‍ രണ്ടു വ്യത്യസ്ത വിഭാഗങ്ങളുണ്ട് . കോഫിയ അറബിക എന്ന അറബിക്ക കോഫിയും Coffea canephora എന്ന റോബസ്റ്റ കോഫിയും ആണ് ഇവ. കാപ്പി കുടുംബം എന്ന് തന്നെ അറിയപ്പെടുന്ന റൂബിയെസിയെ സസ്യ കുടുംബത്തിലാണ് ഇവ ഉള്‍പ്പെടുന്നത്. കഫീനിന്റെ അളവ് കൂടുതലായതിനാലും ധാരാളം വെറൈറ്റികള്‍ ഉള്ളതിനാലും അറബിക് കാപ്പിയാണ് കൂടുതലായി കൃഷിചെയ്യപ്പെടടുന്നത്. കുറ്റിച്ചെടിയായി വളരുകയും വളര്‍ച്ചയെത്തുമ്പോള്‍ ഒരു ചെറിയ മരമായി മാറുകയും ചെയ്യുന്ന പ്രകൃതമാണ് കാപ്പിച്ചെടികള്‍ക്ക്. കുല കുലയായി ധാരാളമായ സുഗന്ധപൂരിതമായ വെളുത്ത പൂക്കള്‍ ഇതിന്റെ പ്രത്യേകതയാണ്.
ബ്രസീലിനും പറയാനുണ്ട്, വശീകരണത്തിന്റെ കാപ്പിക്കഥ
തെക്കന്‍ അമേരിക്കയിലെ പ്രധാന കാപ്പി ഉത്പാദകരായിരുന്നു ഫ്രഞ്ച് ഗയാന. കോളനിവത്കരണ കാലത്തെ സുപ്രധാന കുത്തക വസ്തുക്കള്‍ കാര്‍ഷിക വിപണന വസ്തുക്കള്‍ തന്നെയായിരുന്നു. ചായയും കരിമ്പും പരുത്തിയും എല്ലാം കോളനിവത്കരണത്തിന് നേതൃത്വം നല്‍കുന്ന രാജ്യങ്ങളുടെ കുത്തകയായി തന്നെ നിലനിര്‍ത്തിപ്പോരാന്‍ അവര്‍ ശ്രമിച്ചിരുന്നു. ഇതിനാല്‍ തന്നെ പല കാര്‍ഷിക വിപണന വസ്തുക്കളുടെയും വിത്തുകളും മറ്റ് നടീല്‍ വസ്തുക്കളും ഏറ്റവും രഹസ്യമായി സൂക്ഷിക്കാന്‍ ഇത്തരം രാജ്യങ്ങളിലെ ഭരണാധികാരികള്‍ ശ്രമിച്ചിരുന്നു. ഫ്രഞ്ച് ഗയാനയുടെ അയല്‍രാജ്യമായ ബ്രസീല്‍ അന്ന് പോര്‍ച്ചുഗീസ് ഭരണത്തിന് അധീനതയിലായിരുന്നു. ബ്രസീലിലേക്ക് കാപ്പിയുടെ വിത്തുകള്‍ എത്തിക്കാന്‍ പല ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. വടക്കന്‍ ബ്രസീല്‍ ഭരിച്ചിരുന്ന പോര്‍ച്ചുഗീസ് ഭരണാധികാരി Maranhão e Grão-Pará ഇതൊരു ദൗത്യമായി സര്‍ജന്റ് മേജറായിരുന്ന Francisco de Melo Palheta യേ ഏല്‍പ്പിക്കുകയും അദ്ദേഹം അതൊരു വെല്ലുവിളിയായി സ്വീകരിക്കുകയും ചെയ്തു. പല ശ്രമങ്ങളും നടത്തിയെങ്കിലും പരാജയം രുചിച്ച അദ്ദേഹം അവസാന വഴി എന്ന നിലയില്‍ ഫ്രഞ്ച് ഗയാന ഗവര്‍ണര്‍ Cayenne ന്റെ ഭാര്യയായ Madame D'Orvilliers ന്നെ വശീകരിക്കുകയും Palheta യുടെ വ്യാജ പ്രണയത്തില്‍ മതിമറന്ന അവര്‍ കാപ്പി വിത്ത് ഒരു ബൊക്കയില്‍ നിറച്ച് കൈമാറുകയും ചെയ്തു. അങ്ങനെയാണ് ബ്രസീലില്‍ കാപ്പിയെത്തിയത് എന്ന് ചരിത്രം പറയുന്നു.
വിഷമാണ് കാപ്പിയും
സസ്യങ്ങള്‍ അവയുടെ ദ്വിതീയ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വഴി ഉത്പാദിപ്പിക്കപ്പെടുന്ന രാസവസ്തുക്കള്‍ ആണ് നമ്മള്‍ പല ആവശ്യങ്ങള്‍ക്കായി സസ്യങ്ങളില്‍ നിന്നും എടുക്കുന്നത്. ഉത്തേജനവസ്തുവായി കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന രാസവസ്തുവും സമാനമായ പ്രവര്‍ത്തനഫലമായി ഉണ്ടാവുന്നതാണ്. പല ജീവികള്‍ക്കും ഇത് വിഷമമാണ്. ഏതൊരു രാസവസ്തുവും വിഷമാവുന്നത് അതിന്റെ അളവിലാണ്. മനുഷ്യര്‍ക്ക് കാപ്പി വിഷം ആവണമെങ്കില്‍ ഏകദേശം നൂറ് കപ്പ് ഒരുമിച്ച് കഴിക്കണം.

നെപ്പോളിയന്റെ അതിമോഹം
ഫ്രഞ്ച് ഭരണാധികാരിയായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ടും ബ്രിട്ടീഷുകാരും തമ്മിലുള്ള യുദ്ധം പ്രസിദ്ധമാണല്ലോ. കാപ്പി വിപണിയില്‍ കുത്തക ആയിരുന്ന ആ ബ്രിട്ടീഷ് മേല്‍ക്കോയ്മ ഫ്രാന്‍സിലേക്ക് വ്യാപിക്കാതെ തകര്‍ക്കുന്നതിനായി നെപ്പോളിയന്‍ ബ്രിട്ടന്‍ വഴി ഇറക്കുമതി ചെയ്യുന്ന കോണ്ടിനെന്റല്‍ വസ്തുക്കള്‍ മുഴുവനും നിരോധിക്കുകയുണ്ടായി. കാപ്പികുടി ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്ന ഫ്രഞ്ച് ജനത ഇതോടെ വലിയ ബുദ്ധിമുട്ടിലായി. കാപ്പിയുടെ വില കുതിച്ചുയര്‍ന്നു. ഇതിനു ബദലായി ഫ്രാന്‍സിലെ കാപ്പിസ്‌നേഹികള്‍ സമാനമായ രുചിയുള്ള മറ്റൊരു സസ്യമായ ചിക്കറിയുടെ കിഴങ്ങ് വറുത്ത് പൊടിച്ച് കാപ്പിയില്‍ ചേര്‍ത്ത് കുടിക്കാന്‍ തുടങ്ങി. ഇത് ഒരു അളവു വരെ കാപ്പിയുടെ ബദലായി മാറുകയും ചെയ്തു. ചിക്കറി ചേര്‍ത്ത കാപ്പി വലിയ വിജയമാവുകയും വലിയൊരു വിഭാഗം ആളുകള്‍ കാപ്പി മാത്രം കുടിക്കുന്നതിന് പകരമായി കാപ്പിയും ചിക്കറിയും ചേര്‍ന്ന മിശ്രിതം കൂടുതലായി ആവശ്യപ്പെടാനും തുടങ്ങി. പിന്നീട് യുദ്ധാനന്തരം കാപ്പി വീണ്ടും ഫ്രാന്‍സില്‍ എത്തിയെങ്കിലും കാപ്പിയും ചിക്കറിയും ചേര്‍ന്നുള്ള മിശ്രിതം വലിയ പ്രചാരണം നേടുകയും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇന്നും അത് ആളുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു.
രുചി നിര്‍ണയിക്കുന്നത് വറുക്കുന്ന സമയം
കാപ്പിക്കുരു എത്ര സമയം വറുക്കുന്നു എന്നതും അത് ഉണക്കാന്‍ എടുത്ത സമയം, രീതി എന്നിവയൊക്കെയുമാണ് കാപ്പിപ്പൊടിയുടെ രുചി തീരുമാനിക്കുന്നത്. അതിനാല്‍ തന്നെ വിവിധ രുചികളിലും ഫ്ളേവറിലും ഉള്ള കാപ്പിപ്പൊടികള്‍ ലഭ്യമാണ്. കാപ്പി ഉണ്ടാക്കുന്ന രീതിയിലും ഉണ്ട് വലിയ രീതിയിലുള്ള വൈവിധ്യം. എങ്കിലും എത്ര സമയം എടുത്താണ് കാപ്പിക്കുരു വറുക്കുന്നത് എന്നുള്ളത് അവസാനം കാപ്പിക്കുരുവിന്റെ നിറവും രുചിയുമായുമെല്ലാം ബന്ധപ്പെട്ട് കിടക്കുന്നു.
കാപ്പി കുടിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്ക
ലോകത്തില്‍ ഏറ്റവും അധികം കാപ്പി ഉല്‍പാദിപ്പിക്കുന്ന രാജ്യം ബ്രസീലാണ്, ഇതില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തില്‍ ഏറ്റവും അധികം കാപ്പി ഇറക്കുമതി ചെയ്യുന്ന രാജ്യം അമേരിക്കയാണ്. കാപ്പി ഉപഭോഗത്തില്‍ മുന്‍പന്തിയില്‍ ഉള്ളതും അമേരിക്കക്കാരാണ്. ഏറ്റവും അധികം കാപ്പി കുടിക്കുന്നത് ഗവേഷകരും സോഫ്റ്റ്വെയര്‍ ഉള്‍പ്പെടെ ടെക്‌നിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആളുകളും ആണത്രേ. അമേരിക്കന്‍ യുവത്വത്തിന്റെ പ്രാതല്‍ പലപ്പോഴും നല്ലൊരു കപ്പ് കാപ്പിയാണ്.

തായ്ലൻഡിൽ നിന്നുള്ള ദൃശ്യം | Getty images
കാപ്പിയും ലഹരി ആണ്
ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ അടിമപ്പെട്ടിട്ടുള്ള ലഹരി കാപ്പിയാണ് എന്ന് പറയാം. കാപ്പി കുടിക്കാതെ ഉന്മേഷക്കുറവ് തോന്നുന്ന ആളുകളാണ് കാപ്പി ശീലമാക്കിയവരില്‍ പലരും. ഇത് പല തോതിലുള്ള കാപ്പി അഡിക്ഷനുകളിലേക്ക് നയിക്കുന്നുണ്ട്. എങ്കിലും ചായ പോലെ തന്നെ നേരിയ തോതിലുള്ള ഒരു ലഹരി മാത്രമാണ് കാപ്പിയും. കാപ്പി കുടിച്ചു കഴിയുമ്പോള്‍ 15- 20 മിനിറ്റിനകത്ത് തന്നെ ഉന്മേഷം തോന്നി തുടങ്ങുകയും കുടിക്കുന്ന ആളിന്റെ ശരീരപ്രകൃതിയും കാപ്പിയുടെ അളവും അനുസരിച്ച് 8 മുതല്‍ 14 മണിക്കൂര്‍ വരെ സമയത്തേയ്ക്ക് ഈ ഉന്മേഷം നിലനില്‍ക്കുകയും ചെയ്യും. കാപ്പി കുടിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയമായി പറയുന്നത് ഉച്ചയ്ക്ക് രണ്ടു മണിയാണ്.
പ്രകൃതിയിലെ കാപ്പി അടിമകള്‍
കാപ്പി മനുഷ്യര്‍ക്ക് നേരിയ തോതില്‍ ലഹരി ആവുന്നതുപോലെ മറ്റു ജീവികളിലും ആവാറുണ്ട് ഇതില്‍ ഏറ്റവും പ്രധാനമായി എടുത്തു പറയാവുന്നത് തേനീച്ചകളിലാണ്. കാപ്പിപ്പൂവില്‍ നിന്നും തേന്‍ നുകരുന്നതിനോടൊപ്പം തന്നെ നേരിയ തോതില്‍ കഫീന്‍ എന്ന കാപ്പിയിലെ ഉത്തേജകവസ്തുക്കള്‍ നുകരാറുണ്ട്. ഇത് അവര്‍ക്ക് വലിയ രീതിയില്‍ പ്രവര്‍ത്തന ഊര്‍ജം നല്‍കുന്നു. മറ്റു സസ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കാപ്പിയിലെ തേന്‍ നുകരുന്ന തേനീച്ചകള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതായും അവയുടെ വഴി നന്നായി ഓര്‍ക്കുന്നതായും പഠനങ്ങള്‍ കാണിക്കുന്നുണ്ട്.

ഏറ്റവും വിലപിടിപ്പുള്ള കാപ്പി
ലോകത്തില്‍ ഏറ്റവും വിലപിടിപ്പുള്ള കാപ്പി ഏതായിരിക്കും. ബ്ലാക്ക് ഐവറി കോഫി എന്നറിയപ്പെടുന്ന കാപ്പി ആണ് ഒന്നാം സ്ഥാനത്ത്. കാപ്പിത്തോട്ടങ്ങളില്‍ കാപ്പിപ്പഴം രുചിക്കാന്‍ എത്തുന്ന ആനകള്‍ വലിയ തോതില്‍ പഴുത്ത കാപ്പി പഴം ഭക്ഷണമാക്കാറുണ്ട്. ഇതില്‍ പുറംതോട് അഥവാ പഴ ഭാഗം വേഗത്തില്‍ ദഹിക്കുകയും കാപ്പിക്കുരു ചെറിയ അളവില്‍ ദഹിച്ച് കുരു മാത്രമായി ആനപ്പിണ്ടത്തോടൊപ്പം പുറത്തേയ്ക്ക് പോവുകയും ചെയ്യും. ആനപ്പിണ്ടത്തില്‍ നിന്ന് ഇവ ശേഖരിച്ച് കഴുകി ഉണക്കി ഉണ്ടാക്കുന്നതാണ് ഐവറി കോഫി. ആനയുടെ ദഹന വ്യവസ്ഥയില്‍ കൂടെ കടന്നുപോയതിനാല്‍ മറ്റ് കാപ്പികള്‍ക്ക് ഇല്ലാത്ത പ്രത്യേക ഫ്ളേവര്‍ ഇതിന് ലഭിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. സമാനമായി വെരുക് തിന്ന കാഷ്ഠിക്കുന്ന കാപ്പിക്കുരുവില്‍ നിന്നും ഉണ്ടാക്കുന്ന കോഫി ലുവാക്ക് അഥവാ സിവറ്റ് കോഫി ഏറ്റവും വിലപിടിപ്പുള്ള മറ്റൊരു കാപ്പിയാണ്. ഒരു കപ്പ് കാപ്പിക്ക് ഏകദേശം 2500 രൂപ (30 ഡോളർ) അടുത്താണ് വില.
Content Highlights: plant world column,coffee story,dr suresh v,kopiluvak,ivory coffee,robesta,arabic coffee
Published: 17 May 2024, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented