സില്‍ക്ക് അല്ലെങ്കില്‍ പട്ട് ചരിത്രാതീതകാലം മുതല്‍ മനുഷ്യരെ മോഹിപ്പിച്ച വസ്ത്രമാണല്ലോ. ചൈനയിലാണ് പട്ടുനൂല്‍ കൃഷിയും വ്യാപാരവും വസ്ത്ര ആവശ്യത്തിന് ഉപയോഗവും തുടങ്ങിയത് എന്ന് ചരിത്രം പറയുന്നു. ഇന്ത്യയിലും ഇതിന്റെ അനുരണനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

To advertise here,

എന്നാല്‍ പൂര്‍ണ്ണമായും ഒരു നോണ്‍ വെജിറ്റേറിയന്‍ വസ്ത്രമാണ് പട്ട് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഓരോ പട്ടുവസ്ത്രവും ഉണ്ടാക്കാന്‍ കൊല്ലപ്പെടുന്നത് ആയിരക്കണക്കിന് പട്ടുനൂല്‍ പുഴുക്കളാണ്. അതിനാല്‍ തന്നെ ആഗോളതലത്തില്‍ മൃഗസ്‌നേഹികളുടെ വലിയ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്, പട്ടുവസ്ത്ര നിര്‍മ്മാണം.  തുകല്‍ പോലെ തന്നെ, പട്ടുവസ്ത്രങ്ങളിലെ ഓരോ പട്ടുനൂലും ശുദ്ധമായ പ്രോട്ടീന്‍ ആണ്. പട്ടുനൂല്‍ പുഴു അതിന്റെ കൊക്കൂണ്‍ ഉണ്ടാക്കാനായി സ്രവിക്കുന്ന ദ്രവം കട്ടിയായി ഉണ്ടാവുന്നതാണല്ലോ പട്ടുനൂല്‍.  വിശ്വാസ കാരണങ്ങളാല്‍ വീഗന്‍ ഭക്ഷണം മാത്രം കഴിക്കുകയും ലെതര്‍ ചെരിപ്പ് ഉള്‍പ്പെടെ മൃഗജന്യ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ പലരും പക്ഷേ പട്ടുവസ്ത്രങ്ങള്‍ ധാരാളമായി അണിയാന്‍ താത്പര്യപ്പെടുന്നത് കാണാറുണ്ട്.  

മറ്റ് സിന്തറ്റിക് സില്‍ക്ക് വസ്ത്രങ്ങള്‍ ധാരാളമായി മാര്‍ക്കറ്റില്‍ ഉണ്ടെങ്കിലും വിവാഹം പോലെയുള്ള  വിശേഷ അവസരങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും പ്രിയം പട്ടുസാരിയും പട്ടുവസ്ത്രങ്ങളും തന്നെ. ഉണ്ടാക്കാന്‍ ഭഗീരഥ പ്രയത്‌നം ഉള്ളതിനാല്‍ തന്നെ ശുദ്ധമായ നോണ്‍വെജ് പുഴു നിര്‍മിത പട്ടുവസ്ത്രങ്ങള്‍ക്ക് വലിയ വിലയാണ് എന്നുമുള്ളത്. 

എന്നാല്‍, ശുദ്ധമായ വെജിറ്റേറിയന്‍ പട്ട്  ഇപ്പൊള്‍ നിലവിലുണ്ട് എന്ന് പറഞ്ഞാലോ?. പട്ടിന്റെ ഗരിമയും പ്രൗഢിയും ഉള്ള മറ്റൊരു പക്കാ വീഗന്‍ പട്ട് ഇപ്പൊള്‍ പതുക്കെ ഫാഷന്‍ ലോകത്ത് തരംഗം സൃഷ്ടിക്കുന്നുണ്ട്. കേവലം ഒരു മീറ്റര്‍ വീഗന്‍ പട്ടിനു 4,000 രൂപക്ക് അടുത്താണ് വില. പ്രസിദ്ധ ഫാഷന്‍ ബ്രാന്‍ഡായ Loro Piana  ഈ വീഗന്‍ പട്ട് കൊണ്ടുള്ള ജാക്കറ്റ് 5600 ഡോളറിന് ആണ് വില്‍പ്പനക്ക് വെച്ചിട്ടുള്ളത്, ഏകദേശം 5 ലക്ഷം രൂപ. ഇതില്‍ നിന്നുതന്നെ ഇതിന്റെ ഒരു ആഡംബര മൂല്യം മനസ്സിലായി കാണുമല്ലോ.

ഇനി എന്താണ് ഈ വീഗന്‍ പട്ട്?

താമരയിലകളുടെ തണ്ടാണ് ഇവിടെ പട്ടുനൂലിനുള്ള സ്രോതസ്സ്. ഇതിനെ വെജിറ്റേറിയന്‍ എന്ന് വിളിക്കാനുള്ള മറ്റൊരു കാരണം ഇതിന്റെ നൂല്‍ 40 ശതമാനത്തോളം സെല്ലുലോസും ബാക്കി ഹെമീസെല്ലുലോസും സസ്യകാഠിന്യ വസ്തുവായ ലിഗ്‌നിനും ആണ്, പ്രോട്ടീന്‍ ഇല്ല.

വിയറ്റ്‌നാമിലും മ്യാന്മറിലും കംബോഡിയയിലും മറ്റുമാണ് താമരയില്‍നിന്നുള്ള പട്ട് ഉത്പാദനം ഇപ്പൊള്‍ നിലവില്‍ ഉള്ളത്. ഇന്ത്യയില്‍ മണിപ്പൂരിലും അടുത്ത കാലത്ത് ആരംഭിച്ചിട്ടുണ്ട്. താമരത്തണ്ടുകള്‍ പൊട്ടിച്ച്  വലിക്കുമ്പോള്‍ പൊട്ടിച്ച അഗ്രങ്ങളില്‍നിന്നു നീണ്ടുവരുന്ന നേര്‍ത്ത നൂലുകള്‍ കാണാം. വളരെ നേര്‍ത്ത ഈ നൂലുകളെ താമരനൂലുകള്‍ എന്നാണ് വിളിക്കുക. ഈ നേര്‍ത്ത നൂലുകളെ കൂട്ടിച്ചേര്‍ത്ത് പിരിച്ചെടുത്ത് ഉണ്ടാക്കുന്ന അല്‍പം കട്ടിയേറിയ നൂലുകളാണ് പട്ട് വസ്ത്രങ്ങള്‍ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. 

1900-ങ്ങളില്‍ മ്യാന്മറിലെ ഇന്‍ താ ഗോത്രത്തിലെ സാ ഊ എന്ന യുവതിയാണ് താമരനൂല്‍ ഉപയോഗിച്ചുള്ള വസ്ത്ര നിര്‍മ്മാണം ആരംഭിച്ചത് എന്ന് കരുതപ്പെടുന്നു. താനുണ്ടാക്കിയ താമര പട്ടുറുമാല്‍ സമീപത്തുള്ള ഒരു ബുദ്ധമഠത്തിലെ സന്യാസിക്ക് അവര്‍ നല്‍കി. ബുദ്ധവിഗ്രഹങ്ങള്‍ക്ക് ചാര്‍ത്താന്‍ സമാനമായ വസ്ത്രങ്ങള്‍ ഉണ്ടാക്കി നല്‍കുന്നത് അവര്‍ തുടര്‍ന്നെങ്കിലും അവരുടെ കാലശേഷം അത് നിന്നുപോയി. താമര ബുദ്ധമതത്തിലും ഏറെ ദിവ്യമായി കരുതുന്ന ഒരു പൂവാണ്. അടുത്ത കാലത്ത് അവരുടെ പിന്മുറക്കാര്‍ താമര പട്ടുനിര്‍മാണം പുനരാരംഭിച്ചിട്ടുണ്ട്. 

താമര പട്ടിന് വിവിധ ഗുണങ്ങള്‍ ഉള്ളതായി പറയപ്പെടുന്നു. ഇതൊരു സെല്ലുലോസിക് നാരും ഏറ്റവും മികച്ച ജല പ്രതിരോധശേഷിയുള്ള നാരുകളിലൊന്നുമാണ്. തണുപ്പുള്ളതും ഉറപ്പുള്ളതും വായുസഞ്ചാരമുള്ളതും ധരിക്കാന്‍ സുഖകരവുമാണ് ഒപ്പം നല്ല  ഇലാസ്തികത ഇതിനുണ്ട്. ചുളിവുകള്‍ വീഴാത്ത നാരുകളാണിത്, ഈര്‍പ്പം വലിച്ചെടുക്കുമെങ്കിലും പെട്ടെന്ന് ഉണങ്ങും. ഈ നാരുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന തുണിത്തരങ്ങള്‍ക്ക് അസാധാരണ ഗുണങ്ങളുണ്ട്.  വിഷാംശമുള്ള രാസവസ്തുക്കള്‍  ഇതില്‍ അടങ്ങിയിട്ടില്ല, അതിനാല്‍ ഇത് പരിസ്ഥിതി സൗഹൃദ ഉത്പാദനത്തിന് സഹായിക്കുന്നു. ഇതിന്റെ നിര്‍മ്മാണ പ്രക്രിയയില്‍ ഗ്യാസ്, പെട്രോള്‍, വൈദ്യുതി, അധിക ജലം എന്നിവയുടെ ആവശ്യമില്ല. അതിനാല്‍ തന്നെ കാര്‍ബണ്‍ ന്യൂട്രല്‍ ആണ്. 

placeholder
താമരത്തണ്ടിലെ ഈ നാരാണ് പട്ടുനൂലിന് ബദലായി ഉപയോഗിക്കുന്നത് Photo: freepik.com

താമര പട്ട് ഇന്ത്യയില്‍

മണിപ്പൂരിലെ ബിജിയശാന്തി ടോങ്ബ്രാം എന്ന  27-കാരി ലോക്ടാക് തടാകത്തില്‍ നിന്ന് ശേഖരിക്കുന്ന താമരത്തണ്ടുകളില്‍നിന്ന് പട്ടുനാരുകളുണ്ടാക്കുകയും ഈ നൂല്‍ ഉപയോഗിച്ച് ഷാളുകള്‍, നെക്ക്‌ടൈകള്‍, മറ്റ് വസ്ത്രങ്ങള്‍  നെയ്യുകയും ചെയ്യുന്നുണ്ട്. അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുള്‍പ്പെടെ നിരവധി പേരുടെ ശ്രദ്ധ അവരുടെ ഈ നൂതന സമീപനം ആകര്‍ഷിച്ചിരുന്നു. പ്രധാനമന്ത്രി മോദി തന്റെ മന്‍ കി ബാത് റേഡിയോ പരിപാടിയില്‍ ബിജിയശാന്തിയുടെ ഈ നൂതന ആശയങ്ങളെ പ്രശംസിച്ചിട്ടും ഉണ്ട്.

താമരത്തണ്ടില്‍ നിന്ന് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വലിയ ഡിമാന്‍ഡാണ്. ഇത് താമരകൃഷിയിലും തുണി വ്യവസായത്തിലും പുതിയ സാധ്യതകള്‍ തുറന്നിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്ടാക്കിന് സമീപമുള്ള തംഗ ടോങ്ബ്രാം ഗ്രാമത്തിലെ ജോയ്കുമാര്‍ ടാംഗ്രാമിന്റെയും സനഹല്‍ ടോങ്ബ്രാമിന്റെയും മകളാണ് ബോട്ടണിയില്‍ ബിരുദധാരിയായ ബിജിയശാന്തി. 2014-ല്‍ ഇംഫാലിലെ ജി.പി. വിമന്‍സ് കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം, ബിജിയശാന്തിയുടെ ആദ്യ പദ്ധതി തന്റെ പ്രദേശത്ത് അഗ്രോ-ടൂറിസം സ്ഥാപിക്കുക എന്നതായിരുന്നു. എന്നിരുന്നാലും, വിഭവങ്ങളുടെ കുറവ് മൂലം പദ്ധതികള്‍ മുന്നോട്ട് പോകാനായില്ല. എന്നിരുന്നാലും, താമരയുടെ ഔഷധ ഗുണങ്ങളെക്കുറിച്ചുള്ള അവളുടെ പരീക്ഷണങ്ങള്‍ തുടര്‍ന്നു. പിന്നീട് 2019 മെയ് മാസത്തില്‍, തന്റെ പ്രദേശത്തെ ഏതാനും സ്ത്രീകളുടെ സഹായത്തോടെ താമരത്തണ്ടുകളില്‍ നിന്ന് നൂല്‍ നൂല്‍ക്കുകയും നെക്ക്‌ടൈകള്‍, മഫ്‌ളറുകള്‍ തുടങ്ങിയവ നെയ്യാനും തുടങ്ങി. തുടര്‍ന്ന്, അവളും മറ്റ് 10 സ്ത്രീകളും അടങ്ങുന്ന 'സനാജിംഗ് സന തമ്പല്‍' എന്ന ഒരു സംരംഭം ആരംഭിച്ചു. സനാജിംഗ് സന തമ്പലിനെ അടുത്തിടെ സ്റ്റാര്‍ട്ട്-അപ്പ് മണിപ്പൂരിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

placeholder
താമരത്തണ്ടിലെ പട്ടിനൂൽ
​​​​​​ Photo: freepik.com

നിര്‍മാണ രീതി

താമരത്തണ്ടുകള്‍ രാവിലെയാണ് ശേഖരിക്കുന്നത്. താമരച്ചെടിയുടെ തണ്ടുകള്‍ ശേഖരിച്ച്, മുറിച്ച്, ഒടിച്ച്, അതിന്റെ നാരുകള്‍ പുറത്തെടുക്കാന്‍ വേണ്ടി പിരിക്കുന്നു. ഒരു ചെറിയ കത്തി ഉപയോഗിച്ച് തണ്ടുകള്‍ മുറിക്കുകയും ഒരേ സമയം 5-6 തണ്ടുകള്‍ ഒടിക്കുകയും ചെയ്യുന്നു, അപ്പോള്‍ ഏകദേശം 20-30 നേരിയ വെളുത്ത നാരുകള്‍ ലഭിക്കും. ഈ നാരുകള്‍ തണ്ടില്‍നിന്ന് ശ്രദ്ധയോടെ വലിച്ചെടുത്ത് ഉണങ്ങാന്‍ തൂക്കിയിടുന്നു. എത്ര പതുക്കെ വലിക്കുന്നോ അത്രയും നീളം കൂടിയ നാരുകള്‍ ലഭിക്കും. ഉണങ്ങിയ ശേഷം, അവയെ 100 വാര (ഏകദേശം 1 മീറ്റര്‍) നീളമുള്ള ഒരൊറ്റ നൂലാക്കി മാറ്റുന്നു. ഈ പ്രക്രിയ വളരെ കഠിനാധ്വാനമുള്ളതും സമയമെടുക്കുന്നതുമാണ്. ഒരു തുണി നെയ്ത്തുകാരന് ആവശ്യമായ നൂല്‍ ഉണ്ടാക്കാന്‍ ഏകദേശം 25 പേര്‍ വേണ്ടിവരും.

placeholder
Photo: freepik.com

പരമ്പരാഗത നെയ്ത്തുശാലകളിലാണ് തുണിത്തരങ്ങള്‍ നെയ്യുന്നത്. നെയ്ത്തിന്റെ സമയത്ത്, താമരനാരുകള്‍ തണുപ്പിക്കേണ്ടതിനാല്‍, നൂലുകള്‍ ഇടയ്ക്കിടെ വെള്ളത്തില്‍ നനയ്ക്കുന്നു. 100 വാര ബാച്ചുകളായാണ് തുണി നെയ്യുന്നത്, ഒരു ബാച്ച് പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒന്നര മാസമെടുക്കും. വെറും 1.09 വാര തുണിയുണ്ടാക്കാന്‍ ഏകദേശം 32,000 താമരത്തണ്ടുകള്‍ വേണമെന്നും, ഒരു സ്‌കാര്‍ഫ് ഉണ്ടാക്കാന്‍ മാത്രം ഏകദേശം  120,000 തണ്ടുകള്‍ വേണമെന്നുമാണ് കണക്കാക്കുന്നത്, ഇത് തുണിയെ അത്യന്തം വിശേഷപ്പെട്ടതാക്കുന്നു. ഉണങ്ങി കട്ടിയായാല്‍ പിന്നെ നെയ്യുമ്പോള്‍ ഒടിയും എന്നതിനാല്‍ നൂല്‍ ഉണ്ടാക്കി അധികം തമായസിയാതെ തന്നെ നെയ്ത്തിനുപയോഗിക്കണം. അതിനാല്‍ തന്നെ നൂല്‍ ഉണ്ടാക്കല്‍ പ്രക്രിയ ഓരോ ദിവസവും ചെയ്യേണ്ടി വരും. താമര സുലഭമാണെങ്കിലും താമര പട്ട് ഇത്രയും വില പിടിപ്പുള്ളതാവാന്‍ കാരണം ഇതാണ്...