ചിന്നംവിളിക്ക് സമാനമായ ശബ്ദമുണ്ടാക്കി, കുഞ്ഞുതുമ്പിക്കൈ നീട്ടിപ്പിടിച്ചും മസ്തകം കുലുക്കിയും അവന് മുന്നോട്ട് പാഞ്ഞുവന്നു

കരയിലെ ഏറ്റവും വലിയ ജീവിയായ ആന മനുഷ്യനെന്നും വലിയ ആകർഷണമാണ്. അതിനാലാണ് ആനക്കഥകൾ എത്ര പറഞ്ഞാലും മടുക്കാത്ത ആഖ്യാനതന്ത്രമായി കാലാന്തരത്തിൽ രൂപപ്പെട്ടത്. വ്യത്യസ്തരായ ആനകളെക്കുറിച്ചുള്ള ഓരോ കഥനങ്ങളും അത്രമേൽ ജിജ്ഞാസാഭരിതമായിരിക്കും. മാതംഗലീലയിൽ തുടങ്ങി കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ആനക്കഥകൾ ഉൾപ്പെടെ, എണ്ണിയാൽ ഒടുങ്ങാത്ത കഥകളും ലേഖനങ്ങളും കവിതകളും ആനകളെക്കുറിച്ച് പല കാലങ്ങളിൽ എഴുതപ്പെട്ടിട്ടുള്ളതും അതുകൊണ്ടാകണം. അതിന് ദേശത്തിന്റെയോ ഭാഷയുടെയോ ക്ലിപ്തമായ അതിർവരമ്പുകൾ ബാധകമല്ല.
തലമുറകളിലൂടെ കൈമാറിയെത്തുന്ന അത്തരം അറിവുകളിലൂടെയാണ് ഓരോ മലയാളിയും കടന്നുപോയിട്ടുള്ളത്. വലിയ കൗതുകമായും അത്ഭുതപ്പെടുത്തുന്ന പ്രതിഭാസമായും അടക്കാനാവാത്ത ഭയമായും ആന എന്ന വന്യജീവി ബാല്യത്തിലെ നമ്മുടെയൊക്കെ മനസ്സുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
തിരുവനന്തപുരം വനം ഡിവിഷനിലെ പരുത്തിപ്പള്ളി റേഞ്ചിൽ വിതുരയ്ക്കടുത്ത് കല്ലാനയെക്കണ്ടു എന്നതായിരുന്നു അന്നത്തെ വാർത്ത. രണ്ടായിരത്തി പതിമൂന്ന് ഫെബ്രുവരി ആദ്യവാരത്തിലാണ് സംഭവം. കല്ലാന എന്നാൽ ഇംഗ്ലീഷിൽ 'പിഗ്മി എലിഫെന്റ്' (Pygmy Elephant) എന്നറിയപ്പെടുന്ന കുള്ളനാനകളാണ്. അത്തരം ആനകൾ കേരളത്തിലോ ഇന്ത്യയിലോ ഉള്ളതായി ആധികാരികമായ റിപ്പോർട്ടുകൾ ഇന്നോളം ലഭ്യമല്ല. കല്ലാനയെന്നും തുമ്പിയാനയെന്നും വിളിക്കുന്ന ഇത്തരം ആനകൾ പാറയുടെ മുകളിൽക്കൂടി പോലും അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ളവയാണെന്ന് പറയപ്പെടുന്നു!
ഇൻഡൊനീഷ്യയിലും മലേഷ്യയിലെ ബോർണിയോയിലും (Borneo) മറ്റും ഏകദേശം അഞ്ചടി മാത്രം ഉയരമുള്ള ഇത്തരം 'പിഗ്മി ആനകൾ' ഉണ്ടെന്നത് സത്യമാണ്. എന്നാൽ ഇന്ത്യൻ ആനകളുമായി ജനിതകപരമായി ഏറെ വ്യത്യാസങ്ങളുള്ള ഇവയ്ക്ക് വലിയ ചെവികളും നിലത്തുമുട്ടുന്ന രോമാവൃതമായ വാലും തൊലിപ്പുറത്തെ ചുളിവുകളും സവിശേഷമായ മുതുകെല്ലിന്റെ ആകൃതിയുമുണ്ടെന്ന് പറയപ്പെടുന്നു. അത്തരം ആനകളെ ഇന്ത്യയിൽ കാണാറുമില്ല.
വർഷങ്ങൾക്ക് മുൻപ് കേരളത്തിലെ ചില വന്യജീവി ഫോട്ടോഗ്രാഫർമാരും മറ്റും ഇതേക്കുറിച്ച് പേപ്പാറ വന്യജീവി സങ്കേതത്തിലെ അഗസ്ത്യാർകൂടം മേഖലയിൽ വിശദമായ തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് കല്ലാനകളെന്ന് സംശയിക്കുന്ന ആനകളെ കണ്ടെത്തിയെന്ന് അവകാശപ്പെടുകയും അവയിലൊന്നിന്റെ ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്. അന്നതിന് വലിയ മാധ്യമശ്രദ്ധ കിട്ടിയെങ്കിലും പിന്നീട് വിശദമായ പഠനങ്ങൾക്കുശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും സംസ്ഥാന വനഗവേഷണ കേന്ദ്രവും വനംവകുപ്പും കല്ലാനകളെന്ന് വിളിക്കുന്ന കുള്ളനാനകൾ കേരളത്തിൽ ഇല്ലെന്ന് അസന്ദിഗ്ദ്ധമായി കണ്ടെത്തി. അത് മഞ്ഞുമൂടിക്കിടക്കുന്ന ഹിമാലയൻ പർവ്വതമടക്കുകളിൽ മാത്രം കാണപ്പെടുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന 'യതി'യെന്ന ഹിമമനുഷ്യനെപ്പോലെയോ, കേരളത്തിലെ മൂന്നാർ-ഇരവികുളം മേഖലകളിലെ കൊടുങ്കാടുകളിൽ കാണപ്പെടുന്നുവെന്ന് പറയപ്പെടുന്ന 'പൊഹയൻ' എന്ന വലിയ മാർജ്ജാരനെപ്പോലെയോ ഉള്ള 'മിത്താ'ണെന്ന് കരുതപ്പെടുന്നു.
(നേപ്പാൾ, ടിബറ്റ്, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലെ ഗോത്രവർഗ്ഗക്കാരുടെ നാടോടിക്കഥകളിൽ നൂറ്റാണ്ടുകളായി പറഞ്ഞുകേൾക്കുന്ന ഒന്നാണ് 'യതി' എന്ന മഞ്ഞുമനുഷ്യൻ. ശരീരം മുഴുവൻ കട്ടിയും നീളവുമുള്ള രോമങ്ങളാൽ ആവൃതമായ അത് സാധാരണ മനുഷ്യരേക്കാൾ ഉയരവും ശക്തിയുമുള്ളതാണെന്നും രണ്ടുകാലുകളിൽ നിവർന്നുനിൽക്കുമെന്നും പറയപ്പെടുന്നു. അതുപോലെ പശ്ചിമഘട്ടത്തിലോ നീലഗിരി വനങ്ങളിലോ ഒക്കെ ജീവിച്ചിരിക്കുന്നുവെന്ന് പറയപ്പെടുന്ന പൊഹയനെ കണ്ടതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭ്യമല്ല. എങ്കിലും, ആദിമഗോത്രവിഭാഗത്തിലെ പലരും കാടിനകത്ത് അങ്ങനെ ജീവിയെ മിന്നായം പോലെ കണ്ടതായി സാക്ഷ്യപ്പെടുത്തിയിരുന്നു. നായയുടെ മുഖവും പുലിയുടെ ശരീരവുമുള്ള ആ ജീവിയെ 'നായപ്പുലി' (നായ ചിരുത്തൈ) എന്നും വിളിച്ചുകേട്ടിട്ടുണ്ട്. കറുപ്പുകലർന്ന പുകയുടെ നിറമുള്ള രോമക്കുപ്പായമുള്ളതിനാലാണ് അത്തരത്തിൽ പേരുവന്നതെന്നും ജനിതകവ്യതിയാനം സംഭവിച്ച ഏതെങ്കിലും പുലിവർഗ്ഗത്തിലെ ജീവിയാകാം അതെന്നും പറയപ്പെടുന്നു.)
എന്തായാലും പരുത്തിപ്പള്ളി വിതുരയ്ക്കടുത്ത് മണിത്തൂക്കി എന്ന സ്ഥലത്ത് കല്ലാനയെ കണ്ടെത്തി എന്ന പത്രറിപ്പോർട്ടുകളും ടെലിവിഷൻ ചാനൽ വാർത്തകളും പുറത്തുവന്നുകൊണ്ടിരിക്കെ, അവിടെപ്പോയി നിജസ്ഥിതി വിലയിരുത്തി റിപ്പോർട്ട് നൽകേണ്ട ചുമതല അന്ന് വനംവകുപ്പിലെ തിരുവനന്തപുരം ജില്ലയിലെ ഫ്‌ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. എന്ന നിലയിൽ എന്നിലും എന്റെ സ്റ്റാഫുകളിലും നിക്ഷിപ്തമായി.
അങ്ങനെയാണ് അന്നേദിവസം ഞങ്ങൾ പരുത്തിപ്പള്ളി റേഞ്ചിലെ വിതുരയ്ക്കടുത്തുള്ള മണിത്തൂക്കിയിൽ എത്തുന്നത്. അവിടെനിന്ന് കുറച്ചകലെ വനത്തിനുള്ളിലായാണ് ആനയെക്കണ്ടത്. അന്നേദിവസം രാവിലത്തെ പത്രങ്ങളിൽ കാടിനകത്ത് നിൽക്കുന്ന, കഷ്ടിച്ച് അഞ്ചടിയോളം ഉയരമുള്ള കുഞ്ഞനാനയുടെ ചിത്രം 'കല്ലാനയെ കണ്ടെത്തി' എന്ന തലക്കെട്ടോടെ അച്ചടിച്ചുവന്നിരുന്നു.
എല്ലാ ദിവസവും രാവിലെ വനത്തെയും വന്യമൃഗങ്ങളെയും വനസംബന്ധിയായ വിഷയങ്ങളെയും കുറിച്ചുള്ള വാർത്തകൾ അടങ്ങിയ പത്രക്കട്ടിംഗുകൾ ദിനപ്പത്രങ്ങളിൽനിന്ന് ശേഖരിച്ച്, മുടക്കം കൂടാതെ തിരുവനന്തപുരത്തെ വഴുതക്കാടെ വനംവകുപ്പ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽനിന്ന് അയച്ചുതരിക പതിവാണ്. ഞങ്ങൾ സ്ഥലത്തെത്തുമ്പോൾ കല്ലാനയെ കണ്ടെത്തി എന്ന വാർത്തയ്ക്ക് ഏറെക്കുറെ പ്രചാരം സിദ്ധിച്ചുകഴിഞ്ഞിരുന്നതിനാൽ, ആനയെ കാണാനായി കുറേയാളുകൾ ആ പരിസരത്ത് തടിച്ചുകൂടിയിരുന്നു. ജിജ്ഞാസുക്കളായ ഇത്തരം ആളുകളുടെ തിക്കും തിരക്കും രക്ഷാപ്രവർത്തനം നടത്തുന്നതിൽ ഉദ്യോഗസ്ഥർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. വഴിമുടക്കിനിൽക്കരുതെന്ന് അവരോട് പറയുമ്പോൾ മാറിയെന്ന് വരുത്താനായി ലേശം ഒന്നൊതുങ്ങുമെങ്കിലും അല്പസമയത്തിനുള്ളിൽത്തന്നെ പൂർവ്വാധികം ശക്തിയായി വീണ്ടും നിന്നയിടത്തുതന്നെ തിരിച്ചെത്തി നിലയുറപ്പിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ പലപ്പോഴും വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ജനബാഹുല്യം നിയന്ത്രിക്കാനായി വനംവകുപ്പ് പോലീസിന്റെ സഹായം തേടാറാണ് പതിവ്.
എന്തായാലും വണ്ടിയിലിറങ്ങി ആനയെ കണ്ടയിടത്തോട്ട് അടുത്തപ്പോൾ, അവിടെ അത്യാവശ്യം മെഡിക്കൽ കിറ്റുകളും മരുന്നുകളുമായി അക്ഷമനായി വെറ്ററിനറി ഡോക്ടറെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ അസിസ്റ്റന്റ് അരുളിനെയാണ് കണ്ടത്. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ശശീന്ദ്രദേവ് ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അങ്ങോട്ട് എത്തിക്കൊണ്ടിരിക്കുകയാണെന്നും അരുൾ പറഞ്ഞു. നിരന്തരമായ സഹവാസം കാരണം മൃഗങ്ങളുമായി ഇടപഴകുന്നതിൽ ഡോക്ടറുടെ സഹായിയും ഡ്രൈവറുമായ അരുളിന് അസാമാന്യമായ കൈത്തഴക്കവും പരിചയ സമ്പത്തുമുണ്ടെന്നത് സത്യമാണ്.
അവിടെ കണ്ടെത്തിയ ആൺകാട്ടാന കോപാകുലനാണെന്നും ആരെയും അടുക്കാൻ സമ്മതിക്കുന്നില്ലെന്നും അയാൾ പറഞ്ഞു. തത്സമയം അത് പുറത്തുകാണാനാകാത്തവിധം കാട്ടിനുള്ളിലേക്ക് മാറിനിൽക്കുകയാണെന്നും, പറഞ്ഞുപരത്തുന്നതുപോലെ തുമ്പിയാനയെന്ന പേരൊന്നും സത്യമാക്കാനുള്ള വേഗമൊന്നും അവകാശപ്പെടാനില്ലെങ്കിലും കാണാനെത്തുന്നവരെ അത് ഓടിക്കുന്നുണ്ടെന്നും അയാൾ പറഞ്ഞു. അതിന് തീറ്റയായി കഷണങ്ങളാക്കി മുറിച്ച പൈനാപ്പിളും പഴവും ദൂരെനിന്ന് എറിഞ്ഞുകൊടുക്കുകയാണ് അരുൾ ചെയ്തിരുന്നത്. കൂട്ടം ഉപേക്ഷിച്ച ഏതോ ആനക്കുട്ടിയാകാമെന്നും, കുറച്ചകലെയായി കാട്ടിനകത്ത് ഇതിന്റെ അമ്മയോ ആനക്കൂട്ടമോ ഉണ്ടോയെന്ന് സംശയമുണ്ടെന്നും അരുൾ കൂട്ടിച്ചേർത്തു.
ആന നിന്നിരുന്ന സ്ഥലത്ത് നല്ല വെളിച്ചമില്ലാതിരുന്നതിനാലും കാട്ടാനയുടെ അടുത്തേക്ക് കൂടുതൽ പോകുന്നത് അഭികാമ്യമല്ലാത്തതിനാലും സുരക്ഷിതമായ അകലത്തിൽനിന്നുമാണ് ഞങ്ങൾ അതിനെ നോക്കിയത്. ഇതിനിടയിൽ അരുൾ ഞങ്ങൾക്കരികിലേക്ക് വന്നു. ഞങ്ങൾ കാൺകെ ആനയ്ക്കടുത്തേക്ക് കുറച്ചു ചുവടുകൾ വച്ചു. അപ്പോൾ ചിന്നംവിളിക്ക് സമാനമായ ശബ്ദമുണ്ടാക്കി, കുഞ്ഞുതുമ്പിക്കൈ നീട്ടിപ്പിടിച്ചും മസ്തകം കുലുക്കിയും അവൻ മുന്നോട്ട് പാഞ്ഞുവന്നു. അപ്പോൾ അത്യാവശ്യം നീളമുള്ള അവന്റെ കൊമ്പുകളും പുറത്തുകാണാമായിരുന്നു. കൊമ്പുകളും വീർത്ത വയറും തൊലിപ്പുറത്തെ ചുളിവുകളും നീണ്ട വാലുമൊക്കെ കണ്ടാകാം അവൻ പ്രായപൂർത്തിയെത്തിയ കല്ലാനയായിരിക്കുമെന്ന് അകലെനിന്ന് കണ്ടവരും പറഞ്ഞുകേട്ടവരും ഉറപ്പിച്ചതെന്ന് തോന്നുന്നു.
ആനകളെ മയക്കി ചികിത്സിക്കാനും കാട്ടിനകത്ത് ചരിഞ്ഞ ആനകളുടെ പോസ്റ്റ്മോർട്ടത്തിനും ഏറെനാളായി വെറ്ററിനറി ഡോക്ടർമാർക്ക് സഹായിയായി നിന്ന് പരിചയമുള്ള അരുൾ ഞങ്ങളുടെ മുന്നിൽവച്ചുതന്നെ കൂസാതെ മുന്നോട്ടുപോയി ആനയെ നിരീക്ഷിക്കുകയും അതിന് വീണ്ടും പഴമോ മറ്റോ എറിഞ്ഞുകൊടുക്കുകയും ചെയ്തു. എന്നാൽ അവനതൊന്നും കഴിക്കുന്നതായി കണ്ടില്ല.
'അവൻ വളരെ ക്ഷീണിതനാണ്. കൂട്ടം ഉപേക്ഷിച്ചതാകാനാണ് സാധ്യത. ചിന്നംവിളിക്ക് പോലും ഗാംഭീര്യമില്ല. മുറിവേറ്റതാണോയെന്ന് നോക്കാനാണ് ഞാൻ അടുത്തേക്ക് പോയത്. ചെറിയ മുടന്തുള്ള 'നടയ്ക്ക്' (ആനയുടെ മുൻകാലിന് പറയുന്ന പേര്) വലിയ കുഴപ്പമൊന്നും ഇല്ലെന്ന് തോന്നുന്നു,' ചെറിയ ചിരിയോടെ അരുൾ പറഞ്ഞു.
പിറക്കുമ്പോൾത്തന്നെ ജനിതകവൈകല്യങ്ങൾ തിരിച്ചറിയാൻ കഴിയുന്ന വന്യമൃഗങ്ങൾ കാടിനകത്തുണ്ടാകുന്ന മത്സരങ്ങളിൽ അതിജീവിക്കില്ലെന്ന് ഉറപ്പായാൽ സന്തതികളെ ഉപേക്ഷിക്കുക പതിവാണ്.
'എന്തായാലും ഡോക്ടർ വരട്ടെ. ഇതിപ്പോൾ മൂന്നാമത്തെ ദിവസമാണ് ഇവൻ ഇങ്ങനെ ഒളിച്ചുകളിക്കുന്നത്.' ശരിക്കും വെറ്ററിനറി ഡോക്ടറുടെ അത്രത്തോളംതന്നെ അറിവ് ആനകളെക്കുറിച്ചും അവയുടെ പെരുമാറ്റത്തെക്കുറിച്ചും അരുളിനുണ്ടെന്ന് അയാളോട് സംസാരിച്ചപ്പോൾ തോന്നി. ഒപ്പം അപാരമായ ധൈര്യവും. ചീഫ് വെറ്ററിനറി ഡോക്ടറായ ശശീന്ദ്രദേവിനും പിന്നീട് വന്ന ഈശ്വരൻ നമ്പൂതിരിക്കും അക്കാര്യത്തിൽ അരുളിനെ വലിയ വിശ്വാസമായിരുന്നുവെന്നത് എനിക്ക് നേരിട്ടറിയാവുന്നതാണ്. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർമാർ ആനയുടെയും കടുവയുടെയും ഉൾപ്പെടെയുള്ള മൃഗങ്ങളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുമ്പോഴൊക്കെ പ്രധാന സഹായിയായി അരുൾ നിൽക്കുന്നത് അക്കാലത്ത് സ്ഥിരം കാഴ്ചയായിരുന്നു. (പ്രാവീണ്യമുള്ള ഡ്രൈവർ കൂടിയായ അരുൾ ഇപ്പോൾ തിരുവനന്തപുരം വഴുതക്കാടുള്ള വനം ആസ്ഥാനത്ത് വനംവകുപ്പ് മേധാവിയുടെ ഡ്രൈവറായി ജോലി ചെയ്യുന്നു.)
കുറെനേരം കൂടി കാത്തുനിന്നശേഷം ഞങ്ങളുടെ രണ്ട് ജീവനക്കാരെ അവിടെ ഡ്യൂട്ടിക്ക് വെച്ചു. അപ്പപ്പോൾ വിവരങ്ങൾ അറിയിക്കണമെന്ന് അവരോട് നിർദ്ദേശിച്ച് ഞങ്ങൾ ചുള്ളിമാനൂർ എന്ന സ്ഥലത്തേക്ക് മറ്റൊരു പരാതി അന്വേഷിക്കാനായി പോയി. വെറ്ററിനറി ഡോക്ടർ ശശീന്ദ്രദേവ് എത്തിയെന്നും, അദ്ദേഹത്തിന്റെ പരിശോധനയിലും തീർത്തും അവശനായ ആനക്കുട്ടിയായിരുന്നു അതെന്ന് വ്യക്തമായെന്നും പിന്നീട് അറിയാൻ കഴിഞ്ഞു. ശരീരത്തിൽ ജലാംശം തീരെയില്ലാത്തതിനാലാണ് അവന്റെ തൊലി ചുക്കിച്ചുളിയാനിടയായത്. വിരശല്യം രൂക്ഷമായതാണ് വയർ വീർത്തിരിക്കുന്നതിന് കാരണമെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ തീർത്തും അവശനായതിനാൽ മയക്കുവെടി വയ്ക്കുന്നത് അപകടമാണെന്ന് കണ്ട ഡോക്ടർ, അവനെ കയറിൽ കുടുക്കിട്ടുപിടിച്ച് ചികിത്സ നൽകാനാണ് നിർദ്ദേശിച്ചത്.
വന്യമൃഗങ്ങളെ മയക്കാനായി 'കെറ്റമിൻ' (Ketamine), 'സൈലാസിൻ' (Xylazine) എന്നീ ഔഷധങ്ങളും തിരികെ ബോധത്തിലേക്ക് ഉണർത്താനായി 'യോഹിംബിൻ' (Yohimbine) എന്ന മരുന്നുമാണ് ഉപയോഗിക്കുന്നത്. മിക്കപ്പോഴും കാട്ടിനുള്ളിൽ അകലെ സ്വതന്ത്രരായി നിൽക്കുന്ന വന്യമൃഗങ്ങളുടെ ശരീരഭാരവും ആരോഗ്യവും കണക്കാക്കി വേണം മയക്കുന്നതിനാവശ്യമായ മരുന്നിന്റെ അളവ് നിശ്ചയിക്കേണ്ടതും, ദൂരെയേക്ക് എയ്യുന്ന സൂചികളിൽ നിറച്ച് അത് മൃഗത്തിന്റെ ദേഹത്ത് തറയ്‌ക്കേണ്ടതും. മരുന്നിന്റെ അളവ് കുറഞ്ഞുപോയാൽ മൃഗം ആക്രമണകാരിയാകാനും, അമിതമായാൽ തൽക്ഷണം മരിക്കാനുമുള്ള സാധ്യതകൾ മുൻകൂട്ടിക്കാണണം. അത്തരത്തിൽ ചില മരണങ്ങൾ സംഭവിച്ചിട്ടുമുണ്ട്. വെടിയേറ്റതിനുശേഷം മയങ്ങുന്നതിനുമുമ്പുള്ള സമയത്തിനുള്ളിൽ (Reaction time) ആക്രമണകാരിയായി ചാടിവീണേക്കാവുന്ന വന്യമൃഗത്തിന് അടുത്ത് നിൽക്കുന്ന ഡോക്ടറുടെ സുരക്ഷയും അത്യന്തം പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.
അവസാനം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവനുസരിച്ച് അരുൾ ഉൾപ്പെടെ അഞ്ചാറുപേർ ചേർന്ന് അനുദിനം അവശനായിക്കൊണ്ടിരുന്ന ആ കുട്ടിയാനയെ കുടുക്കിട്ടുപിടിക്കുകയായിരുന്നു! തുടർന്ന് കാട്ടുകമ്പുകൾ ചേർത്തുകെട്ടി ചെറിയ ആനക്കൊട്ടിൽ (Kraal) തയ്യാറാക്കി ആറുദിവസത്തോളം അവനെ കാട്ടിനകത്തുതന്നെ പാർപ്പിച്ച് ഡോക്ടറുടെ മേൽനോട്ടത്തിൽ ചികിത്സ നൽകി.
ആരോഗ്യം വീണ്ടെടുക്കുന്നപക്ഷം അവൻ കാട്ടിലേക്ക് തിരികെപ്പോകുകയോ കൂട്ടമെത്തി അവനെ കൂട്ടിക്കൊണ്ടുപോകുകയോ ചെയ്യുമെന്ന് പലരും കരുതി. എന്നാൽ എട്ടോ ഒൻപതോ വയസ്സ് പ്രായം മതിക്കുന്ന ആൺആനയായതുകൊണ്ടുതന്നെ കൂട്ടം ഇനി അന്വേഷിച്ചെത്താൻ സാധ്യതയില്ലെന്ന് ഡോക്ടർ തറപ്പിച്ചുപറഞ്ഞു. സാധാരണ പത്തോ പന്ത്രണ്ടോ വയസ്സാകുമ്പോഴേക്കും കൂട്ടത്തിൽനിന്ന് പൂർണമായും പുറത്താകുന്ന കൊമ്പന്മാർ പിന്നീട് വളർന്ന് വലിയ തലപ്പൊക്കമെത്തിയാൽ ഇണചേരാനും നേതൃത്വം ഏറ്റെടുക്കാനും മാത്രമേ കൂട്ടത്തിൽ ചേരാറുള്ളൂ. അതുവരെ അവർ ചെറുപ്പക്കാരായ ആനകളുടെ കൂട്ടമായി കാടിനുള്ളിൽ അലഞ്ഞുതിരിയുകയും നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും വലിയ പ്രകൃതിപാഠങ്ങൾ സ്വായത്തമാക്കുകയും ചെയ്യും. അത്തരം കൂട്ടങ്ങളെ 'ബാച്ചിലർ ഹേർഡ്‌സ്' (Bachelor Herds) എന്നാണ് വിളിക്കുന്നത്. കാടിനുള്ളിലെ ആനക്കൂട്ടങ്ങൾ എപ്പോഴും പെണ്ണാനകൾക്ക് പ്രാധാന്യമുള്ളതും പ്രായപൂർത്തിയായ മൂത്ത പെണ്ണാനകൾ നയിക്കുന്നതുമായ 'മാതൃകേന്ദ്രീകൃത കൂട്ടങ്ങളായിരിക്കും' (Matriarchal herds).
നാൾക്കുനാൾ കാട്ടാനകളുടെ സാന്നിധ്യം കൂടിയ ആ വനത്തിൽ തീർത്തും ക്ഷീണിതനായ അവനെ ഇനിയും പാർപ്പിക്കുന്നത് അപകടമാണെന്ന് ഡോക്ടർക്ക് മനസ്സിലായി. അലഞ്ഞുനടക്കുന്ന ഒറ്റയാന്മാരായ കൊമ്പന്മാരുടെയും ഇരതേടിയലയുന്ന കടുവകളുടെയും സാന്നിധ്യമുള്ള ആ കാട്ടിൽ തീർത്തും അവശനായ ആനക്കുട്ടിക്ക് അതിജീവനം സാധ്യമല്ലെന്ന് ദീർഘദർശിയായ ഡോക്ടർ മുൻകൂട്ടി കാണുകയായിരുന്നു. തുടർന്ന് അവനെ കുടുക്കിട്ടുപിടിച്ച് ലോറിയിലേക്ക് കെട്ടിവലിച്ച് കയറ്റുമ്പോൾ, മുൻകാലിനുണ്ടായിരുന്ന സ്വാധീനക്കുറവ് കാരണം സാധാരണ ആനകളിൽനിന്ന് വ്യത്യസ്തമായി അവൻ പുറകോട്ടുതിരിഞ്ഞ് നടന്നാണ് ലോറിക്കുള്ളിലേക്ക് കയറിയതെന്ന് ഡോക്ടർ ഇന്നും വ്യക്തമായി ഓർക്കുന്നു!
കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലേക്കുള്ള ആ യാത്രയിൽ പാടെ അവശനായിരുന്ന അവന് ചെറിയ തോതിൽ പോലും മയക്കുമരുന്ന് നൽകാനാകുമായിരുന്നില്ലെന്നും, തീരെ ക്ഷീണിതനായിരുന്നതിനാലാകാം അവൻ അസ്വസ്ഥനാകാനോ ഭയന്ന് വണ്ടിയിൽനിന്ന് പുറത്തേക്ക് ചാടാനോ ശ്രമിക്കാതിരുന്നതെന്നും ഡോക്ടർ പറയുന്നു.
ചെറുപ്പത്തിൽ കൂട്ടത്തിൽനിന്ന് പുറത്താക്കപ്പെട്ടശേഷം പട്ടിണി കിടന്നാകണം അവൻ മെലിഞ്ഞ് കുള്ളനാനയുടെ രൂപം പ്രാപിച്ചതെന്നാണ് കരുതുന്നത്. ആന പരിപാലന കേന്ദ്രത്തിൽ അഗസ്ത്യന്റെ മടിത്തട്ടിൽനിന്ന് ലഭിച്ചതുകൊണ്ടുതന്നെ അവന് 'അഗസ്ത്യൻ' എന്ന് പേരിട്ടു. ആന പരിപാലന കേന്ദ്രത്തിലെ തീറ്റയും ശുശ്രൂഷയും ലഭിച്ചതോടെ, മരണത്തെ മുഖാമുഖം കണ്ട് അവശനായിരുന്ന ആ കുട്ടിയാന വളർന്ന് തലയെടുപ്പുള്ള കൊമ്പനായി മാറുകയായിരുന്നു!
രക്ഷപ്പെടില്ലെന്നറിഞ്ഞും കാട്ടിലെ മത്സരങ്ങളിൽ അതിജീവിക്കാനാകില്ലെന്ന് കണ്ടും കൂട്ടം ഉപേക്ഷിച്ച അവൻ ഏതെങ്കിലും ഇരപിടിയന്റെ ആഹാരമായിത്തീരാതെ മനുഷ്യരിലേക്ക് എത്തിയതും പിൽക്കാലത്ത് വളർന്ന് തലയെടുപ്പുള്ള കൊമ്പനായതും എന്തുകൊണ്ടാകാം എന്ന് അന്ന് കോട്ടൂരിലെ റെയിഞ്ച് ഓഫീസറായിരുന്ന ശിവപ്രസാദ് ചോദിച്ചപ്പോൾ എനിക്ക് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല. അവന്റെ വിധി എന്നായിരുന്നു മനസ്സ് പറഞ്ഞത്.
തലപ്പൊക്കവും അനുസരണശീലവും ആരോഗ്യവുമെല്ലാം കാരണം, കേരള വനംവകുപ്പിന്റെ വയനാട്ടിലെ മുത്തങ്ങ എലിഫെന്റ് ക്യാമ്പിൽനിന്ന് പ്രശ്‌നക്കാരായ കാട്ടാനകളെ തുരത്താനും മറ്റുമുള്ള പരിശീലനം പൂർത്തിയാക്കിയശേഷം ഇപ്പോൾ കുങ്കിയാനയായി വിരാജിക്കുകയാണ് അഗസ്ത്യൻ എന്നതാണ് കഥയുടെ പരിണാമഗുപ്തി! അവൻ ഇന്ന് പാലക്കാട് ധോണിയിലെ വനംവകുപ്പിന്റെ ആനക്യാമ്പിലുണ്ട് (Satellite Elephant Camp); മുണ്ടൂർ, ധോണി, കോർമ്മ, പുളിയമ്പുള്ളി എന്നിവിടങ്ങളിൽ കാടിറങ്ങിയെത്തുന്ന പ്രശ്‌നക്കാരായ കാട്ടുകൊമ്പന്മാരെയും പെണ്ണാനക്കൂട്ടങ്ങളെയും തുരത്തിയോടിക്കുന്ന ദൗത്യങ്ങൾ ഏറ്റെടുത്ത്! അത്തരം ഓപ്പറേഷനുകളിൽ അവൻ പ്രകടമാക്കുന്ന ധൈര്യവും നിർഭയത്വവും അനിതരസാധാരണമാണ്.
കാടിറങ്ങുന്ന കൊമ്പന്മാരെ ആട്ടിപ്പായിക്കുമ്പോൾ ചിലപ്പോഴെങ്കിലും അവ തിരിഞ്ഞുനിൽക്കാറുണ്ടെന്നും, അത്തരം സന്ദർഭങ്ങളിൽ മഹാമേരുവിനെപ്പോലെ അവറ്റകളുടെ വഴിമുടക്കിനിൽക്കുന്ന അഗസ്ത്യന്റെ കാൽച്ചുവട്ടിൽ നിൽക്കുമ്പോൾ വലിയ സുരക്ഷിതത്വമാണ് അനുഭവപ്പെടുന്നതെന്നും ധോണിയിലെ ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന ശിവശങ്കർ എന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ സാക്ഷ്യപ്പെടുത്തുന്നു.
അഗസ്ത്യനെന്ന കുട്ടിയാനയെ അന്ന് രക്ഷിക്കാനുള്ള ഓപ്പറേഷന് ചുക്കാൻ പിടിച്ച ശശീന്ദ്രദേവ് എന്ന വെറ്ററിനറി ഡോക്ടർക്കും അദ്ദേഹത്തിന്റെ സഹായി അരുളിനും അവനുമായി ഇന്നും ദൃഢമായ ആത്മബന്ധമാണുള്ളത്. ഇതെഴുതുമ്പോഴും ഫോട്ടോകൾക്കും വിശദാംശങ്ങൾക്കുമായി ഞാൻ ആശ്രയിച്ചതും അവരെത്തന്നെയാണ്.
വനംവകുപ്പിലെ ഡെപ്യൂട്ടേഷനിൽനിന്നും പിന്നീട് മൃഗസംരക്ഷണ വകുപ്പിലെ ജോലിയിൽനിന്നും വിരമിച്ചശേഷവും, പാലക്കാടോ മറ്റോ പോകുമ്പോൾ ധോണിയിലെത്താനും മരണവക്ത്രത്തിൽനിന്ന് താൻ രക്ഷിച്ച അഗസ്ത്യനെ കാണാനും ഇന്നും അദ്ദേഹം മറക്കാറില്ല. പതിറ്റാണ്ടിനുമിപ്പുറം അവനിലെ മൃഗബോധങ്ങൾക്ക് നിർവ്യാജവും പുത്രനിർവ്വിശേഷവുമായ ആ കരുതലും സ്‌നേഹവും തിരിച്ചറിയാൻ കഴിയുന്നുണ്ടോ എന്നറിയില്ല. എങ്കിലും, തന്റെ രക്ഷകനോട് ഒട്ടിനിൽക്കുമ്പോൾ തലയെടുപ്പുള്ള ആ ഗജവീരന്റെ ഓർമ്മച്ചെപ്പുകളിൽ എവിടെയെങ്കിലും ആർദ്രതയുടെ ചെറുസ്പന്ദനങ്ങൾ ഉണരുന്നുണ്ടാകുമോ?
മൃഗവികാരങ്ങളിൽ പ്രകടമായ സ്‌നേഹപ്രകടനങ്ങൾക്ക് സ്ഥാനമില്ലെങ്കിലും... അവയ്ക്കതൊന്നും പുറത്തേക്ക് പ്രകടിപ്പിക്കാനറിയില്ലെങ്കിലും... ഡോക്ടറുടെ സ്‌നേഹസ്പർശമേൽക്കുമ്പോൾ ആ നെഞ്ചകം ക്രമം തെറ്റി മിടിക്കുന്നുണ്ടാകുമോ? പറയാനാവില്ല.
കാരണം, ശക്തന്റെ അതിജീവനം മാത്രം പതിവാക്കിയ കാടിന്റെ നിയമങ്ങൾക്ക് വിപരീതമായി, അവനെ രണ്ടാം ജന്മത്തിലേക്ക് കൈപിടിച്ചുയർത്താൻ പ്രകൃതിയോ ദൈവമോ നിയോഗിച്ച രക്ഷകർ ആയിരുന്നല്ലോ ആ ഭിഷഗ്വരനും അദ്ദേഹത്തിന്റെ സഹായിയും!
Content Highlights: Investigates the myth of 'Kallana' (pygmy elephant) in Kerala's Agasthyarkoodam forests., Details the rescue operation of a malnourished and abandoned young male elephant by forest officials and veterinarians., Traces the journey of the rescued elephant, named Agasthya, from Kottor to becoming a fearless kumki elephant at Dhoni camp in Palakkad.
Published: 14 Sept 2026, 12:27 pm IST
ABOUT THE AUTHOR
കേരള വനം വകുപ്പില് നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സര്വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള് എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented