രാമനാട്ടുകര: വംശനാശഭീഷണി നേരിടുന്ന ജലസസ്യമായ നെയ്യാമ്പലിന്റെ സമഗ്രമായ പഠന-സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോടിനടുത്ത ഒളവണ്ണയിലെ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് 17,000 യു.എസ്. ഡോളറിന്റെ (ഏകദേശം 17.41 ലക്ഷംരൂപ) വിദേശഫണ്ട് ലഭിച്ചതായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. എന്‍.എസ്. പ്രദീപ് അറിയിച്ചു. നിംഫോയ്ഡ്‌സ് മാക്രോ സ്‌പെര്‍മം എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന നെയ്യാമ്പലിന്റെ ശാശ്വതസംരക്ഷണമാണ് ലക്ഷ്യമിടുന്നത്.

To advertise here,

അബുദാബി ഭരണാധികാരിയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ മുഹമ്മദ് ബിന്‍ സായിദ് സ്പീഷീസ് കണ്‍സര്‍വേഷന്‍ ഫണ്ടാണ് ബൊട്ടാണിക്കല്‍ ഗാര്‍ഡന് ലഭിക്കുന്നത്. ഡിസംബറിലാണ് ഇതുസംബന്ധിച്ച അനുമതിപത്രം ലഭിച്ചത്.

രണ്ടുവര്‍ഷമാണ് ഗവേഷണകാലാവധി. ഗ്രൂപ്പടിസ്ഥാനത്തില്‍ ടീമുകളായി വയല്‍പ്രദേശങ്ങളും തണ്ണീര്‍ത്തടങ്ങളും നദീതടങ്ങളും കേന്ദ്രീകരിച്ചുള്ള പഠനത്തിന് തുടക്കമിട്ടിട്ടുണ്ട്. എവിടെനിന്നാണ് സ്ഥിരമായി ഇത് കിട്ടാന്‍ സാധ്യതയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഡയറക്ടര്‍ അറിയിച്ചു. നിരന്തര ഗവേഷണത്തിലൂടെമാത്രമേ അത് സാധ്യമാകൂ. ഒരിക്കല്‍ മലപ്പുറത്തുനിന്ന് ഇവയെ കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോള്‍ ആ സ്ഥലത്ത് വില്ലകളാണെന്നും അവിടെനിന്ന് കണ്ടെത്താനാകില്ലെന്നുമാണ് നിഗമനം. 

കണ്ടെത്തുന്ന സ്ഥലം പരമ്പരാഗത ഉദ്ഭവസ്ഥലമായി കണക്കാക്കി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഗവേഷണ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരീക്ഷണ സംഘത്തിലുണ്ട്. ലക്ഷ്യബോധത്തോടെ ജൈവവൈവിധ്യസംരക്ഷണം നടത്തുന്ന ഇന്‍-സിറ്റു സ്പീഷീസ് കണ്‍സര്‍വേഷന്‍ പദ്ധതികള്‍ക്കാണ് ഇത്തരം ഫണ്ട് നല്‍കുന്നത്. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ് ആണ് ഇതുസംബന്ധിച്ച പദ്ധതി സമര്‍പ്പിച്ചത്.

ഐ.യു.സി.എന്നിന്റെ ചുവന്ന പട്ടികയില്‍ അതിസംരക്ഷണപ്രാധാന്യം അര്‍ഹിക്കുന്ന 'ക്രിട്ടിക്കലി എന്‍ഡെയ്‌ഞ്ചേര്‍ഡ്' വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള സസ്യമാണ് നിംഫോയ്ഡ്‌സ് മാക്രോസ്പെര്‍മം. തോടുകളിലും തണ്ണീര്‍ത്തടങ്ങളിലും ചതുപ്പുകളിലും ജീവിക്കുന്ന ഇത്തരം സസ്യങ്ങള്‍ ഭൂമുഖത്തുനിന്ന് ഇല്ലാതാകുന്നത് പ്രതിരോധിക്കാന്‍ ഊര്‍ജിതശ്രമങ്ങള്‍ ആവശ്യമാണ്. ഇതിനുമുന്‍പ് ലണ്ടന്‍ ആസ്ഥാനമായുള്ള ബൊട്ടാണിക് ഗാര്‍ഡന്‍ കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ ഗവേഷണഫണ്ടും മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് ലഭിച്ചിരുന്നു.