വംശനാശഭീഷണി നേരിടുന്ന രണ്ടു വൃക്ഷയിനങ്ങള്‍ പശ്ചിമഘട്ടത്തില്‍ കണ്ടെത്തി. ബീല്‍ഷ്മീഡിയ കേരളാന, റ്റാറിയ ഇടുക്കിയാനാ എന്നിവയാണ് കേരളത്തിന്റെ ജൈവവൈവിദ്ധ്യത്തിന് പെരുമയേറ്റുന്ന പുതിയ രണ്ട് വൃക്ഷ ഇനങ്ങള്‍. ഒരുവര്‍ഷം മുമ്പാണ് സസ്യശാസ്ത്രഗവേഷകര്‍ ഇവ കണ്ടെത്തിയത്. ഇപ്പോള്‍ അവ അംഗീകരിക്കപ്പെട്ടു.

To advertise here,

കറുവയും വയനയുമൊക്കെ ഉള്‍പ്പെടുന്ന ലൊറേസിയ കുടുംബത്തിലാണ് ബീല്‍ഷ്മീഡിയ കേരളാനാ എന്ന് നാമകരണം ചെയ്യപ്പെട്ട ചെറുവൃക്ഷം ഉള്‍പ്പെടുന്നത്. തിരുവനന്തപുരം അഗസ്ത്യമലയുടെ ചെമ്മുഞ്ചി മലകളില്‍നിന്നാണ് ഇത് കണ്ടെത്തിയത്. ബീല്‍ഷ്മീഡിയ ജനുസ്സില്‍ 12 സ്പീഷീസുകള്‍ മാത്രമാണ് ഇന്ത്യയിലുള്ളത്. കേരളത്തില്‍ കാണപ്പെടുന്ന നാല് സ്പീഷീസുകളും പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്. ഇതിന്റെ ഇലയില്‍ എണ്ണയുടെ അംശമുണ്ട്. ഇത് ഔഷധഗുണമുള്ളതാണോ എന്ന് ഗവേഷകര്‍ പരിശോധിക്കുന്നുണ്ട്. പൂക്കള്‍ക്ക് ഓറഞ്ച് നിറം.

തെച്ചിയോടും പാവെട്ടയോടുമൊക്കെ സാദൃശ്യമുള്ള റൂബിയേസിയേ കുടുംബത്തില്‍പ്പെട്ടതാണ് കണ്ടെത്തിയ രണ്ടാമത്തെ വൃക്ഷം. ഒരുകാലത്ത് നിബിഡവനമായിരുന്ന ഇടുക്കിയിലെ ഏലമലക്കാടുകള്‍ പിന്നീട് ഏലം കൃഷിക്കും തേയിലകൃഷിക്കുമൊക്കെ വഴിമാറിയപ്പോള്‍ അവശേഷിച്ച ചോലക്കാടുകളില്‍ ഒറ്റപ്പെട്ടുപോയ അപൂര്‍വ്വ വൃക്ഷമാണ് റ്റാറിയ ഇടുക്കിയാനാ. വെളുത്ത പൂക്കളാണ്. ഇടുക്കിയിലെ ഏലപ്പാറയില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. സംരക്ഷിത വനമേഖലക്ക് പുറത്ത് ഏതാനും വൃക്ഷങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഈ വൃക്ഷത്തിന്റെ സംരക്ഷണത്തിന് അടിയന്തിര ഇടപെടല്‍ ആവശ്യമാണ്.

പത്തനംതിട്ട തുരുത്തിക്കാട് ബി.എ.എം. കോളേജിലെ സസ്യശാസ്ത്ര അധ്യാപകരായ ഡോ. എ.ജെ. റോബി , ഡോ. അനൂപ് പി. ബാലന്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപകനായ ഡോ. വി.പി. തോമസ്, കേരള വനഗവേഷണ കേന്ദ്രം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി.എസ്. ഉദയന്‍ എന്നിവരടങ്ങിയ ഗവേഷക സംഘമാണ് പുതിയ വൃക്ഷങ്ങളെ ആദ്യമായി ശാസ്ത്ര ലോകത്തിന് പരിചയപ്പെടുത്തിയത്. ഇവരുടെ കണ്ടെത്തല്‍ റീഡിയ, ഫൈറ്റൊറ്റാക്സ എന്ന രാജ്യാന്തര ശാസ്ത്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വൃക്ഷങ്ങളെക്കുറിച്ച് തുടര്‍പഠനം നടത്തുമെന്ന് ഗവേഷകര്‍ പറഞ്ഞു.