2026 ജനുവരി 27-ന് പ്രശസ്ത ശാസ്ത്ര ഗവേഷണ പ്രസിദ്ധീകരണമായ 'സൂ കീസിന്റെ' (ZooKeys) വെബ്സൈറ്റിൽ മുമ്പെങ്ങും കേട്ടുകേൾവിയില്ലാത്ത അറിയിപ്പ് വന്നു: ‘ആഴക്കടലിലെ കൈറ്റൺ (Chiton) സ്പീഷീസിന് പേരിടാൻ സഹായിക്കൂ.’

To advertise here,

ഫ്രാങ്ക്‌ഫെർട്ടിലെ (ജർമനി) സെൻകെൻബർഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം 2022-ൽ ആരംഭിച്ച ‘സെൻകെൻബർഗ് ഓഷ്യൻ സ്പീഷീസ് അലയൻസ്’ (Senckenberg Ocean Species Alliance - SOSA) എന്ന ഗവേഷണ പദ്ധതിയിലെ ശാസ്ത്രജ്ഞയായ ജൂലിയ ഡി. സിഗ്വാർട്ടാണ് (Julia D. Sigwart) ജാപ്പനീസ് ഗവേഷകർ ആഴക്കടലിൽ നിന്ന് ശേഖരിച്ച ഈ പുതിയ ജീവിയെ തിരിച്ചറിഞ്ഞത്.

നട്ടെല്ലില്ലാത്ത സമുദ്രജീവികളെ ദ്രുതഗതിയിൽ കണ്ടെത്തുക, അവയെ സംരക്ഷിക്കുക, അവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുക എന്നിവയാണ് 'സോസ' (SOSA) എന്ന കൂട്ടായ്മയുടെ ലക്ഷ്യം. സമുദ്രജീവികളെക്കുറിച്ച് നാമമാത്രമായ അറിവ് മാത്രമേ നമുക്കിപ്പോഴുമുള്ളൂ. ആകെയുള്ള സമുദ്രജീവികളിൽ 91 ശതമാനവും നമുക്കറിയാത്തവയാണത്രെ! അവയിൽ മഹാഭൂരിപക്ഷവും നട്ടെല്ലില്ലാത്തവയുമാണ്. അതിവേഗം നടക്കുന്ന കാലാവസ്ഥാ വ്യതിയാനം കാരണം, കണ്ടെത്തുന്നതിന് മുമ്പ് തന്നെ ഇവയിൽ നല്ല പങ്കിനും വംശനാശം സംഭവിച്ചേക്കാം. ഈ അടിയന്തര സാഹചര്യമാണ് സോസയുടെ രൂപീകരണത്തിന് പ്രചോദനമായത്.

കൈറ്റണുകൾ

കടലിൽ മാത്രം ജീവിക്കുന്ന മൊളസ്‌കുകളാണ് കൈറ്റണുകൾ. ചിപ്പികളെയും ഒച്ചുകളെയും പോലെ ഇവയ്ക്കും കട്ടിയുള്ള പുറംതോടുണ്ട്. എന്നാൽ ഇവയുടെ പുറന്തോട് മറ്റ് മൊളസ്‌കുകളുടേതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. എട്ട് ഫലകങ്ങൾ (plates) ചേർത്തുവെച്ചാണ് കൈറ്റണുകളുടെ പുറംതോട് നിർമിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ശരീരം വളയ്ക്കാനും പന്തിന്റെ ആകൃതിയിൽ ചുരുട്ടാനും ഇവയ്ക്ക് കഴിയും.

ഫലകങ്ങൾക്ക് ചുറ്റും ‘ഗേർഡിൽ’ (Girdle) എന്നൊരു വലയമുണ്ട്. സ്പീഷീസുകൾക്കനുസരിച്ച് ഫലകങ്ങളുടെ വലുപ്പവും നിറവും മിനുസവും വ്യത്യസ്തമായിരിക്കും. ഏറ്റവും മുൻഭാഗത്തെ ഫലകത്തിന് അർദ്ധചന്ദ്രാകൃതിയാണ്. ഇതിനെ ‘ശിരോഫലകം’ (head plate) എന്ന് വിളിക്കുന്നു. എന്നാൽ ഇവയ്ക്ക് വേറിട്ടുനിൽക്കുന്ന തലയില്ല. ചില സ്പീഷീസുകൾക്ക് തലഭാഗത്ത് ഏതാനും സ്പർശിനികൾ (tentacles) ഉണ്ടാകും.

പൊതുവേ ആഴം കുറഞ്ഞ കടലുകളുടെ അടിത്തട്ടിലെ പാറകളിലും പാറപ്പൊത്തുകളിലുമാണ് ഇവ ജീവിക്കുന്നത്. അപൂർവ്വമായി ആഴക്കടലിൽ ജീവിക്കുന്നവയുമുണ്ട്. ആവാസവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കൈറ്റണുകളെ രണ്ടായി തരംതിരിച്ചിരിക്കുന്നു: ആഴം കുറഞ്ഞ കടലിൽ ജീവിക്കുന്ന ‘കൈറ്റോണിഡ’ (Chitonida), ആഴക്കടലിൽ ജീവിക്കുന്ന ‘ലെപ്പിഡോപ്ല്യൂറിഡ’ (Lepidopleurida). ഇതുവരെ ആയിരത്തിനടുത്ത് കൈറ്റൺ സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്.

ശരീരത്തിന്റെ അടിഭാഗത്തെ പേശീനിർമ്മിതമായ കാൽ ഉപയോഗിച്ചാണ് കൈറ്റണുകൾ പതുക്കെ ഇഴഞ്ഞു സഞ്ചരിക്കുന്നത്. ഭൂരിഭാഗവും സസ്യഭുക്കുകളാണെങ്കിലും മാംസ്യഭുക്കുകളും മിശ്രഭുക്കുകളുമുണ്ട്. ലോകത്തിന്റെ പലഭാഗത്തും കൈറ്റണുകളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നുമുണ്ട്.

'അയഞ്ഞ വസ്ത്രം' (tunic) എന്നർത്ഥം വരുന്ന 'ഖൈറ്റോൺ' (khiton) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് 'കൈറ്റൺ' എന്ന വാക്കുണ്ടായത്. കൈറ്റണുകളെ ആദ്യമായി ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കിയത് കാൾ ലിനേയസാണ് (Carl Linnaeus). 1758-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'സിസ്റ്റമാ നാച്ചുറേ'യിൽ നാല് കൈറ്റൺ സ്പീഷീസുകളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. മുപ്പത് കോടി വർഷം പഴക്കമുള്ള കൈറ്റൺ ഫോസിലുകളും ഇന്നത്തെ കൈറ്റണുകളും തമ്മിൽ രൂപത്തിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. അതിനാൽ കൈറ്റണുകളെ 'ജീവിക്കുന്ന ഫോസിലുകൾ' (living fossils) എന്നും വിശേഷിപ്പിക്കാറുണ്ട്.

ആഴക്കടലിലെ മരംതീനി

ലെപ്പിഡോപ്ല്യൂറിഡ വിഭാഗത്തിൽപ്പെട്ട കൈറ്റണുകൾ ആഴക്കടലിൽ ജീവിക്കുന്നവയാണല്ലോ. ആഴക്കടലിന്റെ അടിത്തട്ടിൽ, കരയിൽ നിന്ന് ഒഴുകിയെത്തുന്ന മരങ്ങളുടെ അവശിഷ്ടങ്ങളിലാണ് ഈ വിഭാഗത്തിൽപ്പെട്ട ഭൂരിഭാഗം കൈറ്റണുകളും കഴിയുന്നത്.

സൂര്യപ്രകാശമെത്താത്ത ആഴക്കടലുകൾ ഭക്ഷണകാര്യത്തിൽ ദരിദ്രമാണ്. അതുകൊണ്ടുതന്നെ മരത്തിന്റെ അവശിഷ്ടങ്ങൾ കേന്ദ്രീകരിച്ച് അനേകം ജീവികൾ വളരുന്നത് കാണാം. പ്രധാനമായും ശാന്തസമുദ്രത്തിന്റെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നാണ് 'മരംതീനികളായ' കൈറ്റണുകളെ കൂടുതലായും കണ്ടെത്തിയിട്ടുള്ളത്. 1988-ൽ റഷ്യൻ ശാസ്ത്രജ്ഞനായ ബോറിസ് സൈറങ്കോ (Boris Sirenko) കണ്ടെത്തിയ 'ഫെറേറീയെല്ല' (Ferreiraella) ജീനസ്സിൽപ്പെട്ട കൈറ്റണുകൾ ഉദാഹരണമാണ്.

മരത്തടിയിലുള്ള സെല്ലുലോസാണ് ഇവയുടെ ഭക്ഷണം. സെല്ലുലോസ് തിന്നുന്ന ഇത്തരം ജീവികളെ 'സൈലോഫേജുകൾ' (xylophages) എന്ന് വിളിക്കുന്നു. ഇതുവരെ പത്ത് ഫെറേറീയെല്ല സ്പീഷീസുകളെ കണ്ടെത്തിയിട്ടുണ്ട്. അവയിൽ പത്താമത്തെ സ്പീഷീസിനെ കണ്ടെത്തിയത് 2023-ലാണ്. വടക്കുപടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ 5505 മീറ്റർ ആഴത്തിലാണ് മൂന്നംഗ ജാപ്പനീസ് ഗവേഷക സംഘം ഈ സ്പീഷീസിനെ കണ്ടെത്തിയത്. ജപ്പാനടുത്തുള്ള ഇസു-ഒഗസാവര ആഴക്കടൽ ഗർത്തത്തിൽ (Izu-Ogasawara Trench) നിന്ന് 150 കിലോമീറ്റർ കിഴക്കുമാറിയായിരുന്നു പര്യവേഷണം.

'ഷിൻകായ് 6500' (SHINKAI 6500) എന്ന ആഴക്കടൽ വാഹനമാണ് പര്യവേഷണത്തിന് ഉപയോഗിച്ചത്. അതിൽ ഘടിപ്പിച്ച യന്ത്രക്കൈ ഉപയോഗിച്ച് അഴുകിയ മരത്തടിയും അതിലെ ജീവികളെയും പൊക്കിയെടുത്തു. ലഭിച്ച 26 വിവിധ സ്പീഷീസുകളിൽ ഒന്ന് പുതിയ ഫെറേറീയെല്ല സ്പീഷീസാണെന്ന് ജൂലിയ ഡി. സിഗ്വാർട്ട് തിരിച്ചറിഞ്ഞു. 2024-ൽ ഈ പഠനം പ്രസിദ്ധീകരിച്ചുവെങ്കിലും പുതിയ സ്പീഷീസിന് പേര് നൽകിയിരുന്നില്ല.

പേരിടുന്ന രീതി

പുതിയതായി കണ്ടെത്തിയ ജീവിക്ക് പേരിടുന്നത് സാധാരണഗതിയിൽ അത് കണ്ടെത്തിയ ആൾ തന്നെയാണ്. വ്യക്തികളുടെ പേര്, സ്ഥലപ്പേര്, ജീവിയുടെ ഏതെങ്കിലും പ്രത്യേകതയുമായി ബന്ധപ്പെട്ട പേര് തുടങ്ങിയവയാണ് തിരഞ്ഞെടുക്കാറുള്ളത്. എങ്കിലും വ്യക്തമായ ചില നിയമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ പേരിടാൻ കഴിയൂ; അല്ലാത്തവ അസാധുവാക്കപ്പെടും.

ഇന്നത്തെ രീതിയിലെ നാമകരണം തുടങ്ങിവെച്ചത് സ്വീഡിഷ് ശാസ്ത്രജ്ഞനായിരുന്ന കാൾ ലിനേയസാണ്. ജന്തുശാസ്ത്രജ്ഞൻ, സസ്യശാസ്ത്രജ്ഞൻ, വർഗീകരണ ശാസ്ത്രജ്ഞൻ, ഭിഷഗ്വരൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹത്തെ 'വർഗ്ഗീകരണശാസ്ത്രത്തിന്റെ പിതാവ്' എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന് മുമ്പ് ജീവികളുടെ പേരുകൾക്ക് ഏകരൂപമുണ്ടായിരുന്നില്ല.

1758-ൽ അദ്ദേഹമെഴുതിയ 'സിസ്റ്റമാ നാച്ചുറേ'യുടെ (Systema Naturae) പത്താം പതിപ്പിന്റെ പ്രസിദ്ധീകരണത്തോടെയാണ് ഇതിന് പരിഹാരമായത്. ജീവികൾക്ക് പേരിടാൻ 'ബൈനോമിയൽ നൊമൻക്ലേച്ചർ' (binomial nomenclature) എന്ന പുതിയ രീതി അദ്ദേഹം ആവിഷ്‌കരിച്ചു. ഇതനുസരിച്ച് ശാസ്ത്രീയനാമത്തിന് രണ്ട് ഭാഗങ്ങളുണ്ടാകും: ആദ്യഭാഗം ജീനസിനെയും രണ്ടാമത്തേത് സ്പീഷീസിനെയും സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് മനുഷ്യന്റെ ശാസ്ത്രനാമമായ Homo sapiens-ൽ Homo ജീനസ് നാമവും sapiens സ്പീഷീസ് നാമവുമാണ്.

പത്തൊമ്പതാം നൂറ്റാണ്ടായപ്പോഴേക്കും ശാസ്ത്രഗവേഷണം ലോകമെമ്പാടും വ്യാപിച്ചു. പുതിയ സ്പീഷീസുകളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാവുകയും ചെയ്തു. ഇതോടെ ഒരേ സ്പീഷീസിന് വിവിധ രാജ്യങ്ങളിൽ വിവിധ പേരുകൾ നൽകപ്പെട്ടു. ഇത് ജന്തുശാസ്ത്ര ഗവേഷണത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കി. അങ്ങനെയാണ് പേരിടലിനായി ആഗോള നിയമങ്ങളുടെ ആവശ്യകത ഉയർന്നുവന്നത്. 1842-ലെ 'സ്ട്രിക്ലാൻഡ് കോഡ്', 1881-ൽ ഹെന്റി ഡൂവിൽ രൂപീകരിച്ച കോഡ് എന്നിവ ഇതിനായുള്ള ശ്രമങ്ങളായിരുന്നു.

തുടർന്ന് 1889-ലെ അന്താരാഷ്ട്ര ജന്തുശാസ്ത്ര കോൺഗ്രസ്സ് മുതൽ ഇതിനായി ശ്രമങ്ങൾ ആരംഭിച്ചു. 1905-ൽ ഇന്റർനാഷണൽ കോഡ് ഓഫ് സൂവോളജിക്കൽ നൊമൻക്ലേച്ചറിന്റെ (ICZN) ആദ്യരൂപം പ്രസിദ്ധീകരിക്കുകയും ചെയ്തു. 1961-ൽ ഇതിന്റെ നിലവിലെ ആദ്യ ഔദ്യോഗിക പതിപ്പ് പുറത്തുവന്നു.

പ്രധാന നിയമങ്ങൾ:

ശാസ്ത്രീയ നാമങ്ങൾ 26 ലാറ്റിൻ അക്ഷരങ്ങൾ ഉപയോഗിച്ച് മാത്രമേ എഴുതാവൂ. പേരുകൾ ഏത് ഭാഷയിൽ നിന്ന് സ്വീകരിക്കാം (അതുപടിയോ ലാറ്റിൻ ശൈലിയിലാക്കിയോ ഉപയോഗിക്കാം).

ജീനസിന്റെ പേരിൽ ഒരു വാക്ക് മാത്രമേ പാടുള്ളൂ; അത് ഏകവചന നാമമായിരിക്കണം (Singular noun). സ്പീഷീസ് പേര് എപ്പോഴും നാമമാകണമെന്നില്ല; കൂടുതലായും നാമവിശേഷണമാണ് (Adjective) ഉപയോഗിക്കുന്നത്.

ജനങ്ങൾ പേരിടുന്നു

ആഴക്കടൽ പര്യവേഷണങ്ങളെ പൊതുജനങ്ങളുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് SOSA ഈ പേരിടൽ മത്സരം സംഘടിപ്പിച്ചത്. പ്രശസ്ത അമേരിക്കൻ ഹാസ്യകലാകാരനും യൂട്യൂബറുമായ സെ ഫ്രാങ്കുമായി (Ze Frank) സഹകരിച്ചായിരുന്നു ഇത്.

സെ ഫ്രാങ്കിന്റെ 'ട്രൂ ഫാക്ട്‌സ്' (@True Facts) എന്ന യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തുകൊണ്ടോ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ബ്ലൂസ്‌കൈ, എക്‌സ് (X) തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴിയോ മത്സരത്തിൽ പങ്കെടുക്കാമായിരുന്നു.

2026 ഫെബ്രുവരി 6 ആയിരുന്നു അവസാന തീയതി. അന്നേദിവസം തന്നെ തെരഞ്ഞെടുക്കുന്ന പേര് 'ബയോഡൈവേഴ്‌സിറ്റി ഡാറ്റാ ജേണലിൽ' (Biodiversity Data Journal) പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങളും ചെയ്തിരുന്നു.

ഒരു മാസം കൊണ്ട് എണ്ണായിരത്തിലധികം പേരുകളാണ് ലഭിച്ചത്. ശാസ്ത്രജ്ഞയായ ജൂലിയ ഡി. സിഗ്വാർട്ട് ഇതിൽ നിന്ന് 'പോപ്പുലി' (populi) എന്ന പേര് തെരഞ്ഞെടുത്തു. 'ജനങ്ങളുടേത്' (of the people) എന്നാണ് ഈ ലാറ്റിൻ വാക്കിന്റെ അർത്ഥം. 11 പേരാണ് ഈ പേര് നിർദ്ദേശിച്ചിരുന്നത്. അങ്ങനെ ആ പുതിയ കൈറ്റൺ സ്പീഷീസിന് ശാസ്ത്രീയ നാമം ലഭിച്ചു: Ferreiraella populi.

മങ്ങിയ വെള്ളനിറമുള്ള ഇവയുടെ അണ്ഡാകൃതിയിലുള്ള ശരീരത്തിന് ശരാശരി 25 മില്ലീമീറ്റർ നീളവും 9.5 മില്ലീമീറ്റർ വീതിയുമുണ്ട്. വലുപ്പത്തിലോ രൂപത്തിലോ ഉള്ള അത്ഭുതകരമായ പ്രത്യേകതകൾ കൊണ്ടല്ല, മറിച്ച് പൊതുജന പങ്കാളിത്തമുള്ള മത്സരത്തിലൂടെ പേര് ലഭിച്ച ആദ്യത്തെ ജീവി എന്ന നിലയിലാണ് Ferreiraella populi ചരിത്രത്തിൽ ഇടംപിടിച്ചത്.

അധികവായനയ്ക്ക്:

Chen C, Isobe N, Nomaki H (2024) A deep abyssal natural wood fall in the Northwestern Pacific and its associated fauna. Marine Biology Research 19 (10): 556-563.

Sigwart JD (2016). Deep trees: woodfall biodiversity dynamics in present and past oceans. Part II. http://dx.doi.org/10.1016/j.dsr2.2016.06.021.

Sirenko B (2004). The ancient origin and persistence of chitons (Mollusca, Polyplacophora) that live and feed on deep submerged land plant matter (xylophages). Bollettino Malacologico, Roma, Supplemento 5: 111-116.

SOSA et al (2026). Ocean Species Discoveries 28-30 - new species of chitons (Mollusca, Polyplacophora) and a public naming competition. Biodiversity Data Journal 14: e180491.